തൃശൂർ: ഏഴായിരത്തോളം വരുന്ന നിരോധിത പാൻ മസാല പാക്കറ്റുകളുമായി നാലുപേരെ ഒല്ലൂർ പോലീസ് അറസ്റ്റ് ചെയ്തു. കൈനൂർ സ്വദേശി ശ്രീനിവാസൻ (48), മരത്താക്കര സ്വദേശി ഷാജൻ (40), ഒറ്റപ്പാലം സ്വദേശികളായ അസറുദ്ദീൻ (33), റിയാസ് (32) എന്നിവരാണ് പിടിയിലായത്. പത്ത് ചാക്കുകളിലായി കടത്തിക്കൊണ്ടുവന്ന നാലു ലക്ഷം രൂപ വിലമതിക്കുന്ന ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്.
നേരത്തെ, ശ്രീനിവാസന്റെ വീട്ടിൽ നിന്ന് 5000 ത്തോളം നിരോധിത പുകയില ഉത്പന്ന പാക്കറ്റുകൾ പിടികൂടിയിരുന്നു. തുടർ അന്വേഷണത്തിലാണ് ഈ ഉത്പന്നങ്ങൾ സൂക്ഷിച്ചിരുന്നത് ഷാജനാണെന്ന് കണ്ടെത്തിയത്.
ഒല്ലൂരിലെ ചെറുകിട വിൽപനക്കാരനായ ഷാജനെ പോലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, ഒറ്റപ്പാലം സ്വദേശിയായ റഷീദിൽ നിന്നും കൂട്ടാളികളിൽ നിന്നുമാണ് താൻ ലഹരി ഉത്പന്നങ്ങൾ വാങ്ങുന്നതെന്ന് ഷാജൻ വെളിപ്പെടുത്തി.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തൃശൂർ, പാലക്കാട് ജില്ലകളിലെ ചെറുകിട വിൽപനക്കാർ വഴി സ്കൂൾ കുട്ടികളിൽ എത്തിക്കാൻ ഉദ്ദേശിച്ച 7000ത്തോളം ഹാൻസ് പാക്കറ്റുകളുമായി അസറുദ്ദീനെയും റിയാസിനെയും പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ നാല് പ്രതികളെയും റിമാൻഡ് ചെയ്തു.
സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായാണ് ഒല്ലൂർ എ.സി.പി. എസ്.പി. സുധീരന്റെ നിർദ്ദേശാനുസരണം ഒല്ലൂർ ഇൻസ്പെക്ടർ പി.എം. വിമോദിന്റെ നേതൃത്വത്തിലുള്ള സംഘം ലഹരിവേട്ട നടത്തിയത്.
അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ പി.എം. വിമോദിനെ കൂടാതെ എസ്.ഐ മാരായ കെ.എം. ഷാജി, വി.എൻ. മുരളി, എ.എസ്.ഐ. സരിത, സി.പി.ഒമാരായ സജിത്ത്, ശ്യാം ചെമ്പകം, അജിത്ത്, വിഷ്ണുദാസ് എന്നിവരും ഉണ്ടായിരുന്നു.