മലയാളി മനസ്സിന്റെ പ്രിയപ്പെട്ടവരെ വീണ്ടും വരുന്ന യേശുക്രിസ്തുവിന്റെ നാമത്തിലെല്ലാവർക്കും സ്നേഹ വന്ദനം.
ഓരോ ദിവസവും ഈ ലോകത്തു ജീവിക്കുമ്പോൾ എല്ലാ മനുഷ്യരും ഭാരങ്ങളും പ്രയാസങ്ങളും അനുഭവിച്ചാണ് ജീവിക്കുന്നത്.
മനുഷ്യൻ തന്റെ സ്വാർത്ഥ താല്പര്യങ്ങൾ നേടിയെടുക്കുവാൻ വേണ്ടി എത്ര നീച പ്രവ്യത്തികളും ചെയ്യുന്ന അവസ്ഥയിലേയ്ക്ക് മാറ്റപ്പെട്ടു. മനസാക്ഷി ഇല്ലാതെ മനുഷ്യ ഹൃദയം കഠിനപ്പെട്ടു. സാഹചര്യം മുതലെടുത്തു മനുഷ്യ ജീവിതങ്ങളുടെ മേൽ പിശാച് വാഴ്ച നേടി.
ഉല്പത്തി 1-26,27
“അനന്തരം ദൈവം: നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യപ്രകാരം മനുഷ്യനെ ഉണ്ടാക്കുക; അവർ സമുദ്രത്തിലുള്ള മത്സ്യത്തിന്മേലും ആകാശത്തിലുള്ള പറവജാതിയിന്മേലും മൃഗങ്ങളിന്മേലും സർവ്വഭൂമിയിന്മേലും ഭൂമിയിൽ ഇഴയുന്ന എല്ലാ ഇഴജാതിയിന്മേലും വാഴട്ടെ എന്നു കല്പിച്ചു. ഇങ്ങനെ ദൈവം തന്റെ സ്വരൂപത്തിൽ മനുഷ്യനെ സൃഷ്ടിച്ചു, ദൈവത്തിന്റെ സ്വരൂപത്തിൽ അവനെ സൃഷ്ടിച്ചു, ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു.”
മനുഷ്യനെ ദൈവം തന്റെ സ്വരൂപമായ തേജസ്സോടെ സൃഷ്ടിച്ചു സകലത്തിന്മേലും വാഴ്ച നൽകി. എന്നാൽ മനുഷ്യൻ പാപത്തിനടിമപ്പെട്ടു തേജസ്സ് നഷ്ടപ്പെടുത്തി. യേശുക്രിസ്തുവിന്റെ മരണ പുനരുദ്ധാനത്തോടെയാണ് തിരിച്ചു ലഭിച്ചത്.
എബ്രായർ 2- 6,7,8
എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?, നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി,സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല.”
ദൈവം തന്റെ സാദ്യശ്യത്തിലും സ്വരൂപത്തിലും മനുഷ്യനെ സൃഷ്ടിച്ചു. ദൈവം ആത്‍മാവാണ്, അരൂപിയാണ് ദൈവത്തിനു ഒരു ഭൗതീകരൂപമില്ല. പക്ഷേ ദൈവം പ്രകാശമാണ്, തേജസ്സുമാണ്. ദൈവീക മഹത്വം ഹൃദയത്തിൽ വന്ന ഒരാളുടെ പ്രവ്യത്തിയും അതേ മഹത്വമാണ്
എബ്രായർ 2:5,6,7 ,
“നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയതു.എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം?, നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി”
വീണ്ടും ജനിച്ച വ്യക്തിയുടെ പ്രധാന വെല്ലുവിളി എല്ലാ സാഹചര്യത്തിലും വീണ്ടെടുത്ത പ്രഭാവശാലിയായ യേശുക്രിസ്തുവിനെപ്പോലെ ചിന്തിക്കുകയും, സംസാരിക്കുകയും, ഇടപെഴകുകയും ചെയ്യണമെന്നതാണ്. മനുഷ്യരുടെ ചെറിയ ബുദ്ധിയ്ക്കു അതീതമാണ് യേശുവിന്റെ പ്രവർത്തികൾ. എന്നാൽ വിശ്വാസത്താൽ വചനം ഏറ്റെടുക്കുമ്പോൾ നമ്മുടെ സാഹചര്യം മാറും.
ഒരു മനുഷ്യനെ ഒറ്റനോട്ടത്തിൽ വിലയിരുത്തുവാൻ സാധിക്കില്ല. പുറം മോടിയിലല്ല ദൈവം പ്രസാദിക്കുന്നത്. ഹൃദയത്തിന്റെ ചെറു ചലനങ്ങൾ പോലും വേർതിരിച്ചു മനസ്സിലാക്കുവാൻ യേശുവിനു സാധിക്കും. യേശു വന്നത് സ്വർഗ്ഗരാജ്യം സ്ഥാപിക്കുവാനാണ്. മനുഷ്യരെ ദൈവത്തെപ്പോലെ നടത്തുവാൻ യേശു മനുഷ്യ രൂപത്തിലായി ഭൂമിയിൽ മുപ്പത്തി മൂന്നര വർഷങ്ങൾ ജീവിച്ചു. എല്ലാവരാലും
പരിഹാസമേറ്റപ്പോളും യേശു തന്റെ മേൽ പിതാവ് നിയോഗിച്ച കടമ നിറവേറ്റി.
അതേ പ്രിയരേ നമ്മൾ അറിഞ്ഞ സത്യ സുവിശേഷം ലോകത്തിന് കൊടുക്കുവാനാണ് യോഗ്യരെന്ന് കണ്ടു സൃഷ്ടിച്ചത്, ആ വേല വിശ്വാസത്തിൽ പൂർത്തീകരിക്കാം. ഈ വചനങ്ങളാൽ എല്ലാവരെയും കർത്താവ് ധാരാളമായി അനുഗ്രഹിക്കട്ടെ. ആമേൻ