ഈ ഭൂമിയിൽ എല്ലാ മനുഷ്യർക്കും എന്തിനെയെങ്കിലും ഒക്കെ പേടി കാണും. സ്വാഭാവികം. ഏതു കാര്യത്തിനും രണ്ടു വശങ്ങളുണ്ട് പോസിറ്റീവായ വശങ്ങളും നെഗറ്റീവായ വശങ്ങളും.
എന്താണ് ഭയം? ഒറ്റയടിക്ക് ഉത്തരം പറയുക പ്രയാസകരം അല്ലേ?. എന്നാലും ഈയൊരു ചോദ്യത്തിന്റെ മാനറിസങ്ങളിൽ നിന്നു തന്നെ നമുക്ക് തുടങ്ങാം.
നമ്മുടെ ശരീരത്തിന്റെ നിലനിൽപ്പിന് ഭീഷണിയായേക്കാവുന്ന സൂചനകൾ നൽകുന്ന വസ്തുതകൾ, അപകടം സംഭവിച്ചേക്കാവുന്ന സാഹചര്യങ്ങൾ, അപകടം ക്ഷണിച്ചു വരുത്തുന്ന പ്രവൃത്തികൾ, വ്യക്തികൾ, മറ്റു ജീവജാലങ്ങൾ ഇവയോടൊക്കെ നമ്മുടെ മനസ്സ് വൈകാരികമായി പ്രതികരിക്കുന്ന ഒരു അവസ്ഥയാണ് യഥാർത്ഥത്തിൽ ഭയം.
ഈ ഭയം തന്നെ ഏതൊക്കെ തരത്തിൽ ഉണ്ടെന്ന് നമുക്കൊന്നു നോക്കാം. ബഹുമാനം കൊണ്ടുള്ള ഭയം, സ്നേഹം കൊണ്ടുള്ള ഭയം, ഭയം കൊണ്ടുള്ള ഭയം. ഒരു പ്രത്യേക വസ്തുവിനോട് സാഹചര്യങ്ങളോട് ഉള്ള ഭയം . സാങ്കല്പിക ഭയം. അങ്ങനെ നീളുന്നു ഭയങ്ങളുടെ പട്ടിക. ഇതിൽ സ്നേഹവും ബഹുമാനവും കൊണ്ടുള്ള ഭയം തമ്മിൽ തമ്മിൽ കണക്ട് ചെയ്യപ്പെട്ടിരിക്കുന്നു. ജീവിതത്തിൽ നമ്മൾ അത്രയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നവരോട് ഈ രണ്ടു വികാരങ്ങളും തമ്മിൽ മിശ്രണം ചെയ്ത ഒരു ഭയം എപ്പോഴും നമ്മുടെ ഉള്ളിൽ നിലനിൽക്കും. അവരോടുള്ള നമ്മുടെ പ്രവൃർത്തികളിലും സമീപനങ്ങളിലും സംഭാഷണങ്ങളിലും കരുതലുകളിലും എല്ലാം ആ ഭയം കൊണ്ടുള്ള വൈകാരികതയുടെ ശുദ്ധത, ആത്മാർത്ഥത , പരിമളം, വെളിച്ചം പരന്നിട്ടുണ്ടാകും.
ഭയം കൊണ്ടുള്ള ഭയം തികച്ചും അസ്വാഭാവികമായ ഒരു തലമാണ്. അവിടം ഇരുട്ട് മാത്രം മൂടിയതാണ്. മനസ്സ് അവിടേക്ക് മാത്രം ചലിച്ച് കണ്ണ് തുറിച്ച് കൃഷ്ണമണികളെ പുറത്തേക്ക് തള്ളി തലച്ചോറിൽ കടവാവലുകൾ ചിറകിട്ടടിച്ച് വ്യാപരിക്കുന്നു എങ്കിൽ തീർച്ചയായും പിന്നെ.. വെളിച്ചത്തിലേക്ക് ഇറങ്ങുക ശ്രമകരമായ ദൗത്യമാണ്. ഇത്തരക്കാർക്ക് ഒരു മനോരോഗ വിദഗ്ധൻ്റെ ചികിത്സാസഹായം അത്യാവശ്യമാണ്. അല്ലെങ്കിൽ മനസ്സ് പൂർണ്ണമായും സ്വന്തം പിടിയിൽ നിന്നും വിട്ടു പോകും.
ഒരു പ്രത്യേക വസ്തുവിനോട് സാഹചര്യത്തോട് ,സ്ഥലത്തോട് ഉള്ള ഭയവും, സാങ്കൽപ്പിക ഭയവും ഒരേപോലെ ആപത്താണ്. ഈ ഭയങ്ങൾ നിയന്ത്രണ വിധേയമല്ലെങ്കിൽ , നിങ്ങളുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്നു എങ്കിൽ അത് ഫോബിയയുടെ ലക്ഷണങ്ങൾ ആയി കണക്കാക്കാം. ഇങ്ങനെയുള്ളവർക്ക് ഈ ഭയം അടിസ്ഥാന രഹിതമാണെന്ന് തെളിയിക്കപ്പെട്ടാലും അവരെ നിരന്തരം അവ അലട്ടിക്കൊണ്ടിരിക്കും. തലകറക്കം, ഓക്കാനം, വർദ്ധിച്ച ഹൃദയമിടിപ്പ് , ശ്വാസം മുട്ടൽ, മരിക്കാനുള്ള ഭയം തുടങ്ങിയ പ്രകടമായ ലക്ഷണങ്ങൾ ഇവരെ പിൻതുടരും.
ഭയം താൽക്കാലികമാണ് എന്നാൽ ഫോബിയ അങ്ങനെയല്ല. ഭയം ജീവിതത്തിലെ സാധാരണവും ആവശ്യകരവുമായ ഒരു ഭാഗമാണ് എന്നതോടൊപ്പം ഭീതി പൂർണ്ണമായ സാഹചര്യങ്ങളിൽ പ്രവേശിക്കുന്നതിൽ നിന്ന് നമ്മെ തടയുന്നതിലും അനിവാര്യമല്ലാത്ത സാഹചര്യങ്ങളിൽ നിന്ന് എപ്പോൾ രക്ഷപ്പെടണം എന്ന് തീരുമാനിക്കുന്നതിലും ഒരു പ്രധാന പങ്കു വഹിക്കുന്നു. നമുക്ക് സാധാരണ സാഹചര്യങ്ങളിൽ യുക്തി ഉപയോഗിച്ച് ഭയം നിയന്ത്രിക്കാനാകും.
മിക്കവാറും എന്തിനെക്കുറിച്ചും ഭയപ്പെടാൻ നമുക്ക് എളുപ്പമാണ്. ഭയം പൊതുവേ, എല്ലായ്പ്പോഴും അല്ലെങ്കിലും, ഏതെങ്കിലും വസ്തുവിലോ പ്രതികൂല സാഹചര്യത്തിലോ ഉള്ള നിഷേധാത്മക അനുഭവത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. കുറച്ചൊക്കെ ഭയം എപ്പോഴും നമ്മുടെ നിലനിൽപ്പിന് നല്ലതാണ് എന്നാൽ അകാരണമായ ഭയം നമുക്ക് നിത്യജീവിതത്തിൽ ഒരു തീരാ ശല്യം തന്നെയാണ് . കൂരിരുട്ടും, തീക്ഷ്ണതയും അന്ധതയും അഗാധതയും അസഹിഷ്ണുതയും , അന്തർധാരയും അജ്ഞതയും നിറഞ്ഞതുമാണ്. നിന്നിലെ സ്വത്വം നഷ്ടമായ വിടവാണ്.
“ഗഗനമേ …. ഗഗനമേ…
ഗഹന ഗഹനമാമേകാന്തതേ… ഏകാന്തതയിലെ പേരറിയാത്തൊരു മൂകനക്ഷത്രമേ…
ഭൂമിക്ക് നിന്നെ കണ്ടിട്ട് പേടി … പേടി… പേടി..
ചക്രവാകം എന്ന സിനിമയിലെ ദാസേട്ടൻ പാടിയ ഈ ഗാനം കൂടി ഈയവസരത്തിൽ ഓർമ്മപ്പെടുത്തി കൊണ്ട്..
അടുത്തയാഴ്ച മറ്റൊരു വിഷയവുമായി വീണ്ടും കാണാം. നന്ദി. സ്നേഹം.🙏