രണ്ടായിരം വർഷങ്ങൾക്ക് മുൻപ് ലോകത്തെ നേർപാതയിൽ നയിക്കാനും , മനുഷ്യർക്ക് നന്മ ഉപദേശിച്ചു കൊടുക്കാനും , നീതി, സത്യം , സ്നേഹം ,കരുണ , തുടങ്ങിയ എല്ലാ നല്ല കാര്യങ്ങളും നമ്മെ കാണിച്ചു തരുവാനുമായി ഈ പ്രപഞ്ചത്തെയും ഇന്ന് നാം കാണുന്നതും കാണപ്പെടാത്തതുമായ സകലത്തെയും സൃഷ്ടിച്ചവനുമായ പിതാവാം ദൈവത്തിന്റെ അടുത്ത് നിന്നും ലോകത്തിലേക്ക് അയക്കപ്പെട്ട സ്നേഹത്തിന്റെയും കരുണയുടെയും എല്ലാം തികഞ്ഞ പൂർണ്ണ മനുഷ്യനും പൂർണ്ണ ദൈവവുമായിരുന്നു കർത്താവായ യേശു ക്രിസ്തു . ആ ക്രിസ്തുവിന്റെ പീഡാ സഹനത്തിന്റെയും ക്രൂശു മരണത്തിന്റെയും നാളുകൾ ആണ് ലോകം അടുത്ത നാളുകളിൽ ഓർക്കുന്നത് . ഒരു കാരണവുമില്ലാതെ ചെയ്‍ത നന്മകളെയും സത്യത്തെയും മുഴുവൻ തള്ളി പറഞ്ഞുകൊണ്ട് കൊള്ളരുതാത്തവൻ , മനുഷ്യരെ തെറ്റിക്കുന്നവൻ എന്നൊക്കെ ആരോപിച്ചുകൊണ്ടു ,ലോക രക്ഷിതാവിനെ അന്നുണ്ടായിരുന്ന ചിലർ ക്രൂശിലേറ്റി കൊന്നു തള്ളി . എന്നാൽ ദൈവം എന്ന ആ സത്യം, മൂന്നാം നാൾ അതി ശക്തിയോടെ കരിങ്കൽ പാളികളെ തകർത്തു കൊണ്ട് ഉയർത്തു എഴുന്നേറ്റു .
ഇന്ന് ഈ ലോകത്തിലും നമ്മുടെ സമൂഹത്തിലും ചുറ്റുപാടുകളിലും ഭവനങ്ങളിൽ പോലും ഇത്തന്നെയാണ് നടക്കുന്നത് , സത്യത്തെയും നീതിയെയും നാം കുഴിച്ചു മൂടുകയും കാറ്റിൽ പറത്തുകയുമാണ് ചെയ്യുന്നത് . മനുഷ്യന് ദൈവം മത ഗ്രന്ഥങ്ങൾ കൊടുത്തു . ദൈവത്തെ അറിയുവാനും നാം എങ്ങനെ ആയിരിക്കണം എന്ന് പഠിക്കുവാനുമായി പ്രവാചകന്മാർ വഴി ധാരളംഅറിവ് ലോകത്തിനു ദൈവം അന്നും ഇന്നും നൽകിയിട്ടുണ്ട് . അതിലുപരിയായി ഇന്ന് ലോകത്തു ഈ മത ഗ്രന്ഥങ്ങളെ വിവർത്തനം ചെയ്തു നമ്മെ പഠിപ്പിക്കുവാനുമായി ജീവിച്ചിരിക്കുന്ന ധാരാളം നല്ല സുവിശേഷകരും എഴുത്തുകാരും ഒക്കെ മറ്റനവധി ആൾകാരുമുണ്ട്, എന്നിട്ടും നാം തിന്മയിൽ നിന്നും തിന്മയിലേക്ക് തന്നെ വഴിതെറ്റി പൊയ്ക്കൊണ്ടിരുന്ന കാഴ്ചയാണ് കാണുന്നത് . അക്രമവും, അനീതിയും, തിന്മയും, പിടിച്ചു പറിയും, കൊല്ലും ,കൊലയും കൊണ്ട് ജനങ്ങൾ പൊറുതി മുട്ടി നിക്കുന്ന കാഴ്ചയും, കേൾവിയുമാണ് ഓരോ നിമിഷവും നാം അറിയുന്നത് . ദൈവ വിശ്വാസികൾ ആയി നമ്മുടെ ഇടയിൽ കാണപെടുന്നവർ പോലും തിന്മക്കും അനീതിക്കും ചുക്കാൻ പിടിക്കുന്നവരും, സപ്പോർട്ട് ചെയ്യുന്നവരുമാണ് . ദൈവത്തെ കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്നവർ, കേട്ടിട്ടും കേട്ടില്ലെന്നു നടിക്കുന്നവർ .
ദൈവത്തെ തേടി ഇന്ന് മനുഷ്യൻ നെട്ടോട്ടമാണ് പള്ളികളിലും അമ്പലങ്ങളിലും മോസ്‌ക്കുകളിലും , എന്നാൽ ദൈവം എവിടെ എന്ന ചോദ്യത്തിന് ഒരേ ഒരു ഉത്തരം മാത്രമേയുള്ളു , നമ്മുടെ എല്ലാം ഉള്ളിന്റെ ഉള്ളിൽ തന്നെ ഉണ്ട് ആ ദൈവം, നമ്മുടെ ഉള്ളിൽ ദൈവം ഇല്ലായെങ്കിൽ ഏതു ആരാധനാലയങ്ങളിൽ പോയാലും എത്ര പ്രാർത്ഥിച്ചാലും ആ ദൈവത്തെ നമുക്ക് കണ്ടെത്താൻ സാധിക്കില്ല . മൈക്കൽ ആഞ്ചെലോ, ലോക പ്രശസ്തനായ ശില്പിയുടെ കഥ ഏറ്റവും ഉത്തമ മാതൃകയാണ് ദൈവം എവിടെ എന്ന ചോദ്യത്തിന് . നന്മയും ,തിന്മയും, സത്യവും, നീതിയും, സ്നേഹവും,കരുണയും ഇതൊന്നും തിരിച്ചറിയാത്തവർക്കു ദൈവത്തെ ഒരിക്കലും കാണാനും അറിയാനും സാധിക്കില്ല . മറ്റുള്ളവരുടെ നീതിയെ ,ഇല്ലാതാക്കുവാനും , കെടുത്തവാനും, കയ്യേറ്റം ചെയ്യുവാനും, അഹംകാരം കൊണ്ടും, തന്റേടം കൊണ്ടും മറ്റുള്ളവരെ അടിച്ചൊതുക്കാനും, കീഴ്പെടുത്താനും തക്കം നോക്കിയിരിക്കുന്നവരാണ് ഇന്ന് നമ്മുടെ ചുറ്റും . സ്വന്തം തെറ്റുകൾ മനസ്സിലാക്കാതെ മറ്റുള്ളവരെ കുറ്റം വിധിക്കുകയും , അവരെ പറ്റി അപവാദം പറഞ്ഞു പരത്തി സമൂഹത്തിൽ മാന്യത ചമഞ്ഞു നടക്കുന്നവരും ഒട്ടും കുറവല്ല .നിമിഷ നേരത്തിനുള്ളിൽ പൊലിഞ്ഞു പോകുന്ന ഈ മുഷ്യ ജീവിതത്തിൽ പത്തു രൂപക്കോ ഒരു തുണ്ടു നിലത്തിനോ വേണ്ടി നാം മനുഷ്യനെ ഇല്ലായ്മ ചെയുന്നു . എന്തും എവിടെയും വെട്ടി പിടിക്കാനുള്ള നെട്ടോട്ടത്തിലാണ് നാം ഇപ്പോളും . ഇതിനിടയിൽ തന്നെ ഒരു കൂട്ടം പാവങ്ങൾ രോഗം , പട്ടിണി , ദുരിതം , പീഡനം , ഇവയാൽ കഷ്ടം നേരിടുന്നു . ദൈവം കോടാ പ്രവാചകൻ മാരെ അയച്ചിട്ടും ദൈവം ഈ ലോകത്തിൽ വന്ന് നമുക്ക് നേർ പാത കാട്ടിയിട്ടും ഇനിയും നാം ദൈവത്തെ അറിഞ്ഞില്ലയെങ്കിൽ , ആ ദൈവം ഇനി ഒരു നാൾ വരും ആ വരവ് നമുക്ക് ആർക്കും താങ്ങാൻ പറ്റുന്നതോ പിടിച്ചു നില്ക്കാൻ പറ്റുന്നതോ ആയിരിക്കുമെന്ന് ആരും നിനക്കരുത് . എപ്പോൾ വേണം എങ്കിലും ഏതു നിമിഷം വേണം എങ്കിലും ആ വരവ് നമുക്ക് പ്രതീക്ഷിക്കാം , രോഗമായിട്ടോ , അപകടം ആയിട്ടോ , ലോകത്തെ നശിപ്പിക്കുന്ന ഒരു മഹാ മാരി ആയിട്ടോ ,വേറെ ഏതങ്കിലും വിധത്തിലോ , ഈ ലോകത്തിന്റെ അവസാനം ആയിട്ടോ നാം അതിനെ നേരിടേണ്ടി വരും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട .ആ അതിഭയങ്കര നിമിഷത്തിനു മുൻപ് നമ്മുടെ ജീവിതത്തെ നാം ക്രെമപ്പെടുത്തിയാൽ നാം ഭാഗ്യം ഉള്ളവർ ആയിരിക്കും അല്ലെങ്കിൽ അവസാനം ഭീകരമായിരിക്കും എന്നുള്ള കാര്യം ഓർത്താൽ നമുക്ക് നല്ലതായിരിക്കും.
ആകാശത്തെയും ഭൂമിയേയും സൃഷ്‌ടിച്ച ദൈവം, മറ്റുള്ളവരോടുള്ള കരുണയായ് , സ്നേഹമായി ,കരുതൽ ആയി, താങ്ങായി തണലായി , എന്നും നമ്മുടെ ഒക്കെ ഹൃദയങ്ങളിൽ ഉണ്ടാവട്ടെ…