ഫിലിപ്പീന്‍സില്‍ വാനിനുള്ളില്‍ നിന്ന് 1923 കോടി രൂപ (230 മില്ല്യണ്‍ ഡോളര്‍) വിലമതിക്കുന്ന 1.8 ടണ്‍ മയക്കുമരുന്ന് കണ്ടെത്തി. ക്രിസ്റ്റല്‍ രൂപത്തിലുള്ള മെത്താംഫെറ്റാമിന്‍ എന്ന മയക്കുമരുന്നാണ് കണ്ടെത്തിയതെന്ന് ഫിലിപ്പീന്‍സ് പ്രസിഡന്റ് ഫെര്‍ഡിനാഡ് മാര്‍ക്കോസ് ചൊവ്വാഴ്ച അറിയിച്ചു. തിങ്കളാഴ്ച മനിലയുടെ തെക്ക് ഭാഗത്തുള്ള ബഡാംഗാസ് പ്രവിശ്യയില്‍ ഒരു വാനില്‍ നടത്തിയ പരിശോധനയ്ക്കിടെയാണ് 1920 കോടി രൂപയിലധികം വിലമതിക്കുന്ന അനധികൃത മയക്കുമരുന്ന് പോലീസ് കണ്ടെത്തിയത്. വാനിന്റെ ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു. പിടികൂടിയ മയക്കുമരുന്നു ശേഖരം പ്രസിഡന്റ് മാര്‍ക്കോസ് ചൊവ്വാഴ്ച പരിശോധിച്ചു.
രാജ്യത്ത് പിടികൂടിയ ഏറ്റവും വലിയ മയക്കുമരുന്ന് ശേഖരമാണിതെന്ന് അദ്ദേഹം പറഞ്ഞു. വളരെയധികം ആസക്തി ജനിപ്പിക്കുന്നതും വിലകുറവില്‍ ലഭ്യമായതുമായ ക്രിസ്റ്റല്‍ മെത്ത് ഫിലിപ്പീന്‍സില്‍ ഷാബു എന്ന പേരിലാണ് അറിയപ്പെടുന്നത്. മയക്കുമരുന്ന് വേട്ടയ്ക്കിടെ ഒരാള്‍ പോലും കൊല്ലപ്പെട്ടില്ലെന്നും പരിക്കേറ്റിട്ടില്ലെന്നും വെടിയുതിര്‍ക്കേണ്ടി വന്നില്ലെന്നും മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ മാര്‍ക്കോസ് പറഞ്ഞു. മയക്കുമരുന്നിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസെന്നും എന്നാല്‍, അവ പ്രാദേശികമായി ഉത്പാദിപ്പിച്ചതാണെന്ന് കരുതുന്നില്ലെന്ന് പ്രസിഡന്റ് പറഞ്ഞു.
മുന്‍ പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേര്‍ട്ടിന്റെ ഭരണകാലയളവില്‍ നടന്ന മയക്കുമരുന്ന് വേട്ടക്കിടെ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. മനുഷ്യാവകാശ ലംഘനങ്ങള്‍ ആരോപിക്കപ്പെട്ടതിനാല്‍ അന്താരാഷ്ട്ര തലത്തില്‍ അന്വേഷണത്തിന് ഇത് തുടക്കമിട്ടിരുന്നു. പ്രതിരോധനത്തിനും പുനരധിവാസത്തിനും കൂടുതല്‍ ഊന്നല്‍ നല്‍കി മാര്‍ക്കോസിന്റെ നേതൃത്വത്തിലും മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനം രാജ്യത്ത് തുടരുകയാണ്.
2022 ജൂണില്‍ മാര്‍ക്കോസ് അധികാരമേറ്റെടുത്തിന് ശേഷം മയക്കുമരുന്ന് വിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 600-ല്‍ പരം ആളുകള്‍ കൊല്ലപ്പെട്ടതായി ഫിലിപ്പീന്‍സ് സര്‍വകലാശാലയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഗവേഷണ പദ്ധതിയായ ദഹാസിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. അധികൃതര്‍ അവരുടെ ജോലി ശരിയായ വിധത്തില്‍ ചെയ്യുകയും ഉചിതമായ നടപടിക്രമങ്ങള്‍ പാലിക്കുകയും ചെയ്താല്‍ രക്തച്ചൊരിച്ചില്‍ കൂടാതെ തന്നെ പ്രതികളെ പിടികൂടാന്‍ കഴിയുമെന്നതിന്റെ ഉദാഹരണമാണ് തിങ്കളാഴ്ചത്തെ മയക്കുമരുന്ന് വേട്ടയെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് സീനിയര്‍ ഗവേഷകനായ കാര്‍ലോസ് കോണ്ടെ പറഞ്ഞു. മയക്കുമരുന്ന് നയ പരിഷ്‌കരണത്തെക്കുറിച്ച് പ്രസിഡന്റ് സംസാരിക്കേണ്ട സമയമാണിതെന്നും കോണ്ടെ പറഞ്ഞു.