Sunday, September 8, 2024
Homeകേരളംത്രേദാഗ്നി തിരികെ അരണിയിലേക്ക്: കോന്നി അതിരാത്രം സമാപിച്ചു

ത്രേദാഗ്നി തിരികെ അരണിയിലേക്ക്: കോന്നി അതിരാത്രം സമാപിച്ചു

കോന്നി ഇളകൊളളൂർ ശ്രീമഹാദേവർ ക്ഷേത്രത്തിൽ ഏപ്രിൽ 21 മുതൽ നടന്നു വന്ന അതിരാത്രം  അവഭൃഥസ്നാനത്തിന് ശേഷം അധര്യു പൂർണാഹുതി നടത്തി സമാപിച്ചു .

ത്രിദീയ സവന ക്രിയകൾ കഴിഞ്ഞതോടെ രാവിലെ  9.30 ന് കൊമ്പക്കുളം വിഷ്ണു സോമയാജിയും, പത്നിയും അവഭൃഥസ്നാനത്തിനായി അച്ചൻകോവിലാറിലെ ഇളകൊള്ളൂർ മാളികക്കടവിലേക്ക് തിരിച്ചു. വാളും പരിചയുമേന്തിയ അനുചരൻമാരുടെ അകമ്പടിയിൽ വാദ്യ മേളങ്ങളോടെയാണ് അവഭൃഥസ്നാനത്തിനായി പുറപ്പെട്ടത്. യാത്രക്കിടയിൽ നാടിനെ ആശീർവദിച്ചു.

സ്നാനശേഷം ഹേ അഗ്നീ നീ വെളത്തിൽ ലയിക്കുക; ജലമേ നീ സമുദ്രത്തിൽ ചേരുക എന്ന മന്ത്രം ജപിച്ച് വെള്ളത്തിൽ വരുണന് ഇഷ്ടി കഴിച്ചു. യാഗശലയിലേക്കുള്ള തിരിച്ചു വരവിൽ ഇളകൊള്ളൂർ സെൻ്റ് ജോർജജ് ഓർത്തഡോക്സ് പള്ളി നൽകിയ സ്വീകരണം യജമാനനും, പത്നിയും, ഋത്വിക്കുകളും സ്വീകരിച്ച് ലോകാ സമസ്താ സുഖിനോ ഭവന്തു എന്ന മന്ത്രം ഉരുവിട്ട് പള്ളിക്കു മുന്നിൽ സർവ്വലോക നൻമക്കായി സമർപ്പണം നടത്തി.

യജമാനൻ 11 ദിവസം ഉപയോഗിച്ച ഉത്തരീയം ഉപേക്ഷിച്ച് പുതുവസ്ത്രം അണിഞ്ഞതോടെ യാഗസമർപ്പണ ക്രിയകൾ ആരംഭിച്ചു. ആദ്യം ഉദയനീയേഷ്ടി യാഗവും തുടർന്ന് മൈത്രാ വരുണേഷ്ടിയും നടത്തി സമാപന യാഗമായ സക്തു ഹോമം നടത്തി ചിതി അമർത്തി. തുടർന്ന് അഗ്നിയെ മോചിപ്പിക്കുന്ന വിമോകഹോമയാഗം പടിഞ്ഞാറേ ശാലയിൽ ആരംഭിച്ചു.

അരണിയിലേക്ക് ചമത അർപ്പിച്ച് 3 അഗ്നികളെയും തൻ്റെ അരണിയിലേക്കാ വിഹിച്ചതോടെ യജമാനൻ സോമയാജി അധികാരത്തിൽ നിന്ന് അതിരാത്രയാജി അധികാരം നേടി അരണി തലയിലെടുത്തു വച്ച് പത്നിയേയും പ്രധാന ഋത്വിക്കുകളെയും കൂട്ടി ഇല്ലത്തേക്ക് യാത്രയായി. പരികർമികൾ ശുദ്ധിക്രിയകൾ നടത്തി വൈകിട്ട് 4 മണിയോടെ യാഗ ശാല അഗ്നിക്ക് സമർപ്പിച്ചു.

ഇനി യജമാനൻ ഇല്ലത്തേക്കുള്ള യാത്രക്കിടയിൽ അരണി കടഞ്ഞ് ദീപം തെളിച്ച് പൂർണാഹുതി നടത്തും.

ഡോക്ടർ ഗണേഷ് ജോഗലേക്കർ ആയിരുന്നു മുഖ്യ ആചാര്യൻ. കൈതപ്രം കൊമ്പക്കുളം ഇല്ലത്തെ വിഷ്ണു സോമയാജിയായിരുന്നു യജമാനൻ. പത്നി ഉഷപത്തനാടി യജമാന പത്നി ആയിരുന്നു. കൈതപ്രം വാസുദേവൻ നമ്പൂതിരി യാഗ വിശാരദൻ ആയിരുന്നു. കോന്നി ആസ്ഥാനമായുള്ള സംഹിതാ ഫൗണ്ടേഷനായിരുന്നു സംഘാടകർ. വിഷ്ണു മോഹൻ ഫൗണ്ടേഷൻ്റെ ചെയർമാനാണ്. കോന്നി ഇളകൊള്ളൂർ ശ്രീമഹാദേവർ ക്ഷേത്രം മേൽശാന്തി അനീഷ് വാസുദേവൻ നമ്പൂതിരിയുടെ നേതൃത്വത്തിലാണ് അതിരാത്രം നടന്നത്.

സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് വലിയ  പള്ളിക്ക് യാഗ ശാലയിൽ ആദരം അർപ്പിച്ചു

കോന്നി: ഇളകൊള്ളൂർ അതിരാത്ര യാഗ ശാലയിൽ എത്തിയ ഇളകൊള്ളൂർ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് വലിയ  പള്ളി വികാരി ഫാദർ ലിന്റോ തോമസിനെ യാഗാചാര്യൻ (അധര്യു) ഡോക്ടർ ഗണേഷ് ജോഗലേക്കർ പടിഞ്ഞാറേ ശാലയിൽ നിന്ന് യാഗ മദ്ധ്യേ ചിതി ഭൂമിയിലെത്തി ആദരിച്ചു. സംഹിത ഫൗണ്ടേഷൻ ചെയർമാൻ വിഷ്ണു മോഹനൊപ്പം ആചാര്യൻ അദ്ദേഹത്തിന് പ്രസാദം പ്രാർത്ഥനകളോടെ നൽകിയ ശേഷം തൊഴുതു വണങ്ങി പുഷ്പഹാരം കഴുത്തിലണിയിച്ചു ആദരമന്ത്രം ചൊല്ലി. പള്ളി ട്രസ്റ്റി സി എം ജോൺ, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരും വികാരിക്കൊപ്പം യാഗ ശാലയിലെത്തിയിരുന്നു. സാധാരണ വൈദികർക്ക് മാത്രം പ്രവേശനമുള്ള ചിതി സ്ഥിതിയിലാണ് ഫാദറിനെ ആദരിച്ചത്. ആദരവ് ഏറ്റുവാങ്ങി നന്ദി അറിയിച്ചു ഫാദറും സംഘവും യാഗത്തിന് പിന്തുണ അറിയിച്ചു മടങ്ങുകയായിരുന്നു.

നേരത്തെ അവഭൃഥസ്നാന ഘോഷയാത്ര പള്ളിയുടെ തിരുമുറ്റത്തുകൂടിയാണ് കടന്നു പോയത്. മെഴുകുതിരി കത്തിച്ച് അന്ഗ്നി ഒരുക്കിയും പുഷപങ്ങളർപ്പിച്ചുമാണ് ഘോഷയാത്രയെ ഇളകൊള്ളൂർ സെന്റ് പീറ്റേഴ്സ് ഓര്‍ത്തഡോക്സ് വലിയ പള്ളി വരവേറ്റത്. യാഗ യജമാനനും, പത്‌നിയും, 41 ഋത്വിക്കുകളും ദീപ വന്ദനം നടത്തുകയും സർവ്വ ലോക സുഖ മന്ത്രം ജപിക്കുകയും ചെയ്തിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments