എന്റെ ചിരകാല അഭിലാഷമായിരുന്നു അട്ടപ്പാടി ഊരു സന്ദർശിക്കണമെന്ന്! ആഗ്രഹം പോലെ തന്നെ അട്ടപ്പാടി ഊരിലേക്കു പോകാനുള്ള അവസരം ഒത്തു വന്നു. എന്റെ കൂടെ കൃഷിയോടു താല്പര്യമുള്ള സെബുവും, ഭർത്താവ് ദിലീപ് കുമാറും, വിജയലഷ്മിയും കൂടെ ഉണ്ടായിരുന്നു. മില്ലറ്റ് കൃഷിയെപ്പറ്റി പഠിക്കാനായിരുന്നു ഈ യാത്ര.
കൊച്ചി F m റേഡിയോ ശ്രോതാക്കളുടെ കൂട്ടായ്മയായിട്ടാണ് ഞങ്ങൾ പോയത്. ഇതിന്റെ സംഘാടകൻ ഷാജി ആയിരുന്നു. ഏകദേശം 5 മണിയോടടുത്ത് റേഡിയോ നിലയത്തിലെ ബാലനാരായൺ സാറും, ഫോട്ടോഗ്രാഫറും, അഡ്വക്കേറ്റ് ജോളിയും വന്നു. ബാലനാരായണൻ സാറും, ജോളി സാറും കൂടി ഷാജിക്ക് ഫ്ളാഗ് കൈമാറി.ഷാജി പച്ചക്കൊടി വീശി.വണ്ടി പുറപ്പെട്ടു ഞങ്ങൾ 17 പേർ ട്രാവലറിൽ ഉണ്ടായിരുന്നു. ആകാശവാണി ഡെയറക്ടർ ബാലനാരായണൻ സാറിന്റെ വണ്ടിയിൽ സാറും മൂന്നുപേരും കൂടി കയറി.
തമ്മിൽ തമ്മിൽ കാണാത്തവരാണെങ്കിലും എല്ലാവരും ഒരു കുടുoബത്തിലെ അംഗങ്ങളേപ്പോലെയായി.രാത്രി ഉറങ്ങാത്തതു കാരണം ഞാനുറങ്ങിപ്പോയി. കുറച്ചു നേരത്തേ കാര്യങ്ങളൊന്നും പിന്നെ ഞാനറിഞ്ഞതേയില്ല. ഉറക്ക പ്പിച്ചായിരുന്നു എനിക്ക് .രാത്രി പോകുന്ന ജ്വരത്തിൽ ഉറക്കം വന്നില്ല എന്നു വേണമെങ്കിൽ പറയാം… പെട്ടെന്നു കണ്ണുതുറന്നപ്പോൾ കണ്ട കാഴ്ച നീലാകാശത്ത് വലിയൊരു പപ്പടം തൂക്കിയിട്ടതുപോലെ തോന്നി.ആകാശം കണ്ടപ്പോൾ ശബരിമലയിലെ പമ്പാനദിയാണോ എന്നു തോന്നിപ്പോയി.
പണ്ട് ശബരിമലയിൽ പോയപ്പോൾ മലകയറുന്നതിനു മുൻപ് പമ്പയിൽ വച്ച് സദ്യ നടത്തുമ്പോൾ വലിയ പപ്പടം,ചെറിയ പപ്പടം ഇവ കാച്ചിയിട്ട് വലിയപപ്പടം,ഈറ്റഓല ക്കുടിലിനു മുൻപിൻ കെട്ടിത്തൂക്കി ഇടാറുണ്ട്. ശരിക്കും അമ്പിളി മാമന്റെ വട്ടമുണ്ടാകും ഇത്ര വലിയ പപ്പടം കണ്ടിട്ടേയില്ല ആദ്യമായി പമ്പസദ്യക്കാണ് കാണുന്നത്. അത്ഭൂതത്തോടെ ഞാൻ നോക്കി ഇരുന്നിട്ടുണ്ട്. അതിന്റെ ഭംഗിയൊന്നു വേറെ തന്നെ ! നെറ്റിപ്പട്ടത്തിലെ മുഴപോലെ ഇടയ്ക്കിടക്ക് ഓരോ കുമിളകൾ, അത്രവലിപ്പമായിരിക്കും ആ പപ്പടത്തിന് . വലിയ പപ്പടം കാച്ചി തൂക്കിയിടണമെന്ന് പണ്ട് കൊച്ചച്ചന് വലിയ നിർബന്ധമായിരുന്നുഞാൻ ആ ഓർമ്മയിലേയ്ക്കു പോയി. അപ്പോഴേയ്ക്കും കുതിരാൻ തുരംഗവും കടന്നുപോയിരുന്നു. മാലപോലെ കിടക്കുന്ന മലനിരകളിലൂടെ ഓടിക്കളിക്കുന്ന ബാലസൂര്യൻ. കുറച്ചു നേരം മലയുടെ പിറകിൽ പാത്തിരിക്കും, പിന്നെ ഓടി വരും എന്റെ കണ്ണുകൾ അവനെ തേടി പരതി നടന്നു. കൊച്ചു കുട്ടികളേപ്പോലെയാണ് അവന്റെ ഒളിച്ചും പാത്തും കളി. കുറച്ചുകഴിഞ്ഞപ്പോൾ അതാ നില്ക്കുന്നു ആകാശത്ത് പൊൻകിരങ്ങൾ വാരിയെറിഞ്ഞു കൊണ്ട്! അകാശത്തു നിലയുറപ്പിച്ചെങ്കിലും വഴിയിൽ നിന്നും കിട്ടിയ കുട്ടിയെപ്പോലെ ഞങ്ങളുടെ കൂടെ പോരുന്നുണ്ടായിരുന്നു.
മലനിരകളുടെ സൗന്ദര്യവും, കരിമ്പനകളും കണ്ട് സമയം പോയതറിഞ്ഞില്ല. എല്ലാടവും മഞ്ഞുമൂടിയ മലനിരകൾ . നേരം പുലർന്നു വരുന്നേയുള്ളു. കോടമഞ്ഞ്, മലനിരകളിൽ വെള്ളത്തുണി പുതച്ചുറങ്ങി. വണ്ടി ഇതൊന്നുമറിയാതെ കയറ്റം കയറിക്കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ അന്തരീക്ഷമാകെ മാറി മലമുകളിൽ പൊൻകിരണം വാരിയെറിഞ്ഞ് പ്രഭാപൂരിതമാക്കി. മഞ്ഞു മലകൾ ഉരുകി ഒലിച്ച് കണ്ണുനീർത്തുള്ളി പോലെ ഇറ്റിറ്റു വീഴാൻ തുടങ്ങി. കണ്ണഞ്ചിപ്പിക്കുന്ന കാനന ഭംഗി. മലയുടെ താഴ്വാരം, കൂട്ടം കൂടി നില്ക്കുന്ന വൻ മരക്കൂട്ടങ്ങൾ, മുളം കാടിന്റെ മർമ്മരം. ഇതിലേ ഇതിലേ എന്നു മാടി വിളിക്കുo പോലെ ആടുന്ന മരച്ചില്ലകൾ ഓരോന്നു കണ്ട് സമയം പോയതറിഞ്ഞില്ല. ഞങ്ങൾ ചായ കുടിക്കാനിറങ്ങി. അതിനു മുൻപേ തത്ക്കാലിക ആശ്വാസത്തിനു വേണ്ടി ഓരോരുത്തർ കൊണ്ടുവന്ന ഭക്ഷണസാധനങ്ങൾ എടുത്തു കഴിക്കാർ തുടങ്ങി. ചായ കുടിയും കഴിഞ്ഞ് എല്ലാവരും ഒന്നു ഫ്രഷ് ആയിട്ട് വീണ്ടും യാത്രതുടർന്നു.
വളഞ്ഞും പുളഞ്ഞും കിടക്കുന്ന മലനിരകൾ താഴേയ്ക്കു നോക്കിയാൽ മരങ്ങൾ തിങ്ങിനിറഞ്ഞ കൊക്കകൾ മുകളിൽ എല്ലാവരേയും മാടി വിളിക്കുന്ന മലനിരകൾ . മലയുടെ മുകളിലെ മരച്ചില്ലകൾ കൈ വീശിക്കൊണ്ടിരുന്നു.
വണ്ടികയറ്റം കയറിക്കൊണ്ടിരുന്നു. കൊടുങ്ങല്ലൂരുള്ള സുരേഷ്,മില്ലറ്റിനേപ്പറ്റി വളരെ വിശദമായി പറഞ്ഞു തന്നു. അദ്ദേഹം നല്ലൊരു കൃഷിക്കാരനാണ്
പന്തല്ലൂർ പാടവും കഴിഞ്ഞ് വണ്ടി അങ്ങനെ പൊകയ്ക്കൊണ്ടിരുന്നു. ഓരോ കയറ്റം കയറുമ്പോഴും എനിക്ക് ഉൾക്കിടിലം തോന്നിയെങ്കിലും മലനിരകളുടെ സൗന്ദര്യം എന്റെ പേടിയെ തോല്‌പിച്ചുകളഞ്ഞു. ഞങ്ങൾ ചെല്ലുമെന്നറിഞ്ഞിട്ടാണോ എന്തോ കീരപ്പാടവും, വർണനാതീതമായ അട്ടപ്പാടി മലനിരകളും സൈലന്റ്വാലി ദേശീയോദ്യാനവും, ശുരുവാണിപ്പുഴയും കടന്ന് വണ്ടി പിന്നേയും പൊയ്ക്കൊണ്ടിരുന്നു.റോഡരുകിൽ നമ്മെ എതിരേല്ക്കാൻ നില്ക്കുന്ന സൂര്യകാന്തിപ്പൂക്കളും ജമന്തിപ്പുക്കളും മണിച്ചോളുവും നില്ക്കുന്നതു കാണാൻ എത്ര ഭംഗിയായാണ്.
“നട്ടുനനക്കാതെ തൊട്ടുതലോടാതെ താനെ വിരിത്തൊരു പൂവാണു ഞാൻ ”
എന്ന് അഹങ്കാരത്തോടെ പറയുന്നതു പോലെ തോന്നി.
ഇടയ്ക്ക് വണ്ടിയിൽ നിന്നും ഇറങ്ങി ഫ്രഷ് ആയിട്ടാണ് ഞങ്ങളുടെ യാത്ര അതുകൊണ്ട് ക്ഷീണമൊന്നും തോന്നിയില്ല. ഏകദേശം ഒരു മണിയോടു കൂടി ഞങ്ങൾ അട്ടപ്പാടി ഊരിലെത്തി. ഞങ്ങൾ ചെല്ലുമെന്നറിഞ്ഞിട്ടാണോ എന്തോ സ്ത്രീകളെല്ലാം സാരിയുടുത്ത് കൂട്ടം കൂടി അവിടവിടെ നില്കുന്നുണ്ടായിരുന്നു.
കുട്ടികൾ ഓടിക്കളിക്കുന്നു.ഓരോവീടിന്റെ മുകളിലും പട്ടികൾ പുതിയ അതിഥികളെ കണ്ടിട്ട് എന്തോ കുശലം പറയുന്നതുപോലെ തോന്നി. ഒന്നും കുരച്ചു കണ്ടില്ല ഞങ്ങളുടെ വരവ് അവർ പ്രതീക്ഷിച്ചതു പോലെ ! വാർത്ത,കൊച്ചു, കൊച്ചു വീടുകൾ ഗവണ്മെന്റിന്റെ സഹായത്താൽ നിർമ്മിച്ചതാണ് ആ വീടുകളെല്ലാം ! മുറ്റമൊക്കെ അടിച്ചു വൃത്തിയാക്കി ഇട്ടിരുന്നു. എല്ലാവരും നല്ല വൃത്തിയുള്ള വേഷമാണ് ധരിച്ചിരുന്നത്. വീടുകളുടെ നടുവിലായ് തറകെട്ടിയ പന്തൽ വിരിച്ചു നില്ക്കുന്ന മരം. മുറ്റത്തോടു ചേർന്നു തന്നെ സ്കൂളും ! സ്കൂൾ എന്നു പറയാൻ പറ്റില്ല ഷീറ്റ് ഇട്ടൊരു ഒരു കുഞ്ഞു ഷെഡ്ഡ് . ചെറിയ മൂന്നോ നാലോ ഡസ്ക്കും,ബഞ്ചും രണ്ടു മൂന്നു കൊച്ചു കസേരകളും, പിന്നെ ഭിത്തിയിൽ ഒരു ഫാനും! മലയാളം അക്ഷരങ്ങളും, ഇംഗ്ലീഷ് അക്ഷരങ്ങളും പേപ്പറിൽ എഴുതി ദിത്തിയിൽ ഒട്ടിച്ചു വച്ചിട്ടുണ്ട്.
“ഇതാണ് അവരുടെ ഹൈടെക് വിദ്യാലയം.”
ചെറിയ ക്ലാസ്സ് കഴിഞ്ഞാൽ പിന്നെ കുട്ടികൾ പഠിക്കാൻ പോകാറില്ല.ദൂരെ വേണം പോകാൻ, അതും മലകൾ കയറി ഇറങ്ങണം. നമുക്ക് സ്വപ്നം കാണാൻ പോലും പറ്റുകയില്ല അവരുടെ ജീവിതം .
” ഒന്നുമില്ലെങ്കിലും കിട്ടുന്നതിൽ സംതൃപ്തരാണ് അവർ.
“ഉള്ളതു കൊണ്ട് ഓണം പോലെ എന്ന മാതിരി എല്ലാം പങ്കിട്ട് കൊടുത്തു ശീലമുള്ളവരാണവർ അല്ലാതെ നമ്മുടെ പോലെ,എല്ലാം എനിക്കു സ്വന്തം എന്ന ചിന്തയില്ല. ”
“നമ്മുടെ കുട്ടികളൊക്കെ എത്ര ഭാഗ്യവാന്മാർ” എന്നിട്ടും വല്ല തൃപ്തിയുമുണ്ടോ?
സുഖസൗകര്യങ്ങൾ കുറവാണെന്നുള്ള തോന്നലാണ് മാതാപിതാക്കൾക്കു പോലും.
അവരുടെ സ്കൂളിൽ വച്ചാണ് മീറ്റിങ്ങ് കൂടിയത്.ജീവിത രീതി, മില്ലറ്റ്കൃഷി ചെയ്യുന്നതെങ്ങിനെ എന്ന് വളര വിശദമായി പറഞ്ഞു തന്നു. ഞങ്ങൾ പഠിതാക്കൾ ആവുകയായിരുന്നു. ഞാനൊരു മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന കുട്ടിയേപ്പോലെ തോന്നി. കുഞ്ഞു ബഞ്ചും,കുഞ്ഞു ഡസ്ക്കും! അവിടെ ഇരുന്നപ്പോൾ ബാല്യ സ്മരണകൾ
എന്നിലേക്കോടിയെത്തി
കുറച്ചു കഴിഞ്ഞപ്പോൾ ഊരിലെ മൂപ്പനെത്തി നല്ല ആരോഗ്യമുള്ളആൾ കൈലിമുണ്ടും ഷർട്ടുമിട്ട് സൂന്ദരനായ മൂപ്പൻ !ആ മൂപ്പനെ എല്ലാവരും ദൈവത്തേപ്പോലെയാണ് കണക്കാക്കുന്നത്. മൂപ്പൻ പറഞ്ഞതിന് അപ്പുറമൊന്നും ഇല്ല. എന്റെ മനസ്സിലെ മൂപ്പന്റെ രൂപം തന്നെ മാറ്റിമറിച്ചു. ജഡയും താടിയുമുള്ള,വടി കുത്തി നടക്കുന്ന വളരെ ഗൗരവമുള്ള ആളെയാണ് ഞാൻ പ്രതീക്ഷിച്ചത്. അതു വെറുതേയായി. മൂപ്പൻ കൃഷി രീതികളെപ്പറ്റി ഞങ്ങൾക്ക് വിവരിച്ചു തന്നു. ഞങ്ങൾ കൊണ്ടുപോയ കേക്കും പലഹാരങ്ങളും എല്ലാവരും കഴിച്ചു. ചർച്ചകൾ കഴിഞ്ഞ് ഞങ്ങൾ മില്ലറ്റ് കൃഷി കാണാൻ പോയി മലയുടെ ചരുവിലാണ് അവർ കൃഷിചെയുന്നത് മാനം മുട്ടി നില്ക്കുന്ന മലനിരകൾ ചൂളം കുത്തി പാഞ്ഞു നടക്കുന്ന കാറ്റ്,ഓരോ മലകളേയും മുത്തമിട്ട് മുത്തമിട്ട് ഹുങ്കാരശബ്ദത്തോടെ പാഞ്ഞു നടക്കുന്നു. നോക്കി നിന്നില്ലെങ്കിൽ നമ്മളേയും തട്ടിത്തെറുപ്പിച്ച്, മല ഇടുക്കിലേക്കു നമ്മളേയും കൊണ്ടുപോകും.
അവിടെ നിന്നു നോക്കിയാൽ മല്ലീശ്വരമുടി കാണാo ! ആകാശം തൊട്ടുരുമ്മി നിന്ന് എന്തോ കല്പിക്കുന്നതു പോലെ എവിടെ നിന്നു നോക്കിയാലും,മല്ലീശ്വര മുടി തലഉയർത്തിനില്ക്കുന്ന കാഴ്ചകാണാം അത്രക്ക് ഉയരമാണ്
“കൊല്ലംകടവ് ഊര് ” എന്നാണ് ആസ്ഥലത്തിന്റെ പേര്.
അവരുടെ ഏറ്റവും വലിയ ഉത്സവമാണ് മല്ലീശ്വരമുടിയിലെ ശിവരാത്രി. അതു കഴിഞ്ഞിട്ടേ അവർ വിത്തു വിതയ്ക്കാറുള്ളു.
ഏഴുനാൾ നുയമ്പും നോറ്റാണ് മല്ലീശ്വര മുടി കയറാൻ പോകുന്നത് അതും പുരുഷന്മാർ മാത്രമെ പോകാറുള്ളു.
കൊല്ലംകടവ് ഊരിൽ നിന്നും മുത്തുക്കുട യേന്തി വിഗ്രഹം പുറത്തെടുത്ത് ഊരുകാർ പാട്ടും നൃത്തവുമായി ആടിത്തിമിർത്ത് വിഗ്രഹവുമായി ഒറ്റയടിപ്പാതയിലൂടെയാണ് യാത്ര. മല്ലീശ്വരൻ ഇതെല്ലാം കണ്ടു രസിച്ചങ്ങനെ നില്ക്കുന്നുണ്ട്.
വിഗ്രഹം ആറാട്ടിനായി കൊണ്ടുപോയിട്ട് പൂജാരി മൂന്നു പ്രാവശ്യം മുക്കിയെടുക്കുന്നു. മുളം കുറ്റിയിൽ പാലും നെയ്യും ഒഴിച്ച് ചുവന്ന തുണിയുംകെട്ടി മല കയനായി മലപൂജാരിമാർ മലയിലേക്കു കയറുന്നു. സന്ധ്യാസമയത്ത് പടിഞ്ഞാറേ ചക്രവാളത്തിൽ ജോതി തെളിയുന്നത് എവിടെ നിന്നാലും കാണാo നാനാസ്ഥലത്തുനിന്നുമായി 192 ഊരുകളിലെ ആളുകൾ അവിടെ എത്തിച്ചേരുന്നു.
പലതരം വിത്തുകൾ വിതറുന്നതാണ് അവിടുത്തെ വഴിപാട്. ഉത്സവാഘോഷവും കഴിഞ്ഞ് മടങ്ങുന്നവർ അവിടെ നിന്നും ഓരോ പിടി വിത്തും വാരിക്കൊണ്ടുവരും.ആ വിത്തുവിതച്ചാൽ വിളവുകൂടുമെന്നാണ് അവരുടെ വിശ്വാസം. ഉത്സവം കഴിഞ്ഞിട്ടാണ് വിത്തു വിതക്കാൻ തുടങ്ങുന്നത്.
“വിത്തുവിത ഒരു ഉത്സവം തന്നെയാണ്. ”
മൂപ്പന്റെ പൂജയും കഴിഞ്ഞ്,ആട്ടവും പാട്ടും നൃത്തവുമായി ആണുങ്ങളും പെണ്ണുങ്ങളും അരങ്ങു തകർക്കും പിന്നെ സദ്യ . റാഗിയുടെ എന്തെങ്കിലും പലഹാരമുണ്ടാക്കി വിളമ്പും മൂപ്പൻ ആദ്യം ഭക്ഷണം കഴിച്ചിട്ടേ മറ്റുള്ളവർ കഴിക്കു പെണ്ണുങ്ങളൊക്കെ നല്ല പാട്ടുകാരാണ് എല്ലാരും മുറുക്കിച്ചുവപ്പിച്ചു നടക്കുo ! നഞ്ചിയമ്മയുടെ നാടാണ്
പൂജയെല്ലാം കഴിഞ്ഞ് പിറ്റേദിവസം വിത്തു വിതയ്ക്കുന്നതു മൂപ്പനാണ് . പലതരം വിത്തുള്ളതു കൊണ്ട് 12 മാസവുo വിളവെടുക്കാൻ പറ്റും
വിളവെടുക്കാറാക്കുമ്പോൾ എറുമ്പുകളും പക്ഷികളും ആദ്യമെത്തും. പിന്നെ ആനകൾ കൂട്ടമായെത്തി വിളഞ്ഞത് തിന്നു പോകും ഊരുകാർക്ക് ഒരു പരാതിയുമില്ല. ഭഗവാനാണ് വരുന്നത് അവർ കഴിച്ചിട്ട് ബാക്കി മതി
“ഭക്ഷണം കഴിക്കാൻ ഭൂമിയിലെ എല്ലാവർക്കും അവകാശമുണ്ടെന്ന് അവർ പറയുന്നു.”
ആർത്തിയില്ലാത്ത മനുഷ്യർ പക്ഷിമൃഗാദികൾ കഴിച്ചിട്ട് ബാക്കി കിട്ടുന്നതിൽ സന്തുഷ്ടരാണ്
കൃഷിയെല്ലാം കണ്ട് തിരകെ ഞങ്ങൾ അവരുടെ ഊരിലെത്തി. അവരോട് യാത്രയും പറഞ്ഞ് കുറെ ഫോട്ടോസും എടുത്ത് ഏകദേശം നാലുമണിയ്ക്കു മുൻപേ അവിടെ നിന്നും പോന്നു. അട്ടപ്പാടി മലനിരകളോട് യാത്രയും ചൊല്ലി ഞങ്ങൾ വണ്ടിയിൽ കയറി. കുറച്ചു ദൂരം പോന്നപ്പോൾ പൂക്കൾ നിറഞ്ഞ താഴ്വാരം, കണ്ണഞ്ചിപ്പിക്കുന്ന കാനനഭംഗി ഈ സ്വർഗ്ഗദൂമി കാണാൻ ഞങ്ങൾ വണ്ടി നിർത്തി. കാനന ഭംഗി വർണ്ണനാതീതമാണ് താഴ്വാരം മുഴുവൻ പൂക്കളെക്കൊണ്ട് അലങ്കരിച്ചിരുന്നു. വനഭംഗി ആസ്വദിക്കും പോലെ കുറെ വാനരക്കൂട്ടം. കണ്ടപ്പോൾ തന്നെ എനിക്കു പേടിയായി എല്ലാവരേയും അതു തുറിച്ചു നോക്കുന്നുണ്ടായിരുന്നു. സ്ക്കൂട്ടറിൽ കയറിയിരുന്ന് ചിലർ അഭ്യാസ പ്രകടനം നടത്തുന്നുണ്ട്. ഓരോരുത്തരുടേയും മൊബൈലും, ബാഗും സൂക്ഷിക്കാൻ കൂടെയുള്ളവർ പറയുന്നുണ്ടായിരുന്നു. അല്ലെങ്കിൽ വാനരക്കൂട്ടം വന്ന് തട്ടിപ്പറിച്ചുകൊണ്ട് പോകുo .ചിലർ വണ്ടിയുടെ ഡോർ തുറക്കാൻ നോക്കിയിരിക്കയാണ് വേറൊര കൂട്ടർ ചാടി വണ്ടിയിൽ കയറി കിട്ടുന്നതെല്ലാം പെറുക്കി എടുത്ത് ഓടാൻ പാത്തിരിക്കയാണ്.
അവരുടെ ഓരോ വികൃതികളാണെങ്കിലും നമുക്ക് പേടി തോന്നും. അവർക്ക് ആരോടും ചോദിക്കാനില്ലല്ലൊ!
അധികംസമയം നില്ക്കാതെ അവിടേ നിന്നും പോന്നു. അപ്പോഴേക്കും എല്ലാവരുടേയും വയർ ആളാൻ തുടങ്ങി.
ഭക്ഷണം കഴിക്കാതിരുന്നതു കൊണ്ട് നല്ല വിശപ്പായിരുന്നു എല്ലാവർക്കും.കുറെ ദൂരം പോയിക്കഴിഞ്ഞപ്പോൾ ഒരു ഹോട്ടൽ കണ്ടു അവിടെ നിന്നും ഭക്ഷണം കഴിച്ച് വീണ്ടും യാത്ര തുടങ്ങി. ചിലർ ഉറങ്ങിയും, വർത്തമാനം പറഞ്ഞും ഇരുന്ന് നേരം പോയതറിഞ്ഞില്ല. ഏകദേശം പത്തരയോടുകൂടി ഞങ്ങൾ വീട്ടിലെത്തി.
ഇനിയും ഇതുപോലെ ഒത്തുകൂടി പോകാൻ ഭാഗ്യമുണ്ടാകട്ടെ എന്നു പറഞ്ഞ് എല്ലാവരും സ്വന്തം വീടുകളേക്ക് പോയി. ഇതൊരു സന്തോഷപ്രദമായ യാത്രയായിരുന്നു.