ഇന്നു ഞാൻ വളരെ സുന്ദരിയായിരിക്കയാണ്. ചുറ്റുമുള്ളവരുടെ കണ്ണുകളിലേക്ക് ഞാനൊന്ന് നോക്കി. എല്ലാവരിലും ഒരു വിഷാദം. എനിക്കത് കണ്ടിട്ട് ഒരെത്തും പിടിയും കിട്ടുന്നില്ല … എന്തിനാ ഇവർ ഇങ്ങനെ ദു:ഖമുഖവുമായിരിക്കുന്നത്.. എന്നെ സന്തോഷമായിട്ടല്ലേ യാത്രയാക്കേണ്ടത് .. ഇന്ന് ഞങ്ങൾ ഈ സദനത്തിൽ നിന്നും ചേട്ടൻ്റെ വീട്ടിലേക്ക് മാറും. ഉള്ളിൽ ഇരമ്പുന്ന തിരയുമായിട്ട് എല്ലാവരുടെ മുന്നിൽ ഞാനങ്ങനെ നിന്നു .. ഇനി ഞാനാരാണെന്ന് അറിയണ്ടേ നിങ്ങൾക്ക് …
ഞാനീ സദനത്തിൽ എത്തിയിട്ട് വർഷങ്ങൾ ഒരുപാടായി… മൂന്നു മക്കളുടെ അമ്മയാണ് ഞാൻ. വളരെ ചെറുപ്പത്തിലെ ഭർത്താവ് നഷ്ടപ്പെട്ടു വിധവയായി. പിന്നെയുള്ള ജീവിതം ഭാരിച്ച ചുമതലകൾ നിറവേറ്റുവാനായിട്ടുള്ള ഓട്ടമായിരുന്നു. തളർന്നിരിക്കാൻ പോലും നേരമില്ലാത്ത അത്ര ഓട്ടം. എന്നോടൊപ്പം തന്നെ കാലവും ഓടിയിരുന്നത് ഞാനത്രയന്നറിഞ്ഞിരുന്നില്ല. മക്കളെ പഠിപ്പിച്ചു നല്ല സ്ഥിതിയിൽ എത്തിച്ചു .മൂത്ത മകൻ കുടുംബവുമായി വിദേശത്ത്. രണ്ടാമത്തെ മകൾ സകുടുംബവുമായി ഹൈദരാബാദിൽ.. മൂന്നാമത്തെ മകൻ വിവാഹമൊന്നും കഴിച്ചില്ല.. എഴുത്തും, യാത്രയും പ്രണയിച്ചിരുന്ന അവൻ തിരഞ്ഞെടുത്തതും അതുതന്നെയാണ് … ഓരോ രാജ്യങ്ങളുടെയും പ്രത്യേകതയുടെ ലഘു വിവരങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകി അവനങ്ങ് ജീവിച്ചു തീർക്കുന്നു. എല്ലാവർക്കും അവരവരുടെ ലോകമായപ്പോൾ ഈ അമ്മ അവർക്കൊരു ഭാരമായെന്ന് എനിക്കു തന്നെ തോന്നി തുടങ്ങി. തനിച്ചുള്ള താമസമങ്ങ് ഒഴിവാക്കി ഞാനും ഈ അന്തേവാസികളുടെ കൂടെയങ്ങ് കൂടി. മക്കൾക്കത് നാണക്കേടാണ് പോലും. അവരുടെ ഇഷ്ടം ഞാനീ വീട്ടിൽ തനിച്ച് കഴിയുക. എനിക്കത് മടുത്തു. ഏതു കാലവും ഞാൻ തനിച്ചാണ്. ആരുമില്ലാതെ… ഇപ്പോഴാണ് മനസ്സിനൊരു സന്തോഷവും ഉണർവും വന്നത്. ആദ്യമൊക്കെ ഉള്ളിൽ ആർത്തിരമ്പി വരുന്ന സങ്കടങ്ങളെ അടിച്ചമർത്താൻ കുറെയെറെ പാടുപ്പെട്ടു. പിന്നീട് അതെല്ലാം മറന്നു തുടങ്ങി. അങ്ങിനെ ദിവസങ്ങൾ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് ആരോ പറയുന്നത് കേട്ടത് പുതിയൊരാൾ സദനത്തിൽ എത്തിയിട്ടുണ്ടെന്ന് .. മക്കളൊന്നുമില്ല… ഭാര്യയുടെ മരണത്തോടൊപ്പം തനിച്ചായിരുന്നു ജീവിതം. ആരോരുമില്ലാത്ത ഇദ്ദേഹത്തെ അയൽപക്കത്തുള്ളവർ ഇവിടെ എത്തിച്ചതാണ്. എല്ലാവരുടെ കൂടെ ഞാനും പുതിയ ആളെ പരിചയപ്പെടാനായി പോയി. അടുത്തെത്തി ആ കണ്ണുകൾ ദർശിച്ചപ്പോൾ അറിയാതെ നെഞ്ച് ഒന്ന് പിടഞ്ഞു.
ആ കണ്ണുകൾ ഒരിക്കലും മറക്കാൻ കഴിയാത്തതാണ്. ദു:ഖമായിരുന്നു അയാളുടെ മുഖത്ത് നിഴലിച്ചിരിക്കുന്നത് … കണ്ണുകൾ തമ്മിൽ ഇടഞ്ഞെങ്കിലും ആ മുഖത്ത് ഒരു ഭാവവ്യത്യാസവും കാണാൻ കഴിഞ്ഞില്ല എനിക്ക്. മരവിച്ചിരിക്കുകയാണ് ആ മനസ്സെന്ന് എനിക്ക് മനസ്സിലായി. ഞങ്ങളെല്ലാവരും കുറച്ചുനേരം അദ്ദേഹത്തോട് കുശലാന്വേഷണങ്ങൾ നടത്തി പിരിഞ്ഞു, എങ്കിലും ആ കണ്ണുകൾ എൻ്റെ മനസ്സിൻ്റെ കൂടെയങ്ങ് പോന്നു. കോളേജ് പഠനകാലത്ത് എന്നും ഞങ്ങൾ വന്നിരുന്നത് ഒരേ ബസ്സിൽ ആയിരുന്നു. വീട്ടിൽ നിന്നും അരമണിക്കൂർ യാത്ര ചെയ്താലാണ് പഠിക്കുന്ന കോളേജിൽ എത്തുക. അതിൻ്റെ തൊട്ടുമുന്നിലെ സ്റ്റോപ്പിലാണ് ഈ ചേട്ടൻ കയറുന്നത്. കോളേജ് കഴിഞ്ഞ് മടങ്ങുമ്പോൾ ഞാനും കൂട്ടുകാരികളും സ്ഥിരം ഡ്രൈവറുടെ പിറകിലുള്ള കമ്പിയിൽ തൂങ്ങി നിന്ന് വരികയാണ് പതിവ്. ഞങ്ങളുടെ ബസ് പുറപ്പെട്ട് തൊട്ടടുത്ത സ്റ്റോപ്പിൽ നിർത്തുമ്പോൾ ആ കണ്ണുകൾ ബസ്സിലേക്ക് എന്നെ തിരയുന്നത് സ്ഥിരം ഏർപ്പാടാണ്. ഞാനത് ശ്രദ്ധിച്ചിരുന്നു. ഞങ്ങളുടെ യാത്ര തുടർന്നു കൊണ്ടേയിരുന്നു… പരസ്പരം ഒരക്ഷരം ഉരിയാടൽ പോലുമില്ലാതെ. പേര് പോലും ചോദിച്ചിട്ടില്ല എന്നതാണ് സത്യം .”മിഴി കൊണ്ട് മാത്രം പ്രണയം പറഞ്ഞാൽ അറിയാതെ നമ്മൾ അകന്നെങ്കിലോ ” എന്ന ഗാനം ഇവിടെ സത്യമായിരിക്കുന്നു. ആ ചേട്ടനെ വീണ്ടും വർഷങ്ങൾക്കു ശേഷം ഇവിടെവെച്ചു കണ്ടു. ഇത്ര കാലവും ‘ ഉള്ളിൽ ഞാൻ മാത്രം കൊണ്ടു നടന്ന പ്രണയം മുളപൊട്ടുന്നുണ്ടോയെന്ന് എനിക്ക് തോന്നി തുടങ്ങിട്ടോ. ഒരിക്കലുമില്ലാത്ത ഒരുക്കങ്ങളും വായാടിത്തവുമെല്ലാം വീണ്ടും തലപൊങ്ങി തുടങ്ങി. പ്രായമിത്രയായി ഇനിയങ്ങ് പോകാനുള്ള സമയമായെന്ന് മനസ്സ് സമ്മതിച്ചു തരാത്ത നിമിഷം. ഇന്നുവരെ എല്ലാം നഷ്ടങ്ങളെ ഉണ്ടായിട്ടുള്ളൂ .. ഒരിക്കലെങ്കിലും ഒരു നേട്ടം വേണമെന്ന് മനസ്സ് ആഗ്രഹിച്ചു തുടങ്ങി. അറുപതഞ്ച് വലിയൊരു പ്രായമൊന്നുമല്ല. പതുക്കെ പതുക്കെ ഞങ്ങൾ സുഹൃത്തുക്കളായി. ഞങ്ങളിലെ സൗഹൃദം വീണ്ടും കോളേജ് കാലത്തിലേക്ക് യാത്രയായി. ഇങ്ങനെയൊരു കൂടി കാഴ്ച്ച ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഉള്ളിലുള്ള പ്രണയം പൂത്തുപന്തലിച്ചു തുടങ്ങി. അന്ന് ഞങ്ങൾക്ക് നഷ്ടപ്പെട്ട ജീവിതം തിരിച്ചുപിടിക്കാമെന്ന് തീരുമാനത്തിലെത്തി. ഈ കുടുംബത്തിലെ എല്ലാവർക്കും അതൊരു സന്തോഷ വാർത്തയായിരുന്നു.
ഇന്നായിരുന്നു ആ മുഹൂർത്തം. എന്നിട്ടും എല്ലാവരുടെയും മുഖത്ത് ദുഃഖം ഖനീഭവിച്ചിരിക്കുന്നു. എനിക്ക് പതുക്കെ അവരുടെയടുത്ത് പോകണമെന്നുണ്ട്. പക്ഷെ ശീതീകരിച്ച ചില്ലുകൂട്ടിൽ എന്നെ കിടത്തിയിരിക്കുന്നു. പെട്ടന്നാണ് എൻ്റെ ശ്രദ്ധ മക്കളിൽ എത്തിയത്. ഈ വിവാഹത്തോട് മൂത്ത രണ്ടു മക്കൾക്കും എതിർപ്പായിരുന്നു. എന്നിട്ടും അവർ വിവാഹം കൂടാൻ വന്നിരിക്കുന്നു. എന്നും ഉടനീളം യാത്രയിൽ നിൽക്കുന്ന മകനതാ തൊട്ടടുത്ത് എന്നെയും നോക്കിയിരിക്കുന്നു. ഇപ്പോഴാണ് യാഥാർത്ഥത്തിലേക്ക് ഞാനെത്തുന്നത്. ഞാനന്വേഷിക്കുന്ന കണ്ണുകൾ എന്നെയും നോക്കി കണ്ണുനീർ പൊഴിച്ചു നിൽക്കുന്നു. ഉറക്കെ അലറികരയണമെന്നുണ്ട് എനിക്ക്… ശബ്ദം പുറത്തേക്ക് വരുന്നതേയില്ല. ആരോ പറയുന്നത് കേട്ടു ഉറക്കത്തിലായിരുന്നു മരണം. പാവം ഒന്നുമേ അറിഞ്ഞിട്ടില്ല. ഞാൻ ആ ചേട്ടൻ്റെ കണ്ണുകളിലേക്ക് നോക്കി. ഞാൻ കണ്ട സ്വപ്നങ്ങൾ എല്ലാം നിറം മങ്ങിയതായിരുന്നുവെന്ന സത്യം തിരിച്ചറിഞ്ഞു. അവ ചിറകുമുളക്കും മുമ്പേ കൊഴിഞ്ഞു പോയിരിക്കുന്നു. ഈ സ്വപ്നങ്ങളെല്ലാം എന്നോടൊപ്പം ഭസ്മമാകും. എനിക്കൊപ്പം ആ കണ്ണുകളുമായി ഞാൻ യാത്രയാവുകയാണ് …… ഒരിക്കലും മടങ്ങി വരാത്ത യാത്ര…🙏