Monday, May 20, 2024
Homeസ്പെഷ്യൽ👬👫കുട്ടീസ് കോർണർ 👬👫 (ഇരുപത്തിയൊമ്പതാം വാരം)✍അവതരണം: സൈമ ശങ്കർ മൈസൂർ

👬👫കുട്ടീസ് കോർണർ 👬👫 (ഇരുപത്തിയൊമ്പതാം വാരം)✍അവതരണം: സൈമ ശങ്കർ മൈസൂർ

സൈമ ശങ്കർ മൈസൂർ✍

ഹായ് കുട്ടീസ്!! ഇന്ന് നമുക്ക്(A)സ്റ്റാമ്പിന്റെ കഥ(B)പഴഞ്ചൊല്ലുകൾ
(C)മലയാളം നുറുങ്ങുകൾ (D)പ്രചോദന കഥ, കൂടാതെ ഈ ആഴ്ചയും എളുപ്പത്തിൽ(E) സ്റ്റെപ് ബൈ സ്റ്റെപ് ആയി വരയ്ക്കുന്ന ഒരു ചിത്രം കൂടി കാണാം ട്ടോ 😍 കുട്ടീസ് ഒഴിവു സമയങ്ങൾ അവ വരച്ചു നോക്കു ന്നുണ്ടല്ലോ….?😍

എന്ന് സ്വന്തം
ശങ്കരിയാന്റി.

👫A) സ്റ്റാമ്പിന്റെ കഥ (12)

1980ൽ ഇന്ത്യൻ പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ആറാമത്തെ ഡെഫനിറ്റീവ് സീരീസിൽ 5 രൂപ മുഖവിലയുള്ള സ്റ്റാമ്പിൽറബ്ബർ ടാപ്പിംഗ് മേഖലയിൽ ജോലി ചെയ്യുന്ന ഒരു സ്ത്രീയെ ചിത്രീകരിച്ചിരിക്കുന്നു.

കേരളത്തിന്റെ വ്യാവസായിക വിളയാണ് റബ്ബർ.ഇന്ത്യയിലെ സ്വാഭാവിക റബ്ബർ ഉത്പാദനത്തിന്റെ 92.61 ശതമാനം കേരളത്തിലാണ്. നമ്മുടെ മൊത്തം കൃഷിഭൂമിയുടെ 20.31 ശതമാനവും ഈ വൃക്ഷ വിള കൈയടക്കിയിരിക്കുന്നു. കൃഷി മലനാട്ടിലും ഇടനാട്ടിലും പതിറ്റാണ്ടുകളായി വ്യാപിക്കുകയായിരുന്നു.ഇന്ത്യയിൽ ആദ്യമായി റബ്ബർ കൃഷി തുടങ്ങിയ സംസ്ഥാനം കേരളമാണ്
പതിനെട്ടാം നൂറ്റാണ്ടിന്റെ ആദ്യ ശതകങ്ങള്‍ മുതല്‍ ശാസ്ത്രലോകത്തിനുമുന്നില്‍ കൗതുകമായി നിലകൊള്ളുകയും ഇംഗ്ലീഷ് രസതന്ത്ര ശാസ്ത്രജ്ഞനായ ജോസഫ് പ്രിസ്റ്റലി ഔദ്യോഗികമായി പേര് കല്‍പ്പിക്കുകയും, റെഡ് ഇന്ത്യക്കാർ ‘കരയുന്ന മരം’ എന്ന് വിശേഷിപ്പിക്കുകയും ചെയ്ത റബ്ബർ ഒട്ടുമിക്ക പ്രദേശങ്ങളിലും പലതരം കാലാവസ്ഥയിലും കൃഷി ചെയ്യാൻ അനുയോജ്യമായ ഒരു തോട്ടവിളയാണ്. പത്തൊമ്പതാം നൂറ്റാണ്ടില്‍ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലായിരുന്നു റബ്ബറിന്റെ വികാസം. റബ്ബര്‍ വിത്തുകള്‍ കയറ്റുമതിചെയ്യുന്നതിന് അക്കാലത്ത് കര്‍ശനമായി തടയപ്പെട്ടിരുന്നെങ്കിലും കള്ളക്കടത്തിന്റെ രൂപത്തില്‍ റബ്ബര്‍ വിത്ത് ലാറ്റിന്‍ അമേരിക്കക്ക് പുറത്തേക്ക് കടന്നു. കോളനിവൽക്കരണത്തിന്റെയും കടന്നുകയറ്റങ്ങളുടെയും ഫലമായാണ് റബ്ബര്‍ ലോകത്തിന്റെ നാനാദിശകളിലേക്ക് വ്യാപിക്കപ്പെട്ടത്

ഇന്ത്യയിൽ 1873-ൽ തന്നെ കൽക്കത്തയിലെ ബൊട്ടാണിക്കൽ ഗാർഡനിൽ വ്യാവസായിക ആവശ്യങ്ങൾക്കായി വളർത്താൻ റബ്ബർ നടാൻ ശ്രമം തുടങ്ങിയിരുന്നു. ബ്രിട്ടീഷുകാരായിരുന്നു ഇതിനു മുൻകൈ എടുത്തത്.1877ല്‍ തിരുവിതാംകൂര്‍ ഇളയരാജാവ് വിശാഖം തിരുനാളിനുവേണ്ടിയാണ് സിലോണില്‍ നിന്നും റബ്ബര്‍ തൈകള്‍ കൊണ്ടുവന്നത് ആദ്യത്തെ വ്യാവസായിക തോട്ടം ഇന്ത്യയിൽ തുടങ്ങിയത് തട്ടേക്കാടിലാണ്. 1902-ൽ ആയിരുന്നു അത്. കേരളത്തിലെ പശ്ചിമഘട്ടത്തിന്റെ ചെരിവുകളും റബ്ബർ കൃഷിക്ക് വളരെ പറ്റിയതാണ്.ഇന്നു മനുഷ്യന് ഒഴിച്ചുകൂടാൻ പറ്റാത്ത വസ്തുവാണ് റബ്ബർ. മനുഷ്യൻ തന്റെ സുഖഭോഗങ്ങൾക്കായുപയോഗിക്കുന്ന മിക്കവസ്തുക്കളിലും റബ്ബറിന്റെ സാന്നിദ്ധ്യമുണ്ട്.

📗📗

👫B) പഴഞ്ചൊല്ലുകളും വ്യാഖ്യാനവും (11)

1) അകത്ത് കത്തിയും പുറത്ത് പത്തിയും :

മനസ്സിൽ ദുഷ്ടത്തരം വെച്ചുകൊണ്ട് പെരുമാറ്റത്തിൽ സ്നേഹം കാണിക്കുന്ന പ്രകൃതം

2) അകത്തെ അഴക് മുഖത്ത് അറിയാം :

മനസ്സിലിരിപ്പ് മുഖത്ത് പ്രതിഫലിക്കും

3) അകത്തെ തീ കെടാൻ പുറത്തു ഊതിയാൽ മതിയോ :

മനോവിഷമം മാറാൻ ശാരീരിക ശുശ്രൂഷ മതിയോ

4) അകപ്പെട്ടവന് അഷ്ടമത്തിൽ ശനി ഓടി പോയവന് ഒമ്പതാം ഇടത്ത് വ്യാഴം :

കുടുങ്ങിയവന് കഷ്ടപ്പാട് ഓടി രക്ഷപ്പെട്ടവന് ഭാഗ്യം

5) അകലെ പോകുന്നവനെ അരികെ വിളിച്ചാൽ അരയ്ക്കാത്തുട്ട് ചേതം :
അനാവശ്യ കാര്യം ചെയ്താൽ ഉണ്ടാകുന്ന നഷ്ടം

6) അകിടു ചെത്തിയാൽ പാൽ കിട്ടുമോ :

സമ്പാദ്യം തരുന്നതിനെ നശിപ്പിച്ചാൽ പിന്നെ സമ്പാദ്യം ലഭിക്കുമോ

7) അകൃത്യം ചെയ്താൽ അമ്മയും പിണങ്ങും :

അരുതാത്തത് ചെയ്താൽ ഏറ്റവും കൂടുതൽ സ്നേഹിക്കുന്നവർ പോലും
പിണങ്ങും

8) അക്കരപ്പച്ചയെ വർണ്ണിക്കുവാൻ ഇക്കരക്കാർക്ക് ഒരു വാക്കു പോരാ :

അടുത്തറിയാത്ത വസ്തുക്കളുടെ സ്വഭാവം സൂക്ഷ്മമായി അറിയാൻ പറ്റുകയില്ല

9) അക്ഷരം പലതെങ്കിലും വിദ്യ ഒന്ന് :

നാനാത്വത്തിൽ ഏകത്വം

10) അഗ്നിയും അപവാദവും എത്ര നാൾ മൂടി വയ്ക്കും :
രണ്ടും പെട്ടെന്ന് പടരും

📗📗

👫C) മലയാളം നുറുങ്ങുകൾ

കുട്ടീസ്….കഴിഞ്ഞ2 ആഴ്ചകളിൽ വായിച്ചതിന്റെ തുടർച്ച യായി ഈ ആഴ്ചയിലും മലയാളം നുറുങ്ങിൽ ചില വാക്കിൽ അക്ഷരം മാറുമ്പോൾ ഉണ്ടാകുന്ന അർത്ഥ വിത്യാസം ശ്രദ്ധിക്കാം.

