എൻ്റെ സമയം മോശമാണ്. ഇന്നത്തെ കണി വർക്കത്തില്ല. എനിക്കെന്നൊരു നല്ലൊരു കാലം വരും. ഏത് സമയത്താണെനിക്കിതിന് തോന്നിയത്. ഓരോ പ്രശ്നങ്ങളും വണ്ടി വിളിച്ചെന്റെ ജീവിതത്തിലേയ്ക്ക് വരുകയാണല്ലോ. തുടങ്ങിയ പലപ്പോഴും പലരും പറയുന്ന വാക്കുകളാണ് ഇത്. ഈ വാക്കുകളിലെന്തെങ്കിലും സത്യാവസ്ഥ നിലനിൽക്കുന്നുണ്ടോ. ജീവിതത്തിലൊരു തിരിഞ്ഞു നോട്ടം അനിവാര്യമാണ്.
ഈ പ്രപഞ്ചത്തിന്റെ സൃഷ്ടിതാവിന് അങ്ങിനെ മോശമായ സമയവും കാലമോയില്ല. എല്ലാ സമയവും നല്ലതാണ്. സമയത്തേയും കാലത്തേയും നന്നാക്കുന്നതും മോശമാക്കുന്നതും നമ്മൾ തന്നെയാണ്. ജീവിതത്തിൽ പലതും നമ്മൾ വിചാരിക്കുന്നത് പോലെ ആഗ്രഹിക്കുന്ന സമയത്ത് നടക്കണമെന്നില്ല. പല കാര്യങ്ങളും നമ്മളുടെ വരുതിയിലുമല്ല. പ്രകൃതിയിൽ ദിനംതോറും സംഭവിക്കുന്ന കാര്യങ്ങൾ പലതും പ്രവചനാതീതമാണ്.
ഏതവസ്ഥയേയും നേരിടുവാൻ മനസ്സിനെ ശക്തിപ്പെടുത്തണം. എന്നുമെല്ലാമൊരു പോലെയായിരിക്കില്ല. എല്ലാത്തിനും മാറ്റങ്ങളും വ്യതി ചലനങ്ങളുമുണ്ടാകും.നമ്മുടെ പ്രവൃത്തികളും, പരിശ്രമവും, ശുഭാപ്തിവിശ്വാസവും കൊണ്ട് ഏത് മോശം സമയത്തേയും നല്ലതാക്കുവാൻ നമുക്ക് സാധിക്കും. മനസ്സ് പതറുമ്പോൾ ആശ്വാസവാക്കുമായിട്ടെത്താൻ ഒരാളെയെങ്കിലും ആത്മാർഥ സുഹൃത്തായി നിലനിർത്തുക. ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടാവുന്നത് മനസ്സ് ശുദ്ധമായത് കൊണ്ടാണ് അതിനെ കുറ്റപ്പെടുത്തുന്നതിനു പകരം ചേർത്തു പിടിക്കാൻ ശ്രമിക്കുക. അവരുടെ സ്നേഹവും കരുതലും കാട്ടരുവിയുടെ നിഷ്കളങ്കതയോടെ ജീവിതകാലം നമ്മളിലൂടെ ഒഴുകി കൊണ്ടേയിരിക്കും.
സ്നേഹത്തോടെ ഹൃദയം നിറഞ്ഞ ശുഭദിനാശംസകൾ