Saturday, June 22, 2024
Homeസ്പെഷ്യൽപൂന്താനം നമ്പൂതിരിയും ജ്ഞാനപ്പാന, സന്താന ഗോപാലം പാന എന്നീ കൃതികളുടേയും ദാർശനീകത. ✍ ശ്യാമള ഹരിദാസ്

പൂന്താനം നമ്പൂതിരിയും ജ്ഞാനപ്പാന, സന്താന ഗോപാലം പാന എന്നീ കൃതികളുടേയും ദാർശനീകത. ✍ ശ്യാമള ഹരിദാസ്

ശ്യാമള ഹരിദാസ്

മലപ്പുറം ജില്ലയിൽ പൂന്താനത്ത് ഇല്ലത്താണ് പൂന്താനം ജനിച്ചത്. അദ്ദേഹത്തിന്റെ യഥാർത്ഥ പേര് എന്തെന്ന് ആർക്കുമറിയില്ല. ഗുരുവായൂരപ്പനിൽ സർവ്വവും സമർപ്പിച്ചു ജീവിച്ച ഒരു ഭക്തകവിയാണ് പൂന്താനം. അതിഗഹനങ്ങളായ ജീവിത ദർശനങ്ങൾ, തത്വ വിചാരങ്ങൾ, സന്മാർഗ്ഗ പ്രബോധനങ്ങൾ ഒക്കെ ഉൾക്കൊള്ളിച്ചു കൊണ്ടാണ് ലളിതമായ മലയാളഭാഷയിൽ ഭക്തശിരോമണിയും കവി സാർവഭൗമനുമായിരുന്ന പൂന്താനം നമ്പൂതിരി അദ്ദേഹത്തിന്റെ ശ്രേഷ്ഠകൃതിയായ ജ്ഞാനപ്പാന രചിച്ചത്. ഈ ഒരു ഒറ്റ കൃതിയിലൂടെ കവിതയിലേക്ക് മലയാള ത്തനിമയെ എപ്രകാരം ആവാഹിച്ചെടുക്കാം എന്ന് കാണിച്ചുതന്ന ആചാര്യനാണ് പൂന്താനം.

മലയാളത്തിലെ ഏറ്റവും മികച്ച സോദ്ദേശ്യകാവ്യമെന്നു വിശേഷിപ്പിക്കാവുന്ന കൃതി. ഭാരതീയ ജീവിതമൂല്യങ്ങളേയും മൂല്യച്യുതികളേയും കുറിക്കുകൊള്ളുന്ന രീതിയില്‍ ആവിഷ്ക്കരിക്കുന്ന കൃതി. സനാതന ധര്‍മസംഹിതകളെ അടിസ്ഥാനമാക്കി വിരചിതമായ വേദങ്ങളും അവയുടെ വ്യാഖ്യാനങ്ങളായ ഉപനിഷത്തുക്കളുമൊക്കെ വായിച്ചു മനസ്സിലാക്കുക സാധാരണ ജനങ്ങൾ‍ക്ക് എളുപ്പമല്ലല്ലോ. അവിടെയാണ് ജ്ഞാനപ്പാനയുടെ പ്രസക്തി.

ഗുരുവായൂരപ്പനിൽ സർവ്വവും സമർപ്പിച്ചു ജീവിച്ച ഒരു ഭക്തകവിയാണ് പൂന്താനം. ലളിതമായ ഭാരതീയ ജീവിത ചിന്ത കുറിക്കുകൊള്ളുന്ന രീതിയിൽ ആവിഷ്ക്കരിച്ചിരിക്കുന്നു. ജീവിതത്തിന്റെ വിവിധങ്ങളായ ഭൗതികവിഭ്രമങ്ങളിൽ‍പ്പെട്ട് ഉഴലുന്ന മനുഷ്യ മനസ്സിനെ ഈശ്വരോന്മുഖമാക്കുകയും സന്മാർഗ ചിന്തകളുടെ വെളിച്ചം കാട്ടിത്തരികയും ചെയ്യുന്നു ജ്ഞാനപ്പാന. ജപം, ധ്യാനം തുടങ്ങിയ ഉപാസനാ മാര്‍ഗങ്ങളിലൂടെ വേദാന്തവിജ്ഞാനത്തി ലേക്കും ഈശ്വരസാക്ഷാത്കാരത്തിലേക്കും എത്തിച്ചേരാന്‍ നമ്മെ ഉദ്‌ബോധിപ്പിക്കുന്നു ഈ വിശിഷ്ട ഗ്രന്ഥം. തത്വ ചിന്തകാവ്യം എന്ന നിലയിൽ അദ്ദേഹത്തിന്റെ കാവ്യം പ്രസിദ്ധമാണ്.

സാമൂഹിക ജീവിതത്തിലെ അനാശാസ്യ പ്രവണതകളെയൊക്കെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ട്, കൃഷ്ണ ഭക്തിയുടെ വികാരനിര്‍ഭരമായ ആവിഷ്‌കരണത്തിലൂടെ മോക്ഷത്തിന്റെ വഴിയിലേക്ക് നമ്മെ ആനയിക്കുകയാണ് പൂന്താനം. ആധുനിക ജീവിതത്തിന്റെ സങ്കീർണ്ണതകളും, ജീർണതകളും കാണുമ്പോള്‍ നമുക്കുതോന്നും, ഈ കൃതിക്ക് അതെഴുതിയ കാലത്തേക്കാള്‍ പ്രസക്തി ഇന്നുണ്ടെന്ന്.

നമുക്ക് ശാശ്വതമായിട്ടുള്ളത് ഈശ്വരൻ മാത്രമാണെന്നും ഈശ്വര ചിന്തയിലൂടെ ജീവിക്കുന്ന ഒരാൾക്കു മാത്രമേ ശാശ്വതമായ സുഖം കണ്ടെത്താൻ സാധിക്കു എന്നത് സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കിയ ഭക്തശിരോമണിയും കവിയുമാണ് പൂന്താനം. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ജ്ഞാനപ്പാന എന്ന കൃതിക്ക് വളരെ പ്രസക്തിയും ഉണ്ട്. അദ്ദേഹത്തിന്റെ ജീവിതാനുഭവ ങ്ങളിൽ നിന്നാണ് ഈ തിരിച്ചറിവ് അദ്ദേഹത്തിന് വന്നത്.

ജ്ഞാനപ്പാന ഗുരുവായൂരപ്പന് മാത്രമല്ല ഓരോ മനുഷ്യ ഹൃദയങ്ങളിലും ഗുഹാതുരത്വം ഉണർത്തുന്നതാണ്. “ജ്ഞാനപ്പാന ” യിലെ ഓരോ വരികളും. അനുവാചക ഹൃദയങ്ങളിലേക്ക് ആഴ്ന്നിറങ്ങിയ ഒരു ദാർശനീക കാവ്യം എന്ന നിലയിൽ പ്രസിദ്ധമായ ഒരു കൃതിയാണിത്. ഭക്തിയേയും, ജ്ഞാനത്തേയും കർമ്മപാശം കൊണ്ട് ബന്ധിപ്പിച്ചിരിക്കുന്നു.

പൂന്താനത്തു നമ്പൂതിരി വേദാർഹനല്ലാത്ത ഒരു ബ്രാഹ്മണനായിരുന്നു. അദ്ദേഹം ഒരു വിദ്വാനുമല്ലായിരുന്നു. പൂന്താനവും,മേല്പത്തൂരും ഒരേകാലത്തായിരുന്നു ജീവിച്ചിരുന്നത്.

കഥാസംഗ്രഹം :-

പൂന്താനം വളരെ ചെറുപ്പത്തിൽ തന്നെ വിവാഹിതനായി. കാലമേറേ കഴിഞ്ഞിട്ടും ഒരു കുഞ്ഞുണ്ടായില്ല. അങ്ങിനെ വളരെകാലത്തെ അനപത്യദുഃഖത്തിനൊടുവിൽ ഒരു ഉണ്ണിയുണ്ടായി. ഇല്ലത്തു സന്തോഷവും ശാന്തിയും കളിയാടി.അങ്ങിനെ ഉണ്ണിയുടെ അന്നപ്രാശ ചടങ്ങ് വന്നെത്തി. ചടങ്ങ് പ്രമാണിച്ച് സ്വജനങ്ങളുടെ ഇല്ലങ്ങളിലെല്ലാം ക്ഷണിച്ചിരുന്നു.മുഹൂർത്തം രാത്രിയായിരുന്നു. ക്ഷണപ്രകാരം അതിഥികൾ എത്തി. അവർ അവരുടെ വസ്ത്രങ്ങൾ വെളിച്ചം അധികമില്ലാത്ത മുറിയിൽ ഉറങ്ങി കിടക്കുന്ന ഉണ്ണിയുടെ മുകളിൽ അറിയാതെ
കൊണ്ടിട്ടു.

ചോറൂണിന്റെ മുഹൂർത്തമായപ്പോൾ ഉണ്ണിയുടെ അമ്മ ഉണ്ണിയെ കുളിപ്പിക്കാനായി ചെന്നപ്പോഴേക്കും അവിടെ കണ്ട കാഴ്ച ആരേയും തളർത്തുന്നതായിരുന്നു. ഉണ്ണി ശ്വാസം മുട്ടി മരിച്ചു കിടക്കുന്നതായി കണ്ടു. ഉണ്ണിയുടെ മാതാപിതാക്കൾക്കും അവിടെ കൂടിയിരുന്നവർക്കും ഉണ്ടായ ദുഃഖം പറഞ്ഞറിയിക്കേണ്ടതില്ലല്ലോ.

പ്രകൃത്യാതന്നെ വിഷ്ണുഭക്തനും സാധുവുമായിരുന്ന പൂന്താനം ഉണ്ണി മരിച്ചതോടെ ഒരു
വിരക്തനുമായി. അദ്ദേഹം ഉണ്ണി മരിച്ചതിലുള്ള വിഷമത്തിൽ ഗുരുവായൂർ പോയി ഭഗവാനോട് സങ്കടം പറഞ്ഞു. അപ്പോൾ ഭഗവാൻ പറഞ്ഞു ഞാനില്ലേ പൂന്താനം അവിടുത്തേക്ക് ഉണ്ണിയായി.
“ഉണ്ണിക്കണ്ണൻ മനസ്സിൽ
കളിക്കുമ്പോൾ, ഉണ്ണികൾ മറ്റുവേണമോ
മക്കളായ് “.
ആ ഒരു തിരിച്ചറിവും ഒപ്പം ജീവിതത്തിന്റെ നിസ്സാഹതയും മനസ്സിലാക്കി കൊടുത്തു ഭഗവാൻ. മേല്പത്തൂരിന് വാതരോഗമായിരുന്നു നാരായണീയം രചിക്കാൻ കാരണമായതെങ്കിൽ പൂന്താനത്തിന്റെ പുത്രദുഖമാണ് “ജ്ഞാനപ്പാന ” എന്ന അതിപ്രസിദ്ധമായ തത്വകാവ്യത്തിന് കാര ണമായത്. ഇപ്രകാരമൊരു കവിത കവി മനസ്സിൽനിന്നും ഉതിരണമെങ്കിൽ അനുഭവത്തിൽ നിന്നും വരുന്ന കാവ്യഭംഗി എന്നതിനേക്കാൾ ആ താത്വി കമായ അറിവ് അതു തിരിച്ചറിഞ്ഞവർക്കേ
ഏഴുതുമ്പോൾ ഇത്രയും ആഴത്തിൽ ഏഴുതാൻ കഴിയു. അങ്ങിനെ ഭഗവൽ സങ്കല്പത്തിൽ നിന്നും ഉതിർന്നു വീണ വരികളാണ് ജ്ഞാനപ്പാന.

നിരന്തരമായ ഈശ്വര സാക്ഷാൽക്കാര ത്തിലൂടെ, നിഷ്കാമമായ ആത്മസമർപ്പണത്തി
ലൂടെ മനസ്സിനെ കാർന്നുകൊണ്ടിരിക്കുന്ന ദുഃഖത്തിൽ നിന്നും മോചനം നേടാമെന്നും ജീവിതം ധന്യമാക്കാമെന്നും കവി ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ ഭാരതീയ പാരമ്പര്യമ അനുസരിച്ച് ഈശ്വര സാക്ഷാൽക്കാരമാണ് ഏറ്റവും വലുതെന്ന് നമ്മുടെ മുനീശ്വരന്മാർ നമുക്ക് മനസ്സിലാക്കി തരുന്നു. അതുകൊണ്ട്തന്നെ ഏതുസ്തുതിയും ഗുരുവിനെ സ്മരിച്ചു കൊണ്ടാണ് തുടങ്ങുന്നത്. ജ്ഞാനപ്പാനയിലും അതു തന്നെയാണ്
പൂന്താനം ചെയ്യുന്നത്.

“ഗുരുനാഥൻ തുണ ചെയ്ക സന്തതം
തിരുനാമങ്ങൾ നാവിന്മേലെപ്പോഴും
പിരിയാതെയിരിക്കണം നമ്മുടെ നരജന്മം
സഫലമാക്കീടുവാൻ “.

പലജന്മങ്ങൾക്കൊടുവിൽ അപൂർവ്വമായി കിട്ടുന്ന നരജന്മം സഫലമാകാൻ ഈശ്വരസാക്ഷാൽക്കാരം നേടണം.അതു നേടാനായി ആ ഈശ്വരനിൽ നമ്മൾ
ചിത്തം ഉറപ്പിക്കണം. അതിനായി ആ തിരുനാമങ്ങൾ നാവിൽ പിരിയാതിരിക്കണം.
നാമം മാത്രമല്ല ആ നേമിയേയും. ഗുരുനാഥനാണ് ഇതുപറഞ്ഞു കൊടുക്കുന്നത്. അതുകൊണ്ട് ആ ഗുരു വിന്റെ അനുഗ്രഹമാണ് വേണ്ടത്. അതാണ്‌ പൂന്താനം ഈ വരികളി ലൂടെ ചൂണ്ടികാണിക്കുന്നത്.

തന്റെ പുത്രന്റെ വേർപ്പാടിൽ മനംനൊന്ത് എഴുതിയ ഈ ജ്ഞാനപ്പാന അത്യന്തം ദുസ്സഹങ്ങളായ വ്യസനങ്ങൾ നേരിടുമ്പോൾ വായിച്ചാൽ മനസ്സിന് വളരെ സമാധാനം ഉണ്ടാകും.

പുന്താനം ഗുരുവായൂർ ക്ഷേത്രത്തിൽ തന്നെ താമസിച്ചു കൊണ്ടിരുന്നപ്പോഴാണ് ഭജനക്കായി മേൽപ്പത്തൂരും അവിടെ എത്തിച്ചേരുന്നത്. ഭട്ടതിരി നാരായണീയം എഴുതാനായി ആരംഭിച്ചപ്പോൾ പൂന്താനം സന്താന ഗോപാലം സന്താനപരമായിട്ടുള്ളതാണല്ലോ എന്നു വിചാരിച്ച് ആ കഥ ഒരു പാനയായിട്ട് എഴുതാനും തുടങ്ങി. വേദജ്ഞാനിയല്ലാത്ത പൂന്താനത്തിനെ ഭട്ടതിരിക്ക് പുച്ഛമായിരുന്നു. ഇതറിയാത്ത പൂന്താനം താൻ എഴുതിയ സന്താനഗോപാലത്തിൽ പിഴവുണ്ടെങ്കിൽ തിരുത്തി തരാൻ പറഞ്ഞു. അപ്പോൾ ഭട്ടതിരി അദ്ദേഹത്തെ കളിയാക്കി അതു മുഴുവൻ പിഴവുതന്നെ ആയിരിക്കും. പൂന്താനത്തിന് വിഭക്തിയുറച്ചിട്ടില്ല എന്നുപറഞ്ഞു. ഇതു കേട്ടപ്പോൾ വ്യസനം സഹിക്കാൻ കഴിയാതെ അദ്ദേഹം പൊട്ടികരഞ്ഞുത്രേ. ആ സമയത്ത് ശ്രീകോവിലിന്റ ഉള്ളിൽ നിന്നും ഒരു അശരീതി കേട്ടത്രെ. പൂന്താനത്തിന് ഭട്ടതിരിയോളം വിഭക്തിയുറച്ചിട്ടില്ലെങ്കിലും
ഭട്ടതിരിയേക്കാൾ ഭക്തിയുറച്ചിട്ടുണ്ടെന്ന്. ഭഗവാന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഭട്ടതിരിക്ക് വളരെ വ്യസനവും ലജ്ജയും, പശ്ചാത്താപവും ഉണ്ടായി.ഉടനെ
പൂന്താനത്തിനെ അവിടെയെല്ലാം നോക്കി. അപ്പോൾ അമ്പലത്തിന്റെ ഒരു കോണിൽ കിടക്കുന്നതായി കണ്ടു. ഭട്ടതിരി അദ്ദേഹത്തിന്റെ അടുക്കൽ പോയി തന്റെ തെറ്റു ക്ഷമിക്കാ ൻ പറയുകയും സന്താന ഗോപാലം വാങ്ങി വായിച്ചുനോക്കി നന്നായിട്ടുണ്ടെന്നു പറഞ്ഞു അദ്ദേ ഹത്തെ സമാധാനിപ്പിക്കയും ചെയ്തു.
സന്താനഗോപാലത്തിൽ ശ്രീകൃഷ്ണനും അർജ്ജുനനും കൂടി വൈകുണ്ഡത്തിൽ
ചെന്ന ഭാഗത്ത് വൈകുണ്ഡത്തെ ഏത് പ്രകാരമാണ് വർണ്ണിക്കേണ്ടതെന്ന് വിചാരിച്ചു പൂന്താനം ഒരു ദിവസം കിടന്നു. ഉറങ്ങുമ്പോൾ ഭഗവാൻ വൈകുണ്ഡത്തെ സ്വപ്നത്തിൽ പൂന്താനത്തിനു കാണിച്ചു കൊടുത്തു എന്നും അതുപ്രകാരം പൂന്താനം വർണ്ണിച്ചിരിക്കുന്നത് എന്നും കേൾക്കുന്നുണ്ട്.

✍ ശ്യാമള ഹരിദാസ്

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments