ഇന്ത്യന്‍ നാവികസേനയുടെ പശ്ചിമ കമാന്‍ഡിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മുന്‍നിര യുദ്ധക്കപ്പലായ ഐഎന്‍എസ് തര്‍ക്കാഷിൻറെ നേതൃത്വത്തിൽ നടത്തിയ ദൗത്യത്തിൽ, പശ്ചിമ ഇന്ത്യന്‍ മഹാസമുദ്രത്തി ഇത് വെച്ച് 2500 കിലോഗ്രാമിലധികം മയക്കുമരുന്നു കണ്ടെത്തുകയും വിജയകരമായി പിടികൂടുകയും ചെയ്തു. സമുദ്രസംബന്ധമായ കുറ്റകൃത്യങ്ങള്‍ ചെറുക്കുന്നതിനും പ്രാദേശിക സുരക്ഷ ശക്തിപ്പെടുത്തുന്നതിനുമുള്ള ഇന്ത്യന്‍ നാവികസേനയുടെ അചഞ്ചലമായ പ്രതിബദ്ധതയുടെ തെളിവാണ് ഈ നടപടി.
2025 ജനുവരി മുതല്‍ സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ പടിഞ്ഞാറു ഭാഗത്ത് വിന്യസിച്ചിരിക്കുന്ന ഐഎന്‍എസ് തര്‍ക്കാഷ്, ബഹ്‌റൈന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കമ്പൈന്‍ഡ് മാരിടൈം ഫോഴ്‌സിന്റെ ( സിഎംഎഫ്) ഭാഗമായ കമ്പൈന്‍ഡ് ടാസ്‌ക് ഫോഴ്‌സ് (സിടിഎഫ്) 150 ന് സജീവ പിന്തുണ നല്‍കുന്നു. ബഹുരാഷ്ട്ര സേനകളുടെ സംയുക്ത ഓപ്പറേഷനായ അന്‍സാക് ടൈഗറില്‍ (Anzac Tiger ) പങ്കെടുത്തു വരികയായിരുന്നു ഈ കപ്പല്‍.
പട്രോളിംഗിനിടെ 2025 മാര്‍ച്ച് 31ന് ഇന്ത്യന്‍ നാവികസേനയുടെ P8I വിമാനത്തില്‍ നിന്നും പ്രദേശത്ത് സംശയാസ്പദമായ സാഹചര്യത്തില്‍ കപ്പലുകള്‍ പ്രവര്‍ത്തിക്കുന്നെണ്ടെന്നും, ഇവ മയക്കു മരുന്നു കടത്ത് ഉള്‍പ്പടെയുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നുവെന്നുമുള്ള വിവരം ലഭിച്ചതിനെ തുടർന്ന്, സംശായാസ്പദമായ രീതിയില്‍ സമീപത്തുള്ള എല്ലാ കപ്പലുകളെയും ക്രമമായി ചോദ്യം ചെയ്യുകയുണ്ടായി. P8I-യും മുംബൈയിലെ മാരിടൈം ഓപ്പറേഷന്‍സ് സെന്ററും തമ്മിലുള്ള ഏകോപിത ശ്രമങ്ങളുടെ ഫലമായി, ഐഎന്‍എസ് തര്‍ക്കാഷ് സംശയം തോന്നിയ ഒരു ഉരുവിനെ തടയുകയും അതില്‍ കടക്കുകയും ചെയ്തു. ഈ കപ്പലിന്റെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനും പ്രദേശത്തു പ്രവര്‍ത്തിക്കുന്ന മറ്റു കപ്പലുകള്‍ തിരിച്ചറിയുന്നതിനുമായി അതിന്റെ ഭാഗമായുള്ള ഹെലിക്കോപ്റ്റര്‍ അയയ്ക്കുകയും ചെയ്തു.
മറൈന്‍ കമോന്‍ഡകളുമായി ചേര്‍ന്ന് നാവികസേനയുടെ പ്രത്യേക സംഘം കപ്പലില്‍ കയറി വിശദമായി പരിശോധന നടത്തുകയും സീല്‍ ചെയ്ത നിരവധി പായ്ക്കറ്റുകള്‍ കണ്ടെത്തുകയും ചെയ്തു. കൂടുതല്‍ പരിശോധനയിലും ചോദ്യംചെയ്യലിലും കപ്പലില്‍ ചരക്കു സൂക്ഷിക്കുന്ന വ്യത്യസ്ത അറകളില്‍ നിന്നും കള്ളികളില്‍ നിന്നും 2386 കിലോഗ്രാം ഹാഷിഷും 121 കിലോഗ്രാം ഹെറോയിനും ഉള്‍പ്പടെ 2500 കിലോഗ്രാമിലധികം മയക്കുമരുന്നുകള്‍ കണ്ടെത്തി.
സംശയാസ്പദമായ ഉരുവിനെ പിന്നീട് ഐഎന്‍എസ് തര്‍ക്കാഷിന്റെ നിയന്ത്രണത്തിലാക്കുകയും അവരുടെ പ്രവര്‍ത്തന രീതികളെക്കുറിച്ചും പ്രദേശത്തെ സമാനമായ മറ്റു കപ്പലുകളുടെ സാന്നിദ്ധ്യത്തെക്കുറിച്ചും അറിയുന്നതിന് ജീവനക്കാരെ വിശദമായ ചോദ്യം ചെയ്യലിനു വിധേയമാക്കുകയും ചെയ്തു.
മയക്കുമരുന്നു കടത്ത് ഉള്‍പ്പടെ സമുദ്രസംബന്ധമായ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലും പ്രതിരോധിക്കുന്നതിലും ഇന്ത്യന്‍ നാവികസേനയുടെ മികവും കാര്യശേഷിയും അടിവരയിടുന്നതാണ് ഈ ദൗത്യം. ഇന്ത്യന്‍ മഹാസമുദ്ര മേഖലിയില്‍ ആരുടെയും നിയന്ത്രണത്തിലില്ലാത്ത പ്രദേശങ്ങളിലുടനീളം സുരക്ഷ, സ്ഥിരത, സമൃദ്ധി എന്നിവ പ്രോത്സാഹിപ്പിക്കുക എന്നതാണ് ഇന്ത്യന്‍ നാവികസേനയുടെ ബഹുരാഷ്ട്ര അഭ്യാസങ്ങളുടെ ലക്ഷ്യം.