മലയാള മാസം മേടം ഒന്നാണ് വിഷു ആഘോഷിക്കുന്നത്. വിഷുവിനെ സംബന്ധിക്കുന്ന രണ്ട് ഐതീഹ്യങ്ങളുണ്ട്. നരകാസുരൻ ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം. രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന് ഇഷ്ടപ്പെടാഞ്ഞതിനാൽ സൂര്യനെ നേരെ ഉദിക്കാൻ രാവണൻ സമ്മതിച്ചില്ലെന്നും രാവണനെ രാമൻ വധിച്ചശേഷമാണ് സൂര്യൻ നേരെ ഉദിച്ചതന്നും അതു വിഷു പുലരിയായിരുന്നു എന്നുമാണ് ഇതു സംബന്ധിച്ച മറ്റൊരയിതീഹ്യം. എന്തായാലും കേരളത്തിലെ കാർഷികോത്സവമാണ് വിഷു. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു. വിഷുഫലം എന്നാണ് ഇതിനു പറയുക. കേരളത്തിന്റെ അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട്.
ഭാരതത്തിലെ മിക്ക സംസ്ഥാനങ്ങളിലും സമാനമായ ആഘോഷങ്ങൾ ഉണ്ട്. എല്ലായിടത്തും ഭാരതത്തിൽ മുൻപ് നിലവിലിരുന്ന പഞ്ചാംഗം പ്രകാരമുള്ള വർഷാരംഭമാണ് ഈ ദിനം. വിഷു എന്നാൽ തുല്യമായത് എന്നർത്ഥം. അതായത് രാത്രിയും പകലും തുല്യമായ ദിവസം. മേടം ഒന്നിന് മേട വിഷുവും തുലാം ഒന്നിനു തുലാ വിഷുവും ഉണ്ട്. ഒരു രാശിയിൽനിന്നും അടുത്ത രാശിയിലേക്ക് സൂര്യൻ പോകുന്നതിനെ സംക്രാന്തി എന്നാണ് പറയുക. വിഷു സംക്രാന്തി എന്ന പ്രയോഗം “പതിറ്റുപത്ത്” എന്ന കൃതിയിൽ ഉണ്ട്. കേരളത്തിന്റെ പ്രധാന വിളവെടുപ്പുമഹോൽത്സവങ്ങളാണ് വിഷുവും ഓണവും. ഓണം വിരിപ്പുകൃഷിയുമായും വിഷു വേനൽ പച്ചക്കറി വിളകളുമായി ബന്ധപ്പെട്ടാണ് ആചരിക്കുന്നത്.
വിഷുവുമായി ബന്ധപ്പെട്ട ആചാരങ്ങൾ വ്യത്യസ്തമാണ്. വിഷുക്കണി ആണ് ഏറ്റവും പ്രധാനപ്പെട്ടത്. വിഷുക്കൈനീട്ടം, വിഷു സദ്യ, വിഷുക്കളി തുടങ്ങിയവ വിഷുവിനോട് അനുബന്ധിച്ചുള്ള ആഘോഷങ്ങളാണ്. കുടുംബത്തിലെ മുതിർന്ന സ്ത്രീകൾക്കാണ് വിഷുക്കണി ഒരുക്കുവാനും അത് കാണിക്കുവാനുമുള്ള ചുമതല. തേച്ചൊരുക്കിയ ഓട്ടുരുളിയിൽ അരിയും നെല്ലും ഉപയോഗിച്ച് പാതി നിറച്ച്, കൂടെ അലക്കിയ , മുണ്ടും, പൊന്നും, വാൽക്കണ്ണാടിയും, കണിവെള്ളരിയും, കണിക്കൊന്നയും, പഴുത്ത അടയ്ക്കയും വെറ്റിലയും, കണ്മഷി, ചാന്ത്, സിന്തൂരം, നാരങ്ങ എന്നിവയും കിഴക്കോട്ട് തിരിയിട്ട് കത്തിച്ച നിലവിളക്കും, നാളികേരപാതിയും, ശ്രീകൃഷ്ണന്റെ വിഗ്രഹവും വെച്ചാണ് വിഷുക്കണി ഒരുക്കുക. കണിക്കൊന്ന പൂക്കൾ വിഷുക്കണിയിൽ നിർബന്ധമാണ്.
ഐശ്വര്യസമ്പൂർണ്ണമായ അതായത് പ്രകാശവും, ധനവും, ഫലങ്ങളും, ധാന്യങ്ങളും എല്ലാം ചേർന്ന വിഷുക്കണി കണ്ടുണരുമ്പോൾ, പുതിയൊരു ജിവിത ക്രമം രൂപപ്പെടുന്നു എന്നാണ് വിശ്വാസം .
വിഷുവുമായി ബന്ധമുള്ള ഒന്നാണ് കണിക്കൊന്ന(ഇന്ത്യൻ ലബർണം). വിഷുക്കാലത്ത് കേരളത്തിലെങ്ങും പൂത്തു നിൽകുന്നത് നയനാന്ദകരമായ കാഴ്ചയൊരുക്കുന്നു. കർണ്ണികാരം എന്നും അറിയുന്ന കണി കൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും. വിഷുവിനായി നാട് ഒരുങ്ങുമ്പോഴേ കൊന്നകളും പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധി ശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപറ്റി പുരാണങ്ങളിൽ പറയുന്നത്. എന്നാൽ മറ്റൊരു ഉപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്ത് പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്ന് ചില ചരിത്രകാരന്മാർ പറയുന്നു .
വിഷുവിനോട് അനുബന്ധിച്ച് അനവധി ആചാരങ്ങൾ കൃഷിയേ സംബന്ധിച്ച് നിലനിൽക്കുന്നു. ചാലിടീൽ കർമ്മം, കൈക്കോട്ടുചാൽ, വിഷുക്കരിക്കൽ, വിഷുവേല, വിഷുവെടുക്കൽ, പത്താമുദയം എന്നിവ വിഷുവിനോട് അനുബന്ധിച്ച് നടക്കുന്ന ആചാരങ്ങളാണ്.കണി കണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈനീട്ടം എന്നറിയപ്പെടുന്നത്. ആദ്യകാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്നത് വർഷം മുഴുവനും സമ്പൽ സമൃദ്ധിയും ഐശ്വര്യവും ഉണ്ടാകട്ടേ എന്ന് അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. പ്രായമായവർ പ്രായത്തിൽ കുറവുളളവര്‍ക്കാണ് സാധാരണ കൈനീട്ടം നൽകുന്നത് എങ്കിലും ചില സ്ഥലങ്ങളിൽ പ്രായം കുറഞ്ഞവർ മുതിർന്നവർക്കും കൈനീട്ടം നൽകാറുണ്ട്. അതു പോലെ വിഷു സദ്യക്ക് പ്രത്യേക പ്രാധാന്യമുണ്ട് . വരിക്ക ചക്കയുടെ മുഴുവൻ ഭാഗങ്ങളും വിഷു സദ്യയിൽ ഉൾപ്പെടുത്തണം എന്നതു മത്രമല്ല വിഷു ദിനത്തിൽ വരിക്ക ചക്കയെ “പനസം” എന്നെ പറയാവു എന്നു കൂടിയുണ്ട്. നമ്മുടെ കാര്ഷികോല്പന്നങ്ങൾ പരമാവധിയുൾപ്പെടുത്തിയാവണം സദ്യയുണ്ടാക്കേണ്ടത് എന്നതു കൃഷിയുടെ പ്രാധാന്യത്തെ വിളിച്ചോതുന്നു .
മദ്ധ്യ തിരുവിതാംകൂറിലെ ഏറ്റവും വലിയ വിഷു ഉത്സവം വെണ്മണിയിലെ ശാർങ്ങക്കാവിലെതാണ് (ചാമക്കാവ്). വിഷു ദിനത്തിൽ കെട്ടുകാഴ്ചകളുമായി വിവിധ കരകളിൽ നിന്നും ഭക്തർ ഇവിടെ വന്നു കൂടുന്നു. അച്ചൻകോവിലാറിന്റെ മറുകരയിൽ നിന്നുള്ള കെട്ടു കാഴ്ചകൾ വള്ളങ്ങളിൽ കയറ്റി ചാമക്കാവിലെത്തിക്കുന്നു. നിരവധി കെട്ടുകാഴ്ചകൾ ഇവിടെയുണ്ടെങ്കിലും ഏറ്റവും പ്രത്യേകതയുള്ളത് ചാമക്കാവിലെ വേലത്തേരാണ്. മുഖാമുഖമായി നിർത്തുന്ന വീതിയുള്ള വേലത്തേരുകളുടെ തട്ടിൽ നിന്നും, യുദ്ധം ചെയ്യുന്നതിന് സമാനമായ വേലകളി ചാമക്കാവിലെ വിഷു കാഴ്ചയാണ് .
വിഷുവിന്റെ വിശേഷങ്ങൾ ഇനിയുമേറെയുണ്ട്. എന്തായാലും മലയാളിയുടെ ആഘോഷങ്ങളിൽ വിഷുവിനു പ്രഥമ സ്ഥാനമുണ്ട് . മലയാളിയുടെ ആഘോഷ തല്പരതയിൽ ജാതി മത വർണ്ണ വർഗ്ഗ വത്യാസമില്ലാതെ കാർഷീകോത്സവമായ വിഷുവിനെ നെഞ്ചിലേറ്റുന്നു. ഓഫർ തട്ടിപ്പുകളുമായി ഹൈപ്പർ മാർക്കറ്റുകൾ പ്രവാസലോകത്തു പോലും വിഷുവിന്റെ ശോഭ കെടുത്തുന്നു എന്നത് എടുത്തു പറയേണ്ടിയിരിക്കുന്നു. നാടും നഗരവും വിഷുവിനെ കാത്തിരിക്കുമ്പോൾ ഉള്ളതുകൊണ്ട്
വിഷു ആഘോഷിക്കാൻ നിർബന്ധിതതരാകുന്ന പ്രവാസി സമൂഹവും വുഷുവിനെ വരവേൽക്കാൻ തയ്യാറായി കഴിഞ്ഞു .
ആഘോഷങ്ങളിൽ മായം ചേർക്കാതെ നല്ല നാളെകൾ സ്വപ്നം കണ്ടു വിഷു കണി കണ്ടുണരാം ….
വിഷു ദിനാശംസകൾ ..
വിഷു ആശംസകൾ