തിരുവനന്തപുരം: കേന്ദ്രസർക്കാർ സഹായത്തോടെയുള്ള സ്കൂളുകളിലെ അടിസ്ഥാന സൗകര്യ വികസന പദ്ധതിയായ പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ (പിഎം ശ്രീ) യിൽ കേരളവും പങ്കാളിയായി. രണ്ടുവർഷം മുൻപ് ആരംഭിച്ച പദ്ധതിയിൽ ചില രാഷ്ട്രീയ കാരണങ്ങളാൽ ചേരാൻ മടിച്ചു നിൽക്കുകയായിരുന്നു കേരളം. എന്നാൽ സമഗ്ര ശിക്ഷാ കേരളം വഴി സ്കൂളുകളിൽ നടപ്പാക്കുന്ന വിവിധ പദ്ധതികൾക്ക് കേന്ദ്ര വിഹിതം കിട്ടണമെങ്കിൽ ഇതിൽ ചേരണമെന്ന് നിർബന്ധം വന്നതോടെ തീരുമാനം മാറ്റുകയായിരുന്നു.
പദ്ധതിയിൽ ചേരാൻ സന്നദ്ധത കഴിഞ്ഞ ഏപ്രിലിൽ കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.പ്രധാനമന്ത്രിയുടെ പേരും കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പിഎം ശ്രീ എംബ്ലവും പദ്ധതി നടപ്പിലാക്കുന്ന സ്‌കൂളുകളില്‍ പ്രദര്‍ശിപ്പിക്കണം എന്നതാണ് ഒരു നിബന്ധന.അഞ്ചുവർഷം കാലാവധിയുള്ള പി എം ശ്രീ പദ്ധതിയിൽ ഒപ്പിടുന്നതോടെ സംസ്ഥാനത്തെ 3036 സ്കൂളുകൾക്ക് പ്രതിപക്ഷ ശരാശരി ഒരു കോടി വരെ ധനസഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ഒരു ബ്ലോക്ക് റിസോഴ്സ് സെന്ററിന് കീഴിൽ ഓരോ പ്രൈമറി, സെക്കൻഡറി സ്കൂളുകൾ വീതമാണ് പദ്ധതിയിൽ ഉൾപ്പെടുന്നത്. സ്കൂളുകൾക്ക് സ്വന്തം നിലയിൽ അപേക്ഷിക്കാമെങ്കിലും സംസ്ഥാനതലസമിതി ആയിരിക്കും പദ്ധതിക്ക് അർഹരായ സ്കൂളുകളെ തിരഞ്ഞെടുക്കുക . തിരഞ്ഞെടുക്കപ്പെടുന്ന സ്കൂളുകളുടെ പേരിന് മുന്നിൽ പിഎംശ്രീ എന്ന് ചേർക്കണമെന്ന നിബന്ധന കേരളം എതിർത്തിരുന്നു.
പദ്ധതിയിൽ ഒപ്പുവയ്ക്കുന്ന സാഹചര്യത്തിൽ ഇതെല്ലാം കേരളം അംഗീകരിക്കേണ്ടി വരും.പദ്ധതിയിൽ ഒപ്പിടും മുൻപ് പിഎംശ്രീയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പഠിക്കാനായി പൊതു വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിൽ കമ്മറ്റി രൂപികരിക്കും. പദ്ധതിയിൽ ചേരുന്നതിനുള്ള അനുകൂല തീരുമാനം അറിയിച്ചാൽ കേന്ദ്രം കുടിശിക പണം തരുമെന്ന് കേരളം കണക്കുകൂട്ടിയെങ്കിലും ഒപ്പുവച്ചാൽ മാത്രമേ പണം നൽകൂ എന്ന് കടുത്ത നിലപാടാണ് കേന്ദ്രം നിലവിൽ സ്വീകരിച്ചിരിക്കുന്നത്. വിവിധ കേന്ദ്ര പദ്ധതികൾക്കായി കുടിശ്ശിക്ക് ഇനത്തിൽ 1432 കോടിയിലേറെ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറയുന്നു.
കുടിശിക നിലനിൽക്കുന്ന സാഹചര്യത്തിൽ പദ്ധതിയിൽ ചേരാൻ മറ്റു വഴിയില്ലാതെയാണ് കേരളം തീരുമാനിച്ചത്.ഇതുമായി ബന്ധപ്പെട്ട നടപടികൾ ഉടൻ സ്വീകരിക്കും.എന്നാൽ സംസ്ഥാനത്തിന് അർഹമായ കേന്ദ്ര വിഹിതം നേടിയെടുക്കുക എന്നതാണ് തീരുമാനമെന്നും അതിന്റെ പേരിൽ ജനാധിപത്യവിരുദ്ധവും കേന്ദ്രത്തിന്റെ രാഷ്ട്രീയ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുന്നതുമായ സമീപനം ഉണ്ടായാൽ അംഗീകരിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി.
കേരളം വ്യവസ്ഥകൾ പാലിക്കാത്തതുകൊണ്ടാണ് 2023-‘24 സാമ്പത്തിക വർഷത്തെ സമഗ്ര ശിക്ഷാ പദ്ധതിയുടെ മൂന്നും നാലും ഗഡുക്കൾ അനുവദിക്കാത്തതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പാർലമെന്റിൽ അറിയിച്ചിരുന്നു. എന്നാൽ ഈ പ്രസ്താവന വാസ്തവ വിരുദ്ധമെന്ന് ശിവൻകുട്ടി പറഞ്ഞു.
ഇത് വാസ്തവ വിരുദ്ധമാണ, കേരളം 2023-‘24 ലെ അവസാന ഗഡുക്കൾക്കുള്ള പ്രൊപ്പോസൽ സമർപ്പിച്ചു കഴിഞ്ഞിട്ടും ഫണ്ട് അനുവദിക്കാതെ വന്നപ്പോൾ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ടപ്പോഴാണ് പി എം ശ്രീ പദ്ധതിയുടെ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാമെന്ന ഉറപ്പു നൽകണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ആവശ്യപ്പെട്ടത്. തമിഴ്‌നാട്, ഒഡീഷ എന്നീ സംസ്ഥാനങ്ങൾ സമർപ്പിച്ച മാതൃകയിൽ ഒരു കത്ത് നൽകണമെന്നും ആവശ്യപ്പെട്ടു. ഉടൻ തന്നെ കേരളം അത്തരത്തിൽ ഉറപ്പു നൽകിക്കൊണ്ടുള്ള ഒരു കത്ത് കേന്ദ്ര
സർക്കാരിന് നൽകുകയും ചെയ്തു. പക്ഷേ സാങ്കേതിക കാരണങ്ങൾ കാണിച്ച് ആ ഫണ്ട് കേന്ദ്രം അനുവദിച്ചില്ല.പി എം ശ്രീ പദ്ധതിയിൽ ഒപ്പു വച്ചാലേ ഫണ്ട് അനുവദിക്കുകയുള്ളു എന്ന വ്യവസ്ഥ ഒരു എഴുത്തുകുത്തിലൂടെ ഒരിക്കലും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നൽകിയിട്ടില്ല. എല്ലാം വാക്കാലുള്ള നിർദേശങ്ങൾ മാത്രമാണ്. പി എം ശ്രീ പദ്ധതി 2020 ലെ ദേശീയ വിദ്യാഭ്യാസ നയം ഷോക്കേസ് ചെയ്യുവാനുള്ള ഒരു പദ്ധതിയാണ്. കേരളം 2020 – ലെ ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കിയിട്ടില്ല.
അതുകൊണ്ടുതന്നെ ഈ പദ്ധതി കേരളത്തിൽ നടപ്പിലാക്കണമെന്ന് നിർബന്ധം പിടിക്കുന്നതും അക്കാരണം പറഞ്ഞ് ഫണ്ട് തടഞ്ഞു വയ്ക്കുന്നതും തികച്ചും അധാർമ്മികമാണ്. എങ്കിൽപ്പോലും കേരളത്തിലെ കുട്ടികൾക്ക് ലഭിക്കുവാനുള്ള ആനുകൂല്യങ്ങൾ ഒന്നും നഷ്ടപ്പെടാതിരിക്കുവാനാണ് പി എം ശ്രീയുടെ ധാരണാപത്രത്തിൽ ഒപ്പുവയ്ക്കാമെന്ന് അഷുറൻസ് ലെറ്റർ കേരളം കേന്ദ്രത്തിന് സമർപ്പിച്ചത്,” ശിവൻകുട്ടി പത്രക്കുറിപ്പിൽ അറിയിച്ചു.