വനം – കാട്
വാനം – ആകാശം
വല്ലവൻ – ഇടയൻ
വല്ലഭൻ – ഭർത്താവ്
വയസ്സൻ – വൃദ്ധൻ
വയസ്യൻ – കൂട്ടുകാരൻ
വാരിജം – താമര
വാരിദം – മേഘം
വില്ലി – വേടൻ
വില്ല് – ചാപം
വിശ്വസ്തൻ – വിശ്വസിക്കാൻ കൊള്ളാവുന്നവൻ
വിശ്വസ്ഥൻ – വിശ്വത്തിൽ സ്ഥിതി ചെയ്യുന്നവൻ
വൃഷ്ടി – മഴ
വൃഷ്ഠി – വ്യക്തി
വൃത്തി – ശുചിത്വം
വൃദ്ധി – വളർച്ച
വ്രതം – നിഷ്ഠ
വൃതം – ചുറ്റപ്പെട്ട
വേദി – രംഗം
വേധി – തുളച്ചുകയറുന്നത്
വൈകല്യം – കുറവ്
കൈവല്യം – മോക്ഷം
ശത്രി – ആന
ശത്രു – വൈരി
ശപ്നം – ശപിക്കപ്പെട്ടത്
ശക്തം – കരുത്തുള്ളത്
ശസ്ത്രം – ആയുധം
ശാസ്ത്രം – സയൻസ്
ശ്രണി – കൂട്ടം
ശ്രോണി – അരക്കെട്ട്
സന്താനം – സന്തതി
സന്ധാനം – ചേർച്ച
സർവഥാ – എല്ലാരീതിയിലും
സർവദാ – എപ്പോഴും
സഹാസം – പുഞ്ചിരിയോടെ
സാഹസം – വീണ്ടുവിചാരമില്ലാത്ത പ്രവൃത്തി
സഖ്യം – കൂട്ടുകെട്ട്
സംഖ്യം – യുദ്ധം
സന്ദേശം – അറിയിപ്പ്
സന്ദേഹം – സംശയം
സമുദ്രം – കടൽ
സാമുദ്രം – ഉപ്പ്
സ്വരൂപം – സ്വന്തംരൂപം
സരൂപം – രൂപമുള്ളത്
സ്വാനുഭവം – സ്വന്തം അനുഭവം
സാനുഭാവം – അനുഭാവത്തോടു കൂടി
സാഗരം – സമുദ്രം
സംഗരം – യുദ്ധം
സുതൻ – പുത്രൻ
സൂതൻ – തേരാളി
സുത – പുതി
സുധ – അമൃത്
സുകരം – എളുപ്പം
സൂകരം – പന്നി
സതോഭം – മനസ്സിന്റെ ഇളക്കം
സതോമം – കൂട്ടം
സ്കന്ദം – രസം
സ്കന്ധം – സമൂഹം
ഹർഷം – സന്തോഷം
വർഷം – മഴ
ഹേമം – സ്വർണ്ണം
ഹോമാ – പഞ്ചയജ്ഞങ്ങളിൽ ഒന്ന്

📗📗
👫D) പ്രചോദന കഥ (7)

അത്യാഗ്രഹം

ഒരിടത്ത് ഒന്നാന്തരം പൂന്തോട്ടത്തിന്റെ ഉടമയായ ഒരാൾ ഉണ്ടായിരുന്നു. തന്റെ തോട്ടത്തിലെ ഏറ്റവും നല്ല പഴങ്ങൾ കൊത്തിത്തിന്നുകൊണ്ടിരുന്ന ഒരു പക്ഷിയെ ഒരിക്കൽ അയാൾ കെണിയിലാക്കി. തന്നെ തുറന്നുവിട്ടാൽ മൂന്നു ജ്ഞാനപ്രബോധനങ്ങൾ നല്കാമെന്ന് പക്ഷി അയാളെ അറിയിച്ചു. അയാൾ അത് സമ്മതിച്ചു കൊണ്ട് പക്ഷിയെ തുറന്നു വിട്ടു.
തോട്ടക്കാരൻ തന്നെ പിടിക്കില്ലെന്ന് ഉറപ്പായ ഒരു സുരക്ഷിത സ്ഥാനത്തു ചെന്നു ഇരുന്ന ശേഷം പക്ഷി പറഞ്ഞു:

1.തിരിച്ചെടുക്കാനാവാത്തതിനെയോർത്ത് ഖേദിക്കരുത്.

2.അസാധ്യമായതിൽ വിശ്വസിക്കരുത്.

3.അപ്രാപ്യമായതിനെ തേടിപ്പോവരുത്.

എന്നിട്ട് ചിരിച്ചുകൊണ്ട് തുടർന്നു: നിങ്ങൾ എന്നെ തുറന്നുവിട്ടില്ലായിരുന്നുവെങ്കിൽ ഒരു നാരങ്ങയുടെ അത്രയും വലുപ്പമുള്ള ഒരു മുത്ത് എന്റെയുള്ളിൽ നിന്നും നിങ്ങൾക്ക് കിട്ടിയേനെ…!
ഇത് കേട്ട് അരിശം കയറിയ ആ മനുഷ്യൻ പക്ഷിയെ പിടിക്കാന് മരത്തിന്മേൽ വലിഞ്ഞു കയറി. അയാൾ വളരെ അടുത്തുചെന്നപ്പോൾ പക്ഷി ലേശംകൂടി ഉയരത്തിലേക്കു നീങ്ങി. ഈ മനുഷ്യൻ തന്റെ പിറകേ വെപ്രാളപ്പെട്ടുവരുന്നത് കണ്ട് പക്ഷി വൃക്ഷത്തിന്റെ ഏറ്റവും ഉയർന്ന ചില്ലയിലേക്ക് പറന്നു. എന്നിട്ട് അതിന്റെ അറ്റത്തുചെന്നിരിപ്പായി. ആ മനുഷ്യൻ വെപ്രാളപ്പെട്ടു പിറകെ ചെന്നു. ആ ചില്ല ഒടിയുകയും പക്ഷി പറന്നു പോവുകയും ചെയ്തു. അയാള് താഴെ വീണു. പരുക്കേറ്റ അയാൾ ഒരു വിധത്തിൽ എഴുന്നേറ്റ് ഖേദത്തോടെ ആ പക്ഷിയെ നോക്കി:

“ജ്ഞാനം വിവേകികൾക്ക് ഉള്ളതാണ്.

പക്ഷി അയാളെ ഉപദേശിച്ചു:

തിരിച്ചുകിട്ടാത്തതിനെ ഓർത്തുഖേദിക്കരുത് എന്നു ഞാന് പറഞ്ഞില്ലേ….

പക്ഷേ, എന്നെ തുറന്നുവിട്ടയുടനെ നിങ്ങൾ എന്റെ പിമ്പേ വന്നു.

അസംഭാവ്യമായതു വിശ്വസിക്കരുതെന്നു ഞാൻ പറഞ്ഞില്ലേ…

എന്നിട്ടും എന്നെപ്പോലൊരു പക്ഷിയിൽ ചെറുനാരങ്ങയുടെ വലിപ്പമുള്ള മുത്ത് ഉണ്ടാവുമെന്നു നിങ്ങൾ കരുതി…

അപ്രാപ്യമായതിന്റെ പിന്നാലെ പോവരുതെന്നും പറഞ്ഞില്ലേ..?

എന്നിട്ടും നിങ്ങൾ എന്നെ (പക്ഷിയെ )പിടിക്കാന് മരത്തിന്മേൽ കയറി…

നിങ്ങൾ ഒരു മൂഢനാണ്…

ഇത് വെറും ഒരു പക്ഷിയുടെ കഥയല്ല.
നമ്മളിൽ പലരും ഇതുപോലെയാണ്..

കുട്ടീസ്…യാഥാർത്ഥ്യ
ബോധത്തോടെ കാര്യങ്ങളെ സമീപ്പിക്കാൻ നമുക്കും ശ്രമിക്കാം.

📗📗

👫E) എളുപ്പത്തിൽ ഒരു ചിത്രം വരയ്ക്കാം (13)


👬👭👫👭👬👭👫👭👬👭

അവതരണം:
സൈമ ശങ്കർ മൈസൂർ✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments