Saturday, December 28, 2024
Homeഅമേരിക്കഅമ്മ ! അമ്മ! സിനമയിലെ അമ്മ (മോൻസികൊടുമൺ)

അമ്മ ! അമ്മ! സിനമയിലെ അമ്മ (മോൻസികൊടുമൺ)

(മോൻസി കൊടുമൺ)

രാത്രിയുടെ ഏകാന്ത യാമങ്ങളിൽ പതുങ്ങി പതുങ്ങി ഒരു ആൺ രൂപം മലർക്കെ തുറന്നു കിടന്നിരുന്ന വാതിൽ കടന്ന് ഉറങ്ങികിടന്ന തുളസിയുടെ പിറകിൽ തട്ടിവിളിച്ചു. തുളസി ഒന്നു ഞെട്ടി ത്തിരിഞ്ഞു. നിർമ്മാതാവ് അട്ടഹസിച്ചു ”ആരടാ നീ ”ഞാൻ കൊല്ലം തുളസി ”കൊല്ലം തുളസി മറുപടി പറഞ്ഞു. പെണ്ണെന്നു കരുതിയിരുന്ന കൊല്ലം തുളസിയെ കണ്ടു നിർമ്മാതാവ് പറഞ്ഞത് കടമെടുത്ത ഒരു വാക്കായിരുന്നു ”കടക്കടാ പുറത്ത് ”

കൊല്ലം തുളസി പറഞ്ഞ ഒരു കെട്ടു കഥയല്ലിത് ഒരു യഥാർത്ഥ്യമായ സംഭവമായിരുന്നു ഇത്. അമ്മയെന്ന പ്രസ്ഥാനത്തിൻ്റെ അന്തപുരത്തിൽ അരങ്ങേറിയ ഒരു അരമനരഹസ്യമായിരുന്നു. ഇത് ഇന്ന് അങ്ങാടിപ്പാട്ടായി ദൃശ്യ മാധ്യമങ്ങളിൽ കൂടി നമുക്ക് കാണുവാൻ സാധിച്ചു. കൊല്ലംതുളസി എന്ന് പേർകേട്ടപ്പോൾ പുതിയ സിനിമാ നിർമ്മാതാവ് സുന്ദരിയായ യുവതിയെന്നു തെറ്റിദ്ധരിക്കയും ആ മുറിയുടെ വാതിൽ തുറന്നിടണം എന്ന് ലൈറ്റ് ബോയിയെക്കൊണ്ട് പറയിക്കയും, പാവം കൊല്ലം തുളസി അതനുസരിച്ച് വാതിൽ മലർക്കെ തുറന്നിടുകയും ചെയ്തിരുന്നു. പേരു പറയാത്ത ആ നിർമ്മിതാവ് രാത്രിയുടെ മറവിൽ സുഖലോലുപത തേടി കൊല്ലം തുളസിയെ ശല്യപ്പെടുത്തി എന്നാണ് അദ്ദേഹംപറഞ്ഞത്. എന്തായാലും ഭാഗ്യത്തിന് പ്രകൃതി വിരുദ്ധമായി മറ്റൊരു കായിക വിനോദവും നടക്കാത്തത് ഭാഗ്യം എന്നും തുളസി മൊഴിചൊല്ലി.

ഒരു പെണ്ണിൻ്റെ പേർ കിട്ടിയതിനാൽ എയർ കണ്ടീഷൻ മുറി നിർമ്മാതാവിൻ്റെ തൊട്ടടുത്ത് എല്ലാ സുഖ സൗകര്യങ്ങളോടും കൂടി കൊല്ലം തുളസിക്ക് കിട്ടിയെന്നും ഇപ്പോൾ സിനിമയുമില്ല പാർട്ടിയുമില്ലെന്നും BJPയും തഴഞ്ഞെന്നും കൊല്ലം സങ്കടത്തോട് തന്റെ കദന കഥ പറയുന്നു.

എന്നാൽ ചില പ്രബലൻമാരായ സംവിധായകർ പെണ്ണിൻ്റ അഭാവം കാരണം പാവം ചെക്കനെ മദ്യം കൊടുത്ത് പ്രകൃതി വിരുദ്ധത കാണിച്ചത് വളരെ സങ്കടവും ലജ്ജാകര വുമായി കേരളത്തിന് തന്നെ നാണക്കേടുണ്ടാക്കി. എന്നാൽ ചില നാട്ടിലെ പ്രകൃതി വിരുദ്ധലൈംഗികത അമ്മയുടെ പരിശുദ്ധ ലേബലിൽ അരങ്ങേറിയത് സിനിമാക്കാർക്കു മാത്രമല്ല കേരള ജനതക്ക് ലോകത്തിനു മുൻപിൽ തനകുനിക്കേണ്ട ഗതികേടായി . കള്ളു കുടിയൻമാരായ കാമഭ്രാന്തൻമാർക്ക് ഒരു കച്ചിക്കോലം കണ്ടാലും സിരകളിൽ ഉൻമാദലഹരി പടരുമെന്ന് ഇപ്പോൾ നമുക്ക് മനസ്സിലായി.

എന്നാൽ, മുട്ടുവീൻ തുറക്കപ്പെടും എന്ന വചനമനുസരിച്ച് മുട്ടുകയും തുറക്കുകയും പലതും നടന്നിട്ടുണ്ട്. വാതിൽ പൂർണമായും മലർക്കെ തുറന്നിട്ടവർ പറയുന്നതോ? -മുപ്പതു വർഷമായി എൻ്റെ വാതിലിൽ ആരും മുട്ടിയിട്ടില്ലെന്നും എന്നെ ആരും സ്പർശിച്ചില്ലെന്നും പറയുമ്പോൾ വേശ്യയുടെ ചാരിത്ര്യ പ്രസംഗമാണ് എൻ്റെ മനസ്സിൽ പൊന്തി വരുന്നത്.

അമ്മയെന്ന പരിശുദ്ധ നാമം ഇവർ ദുരുപയോഗം ചെയ്തതാണ് ഏറ്റവും സങ്കടകരം .
പാതിര നേരം സൂര്യനുദിച്ചാൽ പലരും വീഴും ചിലപല കെണിയിൽ. അതാണല്ലോ മുകേഷ് MLA , ഗണേശ്, ജയസൂര്യ, മണിയൻ പിള്ള , രജ്ഞിത്ത് ‘ ഇടവേള ബാബു, മാമുക്കോയ വരെ യുള്ള പലരുടേയും പേർ പലചാനലൽ കാരും വെളിപ്പെടുത്തുന്നത്. എന്നാൽ പലപ്രമുഖൻ മാരും ഇനി പുറത്തു വരുവാനുണ്ടല്ലോ ? മോഹൻലാൽ ഒളിച്ചിരുന്നതല്ലെന്നും ഭാര്യക്കു സുഖമില്ലാത്തതിനാൽ അടുത്തിരിക്കേണ്ടി വന്നതിനാലാണ് സമയത്ത് പ്രത്യക്ഷപ്പെടാത്തതെന്നും പത്രസമ്മേളനത്തിൽ ഒരുപരുവത്തിന് ഒപ്പിച്ചു പറഞ്ഞു.

ധാരാളം ചാരിറ്റി നൽകുന്ന സംഘടനയാണ് അമ്മയെന്നും പലരുടേയും തൊഴിൽ നഷ്ടപ്പെടുത്തരുതെന്നും ദൃശ്യമാധ്യമങ്ങളോട് മുന്നറിയിപ്പു നൽകി. അരിതിന്നതുമല്ല ആശാരിച്ചിയെ കടിച്ചതുമല്ല പട്ടിക്കാണ് പിന്നേയും മുറുമുറുപ്പ് എന്നൊരു ചൊല്ല് ഇവിടെ അന്വർത്ഥമാക്കി. കൂടുതൽ ചോദ്യങ്ങൾ ചോദിച്ച് എന്നെ കുഴക്കരുതെന്നും എല്ലാ ചോദ്യ ങ്ങൾക്കും ഉത്തരം തരുവാൻ ഞാൻ മാത്രമല്ല അമ്മയുടെ മെമ്പർ എന്നും പറയുമ്പോൾ മമ്മൂട്ടിയുടെ മൗനം വീണ്ടും തുടരുകയാണ്. ഇദ്ദേഹം കുറെ നാൾ ലോയർ ആയത് ഒളിച്ചിരി ക്കുവാനായിരുന്നോ എന്നത് ലജ്ജാകരമാണ്.

അഭിനയം സിനിമയിൽ മാത്രമല്ല ജീവിത പന്ഥാവിലും മകവുറ്റതാക്കുവാൻ ഇവർക്കെല്ലാം അറിയാമെന്ന് ജനം മനസ്സിലാക്കുന്നു. മാനത്തെ വെള്ളിത്തേരിൽ തിളങ്ങുന്ന താരങ്ങൾ താഴെ വീണ് ഉടയുന്ന വിഗ്രഹങ്ങളായി മാറുന്ന കാഴ്ച ദയനീയമാണ്.

പതിനഞ്ച് പൗവ്വർ മെമ്പർമാരിൽ മോഹൻലാൽ ഇല്ലെന്നു മോഹൻലാൽ പറയുന്നു. ഇവിടെ ആർക്കും ലൈംഗിക ദാരിദ്ര്യമില്ലെന്നും പറയുമ്പോൾ കാരവാനിൽ ഒളിക്യാമറ വെയ്ക്കുന്നതും അതിന്റെ റീൽ കണ്ടു ഇവരെല്ലാം രസിക്കുന്നുവെന്നും ദൃക്സാക്ഷിയായി നടി രാധിക തുറന്നു പറയുന്നതിൽ സത്യമുണ്ട്.

ഒരു കാര്യം കൂടി പറഞ്ഞുനിർത്താം പരസ്പരം ഉഭയകക്ഷി സമ്മതപ്രകാരം രണ്ടു കൂട്ടർക്കും സമ്മതാനുവാദത്തോടു കൂടി ലൈംഗികത ആസ്വദിക്കാം എന്ന് സുപ്രീം കോടതി പോലും അനുവദിച്ച വസ്തുതയാണ്. അതിനാൽ രണ്ടുകൂട്ടരും വേണ്ടുവോളം ആസ്വദിക്കുകയും പിന്നെ പത്തു പതിനഞ്ചു വർഷത്തിനു ശേഷം സിനിമയും കിട്ടി ധാരാളം പണം സമ്പാദിച്ചതിനു ശേഷം കേസ് പൊക്കി ക്കൊണ്ടുവരുന്ന സ്ത്രീകൾ നല്ല പതിവൃതകളാകുന്നില്ലയെന്നുള്ളത് സത്യമല്ലേ?

2019-ൽ കൊടുത്ത പരാതികൾ അഞ്ച് വർഷം ഉള്ളറയിൽ ഒളിപ്പിച്ചു വെച്ചവർ ആരാണ് ? ചിലരെ രക്ഷപ്പെടുത്തുവാൻ ചിലർ കാണിച്ച വക്രബുദ്ധി എന്തിനു വേണ്ടിയായിരുന്നു. ? ഇതിന് ഉത്തരം ജനങ്ങൾക്കു കിട്ടിയേതീരു.

മൊത്തം സിനിമാക്കാരെ മോശമാക്കുവാൻ ഞാൻ ഉദ്ദേശിക്കുന്നില്ല. എല്ലാമേഖലകളിലും സ്ത്രീവർഗ്ഗം നശിക്കപ്പെടുന്നുണ്ട്. രാഷ്ട്രീയ മേഖലകളിലും മത മേഖലകളിലും ധാരാളമായി സ്ത്രീപിഡനം കണ്ടുവരുന്നുണ്ട്. എന്നാൽ ചില സന്ദർഭങ്ങളിൽ പുരുഷൻമാരും ചതിക്കപ്പെടുന്നുണ്ട്. ഹണി ട്രാപ്പ് എന്ന ഒരു ചതിയൻ പണി സ്ത്രീതീകളും പണം തട്ടിയെടു ക്കുവാൻ പല സ്ഥലങ്ങളിലും കേരളത്തിൽ നടത്തുന്നുണ്ട്. അതിൽ പ്രവാസികളാണ് ചതിക്കപ്പെടുന്നത്. അതിനാൽ ഇല വന്നു മുള്ളിൽ വീണാൽ എപ്പോഴും ഇലക്കാണ് കേടു പറ്റുക എന്ന ഒരു ചിന്ത ഉണ്ടാകുന്നത് നല്ലതു തന്നെ.

പിന്നെ അവസാനമായി ഒരു കാര്യം കൂടി.. പ്രായപൂർത്തിയാകാത്ത കുട്ടികളെപ്പോലും നശിപ്പിച്ച് ജീവിത കാലം മുഴുവനും ജയിലിൽ കിടക്കുന്ന അവസ്ഥ ആരും സൃക്ഷ്ടിക്കരുത്. സിനിമയിൽ അതും കണ്ടു വരുന്നുണ്ട്. ഒരു കൂട്ടം തെമ്മാടികളുടെ കൂട്ടമായി അമ്മ സംഘടന മാറരുതെന്നും ഒരു പറ്റം പാവങ്ങളുടെ അന്നമാണ് ഇതെന്നും മനസ്സിലാക്കിക്കൊണ്ട് മുഖം ചുളിഞ്ഞ നടൻമാരെ മാറ്റി നിർത്തിക്കൊണ്ട് ഈ സംഘടനക്ക് പുതിയ പേർ നൽകി പുതിയ ജനറേഷന് കൈമാറണമെന്നും അപേക്ഷിച്ചു കൊണ്ട് നിർത്തട്ടെ.

(മോൻസി കൊടുമൺ)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments