മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവർക്കെല്ലാം വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിൽ സ്നേഹവന്ദനം. ജീവിത ഭാരങ്ങൾ കൂടുമ്പോൾ പലപ്പോഴും എല്ലാവരും തന്നെ ദൈവത്തിൽ നിന്നകന്നു പോകാറുണ്ട്. പ്രശ്ന പരിഹാരത്തിനു കാലതാമസം നേരിടുമ്പോൾ ദൈവത്തെ കുറ്റപ്പെടുത്തുന്ന അനേകം പേരെ നമ്മൾക്ക് ചുറ്റുപാടും കാണുവാൻ സാധിക്കും. ഇതിനു പ്രധാന കാരണം ദൈവീക വളർച്ചയില്ലാത്തതാണ്. എന്നാൽ പ്രിയരേ ദൈവത്തിനായി കാത്തിരിക്കുന്ന സമയം ഒരിക്കലും നഷ്ടമല്ല.
1യോഹന്നാൻ 2-27
“അവനാൽ പ്രാപിച്ച അഭിഷേകം നിങ്ങളിൽ വസിക്കുന്നു. ആരും നിങ്ങളെ ഉപദേശിപ്പാൻ ആവശ്യമില്ല. അവന്റെ അഭിഷേകം തന്നെ നിങ്ങൾക്ക് സകലവും ഉപദേശിച്ചു തരികയാലും അതു ഭോഷ്‌ക്കല്ല സത്യം തന്നെ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതു പോലെ നിങ്ങൾ അവനിൽ വസിപ്പിൻ ”
എല്ലാ മനുഷ്യരും തങ്ങളുടെ ദൈനംദിന ജീവിതത്തിലൂടെ ഭാരങ്ങളിലും, പ്രയാസങ്ങളിലും കൂടിയാണ് പോകുന്നത്. അതിനാൽ തങ്ങൾ അഭിമുഖീകരിക്കുന്ന വിഷയങ്ങളിൽ നിന്ന് മോചനം നേടാൻ ആഗ്രഹിക്കുന്നുണ്ട്. ആത്‍മീകമായും, ശാരീരികമായും, ഭൗതീകമായും വിടുതലും സൗഖ്യവും ആവശ്യമില്ലാത്തയാരുമില്ല.
1 യോഹന്നാൻ 2-17
“ലോകവും അതിന്റെ മോഹവും ഒഴിഞ്ഞു പോകുന്നു ദൈവേഷ്ട്ടം ചെയ്യുന്നവനോ എന്നേക്കുമിരിക്കുന്നു ”
ആത്‍മീക വിടുതലിനായി മനുഷ്യർ പല നേർച്ച കാഴ്ചകളും ചെയ്യുന്നുണ്ട്,അടുത്ത കാലത്ത് സംഭവിച്ച നരബലി പോലും അതിനൊരു ഉദാഹരണമാണ്. ഭൗതീകമായി വിടുതൽ പ്രാപിക്കുവാൻ മനുഷ്യർ പകലന്തിയോളം അധ്വാനിക്കുന്നു. ശാരീരിക സൗഖ്യത്തിനായി ലോകത്തിലെ ഉന്നതനെന്ന് പേര് കേട്ട വൈദ്യന്മാർക്ക് വേണ്ടി തിരക്കി നടക്കുന്നു.എന്നാലോ മനുഷ്യർക്കിതിലൊന്നും തൃപ്തിയും ലഭിക്കുന്നില്ല.
എഫെസ്യർ 1-19
“വിശ്വസിക്കുന്ന നമുക്കുവേണ്ടി വ്യാപരിക്കുന്ന അവന്റെ ശക്തിയുടെ അളവറ്റ വലിപ്പം ഇന്നതെന്ന് നിങ്ങൾ അറിയേണ്ടതിനും പ്രാർത്ഥിക്കുന്നു ”
വിടുതലിനായി പല വാതിലുകൾ മുട്ടുന്ന മനുഷ്യർക്ക് നിരാശയാണ് ഫലം. മനുഷ്യർ
അതിജീവനത്തിനായി ഓടുന്നു. പ്രിയ സ്നേഹിതാ ആരുമില്ലെന്നോർത്താണോ നീ വിഷമിക്കുന്നത് നിനക്കായി കാൽവറി ക്രൂശിൽ മരിച്ചു ഉയിർത്തെഴുന്നേറ്റയൊരു യേശുവുണ്ട്.
യിരെമ്യാവ് 39-17
“അന്നു ഞാൻ നിന്നെ വിടുവിക്കും, നീ ഭയപ്പെടുന്നു മനുഷ്യരുടെ കൈയിൽ നീയേൽപ്പിക്കപ്പെടില്ല”
ജീവിതത്തിൽ വിടുതലിനായി അനേകം വിഷയങ്ങളുണ്ടെങ്കിലും സന്തോഷിപ്പാൻ ഒരു കാരണം മാത്രമേയുള്ളു യേശു സ്നേഹിക്കുന്നു. യേശുവെന്റെ പിതാവാകകൊണ്ട് ഒന്നിലും ഭാരപ്പെടാതെ ജീവിക്കാം. പ്രിയരേ ദൈവത്തിന്റെ മുഖത്തേയ്ക്ക് നോക്കിയാൽ നിശ്ചമായും ജീവിതസാഹചര്യം മാറും, സമാധാനം ലഭിക്കും.
യെശയ്യാവ് 46-4
“നിങ്ങളുടെ വാർദ്ധക്യം വരെ ഞാൻ അനന്യൻതന്നെ നിങ്ങൾ നരയ്ക്കുവോളം
ഞാൻ നിങ്ങളെ ചുമക്കും, ഞാൻ ചെയ്തിരിക്കുന്നു. ഞാൻ വഹിക്കുകയും ചുമന്നു വിടുവിക്കുകയും ചെയ്യും”
വലിയവനായ ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കപ്പെട്ട ദൈവ പൈതലേ നിന്റെ നിലവിളിയ്ക്ക് മുന്നിൽ ദൈവത്തിനു മൗനമായിരിക്കാൻ സാധ്യമല്ല.
സങ്കീർത്തനം 91-14
“അവൻ എന്നോട് പറ്റിയിരിയ്‌ക്കുകയാൽ ഞാനവനെ വിടുവിക്കും, അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും ”
യേശു സ്നേഹിക്കുന്നു. യേശുവോട് ചേർന്നു ജീവിക്കുമ്പോൾ ജയകരമായ ഒരു ജീവിതം ലഭിക്കും. ആമേൻ വീണ്ടും കാണും വരെ കോഴി തന്റെ ചിറകിൻ മറവിൽ കാത്തു സൂക്ഷിക്കുന്നപോലെ കർത്താവിന്റെ ആണിപ്പാടുള്ള കരങ്ങൾ കൊണ്ട് പൊതിഞ്ഞു സൂക്ഷിക്കട്ടെ.