മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.
ദൈവസഭകളും വിശ്വാസികളും ലോകത്തിന്റെ വെളിച്ചമാണ്. മനുഷ്യരെ ആത്‍മീകമായ വളർച്ചയെ മുരടിപ്പിച്ചു പിശാച് ലോകത്തെ അന്ധകാരത്തിലേയ്ക്ക് കൊണ്ടു പോകുന്ന കാഴ്ചയാണ് ഈ കാലഘട്ടത്തിൽ നാം കാണുന്നത്.ദൈവ വചനങ്ങളുടെ സത്യവും,വെളിച്ചവും പരിശുദ്ധാത്മാവിന്റെ ഉണർവും നൽകി ക്രിസ്തു വചനം ലോകത്തെ രക്ഷിക്കുന്ന ശക്തിയാക്കി മാറ്റിയിരിക്കുകയാണ്.
ലൂക്കോസ് 4-20
“പിന്നെ അവൻ പുസ്തകം മടക്കി ശ്രുശ്രുഷക്കാരന് തിരികെ കൊടുത്തിട്ട് ഇരുന്നു, പള്ളിയിലുള്ള എല്ലാവരുടെയും കണ്ണുകൾ അവങ്കൽ പതിഞ്ഞു ”
സ്നാനത്തിനു ശേഷം പരിശുദ്ധാത്മാവിനാൽ നിറയപ്പെട്ട യേശു ആത്‍മാവിനാൽ ഉപവാസത്തിലേയ്ക്ക് പോകുന്നത് കാണാം. നാല്പത് ദിവസം തന്റെ പിതാവിനോടൊപ്പമുണ്ടായിരുന്ന യേശു ആത്മാവിന്റെ ശക്തിയോടെയാണ് ഗലീലിയിലേയ്ക്ക് മടങ്ങിയത്. എന്നാൽ ലോക പ്രകാരം യാതൊരു വിദ്യാഭ്യാസവും ഇല്ലാത്ത വെറും മരപ്പണിക്കാരനായ യേശുവെന്ന യുവാവ് അന്നത്തെ ലോകത്തിന്റെ പ്രതീക്ഷയായി മാറുന്നു.
യോഹന്നാൻ 7-15
“വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതെങ്ങനെയെന്നു യഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു, യേശു അവരോട് ഉത്തരം പറഞ്ഞത്, എന്റെ ഉപദേശം എന്റെയല്ല എന്നെ അയച്ചവനെയത്രേ ”
ആ കാലത്തെ പുരോഹിതന്മാരും, ശാസ്ത്രിമാരും കപട ഭക്തിക്കാരായി മാറി.
സാധാരണക്കാരായ ജനങ്ങൾ രോഗത്താലും, ഭാരത്താലും, പൈശാചിക ബന്ധനത്താലും വലയുന്നു. ന്യായപ്രമാണ കല്പനകൾ ജനത്തെ അടിച്ചേൽപ്പിക്കുന്നു. ദൈവമെങ്ങോ മറഞ്ഞിരുന്നു പ്രവർത്തിക്കുന്നവനായി ജനങ്ങളുടെ ഹൃദയത്തിൽ മാറി.
യോഹന്നാൻ 1-14
“വചനം ജഡമായിത്തീർന്നു കൃപയും, സത്യവും നിറഞ്ഞവനായി നമ്മുടെയിടയിൽ പാർത്തു ”
എന്നാൽ ആ സമയങ്ങളിൽ വചനമാകുന്ന കർത്താവ് ജനങ്ങൾക്ക് കൈനീട്ടി തൊടാവുന്ന അടുപ്പത്തിലേയ്ക്ക് ഭൂമിലേയ്ക്ക് ഇറങ്ങി വന്നു. യേശുവിനെ തൊട്ടവരും യേശു തൊട്ടവരും സൗഖ്യമായി ഭൂതം ബാധിതർ, സക്കായിയെപ്പോലെ അനേകർ ജീവിത രൂപാന്തരം പ്രാപിച്ചു.
യോഹന്നാൻ 1-12
“അവനെ കൈക്കൊണ്ട് അവന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏവർക്കും ദൈവമക്കൾ ആകുവാൻ അവൻ അധികാരം കൊടുത്തു ”
റോമൻ രാഷ്ട്രീയ നുകത്തിന്റെ കീഴിലായിരുന്ന ജനം ദൈവ രാജ്യമെന്ന പുതിയ സാമ്രാജ്യത്തിന്റെ രാജാവായ യേശുവിൽ നിന്ന് നന്മയും,സമാധാനവും സന്തോഷവും അനുഭവിച്ചു. യഹൂദ പുരോഹിതന്മാർ മാറ്റി നിർത്തിയ ജനം യഥാർത്ഥ മഹാ പുരോഹിതനായ യേശുവിന്റെ അടുക്കൽ വന്നു വിടുതൽ പ്രാപിച്ചു. ചുങ്കക്കാരും, പാപികളുമെല്ലാം വചനം കേൾക്കുവാൻ യേശുവിന്റെ അരികിൽ വന്നു. യഹൂദ പുരോഹിതന്മാർ ദൈവാലയത്തിന്റെ മുമ്പിൽ വെച്ചു കല്ലെറിയാൻ കൊണ്ടുവന്ന വ്യഭിചാരിണിയായ സ്ത്രീ യേശുവെന്ന യഥാർത്ഥ മഹാ പുരോഹിതനാൽ ശിക്ഷയിൽ നിന്നും പാപത്തിൽ നിന്നും പാപ ജീവിതത്തിൽ നിന്നും സ്വതന്ത്രയാകുന്നത് വചനത്തിൽ കാണാം.
പരിശുദ്ധാത്മാവിൽ നിറഞ്ഞ ദൈവത്തിന്റെ പുത്രനിലേക്കാണ് വിടുതലിനായി ലോകം നോക്കിയത്. പാപിയെ കുറ്റം വിധിക്കാനും ശിക്ഷിക്കാനുമേ ലോകത്തിനു കഴിയു, എന്നാൽ അവനെ കുറ്റ വിമുക്തനാക്കുവാനും രക്ഷിക്കുവാനും പരിശുദ്ധാത്മാവിൽ ശക്തനായവനെ സാധിക്കുകയുള്ളു.
പ്രിയരേ ഒറ്റ മനസ്സോടെ പ്രാത്ഥിക്കാം. ഈ ലോകത്തിലേയ്ക്ക് നമ്മളെ ഓരോരുത്തരെയും ജനിപ്പിച്ചെങ്കിൽ വ്യക്തമായ പ്ലാനിങ്ങും യേശുവിനുണ്ടെന്നു വിശ്വസിക്കുക. വിശ്വസിച്ചാൽ ദൈവ മഹത്വം കാണും. എല്ലാവരെയും ഈ വചനങ്ങളാൽ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ, ആമേൻ 🙏🙏