തിരുവനന്തപുരം: കേരളത്തിൽ വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥീരീകരിച്ചു. നാവായിക്കുളം സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വിദ്യാർഥി ചികിത്സയിലാണ്.
ഉത്രാട ദിനത്തില്‍ കുട്ടി കുളത്തില്‍ കുളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് രോഗലക്ഷണങ്ങള്‍ പ്രകടമായത്. കുട്ടിക്കൊപ്പം കുളത്തില്‍ കുളിച്ച മറ്റ് രണ്ട് സുഹൃത്തുക്കള്‍ നിരീക്ഷണത്തിലാണ്. ഈ മാസം ആദ്യം തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. രോഗലക്ഷണങ്ങളോടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന പത്ത് പേര്‍ രോഗമുക്തി നേടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഒരു കേസ് റിപ്പോർട്ട് ചെയ്തത്.
ആദ്യംതന്നെ കൃത്യമായി രോഗനിര്‍ണയം നടത്തിയും മില്‍ട്ടിഫോസിന്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ എത്തിച്ച് ഫലപ്രദമായ ചികിത്സ നല്‍കിയുമാണ് പത്ത് പേരെ രക്ഷിക്കാന്‍ കഴിഞ്ഞത്. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധമുള്ള ആളുകളില്‍ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക് മസ്തിഷ്‌ക ജ്വരം.
നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണ് തലച്ചോറിനെ ബാധിക്കുമ്പോഴാണ് അമീബിക് മസ്തിഷ്‌ക ജ്വരം ഉണ്ടാകുന്നത്. ഈ രോഗം മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്ക് പകരില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ജീവിക്കുന്ന അമീബ മൂക്കിലെ നേര്‍ത്ത തൊലിയിലൂടെ മനുഷ്യശരീരത്തില്‍ പ്രവേശിക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്.
രോഗം തലച്ചോറിനെയാണ് ബാധിക്കുന്നതെന്നതിനാൽ മരണനിരക്ക് കൂടുതലാണ്. രോഗാണു ശരീരത്തിൽ എത്തിയാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്ചവരെ എടുക്കും. തലവേദന, പനി, ഛർദ്ദി എന്നിവയാണ് രോഗ ലക്ഷണങ്ങൾ. രോഗം ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് പകരില്ല.
സാധാരണയായി അണുബാധയ്ക്ക് അഞ്ച് ദിവസത്തിന് ശേഷമാണ് ആദ്യ ലക്ഷണങ്ങള്‍ പ്രകടമാവുക. ചിലപ്പോള്‍ അവ ഒന്ന് മുതല്‍ 12 ദിവസത്തിനുള്ളിലും ആരംഭിച്ചേക്കാം. തലവേദന, പനി, ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി എന്നിവയാണ് ലക്ഷണങ്ങൾ. പിന്നീട് കഴുത്തിന് വേദന, ആശയക്കുഴപ്പം, ആളുകളിലേക്കും ചുറ്റുപാടുകളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാനാകാത്ത അവസ്ഥ, കോമ എന്നിവ ഉണ്ടാകാം.