ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുന്നത് പല വിധത്തിലുള്ള ശരീര പ്രശ്നങ്ങള്‍ ഉണ്ടാക്കും. ശരീരത്തിലെ ദ്രാവകങ്ങളുടെ തോത് താഴുമ്പോള്‍ സെറം സോഡിയം തോത് മുകളിലേക്ക് പോകുമെന്നും ഇത് മാറാരോഗങ്ങള്‍ക്കും അകാല മരണത്തിനും കാരണമാകാമെന്നും ഇബയോമെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം ചൂണ്ടിക്കാട്ടുന്നു. അമേരിക്കയിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്സ് ഓഫ് ഹെല്‍ത്ത് നടത്തിയ ഗവേഷണത്തിലാണ് ഈ കണ്ടെത്തല്‍.
പ്രായപൂര്‍ത്തിയായ മനുഷ്യന്‍ ഒരു ദിവസം കുറഞ്ഞത് രണ്ട് ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കണം. സാധാരണ വെള്ളവും ജ്യൂസ് പോലുള്ള പാനീയങ്ങളും കുടിച്ചും വെള്ളത്തിന്റെ അംശം അധികമുള്ള പഴങ്ങളും പച്ചക്കറികളും കഴിച്ചും ശുപാര്‍ശ ചെയ്യപ്പെടുന്ന അളവില്‍ ദ്രാവകങ്ങള്‍ ശരീരത്തിലെത്തിക്കാന്‍ സാധിക്കുമെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ പറയുന്നു.
ഉയര്‍ന്ന സെറം സോഡിയം തോത് ഉള്ളവരില്‍ ശ്വാസകോശവും ഹൃദയവുമായി ബന്ധപ്പെട്ട രോഗ സാധ്യതയും, കോശങ്ങള്‍ക്ക് പ്രായമേറി പെട്ടെന്ന് മരണപ്പെടാനുള്ള സാധ്യതയും കുറഞ്ഞ സോഡിയം തോതുള്ളവരെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഗവേഷകര്‍ പറയുന്നു. 11,000 ലധികം പേരുടെ 30 വര്‍ഷത്തിലധികം കാലയളവിലെ ആരോഗ്യ ഡേറ്റ ഗവേഷണത്തിനായി ഉപയോഗപ്പെടുത്തി.
ലിറ്ററിന് 135-146 മില്ലി ഇക്വലന്റ്സ് ആണ് സാധാരണ സെറം സോഡിയം തോത്. 142 ന് മുകളില്‍ സെറം സോഡിയം തോതുള്ളവര്‍ക്കാണ് ഹൃദയാഘാതം, പക്ഷാഘാതം, രക്തധമനികളുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ശ്വാസകോശരോഗം, പ്രമേഹം, മറവിരോഗം എന്നിവയുടെ സാധ്യത അധികമായി കാണപ്പെട്ടത്. ഇവരെ അപേക്ഷിച്ച് 138-140 തോതില്‍ സെറം സോഡിയം തോതുള്ളവര്‍ക്ക് മാറാ രോഗങ്ങള്‍ക്കുള്ള സാധ്യത കുറവായിരുന്നു. പ്രായം, ലിംഗപദവി, വംശം, പുകവലി, ഉയര്‍ന്ന രക്തസമ്മര്‍ദം തുടങ്ങി സെറം സോഡിയം തോതിനെ ബാധിക്കുന്ന മറ്റ് ഘടകങ്ങളും ഗവേഷകര്‍ വിലയിരുത്തി.