Friday, December 27, 2024
Homeഅമേരിക്കശിശു ദിനത്തിൽ അറിയേണ്ടത്... ✍അഫ്‌സൽ ബഷീർ തൃക്കോമല

ശിശു ദിനത്തിൽ അറിയേണ്ടത്… ✍അഫ്‌സൽ ബഷീർ തൃക്കോമല

അഫ്‌സൽ ബഷീർ തൃക്കോമല

1889 നവംബർ 14 അലഹബാദിലെ കാശ്മീരി പണ്ഡിറ്റ് കുടുംബത്തിൽ സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ്സ് പ്രസിഡന്റുമായിരുന്ന മോത്തിലാൽ നെഹ്രുവിന്റേയും സ്വരുപ്റാണി തുസ്സുവിന്റേയും മകനായാണ് ജവഹർലാൽ നെഹ്‌റു ജനിച്ചത്.

ഇളയ സഹോദരിമാരിലൊരാൾ വിജയലക്ഷ്മി പണ്ഡിറ്റ് ഐക്യരാഷ്ട്രസഭയുടെ ജനറൽ അസ്സംബ്ലിയുടെ ആദ്യത്തെ വനിതാ പ്രസിഡന്റും മറ്റൊരു സഹോദരി കൃഷ്ണഹുതിസിങ് മികച്ച എഴുത്തുകാരിയുമായിരുന്നു. “അമൂല്യരത്നം” എന്നാണ് ജവഹർ എന്ന അറബി വാക്കിന്റെ അർത്ഥം. ലാൽ എന്നാൽ “പ്രിയപ്പെട്ടവൻ” എന്നും . ഔറംഗസീബ് ചക്രവർത്തിയുടെ കാലഘട്ടത്തിൽ കാശ്മീരിൽ നിന്നും ഡെൽഹിയിലേക്കു കുടിയേറിപ്പാർത്ത കൗൾ കുടുംബത്തിലെ അദ്ദേഹത്തിന്റെ മുൻതലമുറക്കാരനായ “രാജ് കൗൾ “നഹർ “എന്ന അറബി വാക്കിൽ നിന്നും നെഹ്രു എന്ന കുടുംബപ്പേര് സ്വീകരിച്ചു. സമ്പന്നരായിരുന്ന പിതാവ് അദ്ദേഹത്തെ
ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസവും പിന്നീട് ഉപരിപഠനത്തിനായി വിദേശത്തേക്കയച്ചു. ഇംഗ്ലണ്ടിലെ ഹാരോസ്കൂൾ, കേംബ്രിഡ്ജ്‌ -ട്രിനിറ്റി കോളജ് എന്നിവിടങ്ങളിലായിരുന്നു സർവ്വകലാശാലാ വിദ്യാഭ്യാസം. ട്രിനിറ്റി കോളേജിൽ നിന്നും ജീവശാസ്ത്രത്തിൽ ബിരുദം കരസ്ഥമാക്കി. പിന്നീട് രണ്ടു വര്ഷം ലണ്ടനിലെ ഇന്നർ ടെംപിളിൽ നിന്നും നിയമ പഠനം പൂർത്തിയാക്കിയ അദ്ദേഹം 1912-ൽ ബാരിസ്റ്റർ പരീക്ഷ പാസ്സായി ഇന്ത്യയിൽ മടങ്ങിയെത്തി. ഇന്ത്യയിൽ തിരിച്ചെത്തുന്നതിനു മുമ്പ് യൂറോപ്പ്‌ മുഴുവൻ ചുറ്റിക്കറങ്ങുവാൻ അവസരം ലഭിച്ചു. ഈ യാത്രകൾ അദ്ദേഹത്തെ പാശ്ചാത്യ സംസ്കാരവുമായി ഏറെ അടുപ്പിച്ചു. അച്ഛൻന്റെ വഴിയിൽ തന്നെ ജവഹർലാൽ നെഹ്രുവും സജീവ രാഷ്ട്രീയത്തിലെത്തി .

പതിമൂന്നാം വയസ്സിൽ കുടുംബസുഹൃത്തായിരുന്ന ആനീബസന്റിന്റെ കൂടെ തിയോസഫിക്കൽ സൊസൈറ്റിയിൽ അംഗമായി. 1916-ൽ മാതാപിതാക്കളുടെ താൽപര്യപ്രകാരം കമലയെ വിവാഹം കഴിച്ചു. ജീവിതരീതികൾക്കൊണ്ടും ചിന്തകൾക്കൊണ്ടും രണ്ടു ധ്രുവത്തിലായിരുന്നു അദ്ദേഹവും ഭാര്യയും .

1916-ലെ ലക്‌നൗ കോൺഗ്രസ്സ് സമ്മേളനത്തിലാണ്‌ നെഹ്രു ആദ്യമായി ഗാന്ധിജിയെ കണ്ടുമുട്ടുന്നത്. ക്രമേണ നെഹ്രു കുടുംബം ഗാന്ധിജിയുടെ അനുയായികളായി. അദ്ദേഹവും അച്ഛനും പാശ്ചാത്യ വേഷവിധാനങ്ങൾ വെടിഞ്ഞു. സ്വാതന്ത്ര്യ സമരത്തിൽ സജീവമായതോടെ അറസ്റ്റും ജയിൽവാസവും ജീവിതത്തിന്റെ ഭാഗമായി.പിന്നീട് ഇന്ത്യ സ്വാതന്ത്ര്യ സമരത്തിലെ പകരം വെക്കാനില്ലാത്ത
സാന്നിധ്യമായി മാറി .

ദൈവം(ദൈവങ്ങൾ) നിലനിൽക്കുന്നുണ്ടോ അതോ ഇല്ലയോ എന്ന സന്ദേഹത്തിലധിഷ്ഠിതമായ അജ്ഞേയ വാദമാണ് അദ്ദേഹം വിശ്വസിച്ചിരുന്നത് .അഹമ്മദ് നഗർ കോട്ടയിലെ അവസാനത്തെ ജയിൽ വാസകാലത് 1944 ൽ അദ്ദേഹമെഴുതിയ ഗ്രന്ഥമാണ്‌ “ദി ഡിസ്കവറി ഒഫ് ഇന്ത്യ” . സ്വാതന്ത്ര്യ സമര സേനാനിയുടെ കാഴ്ചപ്പാടിലുള്ള ഇന്ത്യാ ചരിത്രം, സംസ്കാരം, വീക്ഷണങ്ങളാണ്‌ ഗ്രന്ഥത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. 1947 ൽ സ്വാതന്ത്ര്യാനന്തരം മുതൽ 1964 മെയ് 27 വരെ അദ്ദേഹമായിരുന്നു ഇന്ത്യയുടെ പ്രധാനമന്ത്രി .ഗ്ലിംപ്സസ് ഓഫ് വേൾഡ് ഹിസ്റ്ററി,ലെറ്റേഴ്സ് ഫ്രം എ ഫാദർ ടു ഹിസ് ‍ഡോട്ടർ,എ ബഞ്ച് ഓഫ് ഓൾഡ് ലെറ്റേഴ്സ്,മഹാത്മാ ഗാന്ധി,ദ എസ്സൻഷ്യൽ റൈറ്റിംഗ്സ്,ആൻ ആന്തോളജി,ലെറ്റേഴ്സ് ടു ചീഫ് മിനിസ്റ്റേഴ്സ് തുടങ്ങി നിരവധി ഗ്രന്ഥങ്ങൾഅദ്ദേഹമെഴുതിയിട്ടുണ്ട് .”നമ്മുടെ മതമോ മതവിശ്വാസമോ എന്തുമാകട്ടെ, നാമെല്ലാം ഒരു ജനതയാണെന്ന് നിരന്തരം ഓർമിക്കണം” എന്ന വാക്കും”ആദർശങ്ങളും ലക്ഷ്യങ്ങളും തത്വങ്ങളും നാം മറക്കുമ്പോൾ മാത്രമാണ് പരാജയം സംഭവിക്കുന്നത്” എന്ന അദ്ദേഹത്തിന്റെ നിരീക്ഷണങ്ങളും ഏറെ പ്രസക്തമാണ്. അദ്ദേഹത്തിന്റെ ജന്മദിനമാണ് ശിശുദിനമായി ആചരിക്കുന്നത് .

അദ്ദേഹം ഏത് വിഭാഗത്തിൽപെട്ട ശിശുക്കളായാണ് പ്രതിനിധാനം ചെയ്തതെന്നും സ്നേഹിച്ചതെന്നും ഒക്കെയുള്ള വിമർശനങ്ങൾ ഇന്നും ചർച്ച ചെയ്യപെടുന്നുണ്ടെങ്കിലും, യഥാർത്ഥത്തിൽ ഇന്ത്യയിലെ ശിശുക്കൾ സുരക്ഷിതരാണോ ? ശിശു മരണ നിരക്ക് എറ്റവും കൂടുതലുള്ള നമമുടെ രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളോടു കൂടിയ പ്രഥമിക ആരോഗ്യ കേന്ദ്രങ്ങൾ പോലും ആവശ്യത്തിനില്ല .അതു മാത്രമല്ല കുട്ടികളെ കഴിഞ്ഞ കാലങ്ങളിൽ പട്ടിണി വേട്ടയാടിയെങ്കിൽ ഇന്നു സമ്പന്ന വർഗം ബ്രോയിലെർ സംസ്കാരത്തിലേക്ക് തള്ളി വിടുന്നു. ശരീരത്തിനാവശ്യമായ പോഷകാഹാരങ്ങൾക്കു പകരം നൂഡില്സും ബർഗറും ഷവര്മയും കൊടുത്തു വളർത്തുന്നു .ആരോഗ്യത്തോടൊപ്പം മാനസിക നിലയും താറുമാറാക്കുന്ന ഇത്തരം രീതികൾക്ക് കടിഞ്ഞാണിട്ടേ മതിയാകൂ. മാത്രമല്ല, നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഇന്ന് നിലനിൽക്കുന്ന അപക്വമായ രീതികൾ വലിയ ഭാരം ചുമന്നു സ്കൂളിൽ എത്തി ആർഷ ഭാരത സംസ്കാരത്തെ വെല്ലു വിളിക്കുന്ന പാഠ്യ സമ്പ്രദായങ്ങളും സ്വാശ്രയമെന്ന ഓമനപ്പേരിൽ വിദ്യാഭ്യാസ മേഖലയെ കച്ചവടവത്കരിച്ചും വിദ്യാർത്ഥി സമൂഹത്തിന്റെ സാംസ്കാരിക മുന്നേറ്റങ്ങളെ തകർത്തെറിയുന്ന വർത്തമാന കാല യാഥാർഥ്യങ്ങൾ തിരിച്ചറിയേണ്ടിയിരിക്കുന്നു .

വൃദ്ധ സദനങ്ങൾക്കൊപ്പം ഡേ കെയർകളും സജീവമായതോടെ പ്രായമുള്ളവരും കുട്ടികളും ഒരു പോലെ വഴിയാധാരമായെന്നു വേണം കരുതാൻ. നല്ല ബാല്യം നമമുടെ കുട്ടികൾക്കു നൽകിയില്ലെങ്കിൽ നല്ല വാര്ദ്ധക്യം നമുക്കു ലഭിക്കില്ലെന്ന് ഓർമ്മിക്കുന്നത് നല്ലത്.  പ്രവാസികളുടെ ഇടയിലെ കുട്ടികൾ താരതമ്യേന കൂടുതൽ മാനസിക സംഘർഷത്തിലേക്ക് പോകുന്നു. ചെറിയ വില്ലകളുടെയോ ഫ്ളാറ്റിന്റെയോ നാലു ചുമരുകള്ക്കുള്ളിൽ ഒതുങ്ങി കൂടുന്ന കുട്ടികൾ സാമുഹിക പരിജ്ഞാനം തീരെയില്ലാത്തവരായി മാറുന്നു. അതു കൊണ്ട് വലിയ സഭാകമ്പവും അപകർഷതാ ബോധവും ഇക്കൂട്ടരെ വെട്ടയാടുന്നു. പ്രവാസി സംഘടനകൾ ഉണർന്നു പ്രവർത്തിച്ചാൽ മാത്രമേ ഈ കാര്യത്തിൽ മാറ്റങ്ങൾ ഉണ്ടാകാനാകൂ .

ഇന്ത്യയിൽ ശിശു സംരക്ഷണ നിയമം കാര്യക്ഷമമാക്കുകയും പ്രവാസി സംഘടനകൾ നല്ല കൂട്ടായ്മകൾ സംഘടിപ്പിച്ചു ആവശ്യമായ അവബോധം നൽകുകയും ചെയ്യാത്തിടത്തോളം കുട്ടികളുടെ ഭാവി ചോദ്യ ചിഹ്നമായി തുടരും, .കൂടാതെ നെഹ്‌റു കാണിച്ചു തന്ന ഒരു മാതൃകയുണ്ട്‌ സ്വന്തം മകളായ ഇന്ദിരാ ഗാന്ധിയെ തന്നോളമോ അതിലപ്പുറമോ വളർത്താനായി ചെറുപ്പം മുതൽ ലോകം പഠിപ്പിച്ച രീതി എല്ലാ മാതാ പിതാക്കളും മാതൃക ആക്കേണ്ടതുണ്ട് ……

ശിശു ദിനാശംസകൾ .

അഫ്‌സൽ ബഷീർ തൃക്കോമല✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments