കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിൽ പാസ്പോർട്ട് ഓഫീസിന് സമീപം നവജാതശിശുവിൻ്റെ മൃതദേഹം റോഡിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. കുഞ്ഞിനെ വലിച്ചെറിഞ്ഞ ഫ്ലാറ്റിന് എതിർവശത്തുള്ള സെക്യൂരിറ്റി ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടതെന്ന് പറയപ്പെടുന്നു. സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ ഫ്ലാറ്റിൽ നിന്ന് കുഞ്ഞിനെ എറിയുന്ന ദൃശ്യങ്ങൾ കാണാം. തൊട്ടടുത്ത ഫ്ലാറ്റുകളൊന്നിൽ നിന്ന് കുഞ്ഞിനെ പ്ലാസ്റ്റിക് കവറിലാക്കി താഴേക്ക് വലിച്ചെറിയുകയായിരുന്നുവെന്നാണ് കരുതപ്പെടുന്നത്.
വലിച്ചെറിയുന്ന സമയത്ത് കുഞ്ഞിന് ജീവനുണ്ടായിരുന്നോ അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ വലിച്ചെറിഞ്ഞതെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.അസിസ്റ്റൻ്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഫ്ലാറ്റിൽ അന്വേഷണം നടത്തുകയാണ്. ഏഴ് നിലകളാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞ ഫ്ലാറ്റിലുള്ളത്. ഇതിലേത് നിലയിൽ നിന്നാണ് കുഞ്ഞിനെ വലിച്ചെറിഞ്ഞതെന്ന കാര്യം വ്യക്തമല്ല. സംഭവം നടക്കുന്ന സമയത്തൊരു വാഹനം ഇതിലൂടെ കടന്നുപോകുന്നത് കണ്ടതായി നാട്ടുകാർ മൊഴി നൽകിയിട്ടുണ്ട്.ഒരു ദിവസം പ്രായമാണ് മരണപ്പെട്ട കുഞ്ഞിന് കണക്കാക്കുന്നത്.
രാവിലെ എട്ടുമണി കഴിഞ്ഞ സമയത്താണ് കുഞ്ഞിൻ്റെ മൃതദേഹം വലിച്ചറിഞ്ഞതെന്ന് പറയപ്പെടുന്നു. ഫ്ലാറ്റിലുള്ളവരുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അപ്പാർട്ട്മെൻ്റിൽ ആകെ 21 കുടുംബങ്ങളാണ് താമസിക്കുന്നത്. കുഞ്ഞ് അവിടെയുള്ളവരുടേതല്ലെന്നാണ് ഫ്ലാറ്റിലുള്ളവർ പറയുന്നത്. പുറത്തു നിന്നാരെങ്കിലും വന്നു കുഞ്ഞിനെ എറിഞ്ഞതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.