വിശ്വാസത്തിന്റെ ചരടു പൊട്ടിയാൽ
“വിശ്വാസം അതല്ലേ എല്ലാം”.. എന്ന് നാം പരസ്യ തന്ത്രങ്ങളിൽ കേട്ട് കേട്ട്
തഴമ്പിച്ച പോലെ.. അതുതന്നെയാണ് അതിന്റെ സത്യവും എന്ന്
മനസ്സിലാക്കുക. മനസ്സിരുത്തിപെരുമാറാൻ ശ്രമിക്കുക. ആ വാക്കിനെ പാലിക്കാൻപരിശ്രമിക്കുക.
വിശ്വാസം എന്ന മൂന്നക്ഷരം അടിത്തറയാണ്. അടിത്തറയിൽ ഊന്നാതെ നമുക്കൊന്നും ചെയ്യാൻ കഴിയില്ല.എന്തും നമ്മൾ കെട്ടിപ്പടുത്തുയർ
ത്തുമ്പോൾ അതിന്റെ ബലവും ശക്തിയും സൗന്ദര്യവും, സൗകുമാര്യ
വും, സാരാംശവുമൊക്കെ ആ ഒരു വിശ്വാസമുണ്ടല്ലോ? അതിനെ ചുറ്റിപ്പറ്റിയാ
ണ് നിലകൊള്ളുന്നത്.
നമ്മുടെയൊക്കെ നിത്യജീവിതത്തിൽ എത്ര വലിയ ശക്തമായ കുടുംബ ബന്ധങ്ങളും സൗഹൃദബന്ധങ്ങളും പ്രണയബന്ധങ്ങളും , സ്നേഹ ബന്ധങ്ങളും, ദാമ്പത്യജീവിതവും എല്ലാം തന്നെ നിലനിന്നു പോകുന്നത് പരസ്പര വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും പുറത്താണ്.ഇതു രണ്ടും അന്യോന്യം പിണഞ്ഞു കിടക്കുകയാണ്. സ്നേഹ ബന്ധങ്ങൾക്കിടയിലെ വിശ്വാസ വഞ്ചന ആരും പരസ്പരം പൊറുക്കില്ല. സഹിക്കില്ല …അതിൽ നിന്നുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ചിലപ്പോൾ ആത്മഹത്യയിൽ വരെ കൊണ്ടെത്തിച്ചേക്കാം. കൊലപാതകങ്ങളിൽ ചെന്നുചേരാം.
സ്നേഹത്തിൻ്റെ അഗാധത അനുസരിച്ച് വിശ്വാസവഞ്ചന ഏറ്റുവാങ്ങിയവരിൽനിന്നുമുള്ള പ്രതികരണത്തിൻ്റെ കഠിനതകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായേക്കാം..
ഒറ്റയടിക്ക് ഡിപ്രഷന് അടിപ്പെട്ട് ജീവിതം തുലഞ്ഞുപോയവർ ഉണ്ട്. മാനസിക രോഗികൾ, ജീവിതം മടുത്ത് സ്വയം എരിഞ്ഞ് ദിനങ്ങൾ തള്ളിനീക്കുന്നവർ, പ്രതികാരം തീർക്കാൻ എന്തും ചെയ്യാൻ മടിയില്ലാത്തവർ അങ്ങനെ .. ഏതൊക്കെ തരത്തിലുള്ള പ്രതികരണങ്ങളും സംഭവിക്കാം..
യഥാർഥത്തിൽ വിശ്വാസം അനുഭവമാണ്,അനുഭവ സമ്പത്താണ്. അതിജീവനത്തിനുള്ള കരുത്താണ്.
ഒരു വ്യക്തിയുടെ പ്രവർത്തികളിലൂടെയും പെരുമാറ്റങ്ങളിലൂടെയും എല്ലാത്തിലുമുപരി ആത്മാർത്ഥ സേവനങ്ങളിലൂടെയും സത്യസന്ധമായ ഇടപെടലുകളിലൂടെയുമൊക്കെയാണ് (കാലം കൊണ്ട്) മറ്റുള്ളവരിൽ നിന്നും തന്നിലേക്കുള്ള വിശ്വാസം വളരുന്നത്. അഥവാ ആ വ്യക്തി നേടിയെടുക്കുന്നത്.
അതുകൊണ്ടുതന്നെ വിശ്വാസം ഒരു നീണ്ട പാതയാണ്. കല്ലുകളിലും മുള്ളുകളിലും ചവിട്ടി നിന്നുകൊണ്ട് കരങ്ങൾ നീട്ടുന്ന ,കരുത്തുപകരുന്ന,ചേർത്തു പിടിക്കുന്ന , കണ്ണുകൾ തുടക്കുന്ന വ്യക്തിത്വം.
നിർലോഭം ചൊരിയുന്ന സ്നേഹത്തിൽ നാം അടിപ്പെട്ടു പോകുന്ന അവസ്ഥ. വിശ്വാസം ഒരു വാക്ക് മാത്രമല്ല! ഒരു ജീവിതം എടുത്തു നീട്ടാനുള്ള പവർ ആണ്.തണലാണ്,താങ്ങാണ്,കുളിരാണ്,മഴയാണ് മഞ്ഞാണ്.
വിശ്വാസം ഒരു കുടുംബമാണ്. പങ്കാളികളാണ്. ആത്മാർത്ഥ സുഹൃത്തുക്കളാണ്.
വിലാപങ്ങളിൽ ആശ്വാസവാക്കുകൾ ഇറ്റിക്കുന്ന ഹൃദയശുദ്ധിയാണ്. കഷ്ടതയനുഭവിക്കുന്നവർക്ക് കൈത്താങ്ങാകുന്ന കരസ്പർശമാണ്. കൂരിരുട്ടിലെ നുറുങ്ങു വെട്ടമാണ്. ഇരുട്ടു മുറിച്ചു കടക്കുമ്പോൾ അനുഭവമാകുന്ന കണ്ണഞ്ചിപ്പിക്കുന്ന പുതുമയുടെ പ്രകാശമാണ്.
ഇനിയീ വിശ്വാസം നഷ്ടപ്പെട്ടാലോ ?.. ചെകുത്താനും കടലിനും നടുക്ക് ആയതു പോലെ… സംശയത്തിന്റെ മുൾമുനയിൽ നീറുന്ന ചിന്തകളിൽ കുടുങ്ങി നീങ്ങുന്ന ബന്ധങ്ങൾ, തകർച്ചയുടെ വക്കിൽ തൂങ്ങിയാടുന്ന ജീവിതങ്ങൾ, തകിടം മറിഞ്ഞ ജീവിത ചര്യകൾ , മൗനത്തിന്റെ മുഖം മൂടിയണിഞ്ഞ വാചാലതകൾ, പൊട്ടിത്തെറികൾ, അന്വേഷണങ്ങൾ, പരീക്ഷണങ്ങൾ.. അങ്ങനെ എന്തെല്ലാം ദുരിതപൂർണമായ അനുഭവങ്ങൾ?.
അപ്പോൾ നമുക്കുറപ്പിക്കാം… നീയും ഞാനും എന്നല്ല ! നമ്മളെന്ന് ചേർത്ത് എഴുതുന്നത്, പറയുന്നത് എല്ലാം..അതെ.. ഈ വിശ്വാസവും സ്നേഹവും കൊണ്ട് തന്നെയാണ്. വിശ്വാസം.. അതു തന്നെയാണു നിങ്ങളും ഞാനും .
വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം. നന്ദി, സ്നേഹം.