Saturday, October 5, 2024
Homeകേരളംഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന് ഇനി ജന്മനാട്ടിൽ അന്ത്യവിശ്രമം

ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുന് ഇനി ജന്മനാട്ടിൽ അന്ത്യവിശ്രമം

ഷിരൂർ മണ്ണിടിച്ചിലിൽ മരിച്ച അർജുനെ ഏറ്റുവാങ്ങി ജന്മനാട്. ഷിരൂരിലെ മണ്ണിടിച്ചിലിൽ മരിച്ച കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന് ഇനി ജന്മനാട്ടിൽ അന്ത്യവിശ്രമം. അർജുന്റെ മൃതദേഹം വഹിച്ചുള്ള വിലാപയാത്ര കാത്ത് നിരവധി പേരാണ് അർജുന് ആദരാഞ്ജലി അർപ്പിക്കാൻ നിന്നത്. പുലർച്ചെ അഞ്ചരയോടെ മൃതദേഹം വഹിച്ചുള്ള വാഹന വ്യൂഹം കണ്ണൂർ നഗരം പിന്നിട്ടു.

പിന്നീട് ആറ് മണിയോടെ കോഴിക്കോട് ജില്ലയിൽ പ്രവേശിച്ചു. ഇവിടെ വച്ച് മന്ത്രി എകെ ശശീന്ദ്രനും കോഴിക്കോട് ജില്ലാ കളക്ടറും അടക്കമുള്ളവർ സംസ്ഥാന സർക്കാരിന് വേണ്ടി മൃതദേഹം ഏറ്റുവാങ്ങി. വീട്ടിലെത്തുന്ന മൃതദേഹം ഒരു മണിക്കൂർ നേരത്തെ പൊതുദർശനത്തിനു ശേഷം വീട്ടുവളപ്പിൽ സംസ്കരിക്കും. വിലാപയാത്രയെ കോഴിക്കോട് വരെ കാർവാർ പൊലീസും കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിലും അനുഗമിക്കുന്നുണ്ട്.

അർജുന്റെ ഫോണും വസ്ത്രങ്ങളുമടക്കമുള്ള അവശേഷിപ്പുകൾ ആംബുലൻസിനു പിന്നാലെയുള്ള കാറിലാണ് കൊണ്ടു വരുന്നത്. മരത്തടികൾ കയറ്റിയ ലോറിയുമായി അർജുൻ പോയ അതേവഴിയിലൂടെയാണ് അന്ത്യയാത്രയും. വെള്ളിയാഴ്ച വൈകീട്ട് ആറുമണിക്കാണ് കാർവാർ ജില്ലാ ആശുപത്രിയിൽനിന്ന് ആംബുലൻസ് പുറപ്പെട്ടത്. അർജുന്‍റെ സഹോദരൻ അഭിജിത്തും സഹോദരീഭർത്താവ് ജിതിനുമാണ് ഒപ്പമുണ്ടായിരുന്നത്.

ലോറിയിൽനിന്ന് കണ്ടെത്തിയ മൃതദേഹം അർജുന്റേത് തന്നെയാണെന്ന് ഡിഎൻഎ ഫലത്തിൽ വ്യക്തമായിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹം ബന്ധുക്കൾക്ക് കൈമാറിയത്. ഗംഗാവലി പുഴയിൽനിന്നും ബുധനാഴ്ച ഉയർത്തിയ ലോറിയിൽനിന്നാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ ലോറി ദേശീയപാതയുടെ അരികിലേക്ക് കയറ്റി. പിന്നീട് ലോറിയുടെ കാബിൻ പൊളിച്ചുമാറ്റി.

കാബിനിൽനിന്നും അർജുൻ്റെ രണ്ട് മൊബൈൽ ഫോണുകളും ബാഗും വസ്ത്രങ്ങളും കളിപ്പാട്ടവും കണ്ടെത്തിയിരുന്നു. ജൂലൈ 16നാണ് കർണാടകയിലെ ദേശീയപാത 66ൽ ഷിരൂരില്‍ മണ്ണിടിച്ചിലുണ്ടായത്. ചായക്കടക്ക് മുന്നില്‍നിന്നവരും സമീപം പാര്‍ക്ക് ചെയ്ത വാഹനങ്ങളുമാണ് മണ്ണിനടിയില്‍ അകപ്പെട്ടത്. മണ്ണിടിച്ചിലിൽ കാണാതായ മറ്റു രണ്ടുപേർക്കായി തിരച്ചിൽ തുടരുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments