Thursday, December 26, 2024
Homeഅമേരിക്ക"ലോകം പോയ വാരം" ✍സ്റ്റെഫി ദിപിൻ

“ലോകം പോയ വാരം” ✍സ്റ്റെഫി ദിപിൻ

സ്റ്റെഫി ദിപിൻ

1. ബ്രിട്ടനിലെ പ്രതിപക്ഷ കക്ഷിയായ കൺസർവേറ്റീവ് പാർട്ടിയുടെ പുതിയ നേതാവായി കെമി ബേഡനോക്കിനെ തിരഞ്ഞെടുത്തു. ഋഷി സുനക് പ്രധാനമന്ത്രിയായിരുന്നപ്പോൾ മന്ത്രിസഭയിലുണ്ടായിരുന്ന കെമി (44) നൈജീരിയൻ വംശജയാണ്. സുനകിന്റെ പിൻഗാമിയെ കണ്ടെത്താനുള്ള വോട്ടെടുപ്പിന്റെ അവസാനഘട്ടത്തിൽ കെമിയും മുൻമന്ത്രി റോബർട്ട് ജെൻറിക്കുമാണ് ഉണ്ടായിരുന്നത്. കെമി 53,806 വോട്ടുകളും റോബർട്ട് ജെൻറിക്കിന് 41,388 വോട്ടുകളും നേടി. ഇതോടെ പാർട്ടിയുടെ തലപ്പത്ത് എത്തുന്ന ആദ്യ കറുത്ത വർഗക്കാരിയായി കെമി ബേഡനോക്ക് മാറി. ബ്രിട്ടൻ–ഇന്ത്യ സ്വതന്ത്രവ്യാപാരക്കരാർ ഒപ്പിടുന്നതു സംബന്ധിച്ച ചർച്ചകളിൽ വ്യാപാരമന്ത്രിയായിരിക്കെ കെമിയും പങ്കെടുത്തിരുന്നു. വീസ എണ്ണം കൂട്ടണമെന്ന ഇന്ത്യയുടെ ആവശ്യത്തിൽത്തട്ടിയാണ് കരാർ ചർച്ച സ്തംഭിച്ചതെന്ന് അവർ ഈയിടെ പറഞ്ഞിരുന്നു. നൈജീരിയൻ ദമ്പതികളുടെ മകളായി യുകെയിലാണു കെമിയുടെ ജനനം. ഭർത്താവ് ഹാമിഷ് ബേഡനോക്, ഡോയ്ചെ ബാങ്ക് ഉദ്യോഗസ്ഥനും മുൻ കൗൺസിലറുമാണ്.

2. ഇസ്രയേലിലെ ഷാരോൺ മേഖലയിലെ അറബ് നഗരമായ ടിറയില്‍ ഹിസ്ബുല്ലയുടെ റോക്കറ്റ് ആക്രമണം. ജനവാസമേഖലയിലെ കെട്ടിടത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 19 പേർക്ക് പരുക്കേറ്റു. ലബനനിൽ നിന്നാണ് മധ്യ ഇസ്രയേലിനെ ലക്ഷ്യമാക്കി മൂന്നു റോക്കറ്റുകൾ വന്ന് പതിച്ചതെന്ന് ഐഡിഎഫ് അറിയിച്ചു. ആക്രമണത്തിൽ കെട്ടിടം ഭാഗികമായി തകർന്നിട്ടുണ്ട്. ലബനനിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റുകളിൽ ചിലത് പ്രതിരോധ സംവിധാനമായ അയേൺ ഡോം തകർത്തുവെങ്കിലും മൂന്ന് റോക്കറ്റുകൾ ജനവാസമേഖയിൽ പതിക്കുകയായിരുന്നു. ടെൽ അവീവിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ വടക്കുകിഴക്കായി വെസ്റ്റ് ബാങ്ക് അതിർത്തിയിലാണ് അറബ് നഗരമായ ടിറ. ലബനനിലെ സായുധ സംഘമായ ഹിസ്ബുല്ലയാണ് ആക്രമണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഹിസ്ബുല്ലയുമായുള്ള യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രയേലിൽ 63 പേർ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. വ്യാഴാഴ്ച ലബനനിൽ നിന്നുള്ള റോക്കറ്റ് ആക്രമണത്തിൽ വടക്കൻ ഇസ്രയേലിലെ മെതുലയിൽ നാല് കർഷകർ ഉൾപ്പെടെ ഏഴ് പേർ കൊല്ലപ്പെട്ടിരുന്നു.
ഇതേസമയം ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 31 പേർ കൊല്ലപ്പെട്ടു. ഇതിൽ പകുതിയിലേറെ മരണവും ബെയ്ത്ത് ലാഹിയ, ജബാലിയ എന്നിവിടങ്ങളിലെ അഭയാർഥിക്യാംപുകളിലാണ്. ഖാൻ യൂനിസിൽ വ്യോമാക്രമണത്തിൽ 7 പേർ കൊല്ലപ്പെട്ടു. പോളിയോ വാക്സിനേഷൻ നടക്കുന്നതിനിടെ ഗാസയിലെ ക്ലിനിക്കിനുനേരെ ഇസ്രയേൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ 4 കുട്ടികൾ ഉൾപ്പെടെ 6 പേർക്കു പരുക്കേറ്റു. ഗാസയിൽ വാക്സിനേഷനു നേതൃത്വം നൽകുന്ന യുഎൻ ഏജൻസിയായ യുനിസെഫ് ആക്രമണത്തിൽ നടുക്കം രേഖപ്പെടുത്തി. വാക്സിനേഷനു വേണ്ടി രാവിലെ 6 മുതൽ വൈകിട്ടു 4 വരെ ആക്രമണം ഒഴിവാക്കുമെന്ന ധാരണ ലംഘിക്കപ്പെട്ടതായും ആരോപിച്ചു. എന്നാൽ, ഇസ്രയേൽ ഇതു നിഷേധിച്ചു. തെക്കൻ ലബനനിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഹിസ്ബുല്ല റോക്കറ്റ് യൂണിറ്റ് കമാൻഡർ ജാഫർ ഖാദർ ഫൗറിനെ വധിച്ചതായി ഇസ്രയേൽ സൈന്യം അറിയിച്ചു.

3. കാനഡയിലെ ബ്രാംപ്ടണിൽ ഹിന്ദു ക്ഷേത്ര പരിസരത്ത് വിശ്വാസികൾക്കുനേരെ ആക്രമണം. ഖലിസ്ഥാന്‍ പതാകകളുമായി എത്തിയവരാണ് ആക്രമണം നടത്തിയത്. ഹിന്ദു മഹാസഭ മന്ദിറിലാണ് ആക്രമണം നടന്നത്. ആക്രമണത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ അപലപിച്ചു. ‘‘ അക്രമത്തെ അംഗീകരിക്കാനാവില്ല. എല്ലാ കനേഡിയൻ പൗരൻമാർക്കും അവരുടെ വിശ്വാസത്തെ മുറുകെപിടിക്കാനുള്ള അവകാശമുണ്ട്’’–ട്രൂഡോ പറഞ്ഞു. പൊലീസിന്റെ സമയോചിതമായ ഇടപെടലിനെ അദ്ദേഹം പ്രശംസിച്ചു. വടികളുമായി എത്തിയ ഒരു സംഘം അമ്പലത്തിന് പുറത്തുവച്ച് വിശ്വാസികളെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഖലിസ്ഥാൻ അനുകൂല ഗ്രൂപ്പുകളുടെ പതാകകളുമായാണ് അക്രമികൾ എത്തിയത്. സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശത്തെ മാനിക്കുന്നതായും, അക്രമത്തെ ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും കനേഡിയൻ പൊലീസ് വ്യക്തമാക്കി. ഖാലിസ്ഥാൻ വാദികൾ അതിരുകൾ ലംഘിച്ചിരിക്കുകയാണെന്ന് കനേഡിയൻ എംപി ചന്ദ്ര ആര്യ പറഞ്ഞു. അതേസമയം ഈ ആക്രമണങ്ങളിൽ പങ്കാളിയായ കനേഡിയൻ പൊലീസ് ഉദ്യോഗസ്ഥൻ ഹരീന്ദർ സോഹിയെ സസ്പെൻഡ് ചെയ്തു. അതിക്രമത്തിന്റെ വിഡിയോയിൽ ഇയാളുടെ സാന്നിധ്യം തിരിച്ചറിഞ്ഞതിനെ തുടർന്നാണ് നടപടി. ഹരീന്ദർ സോഹി ഖലിസ്ഥാന്‍ കൊടിയുമായി നിൽക്കുന്നതാണ് വിഡിയോ ദൃശ്യങ്ങളിലുള്ളത്.
ആക്രമണത്തെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി അപലപിച്ചു. കാനഡയിലെ ഇന്ത്യൻ പൗരരുടെ സുരക്ഷയെക്കുറിച്ച് അതീവ ഉത്കണ്ഠയുണ്ടെന്നു വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കണമെന്ന് കാനഡയോട് ആവശ്യപ്പെട്ടു. ഇന്ത്യാവിരുദ്ധ ശക്തികൾ നടത്തിയ ആക്രമണത്തെ കാനഡയിലെ ഇന്ത്യൻ ഹൈക്കമ്മിഷനും അപലപിച്ചു.

4. അമേരിക്കൻ സംഗീത ഇതിഹാസം ക്വിൻസി ജോൺസ് (91) അരങ്ങൊഴിഞ്ഞു. കൗണ്ട് ബെയ്സി തൊട്ട് ഫ്രാങ്ക് സിനാട്രയും മൈക്കൽ ജാക്‌സനും ഉൾപ്പെടെ ഹൃദയങ്ങളെ പ്രകമ്പനം കൊള്ളിച്ച ജാസ്, പോപ് സൂപ്പർതാരങ്ങൾക്കൊപ്പം ചേർത്തുവയ്ക്കാവുന്നതും സംഗീതത്തിന്റെ വിവിധ മേഖലകളിൽ നിറഞ്ഞുനിന്നതുമായ അപൂർവ ജീവിതമാണ് ഓർമയാകുന്നത്. ‌ലൊസാഞ്ചലസിലെ ബെൽ എയറിലെ വീട്ടിൽ ഞായറാഴ്ചയായിരുന്നു അന്ത്യം.

1980കളിൽ ഓഫ് ദ് വോൾ, ത്രില്ലർ, ബാഡ് തുടങ്ങിയ ആൽബങ്ങളുടെ നിർമാതാവായി മൈക്കൽ ജാക്സൻ എന്ന താരോദയത്തിനു വഴി തുറന്നത് ജോൺസാണ്. സിനാട്ര, അരീത്ത ഫ്രാങ്ക്‌ളിൻ, ഡോണ സമ്മർ, ലെസ്‌ലി ഗോർ തുടങ്ങിയ ഗായകർക്കു വേണ്ടിയും നിർമാതാവായി. ദ് കളർ പേർപ്പിൾ ഉൾപ്പെടെ സിനിമകൾ നിർ‍മിച്ചും അവയ്ക്കു സംഗീതമൊരുക്കിയും ശ്രദ്ധേയനായി. ട്രംപറ്റും പിയാനോയും അടക്കം സംഗീത ഉപകരണങ്ങൾ അനായാസം വഴങ്ങുമായിരുന്ന ജോൺസ് ടിവി, ഫിലിം നിർമാണക്കമ്പനി ഉ‌‌ടമയുമായിരുന്നു. ആറര പതിറ്റാണ്ടു നീണ്ട കരിയറിൽ 28 തവണ ഗ്രാമി പുരസ്കാരങ്ങൾ നേടി; 80 തവണ ഗ്രാമി നാമനിർദേശം ലഭിച്ചു.

5. ഇന്തൊനീഷ്യയിലെ ഫ്ലോറസ് ദ്വീപുകളിലെ മൗണ്ട് ലെവോടോബി ലാകി ലാകി അഗ്നിപർവതം പൊട്ടിത്തെറിച്ച് 10 പേർ കൊല്ലപ്പെട്ടു. ഞായറാഴ്ച അർധരാത്രിയുണ്ടായ സ്ഫോടനത്തെത്തുടർന്ന് തിളച്ചുമറിയുന്ന ലാവയും 2000 മീറ്റർ വരെ ഉയരത്തിൽ പാറിപ്പറന്ന ചൂടു ചാരവും 6 കിലോമീറ്റർ ചുറ്റളവിലുള്ള ഗ്രാമങ്ങളിൽ നാശം വിതച്ചു. ഒരു കന്യാസ്ത്രീ മഠം ഉൾപ്പെടെ ഒട്ടേറെ വീടുകൾ കത്തിനശിച്ചു. ഒരു കന്യാസ്ത്രീയും കൊല്ലപ്പെട്ടിട്ടുണ്ട്. വുലാങ്ഗിറ്റാങ് ജില്ലയിലെ 6 ഗ്രാമങ്ങളിലെ പതിനായിരത്തിലേറെ ജനം പ്രാണരക്ഷാർഥം പലായനം ചെയ്തു. അഗ്നിപർവത സ്ഫോടന സൂചനകൾ കണ്ടതനെത്തുടർന്ന് കഴിഞ്ഞ ജനുവരിയിൽ ഇവിടെ നിന്ന് 6500 പേരെ ഒഴിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം 27ന് വെസ്റ്റ് സുമാത്ര പ്രവിശ്യയിലെ മൗണ്ട് മറാപി അഗ്നിപർവതം പൊട്ടിത്തെറിച്ചെങ്കിലും ആളപായം ഉണ്ടായില്ല. മൗണ്ട് മറാപിയിൽ നിന്നൊഴുകിയ തണുത്ത ലാവയും കനത്ത മഴയും മേയിൽ 60 പേരുടെ മരണത്തിനിടയാക്കിയിരുന്നു. ഇന്തൊനീഷ്യയിൽ സജീവമായ 120 അഗ്നിപർവതങ്ങളുണ്ട്.

6. ഇസ്രയേൽ പ്രതിരോധമന്ത്രി യൊയാവ് ഗലാന്റിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കി പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. ഗലാന്റിന് ഒട്ടേറെ വീഴ്ചകൾ ഉണ്ടായതായി ബെന്യാമിൻ നെതന്യാഹു പറഞ്ഞു. പ്രതിരോധ വകുപ്പ് മന്ത്രിയായി ഇസ്രയേൽ കാറ്റ്സ് ചുമതലയേൽക്കുമെന്നാണ് വിവരം. ‘‘യുദ്ധത്തിന്റെ നടുവിൽ പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഇടയിൽ പൂർണ്ണ വിശ്വാസം അത്യാവശ്യമാണ്. ആദ്യ മാസങ്ങളിൽ വളരെയധികം വിശ്വാസവും ഫലപ്രദമായ പ്രവർത്തനവും ഉണ്ടായിരുന്നു. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി ആ വിശ്വാസം ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്’’– യൊയാവ് ഗലാന്റിനെ പുറത്താക്കിയതിനു പിന്നാലെ നെതന്യാഹുവിന്റെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കഴിഞ്ഞ വർഷം ഒക്ടോബർ ഏഴിന് ഇസ്രയേലിൽ പലസ്തീൻ സായുധ സംഘടന ഹമാസ് നടത്തിയ ആക്രമണത്തിനു പിന്നാലെ ഇസ്രയേൽ നടത്തുന്ന പ്രതികാര നടപടിയെച്ചൊല്ലി ഇരുവരും പലതവണ പരസ്പരം ഏറ്റുമുട്ടിയിട്ടിരുന്നു. ഗാസ യുദ്ധത്തിലുടനീളം ഗലാന്റും നെതന്യാഹുവും തമ്മിൽ പരസ്പരം കൊമ്പുകോർത്തിരുന്നു. 2023 മാർച്ചിൽ തനിക്കെതിരെ വ്യാപക തെരുവ് പ്രതിഷേധങ്ങൾ നടന്നപ്പോൾ പ്രതിരോധ മേധാവിയെ പുറത്താക്കാൻ നെതന്യാഹു ശ്രമിച്ചിരുന്നു.

7. അമേരിക്കയിൽ ഇനി ട്രംപ് യുഗം. അമേരിക്കയെ ‘ചുവപ്പിച്ച്’ റിപ്പബ്ലിക്കൻ നേതാവും മുൻ അമേരിക്കൻ പ്രസിഡന്റുമായ ഡോണൾഡ് ട്രംപ് അധികാരം ഉറപ്പിച്ചു. ട്രംപിന് 291 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയും നിലവിലെ യുഎസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്. വിജയത്തിന് 270 വോട്ടുകളാണ് വേണ്ടത്.
2016– 2020 കാലത്തു പ്രസിഡന്റായിരുന്ന ട്രംപ് 78–ാം വയസ്സിലാണു വൈറ്റ്ഹൗസിലേക്കു തിരികെയെത്തുന്നത്; യുഎസിൽ തിരഞ്ഞെടുക്കപ്പെടുന്ന ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്. യുഎസിന്റെ 47–ാം പ്രസിഡന്റായി ജനുവരിയിലാകും സ്ഥാനമേൽക്കുക. ഔദ്യോഗിക ഫലപ്രഖ്യാപനം 2025 ജനുവരി ആറിനാണ്. സെനറ്റിലും ജനപ്രതിനിധി സഭയിലും റിപ്പബ്ലിക്കൻ പാർട്ടി ആധിപത്യം നേടി. തിരഞ്ഞെടുപ്പ് ഫലം അനുകൂലമായതോടെ അമേരിക്കൻ ജനതയ്ക്ക് ട്രംപ് നന്ദി പറഞ്ഞു. അമേരിക്കയുടെ ‘സുവർണ്ണ കാലഘട്ടം’ ഇതായിരിക്കുമെന്ന് പറഞ്ഞ ട്രംപ് രാജ്യം കണ്ട ഏറ്റവും വലിയ രാഷ്ട്രീയ വിജയമാണിതെന്നും അവകാശപ്പെട്ടു. അമേരിക്കയുടെ അടുത്ത വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് ആണെന്ന് ഡോണൾഡ് ട്രംപ് പൊതുയോഗത്തിൽ പ്രഖ്യാപിച്ചു. ഭാര്യ മെലാനിയയ്ക്കും കുടുംബത്തിനും ട്രംപ് നന്ദി പറഞ്ഞു.
ഡോണൾഡ് ട്രംപ് വീണ്ടും യുഎസിന്റെ പ്രസിഡന്റാകുമ്പോൾ, അത് എല്ലാ തരത്തിലും പൂർണ ജനപിന്തുണയോടെയെന്ന് നിസ്സംശയം പറയാം. രണ്ടു ദശാബ്ദത്തിനിടെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ജനകീയ വോട്ടുകൾ നേടി വിജയിക്കുന്ന ആദ്യ റിപ്പബ്ലിക്കൻ സ്ഥാനാർഥിയാണ് ട്രംപ്. 2004ൽ ജോർജ് ഡബ്ല്യു.ബുഷ് ആയിരുന്നു ഇതിനു മുൻപ് ജനകീയ വോട്ടുകൾ നേടിയ റിപ്പബ്ലിക്കൻ സ്ഥാനാർഥി.
ട്രംപ് 7.14 കോടി ജനകീയ വോട്ടുകൾ നേടിയപ്പോൾ കമല നേടിയത് 6.64 കോടിയാണ്. ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജരായ ഡോ. അമി ബേര, പ്രമീള ജയപാൽ, രാജ കൃഷ്ണമൂർത്തി, റോ ഖന്ന, ഡോ. ശ്രീ തനേഡർ, സുഹാസ് സുബ്രഹ്മണ്യൻ (എല്ലാവരും ഡെമോക്രാറ്റ് പാർട്ടി) എന്നിവർ ജയം ഉറപ്പാക്കി.
ഇതേസമയം നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്റെ പ്രചരണ മാനേജർ സൂസി വൈൽസിനെ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി നിയമിച്ചു. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷമുള്ള ട്രംപിന്റെ ആദ്യത്തെ സുപ്രധാന പ്രഖ്യാപനമാണിത്. യുഎസ് ചരിത്രത്തിൽ വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫ് പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് സൂസി വൈൽസ്. ജനുവരി 20 ന് ട്രംപ് പ്രസിഡന്റ് പദവിയിലേക്ക് മടങ്ങിയെത്തുന്നതോടെ ഒട്ടേറെ പുതുമുഖങ്ങളെ വൈറ്റ് ഹൗസിൽ നിയമിക്കുന്നമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രസിഡന്റിന്റെ വിശ്വസ്തയായി പ്രവർത്തിക്കുക എന്നതാണ് ചീഫ് ഓഫ് സ്റ്റാഫിന്റെ റോൾ. പ്രസിഡന്റിനെ അജണ്ട നടപ്പിലാക്കുന്നതിൽ ചീഫ് ഓഫ് സ്റ്റാഫ് സഹായിക്കുന്നു. രാഷ്ട്രീയ നയ താൽപര്യങ്ങളും ഈ പദവിയിൽ ഇരിക്കുന്നയാളാണ് കൈകാര്യം ചെയ്യുന്നത്. പ്രസിഡന്റ് ആരുമായി കൂടിക്കാഴ്ച നടത്തുകയും സംസാരിക്കുകയും ചെയ്യുന്നു എന്നതിനെ നിയന്ത്രിക്കുന്നതിൽ മുഖ്യ പങ്ക് വൈറ്റ്ഹൗസ് ചീഫ് ഓഫ് സ്റ്റാഫിനാണ്.

8. ഡോണൾഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെട്ടതിൽ ഏറ്റവും നിരാശയുള്ള രാജ്യങ്ങളിലൊന്ന് ചൈനയാണ്. ഒന്നാം ട്രംപ് സർക്കാരിന്റെ കാലത്ത് അദ്ദേഹവുമായി ഏറ്റവുമധികം കൊമ്പുകോർത്ത രാജ്യങ്ങളിലൊന്നും ചൈനയാണ്. വ്യാപാരം, ടെക്നോളജി, സുരക്ഷാ വിഷയങ്ങൾ തുടങ്ങിയ മേഖലകളിലെല്ലാം സൂപ്പർപവറുകളെന്നു സ്വയം വിശേഷിപ്പിക്കുന്ന ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. പരസ്പര ധാരണയോടെ മുന്നോട്ടു പോകാമെന്ന മനോഭാവം വിട്ട് ട്രംപ് കടുത്ത ചൈനീസ് വിരുദ്ധ നിലപാടുകളെടുത്തു. ആദ്യ തവണത്തേതിനെക്കാൾ വോട്ടു ശതമാനം വർധിപ്പിച്ചാണ് ട്രംപ് ഇത്തവണ അധികാരം പിടിച്ചത്. അതുകൊണ്ടുതന്നെ ഇനിയും ട്രംപിന്റെ ‘കടുംപിടുത്ത’ നയങ്ങൾ വർധിത വീര്യത്തോടെതന്നെ ഉണ്ടായേക്കുമെന്നാണ് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. അതേസമയം, ട്രംപിന്റെ വിദേശ നയം ചൈനയ്ക്ക് രാജ്യാന്തര ബന്ധങ്ങൾ വളർത്താൻ സഹായകമായകുമെന്ന വിലയിരുത്തലും ഉണ്ട്. 250 ബില്യൻ യുഎസ് ഡോളറിന്റെ നികുതി ചൈനീസ് ഇറക്കുമതിക്ക് ആദ്യ ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയത്. ഇത്തവണ ചൈനീസ് ഉൽപ്പന്നങ്ങളുടെ ഇറക്കുമതിയിൽ 60-100% വരെ നികുതിയേർപ്പെടുത്തുമെന്ന് പ്രചാരണവേളയിൽത്തന്നെ ട്രംപ് പറഞ്ഞിരുന്നു.

9. അമേരിക്കൻ പ്രസിഡന്റ് പദത്തിലേക്കുള്ള തിരിച്ചു വരവോടെ ഡോണൾഡ് ട്രംപിനെതിരെയുള്ള ക്രിമിനൽ കേസുകളിലെ നടപടികൾക്ക് താൽക്കാലിക വിരാമമാകും. 2020 ലെ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചതും ലൈംഗികാരോപണം ഉന്നയിച്ച രതിചിത്ര നടിയെ പണം നൽകി സ്വാധീനിക്കാൻ ശ്രമിച്ചതുമുൾപ്പെടെ 4 കേസുകളിലാണ് ട്രംപ് വിചാരണ നേരിടുന്നത്. നടിക്ക് പണം നൽകിയ കേസിൽ ട്രംപ് വ്യാജതെളിവുകൾ സൃഷ്ടിച്ചതായി കഴിഞ്ഞ മേയിൽ കോടതി കണ്ടെത്തിയിരുന്നു. അധികാരത്തിൽ തിരിച്ചെത്തിയാൽ മിനിറ്റുകൾക്കുള്ളിൽ തന്നെ വിചാരണ നടത്തിയ പ്രോസിക്യൂഷൻ സംഘത്തിന്റെ തലവൻ യുഎസ് സ്പെഷൽ കൗൺസൽ ജാക്ക് സ്മിത്തിനെ പദവിയിൽ നിന്നു തെറിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞിരുന്നു.
സ്വദേശ രക്ഷാ നിയമങ്ങൾ ഈ അധികാരത്തിലും തുടരാൻ ട്രമ്പ്. അമേരിക്കയ്ക്കു ലാഭകരമല്ലാത്ത ഒരു ഇടപാടിലും പണം ചെലവാക്കാൻ പാടില്ലെന്നതാണു ഡോണൾഡ് ട്രംപിന്റെ നയം. യുഎസിലെ പരമ്പരാഗത വ്യവസായങ്ങൾക്കു ഗുണകരമല്ലാത്തതിനാൽ ട്രംപ് കാലാവസ്ഥ വ്യതിയാനം തടയാനുള്ള ഒരു ഉടമ്പടിയിലും ഒപ്പ് വയ്ക്കില്ല. ചൈനീസ് ഉൽപന്നങ്ങൾ യുഎസ് വിപണിയിൽ മേധാവിത്വം സ്ഥാപിച്ചതോടെ അമേരിക്കൻ വ്യവസായരംഗത്തു മാന്ദ്യമുണ്ടായി. അമേരിക്കൻ വ്യവസായത്തെ സംരക്ഷിക്കാനായി ചൈനീസ് ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ഏർപ്പെടുത്തുമെന്നാണ് ട്രംപിന്റെ വാഗ്ദാനം. ഫലത്തിൽ ഇതു വിലക്കയറ്റമുണ്ടാക്കും. തൊഴിൽരംഗത്തും സ്വദേശിവൽക്കരണത്തിലാണ് ഊന്നൽ. അമേരിക്കൻ സാമ്പത്തികരംഗത്തെ ശക്തമാക്കാനാവശ്യമായ രക്ഷാപദ്ധതികളാണ് അമേരിക്ക ആദ്യം എന്ന മുദ്രാവാക്യത്തിലൂടെ മുന്നോട്ടുവയ്ക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ കൂട്ടത്തോടെ പുറത്താക്കുമെന്നാണ് ട്രമ്പിന്റെ ഭീഷണി. ഒരു വർഷം 10 ലക്ഷം പേർ എന്ന നിലയിൽ കുടിയേറ്റക്കാരെ നാടുകടത്താനാകുമെന്ന് ട്രംപിന്റെ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കിയിട്ടുണ്ട്. വർഷം തോറും യുഎസ് ഒട്ടേറെപ്പേരെ നാടുകടത്താറുണ്ടെങ്കിലും ലക്ഷക്കണക്കിനാളുകളെ ഒരുമിച്ചു നാടുകടത്തുന്നതു ചെലവേറിയ പ്രക്രിയയാകും. ട്രംപ് ശൈലി പ്രകടമാകാൻ പോകുന്ന മറ്റൊരു മേഖല വിദേശനയമാണ്. ഗാസ യുദ്ധം, യുക്രെയ്ൻ യുദ്ധം എന്നിവ ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിക്കുമെന്നാണ് ട്രംപ് അവകാശപ്പെട്ടെങ്കിലും ഇതെങ്ങനെയെന്നു വ്യക്തമാക്കിയിട്ടില്ല.
റഷ്യൻ പ്രസിഡന്റ് പുട്ടിനുമായുള്ള ട്രംപിന്റെ സൗഹൃദം രഹസ്യമല്ല. റഷ്യയോടു ശീതയുദ്ധകാല ശത്രുത കാലഹരണപ്പെട്ടു. എന്നാൽ, വ്യാപാരരംഗത്ത് ചൈനയുടെ അധിനിവേശം ചെറുക്കണം. അമേരിക്കൻ വിപണയിൽനിന്ന് ചൈനീസ് കമ്പനികൾ ലാഭമുണ്ടാക്കുന്നതിനാൽ അവരാണു ട്രംപിനെ സംബന്ധിച്ചിടത്തോളം മുഖ്യശത്രു.
വിദേശത്ത് അമേരിക്കയ്ക്കു ഗുണമില്ലാത്ത സൈനികച്ചെലവുകൾ അവസാനിപ്പിക്കണം. ഇതിനാൽ നാറ്റോ സൈനികസഖ്യത്തിൽ യുഎസ് തുടരുന്നതിനെ അദ്ദേഹം എതിർക്കുന്നു.
ഐക്യരാഷ്ട്രസംഘടന, ലോകാരോഗ്യസംഘടന തുടങ്ങിയ രാജ്യാന്തര സംഘടനകൾ അമേരിക്കൻവിരുദ്ധ നിലപാടുകളാണ് സ്വീകരിക്കുന്നത് അതിനാൽ അവർക്കു പണം നൽകരുതെന്നാണു ട്രംപിന്റെ നയം. ഒന്നാം ഭരണത്തിൽ അദ്ദേഹം യുഎന്നിനു പണം നൽകുന്നതു നിർത്തിയിരുന്നു. രണ്ടാം ഭരണത്തിലും ഈ നയമായിരിക്കും തുടരുക.

10. ഒരുകാലത്ത് ട്രംപിന്റെ കടുത്ത വിമർശകനായിരുന്നു നിയുക്ത വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് (40). ഒരിക്കൽ ട്രംപ് അമേരിക്കയുടെ ഹിറ്റ്ലറാണോ എന്നു ചോദിച്ചയാളാണ് വാൻസ്. ‘മൂല്യച്യുതിയെന്നും’ ‘പൂർണ ഫ്രോഡെന്നും’ അദ്ദേഹം ട്രംപിനെ വിശേഷിപ്പിച്ചിരുന്നു. എന്നാൽ, 2020 ൽ വാൻസ് ട്രാക്ക് മാറി ട്രംപിന്റെ അനുയായിയായി. ഒഹായോയിൽനിന്നുള്ള സെനറ്ററായിരുന്ന അദ്ദേഹം ഒഹായോയിലെ മിഡിൽടൗണിൽ ദരിദ്രകുടുംബത്തിൽ ജനിച്ചുവളർന്നയാളാണ്. യുഎസിന്റെ പ്രത്യേക സേനാവിഭാഗമായ മറീൻസിന്റെ ഭാഗമായി ഇറാഖിൽ ഉൾപ്പെടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. യുക്രെയ്നിനു സൈനിക സഹായം നൽകുന്നതിനെ വാൻസ് വിമർശിച്ചിട്ടുണ്ട്. യുക്രെയ്നെ സമ്മർദത്തിലാക്കി യുദ്ധം നിർത്താൻ വാൻസ് അധികാരത്തിലെത്തിയാൽ ശ്രമിക്കുമെന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് ആശങ്കയുണ്ട്. സ്ത്രീവിരുദ്ധ, ന്യൂനപക്ഷവിരുദ്ധ പരാമർശങ്ങളുടെ പേരിലുള്ള ആരോപണങ്ങളും വാൻസിനു നേരെ ഉയർന്നിരുന്നു. ജെ.ഡി.വാൻസിന്റെ പങ്കാളിയാണ് ഇന്ത്യൻ വംശജയായ ഉഷ വാൻസ് അഥവാ ഉഷ ചിലുകുരി. യുഎസ് സർക്കാരിൽ അറ്റോർണിയായ ഉഷ ചിലുകുരിയുടെ വേരുകൾ ആന്ധ്രപ്രദേശിലാണ്.

11. ഒട്ടിയ കവിളുകളും ക്ഷീണിച്ച മുഖവുമായി സുനിത വില്യംസിന്റെ പുതിയ ചിത്രം പുറത്തുവന്നതോടെ അവരുടെ ആരോഗ്യനിലയെക്കുറിച്ച് ആശങ്ക ഉയരുന്നു. 153 ദിവസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ കഴിയുന്ന സുനിത വില്യംസിന്റെയും ബുച്ച് വിൽമോറിന്റെയും ഏറ്റവും പുതിയ ചിത്രം കഴിഞ്ഞ ദിവസം നാസ പുറത്തുവിട്ടതിനു പിന്നാലെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്. ബഹിരാകാശ നിലയത്തിൽവച്ച് പീത്‌സ ഉണ്ടാക്കുന്ന സുനിതയുടെയും വിൽമോറിന്റെയും ചിത്രങ്ങളാണ് പുറത്തുവിട്ടത്. എന്നാൽ ചിത്രത്തിൽ സുനിത വളരെ ക്ഷീണിതയായി കാണപ്പെടുന്നുവെന്ന് ഒട്ടേറെപ്പേർ സമൂഹമാധ്യമങ്ങളിൽ ആശങ്കകൾ പങ്കുവച്ചു. ആരോഗ്യവിദഗ്ധരും ഈ സംശയമുന്നയിച്ചു. ബഹിരാകാശത്ത് വളരെ നാൾ കഴിയേണ്ടി വന്നതിലുള്ള സ്വാഭാവിക സമ്മർദത്താലാണ് സുനിതയുടെ ചിത്രത്തിൽ കാണുന്ന മാറ്റങ്ങൾക്ക് കാരണമെന്ന് കരുതുന്നതായി ഡോക്ടറായ വിനയ് ഗുപ്ത രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു.

കാലറി കുറവായിരിക്കാം കവിളൊട്ടിയതിനു കാരണം. സുനിത ഭക്ഷണത്തിന്റെ അളവ് കുറച്ചിട്ടുണ്ടാകും. ഗുരുത്വാകർഷണമില്ലാത്ത പരിതസ്ഥിതിയിൽ ജീവിക്കുന്നതിനും ശരീരം ചൂടാക്കി നിർത്തുന്നതിനും വേണ്ടി കൂടുതൽ ഊർ‍ജം ചെലവാക്കുന്നതിന് വേണ്ടിയാകും ഇത്. എന്നാൽ വലിയ അപകടത്തിലാണ് അവരുടെ ആരോഗ്യമെന്ന് കരുതുന്നില്ലെന്നും ഡോ.ഗുപ്ത കൂട്ടിച്ചേർത്തു. രാജ്യാന്തര ബഹിരാകാശ നിലയത്തിൽനിന്ന് തിരിച്ചെത്തിയ 8 യാത്രികരെ നാസ വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് സുനിത, വിൽമോർ ചിത്രങ്ങളും അഭ്യൂഹങ്ങൾ ഉയർത്തുന്നത്.

12. ഇസ്രയേലിൽ ആക്രമണം നടത്തുന്ന പലസ്തീനികളുടെ ബന്ധുക്കളെ നാട് കടത്താനുള്ള നിയമം പാസാക്കി ഇസ്രയേൽ പാർലമെന്റ്. സ്വന്തം പൗരന്മാർ ഉൾപ്പെടെയുള്ള പലസ്തീൻ ആക്രമണകാരികളുടെ കുടുംബാംഗങ്ങളെയാണ് യുദ്ധത്തിൽ തകർന്ന ഗാസ മുനമ്പിലേക്കോ മറ്റു സ്ഥലങ്ങളിലേക്കോ നാടുകടത്താൻ അനുവദിക്കുന്നതാണ് നിയമം. 41ന് എതിരെ 61 വോട്ടുകൾക്കാണ് നിയമം പാസാക്കിയത്. സുപ്രിംകോടതി കൂടി അംഗീകരിച്ചാൽ മാത്രമേ നിയമം പ്രാബല്യത്തിൽ വരുകയുള്ളൂ. ആക്രമണത്തെ കുറിച്ച് മുൻകൂട്ടി അറിയുന്ന, അല്ലെങ്കിൽ ഭീകരവാദ പ്രവർത്തനത്തെ പിന്തുണയ്‌ക്കുകയോ തിരിച്ചറിയുകയോ ചെയ്യുന്ന ഇസ്രയേലിലെ പലസ്തീനികൾക്കും കിഴക്കൻ ജറുസലേമിലെ നിവാസികൾക്കും ഇത് ബാധകമായിരിക്കുമെന്നാണ് നിയമത്തിൽ പറയുന്നത്. പാർലമെന്റ് പാസാക്കിയ നിയമം സുപ്രീം കോടതിയിലെത്തിയാൽ റദ്ദാക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ഇസ്രയേൽ ഡെമോക്രസി ഇൻസ്റ്റിറ്റ്യൂട്ടിലെ മുതിർന്ന ഗവേഷകനും ഇസ്രയേൽ സൈന്യത്തിന്റെ നിയമ വിദഗ്ധനുമായ ഡോ. എറാൻ ഷമീർ-ബോറർ പറഞ്ഞു. നിയമം തികച്ചും ഭരണഘടനാ വിരുദ്ധവും ഇസ്രയേലിന്റെ അടിസ്ഥാന മൂല്യങ്ങളുമായി ചേരാത്തതും ആണെന്നും ഷമീർ-ബോറർ പറഞ്ഞു.

ആക്രമണകാരികളുടെ കുടുംബവീടുകൾ പൊളിക്കുകയെന്ന ദീർഘകാല നയവും ഇസ്രയേലിന് ഉണ്ട്. പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും ഭൂരിഭാഗം ജനങ്ങളും പലായനം ചെയ്യുകയും ചെയ്ത ഗാസയിൽ ഇസ്രയേൽ-ഹമാസ് യുദ്ധം ഇപ്പോഴും രൂക്ഷമാണ്. വാസയോഗ്യമല്ലാത്ത ഇവിടേയ്ക്കാണ് ബന്ധുക്കളെ നാട് കടത്താൻ ഇസ്രയേൽ നീക്കം നടത്തുന്നത്.

13. മേഖലയിലും ആഗോളതലത്തിലും സമാധാനവും സുരക്ഷയും ഉറപ്പാക്കുന്നതിൽ പരമ്പരാഗത ആയുധങ്ങളുടെ നിയന്ത്രണം വഹിക്കുന്ന പങ്ക് എടുത്തുകാട്ടുന്ന പാക്ക് പ്രമേയത്തിനു കിട്ടിയ ഏക എതിർവോട്ട് ഇന്ത്യയുടേത്. നിരായുധീകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന യുഎൻ പൊതുസഭയുടെ ഫസ്റ്റ് കമ്മിറ്റിക്കു മുൻപാകെ വച്ച പ്രമേയത്തെ 176 അംഗങ്ങൾ അനുകൂലിച്ചപ്പോൾ, വോട്ടെടുപ്പിൽനിന്ന് ഇസ്രയേൽ വിട്ടുനിന്നു. മേഖല, ഉപമേഖലാതലങ്ങളിലെ ആയുധ നിയന്ത്രണം സംബന്ധിച്ച് പാക്കിസ്ഥാനും സിറിയയും ചേർന്നാണ് പ്രമേയം കൊണ്ടുവന്നത്.

14. ഹമാസ് നേതാക്കളോട് രാജ്യം വിടാൻ ഖത്തർ ആവശ്യപ്പെട്ടതായി വിവരം. യുഎസ് സമ്മർദത്തിനു പിന്നാലെയാണ് ഖത്തറിന്റെ നയം മാറ്റം. യുഎസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഏകദേശം 10 ദിവസം മുൻപാണ് അഭ്യർഥന നടത്തിയതെന്ന് പേര് വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദോഹയിലെ ഹമാസിന്റെ സാന്നിധ്യം ഇനി സ്വീകാര്യമല്ലെന്നാണ് യുഎസ് ഖത്തറിനെ അറിയിച്ചത്. യുഎസിനും ഈജിപ്തിനുമൊപ്പം, ഗാസയിൽ ഒരു വർഷം നീണ്ടുനിന്ന സംഘർഷത്തിനു അറുതി വരുത്താനുള്ള ചർച്ചകളിൽ ഖത്തറും പങ്കാളിയായിരുന്നു. ഒക്‌ടോബർ മധ്യത്തിൽ നടന്ന ഏറ്റവും പുതിയ ചർച്ചകളിൽ ഹമാസ് ഹ്രസ്വകാല വെടിനിർത്തൽ പദ്ധതി നിരസിച്ചിരുന്നു. ഹമാസിനോടുള്ള ആതിഥ്യം അവസാനിപ്പിക്കാൻ ഖത്തറിനോട് പറയണമെന്ന് ആവശ്യപ്പെട്ട് 14 റിപ്പബ്ലിക്കൻ യുഎസ് സെനറ്റർമാർ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് കത്ത് നൽകിയിരുന്നു.
ഇതേസമയം ഇസ്രയേൽ–ഹമാസ് വെടിനിർത്തൽ, ബന്ദിമോചന ചർച്ച എന്നിവയുടെ മധ്യസ്ഥസ്ഥാനത്തുനിന്ന് ഖത്തർ പിന്മാറിയെന്ന് റിപ്പോർട്ട്. ദോഹയിലുള്ള ഹമാസിന്റെ ഓഫിസ് ഇനി പ്രവർത്തിക്കില്ലെന്നും ഹമാസിനെ ഖത്തർ അറിയിച്ചിട്ടുണ്ട്. ഇരുവിഭാഗങ്ങളും ആത്മാർഥമായല്ല ചർച്ചയിൽ പങ്കെടുക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. തൽഫലമായി ദോഹയിലെ ഹമാസ് ഓഫിസ് ഇക്കാര്യത്തിനു വേണ്ടി പ്രവർത്തിക്കില്ല. യുഎസിനെയും പിന്മാറ്റ വിവരം ഖത്തർ അറിയിച്ചിട്ടുണ്ട്. ബന്ദിമോചനത്തിനും വെടിനിർത്തലിനുമായി യുഎസ്, ഈജിപ്ത് എന്നിവർക്കൊപ്പം ഖത്തറും മാസങ്ങളായി മധ്യസ്ഥ ചർച്ച നടത്തുന്നുണ്ടെങ്കിലും ഫലമുണ്ടായിട്ടില്ല.

15. രാജ്യാന്തര വിദ്യാർഥികൾക്ക് എളുപ്പത്തിൽ വീസ ലഭ്യമാക്കുന്ന പദ്ധതിയായ സ്റ്റുഡന്റ് ഡയറക്ട് സ്ട്രീം (എസ്ഡിഎസ്) നിർത്തലാക്കി കാനഡ. ഇന്ത്യൻ വിദ്യാർഥികൾക്ക് വലിയ തിരിച്ചടിയുണ്ടാക്കുന്നതാണ് തീരുമാനം. ഇന്ത്യ, ബ്രസീൽ, ചൈന. കൊളംബിയ, കോസ്റ്ററീക്ക, മൊറോക്കോ, പാക്കിസ്ഥാൻ, പെറു, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്ക് എളുപ്പത്തിൽ വീസ ലഭിക്കുന്നതിനായി 2018ൽ കൊണ്ടുവന്ന പദ്ധതിയാണിത്. എല്ലാ വിദ്യാർഥികൾക്കും തുല്യ അവസരവും സുതാര്യതയും ഉറപ്പാക്കുന്നതിനും പദ്ധതിയുടെ വിശ്വാസ്യത വർധിപ്പിക്കുന്നതിനുമാണ് എസ്ഡിഎസ് നിർത്തലാക്കുന്നതെന്നാണ് കനേഡിയൻ സർക്കാരിന്റെ വെബ്സൈറ്റിൽ വ്യക്തമാക്കിയിട്ടുള്ളത്. നവംബർ 8ന് കനേഡിയൻ സമയം ഉച്ചയ്ക്ക് 2 വരെ ലഭിച്ച അപേക്ഷകൾ മാത്രമേ എസ്ഡിഎസ് പദ്ധതി പ്രകാരം പരിഗണിക്കൂവെന്ന് വെബ്സൈറ്റിൽ പറയുന്നു. ശേഷിക്കുന്ന അപേക്ഷകരും ഇനി അപേക്ഷിക്കുന്ന വിദ്യാർഥികളും സാധാരണ സ്റ്റുഡന്റ് പെർമിറ്റ് നടപടികൾ സ്വീകരിക്കേണ്ടി വരും. നിലവിൽ ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർഥികളാണ് കാനഡയിൽ ഓരോ വർഷവും ഉപരിപഠനത്തിന് അവസരം തേടുന്നത്. എസ്ഡിഎസ് പദ്ധതി പ്രകാരം 20.636 കനേഡിയൻ ഡോളറിന്റെ ഗാരന്റീ‍ഡ് ഇൻവെസ്റ്റ്‌മെന്റ് സർട്ടിഫിക്കറ്റും ഇംഗ്ലിഷ് അല്ലെങ്കിൽ ഫ്രഞ്ച് ഭാഷയിൽ ടെസ്റ്റ് സ്കോറും നേടിയാൽ വിദ്യാർഥികൾക്ക് വീസ ലഭ്യമായിരുന്നു. എളുപ്പത്തിൽ പൂർത്തിയാകുന്നതും വീസ ലഭിക്കാൻ കൂടുതൽ സാധ്യതയുള്ളതുമായിരുന്നു ഈ മാർഗം. 2023ലെ കണക്കുപ്രകാരം ഏകദേശം രണ്ടു ലക്ഷത്തോളം ഇന്ത്യൻ വിദ്യാർഥികൾക്കാണ് വീസ ലഭിച്ചത്.

സ്റ്റെഫി ദിപിൻ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments