Saturday, December 28, 2024
Homeസ്പെഷ്യൽശുഭചിന്ത - (78) പ്രകാശഗോപുരങ്ങൾ - (54) 'ഗർവ്വം' ✍പി.എം.എൻ. നമ്പൂതിരി.

ശുഭചിന്ത – (78) പ്രകാശഗോപുരങ്ങൾ – (54) ‘ഗർവ്വം’ ✍പി.എം.എൻ. നമ്പൂതിരി.

പി. എം.എൻ.നമ്പൂതിരി

ഗർവ്വം

മാകുരു ധനജനയൗവനഗർവ്വം
ഹരതിനിമേഷാത്കാല: സർവ്വം
മായാമയമിദമഖിലം ബുദ്ധ്വാ
ബ്രഹ്മപദംത്വം പ്രവിശവിദിത്വാ.

സമ്പത്ത്, ബന്ധുബലം, യുവത്വം എന്നിവയിൽ അഹങ്കരിക്കരുത് എന്ന് ശങ്കരാചാര്യസ്വാമികൾ നമ്മെ ഉദ്ബോധിപ്പിച്ചിട്ടുണ്ട്. കാലം ഇവയെയെല്ലാം തന്നെ നിമിഷനേരംകൊണ്ട് അപഹരിക്കാവുന്നതേയുള്ളൂ. അവയുടെ മോഹിപ്പിക്കുന്ന അവസ്ഥയും ചഞ്ചലത്വവും മനസ്സിലാക്കി അവയെ ഉപേക്ഷിച്ച് ഭഗവാനെ ഭജിക്കുവാൻ ഉപദേശിക്കുന്നു. “”ഞാൻ” എന്നും ” എൻ്റേത് ” എന്നും ഉള്ള “അഹം മമ “കളായ മായയിൽ കുടുങ്ങി സാധാരണ മനുഷ്യൻ കഷ്ടതകളാകുന്ന ചുഴിയിലേയ്ക്ക് സ്വയം എറിയപ്പെടുന്നു. ധനം, സാമൂഹ്യബസങ്ങൾ, കുലമഹിമ, യുവത്വം എന്നീ ചഞ്ചലങ്ങളായ തൂണുകളിന്മേലാണ് ഭോഗലാലസതയുടെ കേളീ സൗധം പടുത്തുയർത്തിയിരിക്കുന്നത്.ഇവയിൽ ഏതെങ്കിലും ഒരു തൂണിന് ബലക്ഷയമുണ്ടായാൽ മതി മഹാസൗധം ചീട്ടുകൊട്ടാരം പോലെ നിലംപതിക്കാൻ. അപ്പോൾ നാലു തൂണും ചഞ്ചലമാണെങ്കിലെ കഥ പറയേണ്ട ആവശ്യമുണ്ടാ? സമ്പത്ത് ഒരിക്കലും സ്ഥിരമല്ല. അതു കൊണ്ട് അതിൽ വിശ്വസിച്ചിരിക്കരുത്.ധനം ഒരു കൈയിൽ നിന്ന് മറ്റൊന്നിലേയ്ക്ക് മാറിക്കൊണ്ടിരിക്കും. അതുപോലെത്തന്നെ ഈ ലോകത്ത് ആദ്ധ്യാത്മിക പുരോഗതിക്ക് ഏറ്റവും വലിയ പ്രതിബന്ധമായി നിൽക്കുന്നത് കാമകാഞ്ചനങ്ങളാണെന്നാണ് ശ്രീരാമകൃഷ്ണദേവൻ പറഞ്ഞിട്ടുള്ളത്. കാമം എന്നതിന് എല്ലാ ആഗ്രഹങ്ങളും വിശിഷ്യ, സ്ത്രീയോടുള്ള അഭിനിവേശമാണ് ഉദ്ദേശിക്കപ്പെട്ടിരിക്കുന്നത്. രാവണൻ്റെയും സ്വകുലത്തിൻ്റെയും നാശത്തിനു കാരണം കാഞ്ചനാസക്തിയായിരുന്നുവല്ലോ. അതുപോലെത്തന്നെ സമ്പത്തുണ്ടാക്കാനുള്ളതുപോലെതന്നെ ബുദ്ധിമുട്ടാണ് അത് സൂക്ഷിക്കാനും. കള്ളന്മാരെ, ഇൻകംടാക്സുകാരെ എന്തിന്, കുബുദ്ധിയായ സ്വന്തം മകനെപ്പോലും ഭയക്കേണ്ടി വരും. ഇനി അങ്ങിനെ പണം ഉണ്ടാക്കിയാൽ അതും ദുഃഖം തന്നെ. അത് സൂക്ഷിക്കാൻ ദു:ഖം, നഷ്ടപ്പെടുമ്പോൾ ദു:ഖം. സ്വന്തം ജീവനു തന്നെ പണം ആപത്തായിത്തീരുന്ന പല സംഭവങ്ങളും നാം നിത്യജീവിതത്തിൽ കാണുന്നുണ്ടല്ലോ. അവിവേകിക്ക് അർഹിക്കുന്നതിൽ കൂടുതൽ പണം കൈവന്നാൽ കുട്ടിയുടെ കൈയിൽ കത്തി കൊടുക്കുംപോലെയായിരിക്കും അനുഭവം.

പണവും അധികാരവും ഉള്ളിടത്തോളം കാലം മാത്രമേ ജനപിന്തുണയും ബന്ധുക്കളുടെ സഹകരണവും ഉണ്ടാവുകയുള്ളൂ. എന്തിന്‌! വീട്ടുകാർപോലും സമ്പാദിക്കുന്നകാലത്തു മാത്രമേ സ്നേഹവും ബഹുമാനവും നൽകുകയുള്ളൂ. ഒന്ന് മനസ്സിലാക്കുക! ഭഗവൽ കാരുണ്യമാണ് നിത്യസത്യം.ഇതറിയാതെ നാം ധനസമ്പാദനത്തിൽ, ഉപഭോഗസംസ്ക്കാരത്തിനടിമയായി ആഡംബര വസ്തുക്കൾ വാങ്ങിക്കൂട്ടുന്നതിൽ വ്യാപൃതരാകുന്നു. സത്യത്തിൽ മനുഷ്യൻ സ്വാർത്ഥ ജീവിയാണ്. സാധാരണയായി ഏതു വീട്ടിലും പണം സമ്പാദിക്കുന്നവരോട് ബന്ധുക്കളും സുഹൃത്തുക്കളുമൊക്കെ ആദരവും ബഹുമാനവും കാണിക്കും. തങ്ങളും അതിൻ്റെ ഗുണഭോക്താക്കളാകുമെന്ന പ്രതീക്ഷയിൽ അധിഷ്ഠിതമായിട്ടാണിത്.

ധനം എന്ന പദത്തിന് കൂടുതൽ അർത്ഥവ്യാപ്തിയുണ്ട്. മനുഷ്യന് സുഖദായകമായ എല്ലാ വസ്തുക്കളും ഇതിൽ പെടുന്നു. കലാകാരൻ്റെ, ശാസ്ത്രജ്ഞൻ്റെ, രാഷട്രീയ നേതാവിൻ്റെ, വ്യവസായിയുടെ ഒക്കെ കഴിവുകളും പരിശ്രമങ്ങളും ഇതിൽ ഉൾപ്പെടുന്നു. ഈ കഴിവുകൾ ക്ഷയിക്കുമ്പോൾ മിത്രങ്ങളും പരിവാരങ്ങളും നമ്മെ വിട്ടു പോകുന്നു. കാലാന്തരത്തിൽ, വയസ്സായി ഒന്നും ചെയ്യാൻ കഴിവില്ലാതെ ദേഹം ക്ഷീണിച്ചു അവശനാകുമ്പോൾ, വീട്ടിലുള്ളവർ എന്നല്ല ആരും തന്നെ നമ്മേ ബഹുമാനിക്കുവാനോ നമ്മളോട് സംസാരിക്കാനോ തയ്യാറാവുകയില്ല.

നമ്മുടെയെല്ലാം ഉള്ളിൽ ആഗ്രഹങ്ങളുടെ ഒരു കുടമുണ്ട്. ആ കുടം ഒരിക്കലും നിറയുന്നില്ല. അതിനാൽ ആഗ്രഹം ഒടുങ്ങുന്നുമില്ല. ദു:ഖം മാറുന്നുമില്ല. ഒന്ന് മനസ്സിലാക്കുക, യൗവനവും ആരോഗ്യവും മുഖകാന്തിയും ഒക്കെ എന്നും നിലനിൽക്കില്ല. പക്ഷെ ഇതൊന്നും മനസ്സിലാക്കാതെ യുവത്വത്തിൻ്റെ മദത്തിൽ പടക്കുതിരയെപ്പോലെ മുൻപോട്ടു മാത്രം നോക്കി കുതിക്കുകയല്ലേ നാം ചെയ്യുന്നത്. ആരേയും വെല്ലുവിളിക്കാനും എന്തിനെയും എതിർക്കുവാനും നമ്മുടെ വിലപിടിച്ച സമയം പാഴാക്കുന്നു.

അതുകൊണ്ട് മനസ്സിൻ്റെ തെറ്റായ ധാരണകളെയും വ്യാജ ബോധങ്ങളെയും ഇല്ലായ്മ ചെയ്ത് അതിനെ മഹത്തായ ഈശ്വരഭക്തിയിലേയ്ക്ക് തിരിക്കേണ്ടതാണ്. ഒരിക്കലും മരണം വരില്ലെന്ന് കരുതി അറിവു നേടുക. ഏതു നിമിഷവും മരണം പിടികൂടും എന്നു കരുതി ധർമ്മം ആചരിക്കുക.

✍പി. എം.എൻ.നമ്പൂതിരി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments