Monday, December 23, 2024
Homeപുസ്തകങ്ങൾപുസ്തകാസ്വാദനം 'മനസ്വിനി'- രചന: ചങ്ങമ്പുഴ കൃഷ്ണപിള്ള ✍ആസ്വാദനം: പ്രഭാ ദിനേഷ്

പുസ്തകാസ്വാദനം ‘മനസ്വിനി’- രചന: ചങ്ങമ്പുഴ കൃഷ്ണപിള്ള ✍ആസ്വാദനം: പ്രഭാ ദിനേഷ്

പ്രഭാ ദിനേഷ്

മലയാളി മനസ്സ് ൻ്റെ പ്രിയപ്പെട്ട എല്ലാ വായനക്കാർക്കും ഇന്നത്തെ പുസ്തകാസ്വാദനത്തിലേയ്ക്ക് സ്നേഹപൂർവം സ്വാഗതം🙏❤️🙏

മലയാള സാഹിത്യ മേഖലയിലെ പ്രശസ്ത കാല്പനികകവിയായ ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ അവസാന കവിതയായ മനസ്വിനി എന്ന കവിതയാണ് ഇന്നത്തെ പുസ്തകാസ്വാദനമായി ഇവിടെ പങ്കുവെയ്ക്കുന്നത്.

ആധൂനിക മലയാള കവിത്രയങ്ങൾക്ക് ശേഷം മലയാളികളുടെ കാവ്യാഭിരുചിയിൽ മാറ്റം വരുത്തിയ ഒരു കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. അദ്ദേഹത്തിൻ്റെ മനസ്വിനി എന്ന കവിതയാണ് ഇന്നത്തെ പുസ്തകാസ്വാദനത്തിനായിട്ട് തിരഞ്ഞെടുത്തിരിക്കുന്നത്.

കവിയെ കുറിച്ച് പറയുകയാണെങ്കിൽ,ഗാനഗന്ധർവ്വൻ എന്ന പേരിൽ മലയാളികൾക്ക് സുപരിചിതനായ കവിയാണ് ചങ്ങമ്പുഴ കൃഷ്ണപിള്ള. 1911 ൽ ജനിച്ച് 20 വയസ്സ് തികയുന്നതിന് മുൻപേ കവിതകളെഴുതി മലയാള സാഹിത്യലോകത്തേയ്ക്ക് കടന്നുവന്ന ശ്രീ. ചങ്ങമ്പുഴ കൃഷ്ണപിള്ള മുപ്പത്തിയേഴാമത്തെ വയസ്സിൽ (1948) അന്തരിച്ചു.

ചങ്ങമ്പുഴയുടെ ഉറ്റസുഹൃത്തും, കവിയുമായിരുന്ന ഇടപ്പള്ളി രാഘവൻ പിള്ളയുടെ വേർപാടിൽ മനം നൊന്ത് അദ്ദേഹം എഴുതിയ വിലാപകാവ്യമാണ് രമണൻ. കേരളക്കരയാകെ ഏറ്റുവാങ്ങിയ ഒരു കൃതിയാണ് രമണൻ എന്ന് നമുക്കറിയാം.

ചങ്ങമ്പുഴക്കവിതയുടെയും, മലയാള കാല്പനികതയുടെയും അവസാനത്തെ മികച്ച സാഫല്യം എന്നു പറയാവുന്ന ‘മനസ്വിനി’ക്ക് ഇപ്പോൾ എഴുപത്തിയഞ്ച് വയസ്സ് കഴിഞ്ഞു.1947 ൽ, ക്ഷയരോഗബാധിതനായി മരണത്തെ പ്രതീക്ഷിച്ചു കിടക്കുന്ന അവസ്ഥയിൽ മരണക്കിടക്കയിൽ ഇരുന്നാണ് ചങ്ങമ്പുഴ ഈ കവിതയെഴുതിയത്. അണയും മുമ്പ് ആളിക്കത്തുന്ന സർഗാത്മകതയുടെ അന്തിമജ്വലനമായിരുന്നു അത്. അങ്ങനെ ചങ്ങമ്പുഴയോടൊപ്പം മലയാളിയുടെ നിനവിൽ വരുന്ന ചില ഈരടികൾ, തീക്ഷ്ണവും, മധുരവും, തിക്തവുമായ കാല്പനികഭാവനയുടെ ചില തീവ്രപ്രകാശനങ്ങൾ,ഈ കവിതയിലേതായി മാറി.

‘അദ്വൈതാമലഭാവ സ്പന്ദിത/വിദ്യുന്മേഖല പൂകി ഞാൻ’ എന്ന കാവ്യ പ്രചോദനത്തിന്റെ മായിക മൂർച്ചയെയും ‘വേദന, വേദന ലഹരി പിടിക്കും/ വേദന ഞാനിതിൽ മുഴുകട്ടേ’! എന്ന് നീറിപ്പിടിക്കുന്ന യാതനാ ലഹരിയെയും ആവിഷ്ക്കരിച്ച് കൃതകൃത്യത നേടാനാവുമെന്ന് നാം തിരിച്ചറിഞ്ഞത് ഈ ചങ്ങമ്പുഴക്കവിതയിൽ നിന്നാണ്. പലരും കരുതും പോലെ പശ്ചാത്താപവിവശനായ കവി, ഭാര്യയുടെ മനസ്വിനീഭാവത്തിനു മുന്നിലർപ്പിച്ച ഭാവനാ ധന്യവാദമെന്നു മാത്രം വിവരിച്ചാൽ മതിയാവില്ല ഈ കവിതയെ.

ചങ്ങമ്പുഴയുടെ മരണാനന്തരം പ്രസിദ്ധീകരിച്ച സ്വരരാഗസുധ
(1948) യുടെ അവതാരികനും, കവിയുടെ സുഹൃത്തുമായ എസ്.കെ. നായർക്ക് ചങ്ങമ്പുഴയെഴുതിയ കത്തിലെ പ്രാരംഭവാക്യം തന്നെ ‘ഈ കവിതയ്ക്ക് വിശേഷിച്ച് ഒരു പശ്ചാത്തലവുമില്ല’ എന്നായിരുന്നു. തുടർന്ന്, ഭാര്യയുടെ സ്നേഹവും, സഹനവും തന്നെ സ്വാധീനിച്ചതായി കവി രേഖപ്പെടുത്തുന്നുമുണ്ട്. നിഴൽ വെളിച്ചങ്ങൾ പരസ്പരം പകർന്നാടുന്ന വൈപരീത്യങ്ങളുടെ ലാസ്യവേദിയായി മനുഷ്യാവസ്ഥയെ ആവിഷ്കരിക്കുകയായിരുന്നു ‘മനസ്വിനി’യിൽ ചങ്ങമ്പുഴ.

അതിൽ പ്രണയമെന്ന മാദകവശ്യതയെന്ന പോലെ,ആത്മ വിശുദ്ധിയുടെ ശാലീനദീപ്തിയുമുണ്ട്. മഞ്ജിമ വഴിയുന്ന പുലർവേളയിലെന്നപോലെ, ഇരുൾ കട്ടപിടിച്ച പാതാളവുമുണ്ട്. ചന്ദനലതയും, മണിനാഗവും കെട്ടുപിണഞ്ഞൊന്നാകുന്ന വിലോഭനീയമായ ഉടൽക്കാഴ്ചയിൽ നിന്ന് ‘കൊടിയ വസൂരിയിലുഗ്ര വിരൂപത കോമരമാടിയ’ അന്ധവും, ബധിരവുമായ, പെണ്ണുടലിലേയ്ക്കുള്ള രൂപാന്തരമുണ്ട്. ഇങ്ങനെ അവസ്ഥാന്തരങ്ങളുടെ ഒരു ‘കൊളാഷായി’ മനുഷ്യജീവിതമെന്ന പോലെ സ്വയം പരിണമിക്കുകയായിരുന്നു ചങ്ങമ്പുഴ കവിത,ഈ അവസാനകാല രചനയിൽ.

‘മഞ്ഞത്തെച്ചിപ്പൂങ്കുല പോലെ മഞ്ജിമ’, ‘നീലാരണ്യനിചോളം’ ചൊകചൊകയൊരു ചെറു കവിത’,
‘ ‘അട്ടിയിലട്ടിയിലിരുളിന്മേൽ കട്ട പിടിച്ചൊരു പാതാളം’
‘ നീലനിലാവിലെ വനമേഖല’,
‘മലരൊളിതിരളും മധുചന്ദ്രിക’, മഴവിൽക്കൊടി എന്നിങ്ങനെ നിറങ്ങളിൽ നിന്ന് നിറങ്ങളിലേയ്ക്കും, കാഴ്ചകളിൽ നിന്ന് കാഴ്ചകളിലേക്കും കവിത സംക്രമിക്കുന്നു. പെണ്ണുടലിനെ ഇത്രമാത്രം ഉത്തേജകമായ സൗന്ദര്യ സമൃദ്ധിയാൽ അലങ്കരിച്ചില്ല മറ്റൊരു കവിതയിലും ചങ്ങമ്പുഴ.

പാപം തീണ്ടിയ അംഗലാവണ്യത്തിന്റെ സമ്മോഹന ദൃശ്യമാണത്, ചന്ദനലതയും, മണിനാഗങ്ങളുടെ ഉടൽപ്പിണച്ചിലും ‘അധോമുഖശയനം’ എന്ന പദത്തിന്റെ രതിവ്യംഗ്യവും ചേർന്നു നിർമ്മിക്കുന്ന മാന്ത്രികത.

കാവ്യ സൗന്ദര്യവും, സ്ത്രീ സൗന്ദര്യവും / തമ്മിൽ ചേർന്നലിയുന്ന ഒരു മായികമേഖലയിലായിരുന്നു ചങ്ങമ്പുഴയുടെ ഭാവനാജീവിതം. പ്രണയവും, കാമവും,മദിരയും എന്തിന്, സ്വന്തം രോഗാവസ്ഥ പോലും കവിക്ക് ഗാഢമായി ജീവിക്കുന്നതിന്റെ ലഹരി പകർന്നു നൽകി. ഭാവനാശാലിയായ കവിയുടെ ഗന്ധർവ ജന്മമാണ് താൻ ആഘോഷിക്കുന്നതെന്ന ബോധം ചങ്ങമ്പുഴയ്ക്കുണ്ടായിരുന്നു. കവിതയ്ക്കു വേണ്ടി ആഹുതി ചെയ്യേണ്ട ജന്മമാണത് എന്നും അദ്ദേഹം മനസ്സിലാക്കിയിരുന്നു.

ഈ ആഹുതിയുടെയും, ആഘോഷത്തിൻ്റെയും ഭിന്നശ്രുതികളാണ് ‘മനസ്വിനി’യെ അനന്യമായ ഒരു കാല്പനികഭാവഗീതശില്പമാക്കി മാറ്റുന്നത്. കവി പത്നിയുടെ കണ്ണീർ മാത്രമല്ല, കവി ശരീരത്തിലും, മനസ്സിലുമേറ്റുവാങ്ങിയ രോഗവും, ഈ കവിതയുടെ നിർമാണമൂശയിൽ തിളച്ചുമറിഞ്ഞിരുന്നുവെന്നു കാണാം.

കവി ജീവിതത്തിൻ്റെ അന്തിമാഹുതി മുഹൂർത്തത്തിലാണ് താൻ എന്നും ആ ആഹുതിയാൽ പ്രസന്നയും, പുരസ്കൃതയുമാകുന്നത് തൻ്റെ കവിത കൂടിയാണ് എന്നുമുള്ള ഉന്മത്തബോധ്യത്തിലാവാം ചങ്ങമ്പുഴ, വേദന നിറഞ്ഞു വിങ്ങുന്ന ഓരോടക്കുഴലായി താൻ മാറുകയാണെന്നും, വേദനയുടെ കിരാതസംഗീതം തന്നെ ലഹരി പിടിപ്പിക്കുകയാണെന്നും എഴുതിയത്.

ധനാസക്തിയാൽ കവിയെ വികർഷിച്ച മറ്റു കാമിനിമാരെപ്പോലെയായിരുന്നില്ല ‘എനിക്കവിടുത്തെപ്പൊന്നോടക്കുഴൽ മതിയല്ലോ! എന്നു പറഞ്ഞ ആ ഒരേ ഒരുവൾ എന്ന് കവിതയിൽ നമ്മൾ വായിക്കുന്നു. കവിയെ നിരുപാധികമായി പ്രണയിക്കുകയും, കവി ഏറ്റവും ഗാഢമായി പ്രണയിക്കുകയും ചെയ്ത അവൾ. കവിതകാമിനി കൂടിയാകുമ്പോഴാണ് ‘മനസ്വിനി’യുടെ ഭാവശില്പം കൂടുതൽ ഭദ്രമാവുക.

ഒമ്പത് വയസ്സ് മാത്രം പ്രായമുള്ളപ്പോൾ കവിത എഴുതാൻ ആരംഭിച്ച കവി ഒരിക്കലും അലസമായിരുന്നിട്ടില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ആ നിരന്തരോപാസനയുടെ അന്തിമമുഹൂർത്തത്തെ തൻ്റെ രോഗക്കിടക്കയിൽ കിടന്നു കൊണ്ട് ഭാവഗംഭീരമാക്കുകയായിരുന്നു ചങ്ങമ്പുഴ ‘മനസ്വിനി’യിലൂടെ!

ചൊൽത്താളഭംഗിയും, വൃത്താലങ്കാര ശൈലിയുടെ ഗാംഭീര്യവും, കാല്പനിക ശൈലിയുടെ മികവും കൊണ്ട് ചങ്ങമ്പുഴയുടെ ‘മനസ്വിനി’ പ്രശസ്തയായി. മലയാളക്കര നെഞ്ചോട് ചേർത്തു പിടിച്ച മനോഹരമായ കവിതയാണ് ‘മനസ്വിനി’. കാലം ഇത്ര കഴിഞ്ഞിട്ടും ഈ കവിത മലയാളികളുടെ ചുണ്ടിൽ ഇപ്പോഴും തത്തിക്കളിക്കുന്നു!

ആസ്വാദനം: പ്രഭാ ദിനേഷ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments