Monday, December 23, 2024
Homeകേരളംകോട്ടയ്ക്കൽ ആര്യവൈദ്യശാല ധർമാശുപത്രിക്ക് 100 വയസ്സ് ആതുരാലയത്തിന് 100 വയസ്സ്

കോട്ടയ്ക്കൽ ആര്യവൈദ്യശാല ധർമാശുപത്രിക്ക് 100 വയസ്സ് ആതുരാലയത്തിന് 100 വയസ്സ്

കോട്ടയ്ക്കൽ –ആയുർവേദ
സ്ഥാപനത്തിനുകീഴിൽ സൗജന്യചികിത്സ നൽകുന്ന അലോപ്പതി ആശുപത്രി. രാവിലെയും വൈകിട്ടുമായി ദിവസേന ചികിത്സ തേടിയെത്തുന്നത് അഞ്ഞൂറിനും ആയിരത്തിനും ഇടയിൽ വരുന്ന രോഗികൾ. കൂടാതെ, ഇരു ചികിത്സാവിഭാഗങ്ങളിലുമായി നൂറിൽപരം പേർക്കു കിടത്തിചികിത്സ വേറെയും. ലോകത്തിനുമുന്നിൽ മാതൃകാസ്ഥാപനമായി മാറിയ കോട്ടയ്ക്കൽ ആര്യവൈദ്യശാല ധർമാശുപത്രി നാഴികക്കല്ലുകൾ പിന്നിട്ട് ശതാബ്ദിയിൽ എത്തിനിൽക്കുന്നു.
“വൈദ്യശാലയ്ക്കു കീഴിലുള്ള പാഠശാലയിലെ വിദ്യാർഥികൾക്കു ചികിത്സാപരിചയത്തിന് സൗകര്യമൊരുക്കാനായി സ്ഥാപകൻ തുടങ്ങിയതാണ് ധർമാശുപത്രി. ഈ പാഠശാലയാണ് പിന്നീട് ആയുർവേദ കോളജായത്.”
മാനേജിങ് ട്രസ്റ്റി ഡോ.പി.എം.വാരിയർ നാൾവഴികൾ ഓർത്തെടുക്കുന്നു.
അർബുദചികിത്സയിൽ ആശാവഹമായ മുന്നേറ്റമാണ് ധർമാശുപത്രിയിലുണ്ടായത്. പ്രത്യേക ഒപിയിൽ ചികിത്സ തേടി എത്തിയവരിൽ സെലിബ്രിറ്റികൾ അടക്കമുണ്ട്. കൂടാതെ, വർഷങ്ങളുടെ പാരമ്പര്യമുള്ള വിഷചികിത്സാ വിഭാഗത്തിന്റെ പ്രവർത്തനവും എടുത്തുപറയണം. “മാനസമിത്ര”മെന്ന പേരിൽ മാനസിക പ്രശ്നങ്ങൾക്കുള്ള ചികിത്സയും “സഞ്ജീവന “മെന്ന പാലിയേറ്റീവ് കെയർ ക്ലിനിക്കും അടുത്തിടെ തുടങ്ങിയതാണ്.
“ആരംഭിക്കുന്ന സമയത്ത് വളരെ കുറച്ചുപേരെ ചികിത്സിക്കാനുള്ള സൗകര്യമാണ് ഇവിടെ ഉണ്ടായിരുന്നത്. പി.എസ്.വാരിയരുടെ ദീർഘദൃഷ്ടിയാണ് ആശുപത്രിയുടെ വളർച്ചയ്ക്കു മുതൽക്കൂട്ടായത് “.
ഡോ.പി.എം.വാരിയർ പറയുന്നു.


– – – – – – – –
കോട്ടയ്ക്കൽ.–ആര്യവൈദ്യശാല ധർമാശുപത്രിയിൽ 52 വർഷം ജോലി ചെയ്തു മികച്ച കലാകാരൻമാരെ അടക്കം ചികിത്സിക്കാൻ അപൂർവ അവസരം ലഭിച്ചതിന്റെ സന്തോഷത്തിലാണ് ചീഫ് മെഡിക്കൽ അഡ്വൈസർ
ഡോ.പി.ബാലചന്ദ്രൻ.
ഡോ.പി.രാമൻകുട്ടി വാരിയരാണ് ആശുപത്രിയിലെ അലോപ്പതി വിഭാഗം തലവനായി ആദ്യമെത്തിയത്. പിന്നീട്, ഡോ.കെ.ആർ. വാരിയരും. 1972ൽ മൂന്നാമനായാണ് ഡോ.പി. ബാലചന്ദ്രന്റെ വരവ്. കോട്ടയ്ക്കൽ നഗരത്തിലെത്തിയ അലോപ്പതി ഡോക്ടർമാരിൽ ആദ്യത്തെയോ രണ്ടാമത്തെയോ സ്ഥാനക്കാരനും അദ്ദേഹമാണ്. പ്രായം എൺപതുകളിലെത്തിയിട്ടും ഇന്നും നൂറുകണക്കിന് രോഗികളെ ദിനേന പരിശോധിക്കുന്നുണ്ട് ഈ ഭിഷഗ്വരൻ.
“ഇത്രയും കാലത്തിനിടയ്ക്ക് പലർക്കും ചികിത്സാനിർദേശം നൽകാനായി. അക്കൂട്ടത്തിൽ എണ്ണംപറഞ്ഞ കലാപ്രതിഭകളുമുണ്ട്. വാദ്യലോകത്തെ വിസ്മയപുരുഷൻമാരായ തൃത്താല കേശവപ്പൊതുവാളും പൂക്കാട്ടിരി ദിവാകരപ്പൊതുവാളും ഇവിടെ ചികിത്സയിൽ കഴിയവെയാണ് മരിച്ചത്. പല്ലാവൂർ മണിയൻമാരാരും ഞരളത്ത് രാമപ്പൊതുവാളുമെല്ലാം അവസാന നാളുകളിൽ ചികിത്സ തേടിയെത്തി. തൃത്താല കുഞ്ഞിക്കൃഷ്ണ പൊതുവാൾ, തിരുവേഗപ്പുറ രാമപ്പൊതുവാൾ, പല്ലാവൂർ അപ്പുമാരാർ, ആലിപ്പറമ്പ് ശിവരാമപ്പൊതുവാൾ തുടങ്ങിയവരും ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. പച്ചവേഷങ്ങളിലൂടെ ശ്രദ്ധേയനായ കലാമണ്ഡലം ഗോപിയും പതിവായി എത്താറുണ്ട് “.ഡോ.പി.ബാലചന്ദ്രൻ ഓർമകൾ പങ്കുവയ്ക്കുന്നു.
— – – – – – – – –

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments