Monday, September 16, 2024
Homeഅമേരിക്കമലയാളി മനസ്സ് USA ന്യൂസ് പോര്‍ട്ടലിൽ വാര്‍ത്തകളും സൃഷ്ടികളും പ്രസിദ്ധീകരിക്കുന്നതിനുള്ള നിബന്ധനകള്‍

മലയാളി മനസ്സ് USA ന്യൂസ് പോര്‍ട്ടലിൽ വാര്‍ത്തകളും സൃഷ്ടികളും പ്രസിദ്ധീകരിക്കുന്നതിനുള്ള നിബന്ധനകള്‍

മാനേജ്‌മെന്റ് - മലയാളി മനസ്സ് USA

മികച്ച വാർത്തകളും വിശേഷങ്ങളും തത്സമയം അറിയുവാൻ പുതിയ കാലത്തിന്റെ വാർത്താ സ്പന്ദനമായ ‘മലയാളി മനസ്സ് ഓൺലൈൻ പത്രം’ നിങ്ങൾ തിരഞ്ഞെടുത്തതിനും, നിങ്ങളുടെ വിലയേറിയ സഹകരണത്തിനും പ്രോത്സാഹനത്തിനുമുള്ള കടപ്പാടും നന്ദിയും ആദ്യമേ അറിയിക്കുന്നു.

വാർത്തകളും വിശേഷങ്ങളും കൂടാതെ , കഥ, കവിത , ലേഖനം , യാത്രാ വിവരണം, മതം, സിനിമ, പാചകം എന്നിങ്ങനെ 15 ൽ അധികം വ്യത്യസ്ത വിഭാഗങ്ങൾ കൈകാര്യം ചെയ്യുവാൻ പരിചയസമ്പന്നരായ നിരവധി എഴുത്തുകാർ സ്ഥിരമായി ഇതിൽ അണിനിരക്കുന്നു. മലയാളി മനസ്സിന്റെ എല്ലാ എഴുത്തുകാരോടും, വിലയേറിയ പ്രോത്സാഹനം തരുന്ന പ്രിയ വായനക്കാരോടും, വാർത്തകൾ തരുന്നവരോടുമുള്ള  നന്ദിയും സ്നേഹവും ഒരിക്കൽക്കൂടി അറിയിക്കുന്നു.

ഈ അടുത്തിടെയായി വർദ്ധിച്ചുവരുന്ന പ്രവണതയാണ് പ്രോഗ്രാം വാർത്തകൾക്കൊപ്പമുള്ള ഫോട്ടോകളുടെ അതിപ്രസരം.

ഈയിടെ മൂന്ന് പാരഗ്രാഫുള്ള ഒരു വാർത്തയ്ക്ക് ലഭിച്ചത് 32 ൽ പരം പടങ്ങളാണ്. ഇത്തരം വാർത്തകളുടെ പ്രധാന ഉദ്ദേശം എന്നുപറയുന്നത് ഫോട്ടോഗ്രാഫർ എടുത്ത പടങ്ങളെല്ലാം പത്രത്തിൽ ഇടുക എന്നുള്ളതാണ്. ഭൂരിഭാഗം പടങ്ങൾക്കും വാർത്തയുമായി യാതൊരു ബന്ധവും ഉണ്ടായിരിക്കില്ല. ചില തല്പര കക്ഷികളുടെ തീറ്റ, കുടി, സല്ലാപം എന്നിവയായിരിക്കും പടങ്ങളിൽ കൂടുതലും. ഒരു സ്റ്റേജിൽ പതിനാറ് പേരുണ്ടെങ്കിൽ 16 പേരും പ്രസംഗിക്കുന്ന പടം, പാട്ട്, ഡാൻസ് തുടങ്ങി എത്ര പരിപാടിയുണ്ടോ, അതിന്റെയെല്ലാം പടങ്ങളും പ്രസിദ്ധീകരണത്തിനായി ഉണ്ടാവും. മണിക്കൂറുകൾ കഷ്ട്ടപ്പെട്ട് ഈ വാർത്തകളും പടങ്ങളും പ്രസിദ്ധീകരിച്ചതിന് ശേഷം അതിന്റെ ലിങ്ക് അയച്ചു കൊടുത്താൽപ്പോലും ഒരു നന്ദിവാക്ക് പോലും പലരും പറയാറുമില്ല.

ആവശ്യമില്ലാത്ത പടങ്ങളുടെ അതിപ്രസരം മൂലം വാർത്തകൾ വായിക്കുവാൻ അരോചകമുളവാക്കുന്നതായി നിരവധി വായനക്കാർ അറിയിച്ചതിനെത്തുടർന്ന് വാർത്തകളും ഫോട്ടോകളും പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ 2024 ജൂൺ 1 മുതൽ ചില നിയന്ത്രണങ്ങൾ കൈക്കൊള്ളുവാൻ മലയാളി മനസ്സ് USA മാനേജുമെന്റ് നിർബന്ധിതരാവുകയാണ്.

മലയാളി മനസ്സ് USA ന്യൂസ് പോര്‍ട്ടലിൽ വാര്‍ത്തകളും സൃഷ്ടികളും ചേര്‍ക്കുന്നതിനുള്ള നിബന്ധനകള്‍

1. മലയാളി മനസ്സ് USA യ്ക്ക് അയക്കുന്ന വാര്‍ത്തകള്‍ / സൃഷ്ടികള്‍ എന്നിവ സ്വീകരിക്കാനോ ഒഴിവാക്കാനോ, അവയ്ക്ക് ആവശ്യമായ ഗ്രാഫിക്സ് ഉണ്ടാക്കുന്നതിനോ, എഡിറ്റ് ചെയ്യാനോ, പോസ്റ്റ് ചെയ്തതിന് ശേഷം മാറ്റം വരുത്തുന്നതിനോ, പൂർണ്ണമായും ഒഴിവാക്കുന്നതിനോ ഉള്ള പൂര്‍ണാധികാരം എഡിറ്റോറിയല്‍ വിഭാഗത്തിനായിരിക്കും.

2. അയക്കുന്ന വാര്‍ത്തകള്‍ / സൃഷ്ടികള്‍ തെറ്റില്ലാതെ മലയാളത്തില്‍ ടൈപ് ചെയ്ത് ടെക്സ്റ്റ് ഫോര്‍മാറ്റിലയക്കണം. സംഘടനകളുടെയോ, രാഷ്ട്രീയ പാർട്ടി. ക്ലബുകൾ, പള്ളികൾ, കൂട്ടായ്മകൾ എന്നിവിടങ്ങളിൽ നടക്കുന്ന പരിപാടിയുടെ അഞ്ചോ അതിലധികമോ ചിത്രങ്ങള്‍ മലയാളി മനസ്സിന്റെ പോസ്റ്റില്‍ ഉള്‍പെടുത്താന്‍ സൗകര്യമുണ്ടെങ്കിലും, പ്രസിദ്ധീകരണ യോഗ്യമാണെന്ന് തോന്നുന്നവ മാത്രമേ ഉള്‍പെടുത്തുകയുള്ളു. ഒരു സ്റ്റേജിൽ എത്ര പേരുണ്ടോ അത്രയും പേരും പ്രസംഗിക്കുന്ന പടം ഒഴിവാക്കി പകരം എല്ലാവരും സ്റ്റേജിൽ ഉൾക്കൊള്ളുന്ന പ്രധാനപ്പെട്ട ഏതാനും പടങ്ങൾ മാത്രമേ ഉൾപ്പെടുത്തുകയുള്ളൂ.

3. പ്രോഗ്രാമുകളുടെ വാർത്തയ്‌ക്കൊപ്പം ഫ്ലയർ പ്രസിദ്ധീകരിക്കാൻ തരുമ്പോൾ പ്രോഗ്രാം ഫ്ളയറിൽ നിങ്ങൾ പണം വാങ്ങി പ്രസിദ്ധീകരിക്കുന്ന പരസ്യങ്ങളും ഉൾപ്പെടുത്തി പ്രസിദ്ധീകരിക്കാനായി തരിക എന്നുള്ളത് ഇപ്പോൾ ഒരു സ്ഥിരം പരിപാടിയായി കണ്ടുവരുന്നു. എന്നാൽ ഞങ്ങൾക്ക് യാതൊരു പ്രയോജനവുമില്ലാത്ത ഇത്തരം കാര്യങ്ങളെ ഇനിമുതൽ പ്രോത്സാഹിപ്പിക്കുന്നതല്ല.

4. പൊതുതാത്പര്യങ്ങളല്ലാതെ, വ്യാപാര സ്ഥാപനങ്ങളെയോ, വ്യക്തികളെയോ, വ്യക്തികൾ ടിക്കറ്റ് വച്ച് നടത്തുന്ന സ്റ്റേജ് പ്രോഗ്രാമുകളെയോ പ്രമോട്ട് ചെയ്യാന്‍ ഉദ്ദേശിച്ചുള്ള വാര്‍ത്തകള്‍ക്കും സൃഷ്ടികള്‍ക്കും സാധാരണരീതിയില്‍ പൊതു വാര്‍ത്തകള്‍ എന്ന പരിഗണന ലഭിക്കില്ല. അവയെല്ലാം ബിസിനസ് കാറ്റഗറിയില്‍ പെടുന്നവയാണ്. അത്തരം മാര്‍ക്കറ്റിംഗ് ഫീച്ചറുകളോ മറ്റു പരസ്യങ്ങളോ പ്രസിദ്ധീകരിക്കുന്നതിന് ഒരു ചെറിയ തുക ഈടാക്കുന്നതാണ്. ഇക്കാര്യങ്ങൾക്ക് പത്രവുമായി നേരിട്ട് ബന്ധപ്പെടണം.

5. മറ്റ് പത്രങ്ങളിൽ  വാർത്തകൾ/രചനകൾ വന്നതിനു ശേഷം ഒന്നോ അതിലധികമോ ദിവസങ്ങൾ കഴിഞ്ഞു മലയാളി മനസ്സിലേക്ക് അയച്ചു തരുന്ന വാർത്തകളും രചനകളും ഇനിമുതൽ സ്വീകരിക്കുന്നതല്ല.

6. മറ്റു ന്യൂസ് പോര്‍ട്ടലുകളിലോ, ബ്ലോഗുകളിലോ, വെബ് സൈറ്റുകളിലോ, ഫെയ്‌സ്ബുക്ക് പോലുള്ള സമൂഹ മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ച പഴയ രചനകൾ മലയാളി മനസ്സ് സ്വീകരിക്കുന്നതല്ല. വാര്‍ത്തകള്‍ / സൃഷ്ടികള്‍ അയക്കുന്നവര്‍ തങ്ങളുടെ പൂര്‍ണ വിലാസത്തോടൊപ്പം ഫോണ്‍ നമ്പറും ചേര്‍ത്തിരിക്കണം.

7. സാമ്പത്തിക – ചികിത്സാ സഹായങ്ങള്‍, വീട് നിര്‍മാണം, സ്വയംതൊഴില്‍ ഉപകരണ വിതരണം, ഭക്ഷണ സാധനങ്ങളുടെ വിതരണം, റിലീഫ് ഫണ്ട് തുടങ്ങിയവ വിതരണം ചെയ്യാന്‍ സംഘടിപ്പിക്കുന്ന പരിപാടികളില്‍, ഇരകള്‍ കൈനീട്ടി വാങ്ങുന്ന ഫോട്ടോകൾ പ്രസിദ്ധീകരിക്കുന്നതല്ല. (ചില പ്രത്യേക സാഹചര്യങ്ങളിലൊഴികെ). ഗത്യന്തരമില്ലാതെ, നിവർത്തികേടുകൊണ്ടാണ് പലരും ഇത്തരം പരിപാടികളുടെ ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതെന്ന കാര്യവും, ഇത്തരം ചിത്രങ്ങള്‍ നല്‍കി പാവങ്ങളേയും, സഹായത്തിന് അർഹരായവരേയും, ഇരകളേയും കൂടുതല്‍ മാനസികമായി വേദനിപ്പിക്കുന്നത് ഒഴിവാക്കേണ്ടതാണെന്ന കാര്യവും ഞങ്ങളേക്കാള്‍ വായനക്കാര്‍ക്കും ബോധ്യമുള്ള കാര്യമാണല്ലോ.

8. നിങ്ങളുടെ ചുറ്റുവട്ടത്ത് നടക്കുന്ന, ശ്രദ്ധയില്‍ പെടുന്ന പ്രധാന സംഭവ വികാസങ്ങള്‍/ പൊതുജന താത്പര്യമുള്ള വിഷയങ്ങള്‍, മരണ വാർത്തകൾ, കഥ, കവിത, ലേഖനങ്ങൾ, ഓർമ്മക്കുറിപ്പുകൾ, യാത്രാ വിവരണങ്ങൾ, പാചകം, ആരോഗ്യം, പുസ്തക പരിചയം, സിനിമ തുടങ്ങിയവ ആവശ്യമായ ഫോട്ടോകൾ സഹിതം EDITOR@MALAYALIMANASU.COM എന്ന വിലാസത്തിലോ 2156819852 എന്ന വാട്ട്സ്ആപ്പ് നമ്പറിലേക്കോ അയച്ചുതരിക.

നിങ്ങളുടെ സഹായ സഹകരണങ്ങൾ തുടർന്നും അഭ്യർത്ഥിച്ചുകൊണ്ട് ,
സ്നേഹപൂർവ്വം,

മാനേജ്‌മെന്റ് – മലയാളി മനസ്സ് USA

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments