Friday, September 20, 2024
Homeകഥ/കവിതപൃഥ (കവിത) ✍ഹരി വെട്ടൂർ

പൃഥ (കവിത) ✍ഹരി വെട്ടൂർ

ഹരി വെട്ടൂർ

ഭാതമൻപൊടു
വണങ്ങിനിൽക്കവേ
ഭൂമിയാകെയഴകേറ്റി ഭാസ്കരൻ
ഭോജപുത്രി വരമന്ത്രമോർക്കവേ
ഭാനുവിൻ വദനകാന്തി
തെളിഞ്ഞോ!

ഗംഗതന്റെ ചികുരത്തിലായിനൻ
ഭംഗിയോടെ മഴവില്ലു തീർത്തുടനെ-
യഗനയ്ക്കു കുളിരേകി മാരുതൻ
തുംഗശാഖിതൻ വല്ലരി തൂകി.

മുത്തുപോലെ ചില
നീർക്കണങ്ങളവ
മുത്തമേകിയധരം നനച്ചുടൻ,
മാറിടം തഴുകി,മാലകറ്റിയാ –
മോദമൂർന്നു നിപതിച്ചു ഗംഗയിൽ.

കൈ നിറച്ച സലിലത്തിലായ് രവി
കൗതുകത്തിലഴകായ്
തെളിഞ്ഞുടൻ
‘കൈതവങ്ങളറിയാത്ത’പെൺ
കൊടി
കണ്ണുഴിഞ്ഞു ഗഗനത്തിലർക്കനേ

പാദപൂജയിലലിഞ്ഞ ചിത്തമൊടു –
മോദമത്രിസുതനായ പുംഗവൻ-
അഞ്ചു മന്ത്രമരുളിക്കൊടുത്തതാ –
നെഞ്ചകത്തിലൊരുവേളയോർത്ത
വൾ.

“ചിത്തമുള്ളിലതിഭക്തിയോടെ നീ
ഹൃത്തടത്തിലായോർത്തിടുന്നൊരാ

എത്തുമെത്രയുമടുത്തവേളയിൽ
മൊത്തമായ് ഹൃദയവാഞ്ഛ
തീർത്തിടും”!

ചഞ്ചലം ഹൃദയതാളമെങ്കിലും
ചഞ്ചലാക്ഷി പൃഥ സൂര്യദേവനെ,
നെഞ്ചകത്തു നിറതൂവിവന്നൊരാ
പഞ്ചമന്ത്രമുരുവിട്ടു പാർക്കയായ്.

മാറിനിന്നു കുളിരാകെയും ചടുല –
മേറി വന്നുടനെയുഷ്ണമാരുതൻ
മേദിനിക്കു മുകളിൽ ദിവാകരൻ
മോദമോടഴകുമേറ്റി,നിൽക്കയായ്.

ഏറെ ശ്വേതനിറമേറുമശ്വനിര –
യേഴുചേർന്നു തെളിവാർന്നു
പൊൻരഥം,
ഏറിയാധിവെടിയാതെ ഗംഗയിൽ
ഏണനീർമിഴിയുടൽ മറച്ചുടൻ .

താപമേറിയരുണന്റെ ശോഭ,തിരു –
രൂപദർശനമിതെത്ര ദുഷ്‌കരം,
‘കോപമോടെയണയുന്നതോയിന
ൻ,
പാപമൊന്നുമുരിയാടിയില്ലവൾ.

വന്നടുത്തരികിലുഷ്ണമാറ്റിയൊരു
പൊന്നണിഞ്ഞ രഥമേറി
ഭാസ്കരൻ,
മിന്നിടും രഥമിറങ്ങി ദിനേശൻ.
നിന്നു നമ്രമുഖിയായി കുമാരി.

അംശുദായകനയച്ച കാമശര-
മാശുവന്നു ഹൃദയത്തിലാഴവേ
സംശയങ്ങളുമകന്നു മന്ത്രമിതി –
ലാശതീർന്നിനി മടങ്ങിടാം മുദാ.

തോയമാകെയുമകന്നു ചുറ്റുമായ്,
മായകൊണ്ടൊരു മതിൽ
ചമച്ചിനൻ,
കായമാകെയൊരു നേർത്ത
രശ്മിയാം
കൈകൾകൊണ്ടുതടവുന്നു
ലോലമായ്.

ഉൾക്കുളിർമ്മയിലുണർന്ന
പെണ്മനമൊ –
രുൾ പ്രകാശനിറവാലെ തൂവിയും,
ഉൾത്തടം നിറയുമാശയോടെയവ-
ളുൾനിറഞ്ഞു, ചുടുമേനി
പുൽകയായ്.

സംഗമത്തിലുടലാകെയുണ്മതൻ
സംഗതിക്കു തെളിവായി നൊമ്പരം,
ഇംഗിതങ്ങൾ നിറവേറ്റിയോരിനൻ
ഭംഗിയിൽ തിരികെ
യാത്രപോകയായ്‌.

അന്തരംഗമുലയിച്ചനാളുകളി –
ലെന്തു വേദനകളേറ്റുവാങ്ങിയോൾ,
നൊന്തുപെറ്റു
പകലോന്റെപൈതലെ
കുന്തി,ആരുമറിയാതെ രാത്രിയിൽ.

കർണ്ണകുണ്ഡലമതേറെ മോഹനം
കവചവും കനകകാൽത്തളകളും,
കൺകുളിർത്തിടുമതുല്യശോഭയും
കണ്ടു, രാവിതിലുദിച്ചൊരർക്കനോ!

മാതൃദുഃഖമതു
മാനമെന്നമറകൊണ്ടു –
മൂടിയൊരു പെട്ടകത്തിലായ്,
മുത്തമേകി മധുരം പകർന്നുതൻ
പുത്രനെയതിലുറക്കി,നീങ്ങയായ്.

സുപ്രഭാതകിരണങ്ങൾ ഗംഗയിൽ
ക്ഷിപ്രമങ്ങുതെളിയിച്ചു ഭാസ്കരൻ
അപ്രകാരമരുണന്റെ രക്ഷയിൽ,
നൽപ്രകാരമകലുന്നു പെട്ടകം.

അർക്കബിംബമതടർന്നു വീണതോ
ആർത്തൊഴുക്കിലണയുന്ന
പേടകം!
ആക്ഷണം അകലെയായ
യലക്കുകല്ലാ –
ശയാലെ വെടിയുന്നതിരഥൻ.

ആർത്തിയോടെയുടനന്നതിരഥൻ
പേർത്തു നീന്തി കരമാക്കി പെട്ടകം,
ചേർത്തു കൈയ്യിലുടനേറ്റു
പൈതലെ,
പാർത്തിരിക്കുമുടയോൾക്ക്
നൽകയായ്..

ഹരി വെട്ടൂർ 🙏

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments