മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരേ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹവന്ദനം.
ഒരു വ്യക്തിയെ കുറ്റാരോപണങ്ങൾ പറഞ്ഞു തളർത്തുവാനെളുപ്പമാണ്. കുറ്റാരോപണ വിധേയനായ ഒരാൾക്ക് സമൂഹത്തെയും, ദൈവത്തെയും ഒരുപോലെ ഭയപ്പെട്ടു മാറി നിൽക്കും. ആ അവസരം മുതലെടുത്തു പിശാച് പല തെറ്റായ മാർഗ്ഗങ്ങളിലൂടെ സഞ്ചരിപ്പിക്കും. എന്നാൽ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന വ്യക്തി സകല പരാജയങ്ങളെയും വിജയിച്ചു തണ്ടിന്മേൽ ശോഭിക്കുന്ന വിളക്കായി നിൽക്കും.
2 കൊര്യന്ത്യർ 10-3,4
“ഞങ്ങൾ ജഡത്തിൽ സഞ്ചരിക്കുന്നവരെങ്കിലും ജഡ പ്രകാരം പോരാടുന്നില്ല. ഞങ്ങളുടെ പോരിന്റെ ആയുധങ്ങളോ ജഡികങ്ങളല്ല, കോട്ടകളെ ഇടിപ്പാൻ ദൈവ സന്നിധിയിൽ ശക്തിയുള്ളവതന്നെ ”
ദൈവപൈതലിനു ദൂതന്മാരെപ്പോലും വിധിക്കാൻ കഴിവുണ്ടെന്ന് തിരിച്ചറിയാത്തിടത്തോളം കാലം അടിമയായി ജീവിക്കേണ്ടി വരുന്നു. എന്നാൽ പ്രതികൂലങ്ങളും, പ്രശ്നങ്ങളും നേരിടുമ്പോൾ അതിനെയൊക്കെ തരണം ചെയ്യാൻ എനിക്കൊരു ദൈവമുണ്ടെന്നുള്ള വിശ്വാസമാണ് ആദ്യം വേണ്ടത്.
2 കൊരിന്ത്യർ 19-5
“അവയാൽ ഞങ്ങൾ സങ്കല്പങ്ങളും ദൈവത്തിന്റെ പരിജ്ഞാനത്തിനു വിരോധമായി പൊങ്ങുന്ന എല്ലാ ഉയർച്ചയും ഇടിച്ചു കളഞ്ഞു ഏതു വിചാരത്തെയും ക്രിസ്തുവിനോടുള്ള അനുസരണത്തിനായി പിടിച്ചടക്കി.”
പുതിയ നിയമം ശ്രുശ്രുഷകളെല്ലാം ഒന്നിച്ചുള്ളതാണ്. പത്രോസ് പതിനൊന്നു പേരോട് കൂടെയാണ് ശ്രുശ്രുഷ ചെയ്തത്. തലയെ മറുതലിച്ചാൽ ഉടലിനു നിലനിൽപ്പുണ്ടാകില്ല. അതുപോലെ ക്രിസ്തുവാകുന്ന പാറമേൽ അടിസ്ഥാനമിട്ടവർ ഒന്നിലും കുലുങ്ങി പോകാതെ ഉറച്ചു നിൽക്കണം. എങ്കിൽ ദൈവ സന്നിധിയിൽ നല്ല മനസാക്ഷിയോടെ നിൽക്കാൻ സാധിക്കും
അപ്പോ പ്രവൃത്തി 19-2
“നിങ്ങൾ വിശ്വസിച്ചിട്ടു പരിശുദ്ധാത്മാവിനെ പ്രാപിച്ചുവോ ”
അപ്പോസ്‌തോലനിലൂടെ ഒരു ദൈവ പൈതലിനോടുള്ള യേശുവിന്റെ ആദ്യ ചോദ്യമാണ്. നമ്മുടെ രക്ഷിതാവും കർത്താവുമായ യേശുക്രിസ്തു സ്വർഗ്ഗാരോഹണം ചെയ്തപ്പോൾ തന്റെ സ്വന്തം രക്തത്താൽ നേടിയ നമ്മളെ ഓരോരുത്തരെയും നമ്മോടുകൂടെ എന്നേക്കുമിരിക്കുന്ന പരിശുദ്ധാത്മാവിന്റെ കരങ്ങളിൽ എല്പിച്ചിട്ടാണ് പോയത്. നമ്മെ പോലെ തന്നെ ചിന്തകളും, ആഗ്രഹങ്ങളും മനസ്സും വികാരവും പൂർണ്ണ വ്യക്തിത്വമുള്ള പരിശുദ്ധാത്മാവുമായിട്ടുള്ള നിരന്തരമായ സഹവാസത്തിലും കൂട്ടായ്മയിലും നാം നടക്കണമെന്നാണ് യേശുവിന്റെ ആഗ്രഹം.
റോമർ 8-14
“ദൈവാത്മാവ് നടത്തുന്നവരേവരും ദൈവത്തിന്റെ മക്കളാകുന്നു. നിങ്ങൾ പിന്നെ ഭയപ്പെടേണ്ടതിനു ദാസ്യത്തിന്റെ ആത്‍മാവിനെയല്ല അബാ പിതാവേന്ന്
വിളിക്കുന്ന പുത്രത്വത്തിന്റെ ആത്മാവിനെയത്രേ പ്രാപിച്ചത് ”
പ്രിയരേ പാപങ്ങളാലും, സങ്കടങ്ങളാലും മനുഷ്യ പീഡകളാലും നിങ്ങളുടെ ശിരസ്സ് താഴ്ന്നിട്ടുണ്ടെങ്കിൽ വിശ്വസിക്കുക നിന്റെ ശിരസ്സ് ഉയർന്നു നിൽക്കുവാൻ കർത്താവ് കൂടെയുണ്ട്. മേല്പറഞ്ഞ വചനങ്ങളാൽ എല്ലാവരെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