മണ്ണിടിച്ചില്‍ സാധ്യത :പ്രദേശവാസികളെ സുരക്ഷിതയിടങ്ങളിലേയ്ക്ക് മാറ്റും
പത്തനംതിട്ട ജില്ലയില്‍ മേയ് 29, 30 തീയതികളില്‍ അതിതീവ്ര മഴയ്ക്കും മേയ് 31ന് അതിശക്തമായ മഴയ്ക്കുമുളള മുന്നറിയപ്പ് പ്രഖ്യാപിച്ചതിനാല്‍ ഓറഞ്ച് ബുക്ക് 2021 ല്‍ വള്‍നറബിള്‍ ഗ്രൂപ്പ് എന്നടയാളപ്പെടുത്തിയിരിക്കുന്ന സ്ഥലങ്ങള്‍, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാദ്ധ്യതയുളള സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കാന്‍ ദുരിതാശ്വാസ കാമ്പുകളിലേയ്ക്ക് മാറ്റുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവ് നല്‍കി.
പ്രാദേശികമായി വള്‍നറബിള്‍ ഗ്രൂപ്പായിട്ടുള്ള പ്രദേശങ്ങളില്‍ പാര്‍ക്കുന്നവരെയും ക്യാമ്പുകളിലേയ്ക്ക് മാറ്റുന്നതിന് ഉത്തരവുണ്ട്.
പത്തനംതിട്ട ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
ശക്തമായ മഴയെ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. മല്ലപ്പള്ളി താലൂക്കിലെ പുറമറ്റം വില്ലേജില്‍ സെന്റ് ബഹനാന്‍സ് യു.പി സ്‌കൂളിലും കോന്നി താലൂക്കില്‍ തണ്ണിത്തോട് വില്ലേജില്‍ പകല്‍ വീട്ടിലുമാണ് ക്യാമ്പ് ആരംഭിച്ചത്.
സെന്റ് ബഹനാന്‍സ് യു പി സ്‌കൂള്‍ ക്യാമ്പില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമാണുള്ളത്. പകല്‍വീട് ക്യാമ്പില്‍ മൂന്ന് പുരുഷന്‍മാരും ഒരു സ്ത്രീയുമുണ്ട്. ജലനിരപ്പുയര്‍ന്നതിനെതുടര്‍ന്ന് മൂഴിയാര്‍ ഡാമിലെ മൂന്ന് ഷട്ടറുകളില്‍ ഒന്ന് നിലവില്‍ അഞ്ച് സെ.മി തുറന്നിരിക്കുകയാണ്. ഡാമിന്റെ പരമാവധി ജലനിരപ്പ് 192.63 മീറ്ററും റെഡ് അലര്‍ട്ട് ലെവല്‍ 190.00 മീറ്ററുമാണ്.
പത്തനംതിട്ട ജില്ല : ക്വാറികളുടെ പ്രവര്‍ത്തനം ജൂണ്‍ ഒന്നു വരെ നിരോധിച്ചു
പത്തനംതിട്ട ജില്ലയില്‍ ശക്തമായ മഴയുടെ സാഹചര്യത്തില്‍മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ തുടങ്ങിയ ദുരന്ത സാധ്യതകള്‍ ഒഴിവാക്കുന്നതിന് ജൂണ്‍ ഒന്നു വരെ ജില്ലയിലെ എല്ലാ ക്വാറികളുടേയും പ്രവര്‍ത്തനവും മലയോരത്തു നിന്നും മണ്ണ് വെട്ടിമാറ്റുക, ആഴത്തിലുള്ള കുഴികള്‍ നിര്‍മിക്കുക, നിര്‍മാണത്തിനായി ആഴത്തില്‍ മണ്ണ് മാറ്റുക എന്നീ പ്രവര്‍ത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനും ജില്ലാ കലക്ടറുമായ എസ് പ്രേം കൃഷ്ണന്‍ ഉത്തരവായി.
നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ ദുരന്ത നിവാരണ നിയമ പ്രകാരം കര്‍ശന നടപടി സ്വീകരിക്കും. ഇത്തരത്തിലുള്ള ലംഘം ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് അതത് താലൂക്കുകളിലെ കണ്‍ട്രോള്‍ റൂമില്‍ പരാതിപ്പെടാം.