ശാപത്തിനു പകരം അനുഗ്രഹം (റോമ. 12:14 – 21)
“നിങ്ങളെ ഉപദ്രവിക്കുന്നവരെ അനുഗ്രഹിപ്പീൻ ; ശപിക്കാതെ അനുഗ്രഹിപ്പീൻ”
(വാ.14).
തന്റെ അനുഗ്രഹം മനുഷ്യരിൽ ചൊരിഞ്ഞാണ്, ദൈവം അവരെ സൃഷ്ടിച്ചു
ഭൂമിയിൽ ആക്കിയത്. എന്നാൽ, സാത്താന്റെ വഞ്ചനയിൽ കുടുങ്ങിയ മനുഷ്യരും, അവർ നിമിത്തം ഭൂമി മുഴുവനും ശാപത്തിന്റെ അധീനതയിലായി.
അപ്രകാരം അനുഗ്രഹവും ശാപവും മാനവ ചരിത്രത്തിലെ യാഥാർത്ഥ്യങ്ങളായി.
പഴയ നിയമത്തിൽ പലയിടത്തും അനുഗ്രഹത്തിന്റെയും ശാപത്തിന്റെയും പട്ടികകൾ കാണാം. എന്നാൽ, പുതിയ നിയമത്തിലേക്കു വരുമ്പോൾ, സ്വർഗ്ഗത്തിലെ സകല ആത്മീയ അനുഗ്രഹങ്ങളാലും ദൈവം ക്രിസ്തുവിൽ നമ്മെ അനുഗ്രഹിച്ചിരിക്കുന്നു (എഫേ. 1:3) എന്നാണു നാം കാണുന്നത്.
ദൈവം തന്റെ പുത്രനെ ലോകത്തിലേക്കു അയച്ചത്, മനുഷ്യന്റെ പാപത്തിനും
ശപത്തിനും പരിഹാരം വരുത്തേണ്ടതിനാണ്. യേശുക്രിസ്തുവിന്റെ ക്രൂശ് മരണം , തന്നിൽ വിശ്വസിക്കുന്ന ഏവർക്കും പാപമോചനത്തിന്റെ ഉറപ്പു നൽകി. പാപം മോചിക്കപ്പെട്ട ആരും പിന്നെ ശാപത്തിന്റെ അധീനതയിൽ അല്ല. എന്തെന്നാൽ, ശാപത്തിന്റെ കാരണം, പാപം ആയിരുന്നു. പാപം നീങ്ങയപ്പോൾ ശാപവും ഇല്ലാതായി. ദൈവീക ശാപം നീങ്ങിപ്പോയവരിൽ ഇനിയും മാനുഷീക ശാപം ഫലിക്കുമോ? ഇല്ല.
ചില സഭാ ശുശ്രൂഷകരും, പട്ടക്കാരുമെങ്കിലും, ശാപത്തിന്റെ ഭീഷണി മുഴക്കി, സഭാംഗങ്ങളെ വരുതിയിൽ ആക്കാൻ ശ്രമിക്കാറുണ്ട്. യിസ്രായേൽ മക്കളുടെ ചരിത്രം തന്നെ, ഈ ചോദ്യത്തിനു ഉത്തരം തരുന്നുണ്ട്. മോവാബ് രാജാവായ ബാലാക്ക്, യിസ്രായേലിനെ ശപിക്കുവാനായി കൂലി കൊടുത്ത് ബിലയാമിനെ കൊണ്ടു വന്നു. പക്ഷെ, ശാപത്തിനു പകരം അവന്റെ നാവിൽ നിന്നും ഉയർന്നത് അനുഗ്രഹം ആയിരുന്നു(സംഖ്യ 23:7-9).
ശാപവചനങ്ങൾ ആർക്ക് എതിരേയും ഉപയോഗിക്കുന്നതു ദൈവഹിതത്തിനും ദൈവ വചനത്തിനും എതിരാണ്. നമ്മുടെ വാഴ്ത്തപ്പെട്ട കർത്താവ് അരുളിച്ചെയ്തത്, “നിങ്ങളെ ശപിക്കുന്നവരെ അനുഗ്രഹിപ്പീൻ; നിങ്ങളെ ദുഷിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പീൻ” (ലൂക്കോ. 6:28) എന്നാണ്. നാം ധ്യാനിക്കുന്ന വേദഭാഗത്തു അപ്പൊസ്തലനായ വി.പൗലൊസ് അതു തന്നെയാണ് വിശ്വാസികളെ പ്രബോധിപ്പിക്കുന്നത്. ദൈവമക്കൾ ആർക്കു നേരേയും ഒരിക്കലും ശാപ വാക്കുകൾ ഉപയോഗിക്കരുത്. അവർ ശാപത്തിനു പകരം അനുഗ്രഹം ചൊരി യുന്നവരായിരിക്കണം? ദൈവം അതിനു നമ്മെ സഹായിക്കട്ടെ..
ചിന്തയ്ക്ക്: തിന്മയോടു തോൽക്കാതെ, നന്മയാൽ തിന്മയെ ജയിക്കാനാണ് ദൈവം നമ്മേക്കുറിച്ച് ആഗ്രഹിക്കുന്നത് !