‘ മാണ്ഡി’ എന്ന് കേൾക്കുമ്പോൾ, നമ്മുടെ പ്രിയ നടനായ ‘പ്രേം നസീർ ‘ , തന്റെ പതിവ് ശൈലിയിലൂടെയും നാടകീയതയോടെയും വിളിക്കുന്ന ‘മണ്ടി പെണ്ണേ’ എന്നതാണ് മനസ്സിൽ വരുക.
ഹിമാചൽ പ്രദേശ് സംസ്ഥാനത്തിന്റെ മധ്യ ജില്ലകളിൽ ഒന്നാണ് മാണ്ഡി ജില്ല. പത്താൻകോട്ട്-കുളു റോഡിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വ്യാപാര കേന്ദ്രമാണ് മാണ്ഡി. ഹിമാചലിലെ ഏറ്റവും പ്രശസ്തമായ താഴ്‌വരകളായ കുളു, മണാലി, ലാഹൗൾ, സ്പിതി എന്നീ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യേണ്ടത് ഈ നഗരത്തിലൂടെയാണ്. ഞങ്ങൾ താമസിച്ചിരുന്ന സ്ഥലം ഇത്തരം പാതകളെ അഭിമുഖീകരിച്ചായതു കൊണ്ടാണോ എന്നറിയില്ല ,ചീറി പാഞ്ഞു വരുന്ന ടൂറിസ്റ്റു ബസ്സുകളും മറ്റു വാഹനങ്ങളുമൊക്കെയായി ആകെ തിക്കും തിരക്കുമാണ്. പ്രേംനസീറിലെ ആ വിളിയിലുണ്ടായിരുന്ന സൗകുമാര്യമൊന്നും ഈ പട്ടണത്തിലില്ല എന്നു പറയാം. എന്നാലും നഗരത്തോട് അടുക്കാറായപ്പോൾ കുന്നിൻ ചെരുവുകളിലും മറ്റും തീപ്പെട്ടി കൂടുകൾ കൊണ്ട് ഉണ്ടാക്കി വെച്ചിരിക്കുന്നതു പോലെയുള്ള വീടുകളുടെ കാഴ്ച മനോഹരം.
ഹിമാചലിലെ ബിയാസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം വേദകാലത്ത് ഇവിടെ ധ്യാനം നടത്തിയിരുന്നതായി കരുതപ്പെടുന്ന ഐതിഹാസികനായ മാണ്ഡവ് മുനിയിൽ നിന്നാണ് പട്ടണത്തിന് ഈ പേര് ലഭിച്ചതത്രേ!
ബനാറസിൽ (കാശി) 80 ക്ഷേത്രങ്ങളുണ്ടെങ്കിൽ മാണ്ഡിയിലെ ചെറുപട്ടണത്തിൽ തന്നെ 81 ക്ഷേത്രങ്ങളുണ്ടെന്നുള്ളതാണ്. മാണ്ഡിയിലെ ജനങ്ങളുടെ സ്വകാര്യ അഹങ്കാരം . അവയിൽ പലതും പ്രശസ്തമായ ആരാധനാലയങ്ങൾ എന്ന നിലയിൽ മാത്രമല്ല അതിശയകരമായ വാസ്തുവിദ്യാവിസ്മയങ്ങൾ കൂടി ചേർന്നതാണ്.
പ്രശസ്തവും പവിത്രവുമായ ക്ഷേത്രങ്ങളിലൊന്നായ അർദ്ധനാരീശ്വര ക്ഷേത്രത്തിലാണെങ്കിൽ ശിവന്റെ; അർദ്ധ-പുരുഷ-സ്ത്രീ രൂപത്തിന് സമർപ്പിച്ചിരിക്കുന്ന ക്ഷേത്രമാണ്.ഈ ക്ഷേത്രത്തിലെ അർദ്ധനാരീശ്വരന്റെ മൂർത്തിയുടെ വലതുവശത്ത് ശിവനും ഇടത് വശത്ത് പാർവതിയുടേതുമാണ്. ശിവനെ പൂമാലകളും ശരീരത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന പാമ്പും ചിത്രീകരിച്ചിരിക്കുന്നു. പാർവതിയെ ആഭരണങ്ങളാൽ അലങ്കരിച്ചിരിക്കുന്നു.ക്ഷേത്ര ഘടനയിൽ തൂണുകളുള്ള മേൽക്കൂരയില്ലാത്ത മണ്ഡപം (മേൽക്കൂര ഒരിക്കലും നിർമ്മിച്ചിട്ടില്ല അല്ലെങ്കിൽ ഒരു ഘട്ടത്തിലും നശിപ്പിക്കപ്പെട്ടിട്ടില്ല) എന്നൊരു പ്രത്യേകതയുമുണ്ട്.
മറ്റൊരു ക്ഷേത്രമായ പഞ്ചവക്ത്ര ക്ഷേത്രത്തിൽ ശിവന്റെ പഞ്ചമുഖ പ്രതിമയാണ്. ക്ഷേത്രത്തിനുള്ളിൽ ശിവന്റെ ഒരു വലിയ പ്രതിമയുണ്ട്. അഘോരൻ, ഈശാനൻ, തത് പുരുഷൻ, വാമദേവൻ, രുദ്രൻ എന്നിങ്ങനെ ശിവന്റെ വ്യത്യസ്ത സ്വഭാവങ്ങളെ ചിത്രീകരിക്കുന്ന അഞ്ച് മുഖങ്ങളാണ് പ്രതിമയ്ക്കുള്ളത്.
ശിഖര വാസ്തുവിദ്യാ ശൈലിയിൽ നിർമ്മിച്ച ഈ ക്ഷേത്രം ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഏറ്റെടുക്കുകയും ദേശീയ പൈതൃക സ്മാരകമായി പ്രഖ്യാപിക്കുകയും ചെയ്തു. 1000 വർഷം പഴക്കമുണ്ട് എന്നാണ് കരുതുന്നത്.
ശിവരാത്രിക്ക് ഏഴ് ദിവസം നീണ്ടുനിൽക്കുന്ന അന്താരാഷ്ട്ര ശിവരാത്രി മേള നടക്കുന്ന ഭൂതനാഥ് ക്ഷേത്രമാണ് മറ്റൊരു പ്രസിദ്ധമായ ആരാധനാലയം. ഇത് നഗരമധ്യത്തിലാണ് സ്ഥിതി ചെയ്യുന്നത്. ശിവരാത്രി സമയത്ത് ലോകമെമ്പാടുമുള്ള ആളുകൾ ഈ മേള കാണാൻ ഇവിടെയെത്താറുണ്ട്.. 1527-ൽ മാണ്ടിയിലെ രാജാ അജ്ബർ സെന്നാണ് ഈ ക്ഷേത്രം നിർമ്മിച്ചത്. ഈ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് പിന്നിൽ ഒരു കഥയുണ്ട്. കഥയനുസരിച്ച് ആ പ്രദേശത്ത് കുഴിച്ചിട്ടിട്ടുള്ള ഒരു ശിവലിംഗം കുഴിച്ചെടുക്കാൻ പറഞ്ഞു കൊണ്ടുള്ള ഒരു സ്വപ്നം രാജാവ് കാണുകയും അതിൻ്റെ ഭാഗമായി ശിവലിംഗം കണ്ടെത്തുകയും ചെയ്തു.
അവിടെ രാജാവ് ഒരു ക്ഷേത്രം പണിയുകയും അതിന് ഭൂതനാഥ ക്ഷേത്രം എന്ന് പേരിടുകയും ചെയ്തുഇന്നും ആളുകൾക്ക് അതേ ശിവലിംഗം ക്ഷേത്രമായി കാണാൻ കഴിയും. പൂർണ്ണമായും ക്ഷേത്രം കല്ലുകൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്.ഈ പ്രദേശത്ത് ഇത്രയധികം ശക്തമായ ഭൂകമ്പങ്ങൾ ഉണ്ടായിട്ടും ക്ഷേത്രത്തിന് ഒരു കോട്ടവും സംഭവിച്ചിട്ടില്ല.
ധാരാളം ക്ഷേത്രങ്ങളും ബിയാസ് നദിക്കരയിലുള്ള സ്ഥലവും കാരണം ഈ സ്ഥലത്തിനെ ‘ഹിമാചലിലെ വാരണാസി’ എന്നും.’കുന്നുകളുടെ കാശി’ അല്ലെങ്കിൽ “ചോട്ടി കാശി” എന്നും മാണ്ഡി അറിയപ്പെടുന്നുണ്ട്.
മിക്ക ക്ഷേത്രങ്ങളിലേയും ആരാധന മൂർത്തികൾ ശിവനും കാളി ദേവിയുമാണ്. ഇത്തരം ക്ഷേത്രങ്ങളെ കുറിച്ചും അതിന്റെ പിന്നിലുള്ള കഥകളെ കുറിച്ചും അവിടെ ചെന്നപ്പോഴാണറിയുന്നത്. താമസിച്ച സ്ഥലത്തുള്ളവർ വീടിനോട് ചേർന്ന് അതിഥികൾക്കായി 5 – 6 മുറികൾ താമസിക്കാൻ തയ്യാറാക്കിയിരിക്കുന്നു.
അതെല്ലാം മാനേജ് ചെയ്യുന്നത് വിദേശത്തുള്ള മക്കളും. എല്ലാം ഇപ്പോൾ ‘ online’ ആണല്ലോ. ഇവർക്കാണെങ്കിൽ പോക്കറ്റിന് കോട്ടം തട്ടാതെയുള്ള നേരം പോക്കും. കേട്ടപ്പോൾ ‘ what an idea ji’ എന്ന് തോന്നി പോയി.
എന്തായാലും യാത്രകളും അതിലെ വിശേഷങ്ങളും എന്നും ഹൃദയത്തിന്റെ ക്യാൻവാസിൽ മനോഹരമായ ഒരു പെയിന്റിംഗ് പോലെയാണ്!
Thanks
മികച്ച യാത്രാവിവരണം

Thanks
മാണ്ഡി
ചരിത്രം മുതൽ തുടങ്ങിയ വിവരണം മനോഹരം.81 ക്ഷേത്രങ്ങൾ !
അത്ഭുതം തന്നെ..
ഓരോ കാഴ്ചകളും മനസ്സിൽ പതിയും വിധം എഴുതി..
ഒത്തിരി ഇഷ്ടം…
Thanks
മനോഹരം വിവരണം