നല്ല ഇടയൻ (യോഹ. 10:7-15)
“ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ
കൊടുക്കുന്നു” (വാ.11).
നാം ധ്യാനിക്കുന്ന വേദ ഭാഗത്ത്, നല്ല ഇടയനെ കുറിച്ചാണ്, യേശു സൂചിപ്പിക്കുന്നത്. ഇടയന്മാരുടെ ചുമതലകൾ ഏറെ ഉത്തരവാദിത്തങ്ങൾ നിറഞ്ഞതാണ്. ആടുകൾക്ക് തിരിച്ചറിവ് ഉണ്ടായിരിക്കണം എന്നില്ല. അവയെ ശരിയായ പാതയിൽ നടത്തുവാൻ ഇടയന്മാർക്ക് വലിയ ബാദ്ധ്യത ഉണ്ട്. ആടുകൾക്ക് അപായം ഉണ്ടാകാതെ ഇരിക്കണം എങ്കിൽ, മുമ്പിലുള്ള അപകടങ്ങൾ എന്തെന്ന് ഇടയന്മാർ മനസ്സിലാക്കി ഇരിക്കണം. അവയ്ക്ക് ആവശ്യമായ ആഹാരം ലഭിക്കണം എങ്കിൽ ആഹാരം ലഭ്യമാകുന്ന ഇടവും, കുടിക്കാൻ ആവശ്യമായ ജലം ലഭ്യമാകുന്ന ഇടവും, ഇടയൻ നേരത്തെ കണ്ടെത്തിയിരിക്കണം. അങ്ങനെയുള്ള ഇടയന്മാർക്ക് മാത്രമേ തങ്ങളുടെ ആടുകളെ പച്ചയായ പുൽപുറങ്ങളിലേക്കും, സ്വച്ഛതയുള്ള വെള്ളത്തിന് അരികത്തേക്കും നയിക്കുവാൻ ആകയുള്ളൂ.
മൂന്നു വിധത്തിൽ ഉള്ള ആളുകളെ കുറിയാണ്, ധ്യാന ഭാഗത്ത് പ്രതിപാദിച്ചിരിക്കുന്നത്. ഒന്ന്, ആടുകൾക്കു വേണ്ടി ജീവനെ കൊടുക്കുന്ന നല്ല ഇടയൻ. യേശുവാണ് അങ്ങനെ ഉള്ള ഇടയൻ. താൻ ആടുകൾക്കു വേണ്ടി ജീവനെ നൽകിയവൻ ആണ്. താൻ, തന്റെ ആടുകളെ ജീവനിലേക്കും, സമൃദ്ധിയായ ജീവനിലേക്കും നയിക്കുവാൻ കഴിവുള്ളവൻ ആണ്.
രണ്ട്, ഇടയനും ആടുകളുടെ ഉടമസ്ഥനും അല്ലാത്ത കൂലിക്കാർ. അവർക്ക് ആടുകളെ കുറിച്ച് വിചാരം ഉണ്ടായിരിക്കുക ഇല്ല. ചെന്നായി വരുമ്പോൾ അവർ സ്വരക്ഷാർത്ഥം ഓടി ഒളിക്കും. ചെന്നായി ആടുകളെ കൊന്നു തിന്നുകയും ചെയ്യും. മൂന്ന്, അടുകളെ മോഷ്ടിക്കാൻ വരുന്ന കള്ളന്മാർ. മോഷ്ടിപ്പാനും, അറുപ്പാനും, മുടിപ്പാനും ആയി വരുന്നവർ മാത്രം ആണ് അവർ.
ഇന്നത്തെ ഇടയന്മാർ എത്തരത്തിൽ ഉള്ളവർ? എല്ലാ ഇടയന്മാരും യേശുവിന്റെ മാതൃക പിൻപറ്റുന്നവരും, ആടുകൾക്കു വേണ്ടി ജീവനെ കൊടുക്കുന്നവരും
ആയിരുന്നു എങ്കിൽ? ദൈവം സഹായിക്കട്ടെ?
ചിന്തയ്ക്ക്: ആടുകളുടെ ഏക ഇടയൻ, ആടുകൾക്കു വേണ്ടി ജീവനെ വെച്ചു
കൊടുത്ത യേശു മാത്രം!