Logo Below Image
Tuesday, February 18, 2025
Logo Below Image
Homeഅമേരിക്കഅറിവിൻ്റെ മുത്തുകൾ - (100) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളൂം (ഭാഗം-5)

അറിവിൻ്റെ മുത്തുകൾ – (100) ക്ഷേത്രകലകളും അനുഷ്ഠാനവാദ്യങ്ങളൂം (ഭാഗം-5)

പി. എം.എൻ.നമ്പൂതിരി.

സംഗീതത്തിൻ്റെ ആദ്ധ്യാത്മിക സ്രോതസ്സ്

ഭാരതീയ സംഗീതത്തിനും ആദ്ധ്യാത്മികതയ്ക്കും തമ്മിൽ സുവ്യക്തമായ ബന്ധമുണ്ട് എന്നുറപ്പിയ്ക്കാൻ സംഗീതത്തിൻ്റെ മൗലിക സ്വരങ്ങളായ സ രി ഗ മ പ ധ നി എന്ന സപ്തസ്വരങ്ങളെ പരിശോദിച്ചാൽ മതി. ഇവ ക്രമത്തിൽ മൂലാധാരാദി ആറു ആധാരചക്രങ്ങളിൽ നിന്നു ഉത്ഭവിക്കുന്നതാണെന്നും അവസാനത്തെ നി എന്ന High Pitch സ്വരം സഹസ്രാരസംബന്ധിയാണെന്നും കാണാൻ കഴിയും. ഭേരി നാദം മുതൽ വേണുനാദം വരെയുള്ള യോഗീശ്വര ശ്രവണങ്ങൾക്ക് മാത്രം ശ്രാവ്യമായ ദിവ്യ നാദങ്ങളോട് അന്യാദൃശ്യമായ സാദൃശ്യം ഇവ വഹിക്കുന്നുണ്ട്. വളരെയധികം ഗവേഷണാർഹമായ ഒരു വിഷയമാണിത്. വിസ്താരഭയത്താൽ ഈ ഭാഗമിവിടെ തൊട്ടു പോവുക മാത്രമേ ഞാൻ ചെയ്യുന്നുള്ളൂ. ഇതിൻ്റെ സങ്കലനക്രിയകൾ ആകുന്ന രാഗങ്ങൾ അങ്ങനെ കുണ്ഡലിനീ നാദങ്ങൾ തന്നെയാകുന്നു. സുഷ്മനായും ഇഡാ പിംഗളാ നാഡികളും ഉൾക്കൊള്ളുന്ന മേരുദണ്ഡംതന്നെയാണ് വീണാദണ്ഡമെന്ന പേരിൽ അറിയപ്പെടുന്നത്. സരസ്വതീദേവി ധരിച്ചിരിക്കുന്ന വീണ ഇതാണ് എന്നതത്രേ തന്ത്രശാസ്ത്രതത്ത്വം. അങ്ങനെ നൃത്ത, വാദ്യ സംഗീതമാകുന്ന ലളിതകലകൾ ദേവനു വേണ്ടി അർപ്പണം ചെയ്യുമ്പോൾ ആ കലാവിദ്യകൾ അവയുടെ പാരമ്യത്തിലേയ്ക്കിവിടെ ഉയർന്നുകിട്ടുകയാണ്.

സാഹിത്യകല ക്ഷേത്രങ്ങളിൽ

സാഹിത്യകലയും ഇവിടെ പ്രസക്തമാണ്. ക്ഷേത്രങ്ങളിലെ ദേവന്മാരെ ചുറ്റിപ്പറ്റി എത്രയെത്ര സ്തോത്രങ്ങളാണ് ഉണ്ടായിട്ടുള്ളത്. തമിഴ്നാട്ടിൽ സഹസ്രാബ്ധങ്ങൾക്ക് മുമ്പ് ആവിഷ്കൃതങ്ങളായ “തേവാരകൃതികൾ “ ഉദാത്ത ഭക്തിയുടേയും വേദാന്ത വിജ്ഞാനത്തിൻ്റെയും ഭണ്ഡാരങ്ങളാണ്. നമ്മുടെ ശങ്കരാചാര്യ കൃതികളും നാരായണീയവും, അങ്ങനെ ഒട്ടനേകം ഭാഷാകൃതികളും എടുത്തു നോക്കിയാൽ ക്ഷേത്രസാഹിത്യവുമായി എത്രയധികം ബന്ധപ്പെടുന്നുവെന്ന് മനസ്സിലാക്കാവുന്നതാണ്. കേരളത്തിൽ പുരാണപാരായണത്തിന് പ്രത്യേകം തസ്തികകൾ ഉണ്ടായിരുന്നു. ഭാരതപട്ടേരിയുടെ കർത്തവ്യം ഭാരതം പാരായണം ചെയ്യുകയും കഥ പറഞ്ഞു കേൾപ്പിയ്ക്കുകയുമായിരുന്നു.

ചാക്യാർകൂത്ത്, ഓട്ടൻതുള്ളൽ, പാഠകം മുതൽ ഇന്നത്തെ കഥാപ്രസംഗംവരെ ക്ഷേത്ര കലകൾ വികാസം പ്രാപിച്ചിട്ടുണ്ട്. കഥാപ്രസംഗത്തിൻ്റെ പൂർവ്വരൂപമായ ഹരികഥ കാലക്ഷേപമാണി വിടെ സൂചിപ്പിച്ചത് എന്നും ഇന്നത്തെ പാശ്ചാത്യരാഷ്ട്രീയ അതിപ്രസരമുള്ള കഥാപ്രസംഗമല്ല എന്നും ഞാൻ ഇവിടെ പറയുകയാണ്. സാഹിത്യത്തിൻ്റെ ഒരു പ്രധാന ശാഖയാണല്ലോ നാടകാഭിനയം. കൂടിയാട്ടം എന്ന സംസ്കൃത നാടകാഭിനയം ഇവിടെ കേരളത്തിലുള്ള രീതിയിൽ തന്നെയായിരുന്നു പൗരാണിക ഭാരതത്തിൽ അവതരിപ്പിച്ചിരുന്നത് എന്ന് അഭിജ്ഞന്മാർ പറയുന്നുണ്ട്. അത്തരം സംസ്കൃതനാടകത്തിലെ വിദൂഷകനെ മാത്രം അടർത്തിയെടുത്താൽ അത് ചാക്യാർകൂത്തായി. ഇന്നും കൂത്ത് എന്ന പുരാണകഥാപ്രസംഗം അമ്പലങ്ങളിലെ ഒരു പ്രധാന അനുഷ്ഠാന കലയാണ്. ക്ഷേത്രങ്ങളിലും തത്തുല്യ ആദ്ധ്യാത്മിക പ്രാധാന്യമുള്ളയിടത്തും മാത്രമേ കൂത്ത് നടത്തുവാൻ പാടുള്ളൂവെന്നായിരുന്നു ഇവിടുത്തെ അലിഖിത നിയമം. ഇതിൽ ഉപയോഗിക്കുന്ന വാദ്യം മിഴാവ് ആണ്. ഈ മിഴാവിനും ഉപനയനാദി സംസ്ക്കാരങ്ങൾ വേണമെന്ന് നിർബന്ധമാണ്. മാത്രമല്ല കൂത്തമ്പലമെന്ന ഒരു നാട്യമണ്ഡപം മഹാക്ഷേത്രങ്ങളിൽ പ്രാകാരത്തിനകത്തുതന്നെ നിർമ്മിക്കാറുണ്ടായിരുന്നു. താഴികകുടം മുതൽ പാദുക ജഗദിവരെയുള്ള ക്ഷേത്രശില്പ സങ്കേതങ്ങൾ ഇതിൻ്റെ നിർമ്മാണത്തിനുവേണ്ടിവരുന്നുവെന്നത് ഈ കലാശില്പത്തിൻ്റെ ആദ്ധ്യാത്മികതയെ സുചിപ്പിക്കുന്നുണ്ട്.

പി. എം.എൻ.നമ്പൂതിരി.

RELATED ARTICLES

5 COMMENTS

  1. ‘സപ്തസ്വരങ്ങളെ കുറിച്ചും അതിൻ്റെ ഉത്ഭവസ്ഥാനങ്ങൾ മൂലാധാരാ ദി ചക്രങ്ങളിൽ നിന്നുതന്നെ എന്നും മേരുദണ്ഡം തന്നെ വീണാ ദൺഡ മെന്നറിയപ്പെടുന്നതു എന്നും കലാരൂപങ്ങളുമായുള്ള ബന്ധവും അതിന് ഉള്ള ക്ഷേത്ര ബന്ധവും എല്ലാം പറഞ്ഞു. നന്ദി ഗുരുജി . നമസ്ക്കാരം

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments