Thursday, November 14, 2024
Homeകേരളംഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്): 2028-ൽ

ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്): 2028-ൽ

ശാസ്ത്ര ഗവേഷണങ്ങൾക്കായുള്ള ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയം ഭാരതീയ അന്തരീക്ഷ സ്റ്റേഷൻ (ബിഎഎസ്): 2028-ൽ ആദ്യ മൊഡ്യൂളിൻ്റെ വിക്ഷേപണത്തോടെ സ്ഥാപിതമാകും

ഗഗൻയാൻ തുടർ ദൗത്യങ്ങൾക്കും, ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ രൂപീകരണത്തിനും കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം : ഗഗൻയാൻ – മനുഷ്യനെ ബഹിരാകാശത്തിൽ എത്തിക്കുന്നതിനുള്ള ഇന്ത്യൻ പദ്ധതി പരിഷ്കരിച്ചു. ബിഎഎസിൻ്റെ ആദ്യ യൂണിറ്റിൻ്റെ നിർമ്മാണവും അനുബന്ധ ദൗത്യങ്ങളും ഉൾപ്പെടുത്തി

ബഹിരാകാശ നിലയ പദ്ധതിയിലേക്ക് കൂടുതൽ ദൗത്യങ്ങൾ ഉൾപ്പെടുത്തി മനുഷ്യനെ ബഹിരാകാശത്തിൽ എത്തിക്കുന്നതിനുള്ള പദ്ധതി തുടരും

ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ ആദ്യ യൂണിറ്റിൻ്റെ നിർമ്മാണം ഉൾപ്പെടുത്തി ഗഗൻയാൻ ദൗത്യത്തിന്റെ വിപുലീകരണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി.

ഭാരതീയ അന്തരീക്ഷ് സ്റ്റേഷൻ്റെ (ബിഎഎസ്-1) ആദ്യ മൊഡ്യൂൾ വികസിപ്പിക്കുന്നതിനും, ബിഎഎസ് നിർമ്മിക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനുമുള്ള വിവിധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിനും സാധൂകരിക്കുന്നതിനുമുള്ള ദൗത്യങ്ങൾ ഏറ്റെടുക്കുന്നതിനും മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം ലഭിച്ചു. ബിഎ എസ്,കൂടാതെ മുൻ ദൗത്യങ്ങൾ എന്നിവയുടെ വികാസത്തിനും നിലവിലുള്ള ഗഗൻയാൻ ദൗത്യം നടപ്പിലാക്കുന്നതിനുള്ള അധിക ആവശ്യകതകൾ നിറവേറ്റുന്നതിനും ഗഗൻയാൻ പദ്ധതിയുടെ സാധ്യതയും ധനസഹായവും പരിഷ്കരിക്കുന്നതിനും തീരുമാനമായി.

ബി എ എസ് ,മുൻ ദൗത്യങ്ങൾ എന്നിവയുടെ വികസനം ഉൾപ്പെടുത്തി ഗഗൻയാൻ ദൗത്യം പുനരവലോകനം ചെയ്യും. കൂടാതെ ബഹിരാകാശത്തേക്കുള്ള ആളില്ലാ ദൗത്യവും, നിലവിലുള്ള ഗഗൻയാൻ ദൗത്യത്തിന് വേണ്ട അധിക ഹാർഡ്‌വെയർ ആവശ്യകതയും ഇതിൽ ഉൾപ്പെടുത്തും. സാങ്കേതിക വികസനത്തിൻ്റെയും പ്രദർശനത്തിൻ്റെയും എട്ട് ദൗത്യങ്ങളിലൂടെ 2028 ഡിസംബറിൽ ബിഎഎസ്-1ൻ്റെ ആദ്യ യൂണിറ്റ് വിക്ഷേപിച്ച് കൊണ്ടാണ് ഇന്ത്യയുടെ മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യം വിഭാവനം ചെയ്തിരിക്കുന്നത്.

2018 ഡിസംബറിൽ അംഗീകരിച്ച ഗഗൻയാൻ ദൗത്യം, ബഹിരാകാശത്തിലെ ലോ എർത്ത് ഓർബിറ്റിലേക്ക് (LEO) മനുഷ്യനെ എത്തിക്കാനും, ദീർഘകാലാടിസ്ഥാനത്തിൽ ഇന്ത്യൻ മനുഷ്യ ബഹിരാകാശ പര്യവേക്ഷണ പരിപാടിക്ക് ആവശ്യമായ സാങ്കേതിക വിദ്യകളുടെ അടിത്തറ പാകാനും ലക്ഷ്യമിടുന്നതായിരുന്നു. അമൃതകാലത്തെ ഇന്ത്യയുടെ ബഹിരാകാശ കാഴ്ചപ്പാടിൽ, 2035-ഓടെ പ്രവർത്തനക്ഷമമായ ഭാരതീയ അന്തരിക്ഷ് സ്റ്റേഷനും 2040-ഓടെ ചന്ദ്രനിൽ മനുഷ്യനെ എത്തിക്കലും ഉൾപ്പെടുന്നു . ദീർഘകാലത്തേക്കുള്ള മനുഷ്യ ബഹിരാകാശ ദൗത്യങ്ങളും ചന്ദ്രനിലേക്കും അതിനപ്പുറവുമുള്ള കൂടുതൽ പര്യവേഷണങ്ങളും നടത്താൻ,
എല്ലാ മുൻനിര ബഹിരാകാശ യാത്രാ രാജ്യങ്ങളും ആവശ്യമായ കഴിവുകൾ വികസിപ്പിക്കുന്നതിനും പ്രവർത്തനക്ഷമമാക്കുന്നതിനും ഗണ്യമായ ശ്രമങ്ങളും നിക്ഷേപങ്ങളും നടത്തുന്നുണ്ട്.

വ്യവസായം, അക്കാദമി, മറ്റ് ദേശീയ ഏജൻസികൾ എന്നിവയുമായി സഹകരിച്ച് ഐഎസ്ആർഒ നയിക്കുന്ന ദേശീയ ശ്രമമായിരിക്കും ഗഗൻയാൻ. ഐഎസ്ആർഒയ്ക്കുള്ളിൽ സ്ഥാപിതമായ പ്രോജക്ട് മാനേജ്‌മെൻ്റ് സംവിധാനം വഴിയാണ് പരിപാടി നടപ്പിലാക്കുക. ദീർഘകാല മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾക്കായി നിർണായക സാങ്കേതികവിദ്യകൾ വികസിപ്പിക്കുകയും പരീക്ഷിക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യം. ഈ ലക്ഷ്യം കൈവരിക്കുന്നതിന്, 2026-ഓടെ നടന്നുകൊണ്ടിരിക്കുന്ന ഗഗൻയാൻ പരിപാടിക്ക് കീഴിൽ ISRO നാല് ദൗത്യങ്ങളും BAS-ൻ്റെ ആദ്യ മൊഡ്യൂളിൻ്റെ വികസനവും നിർവഹിക്കും. 2028 ഡിസംബറോടെ നാല് ദൗത്യങ്ങൾ ഏറ്റെടുത്തു കൊണ്ട് BAS-നുള്ള വിവിധ സാങ്കേതിക വിദ്യകളുടെ പരീക്ഷണവും വിലയിരുത്തലും നടത്തും.

ലോ എർത്ത് ഓർബിറ്റിലേക്കുള്ള മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾക്ക് ആവശ്യമായ സാങ്കേതിക കഴിവുകൾ രാജ്യം നേടും. ഭാരതീയ അന്തരിക്ഷ് സ്റ്റേഷൻ പോലുള്ള ദേശീയ ബഹിരാകാശ അധിഷ്ഠിത സൗകര്യം, മൈക്രോ ഗ്രാവിറ്റി അടിസ്ഥാനമാക്കിയുള്ള ശാസ്ത്ര ഗവേഷണ – സാങ്കേതിക വികസന പ്രവർത്തനങ്ങൾ വർദ്ധിപ്പിക്കും. ഇത് സാങ്കേതിക രംഗത്ത് കുതിച്ചുചാട്ടങ്ങളിലേക്ക് നയിക്കുകയും പ്രധാന മേഖലകളിലെ ഗവേഷണ- വികസന നൂതനാശയങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മനുഷ്യ ബഹിരാകാശ പരിപാടിയിലെ വ്യാവസായിക പങ്കാളിത്തവും സാമ്പത്തിക പ്രവർത്തനവും മെച്ചപ്പെടുത്തുന്നത് പ്രത്യേകിച്ച്, ബഹിരാകാശത്തും അനുബന്ധ മേഖലകളിലുമുള്ള ഉയർന്ന സാങ്കേതിക മേഖലകളിലെ തൊഴിലവസരങ്ങൾ വർദ്ധിപ്പിക്കുന്നതിന് കാരണമാകും.

നേരത്തെ അംഗീകരിച്ച ഗഗൻയാൻ ദൗത്യത്തിൽ 11,170 കോടി രൂപയുടെ അധിക ധനസഹായത്തോടെ, പരിഷ്കരിച്ച ഗഗൻയാൻ ദൗത്യത്തിനുള്ള മൊത്തം ധനസഹായം 20,193 കോടി രൂപയായി ഉയർത്തി.

ഈ പദ്ധതി , രാജ്യത്തെ യുവാക്കൾക്ക് പ്രത്യേകിച്ച്, ശാസ്ത്ര സാങ്കേതിക മേഖലകളിൽ തൊഴിൽ ഏറ്റെടുക്കാനും മൈക്രോ ഗ്രാവിറ്റി അടിസ്ഥാനമാക്കിയുള്ള ശാസ്ത്ര ഗവേഷണ – സാങ്കേതിക വികസന പ്രവർത്തനങ്ങളിൽ അവസരങ്ങൾ നേടാനും ഒരു അതുല്യമായ അവസരം നൽകും. തത്ഫലമായുണ്ടാകുന്ന നൂതനാശയങ്ങളും സാങ്കേതിക വിദ്യകളും സമൂഹത്തിന് വലിയ തോതിൽ പ്രയോജനം ചെയ്യും.

ഭാരതത്തിനായി പുനരുപയോഗിക്കാവുന്നതും ചെലവുകുറഞ്ഞതുമായ വിക്ഷേപണ വാഹനം. ഉയര്‍ന്ന പേലോഡും ചെലവ് കുറഞ്ഞതും പുനരുപയോഗിക്കാവുന്നതും വാണിജ്യപരമായി ലാഭകരവുമായ വിക്ഷേപണ വാഹനം ഐ.എസ്.ആര്‍.ഒ വികസിപ്പിക്കും.അടുത്ത തലമുറ ഉപഗ്രഹവാഹക വിക്ഷേപണ വാഹനത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ഭാരതീയ അന്തരിക്ഷ് സ്‌റ്റേഷന്‍ സ്ഥാപിക്കുന്നതിനും പ്രവര്‍ത്തിപ്പിക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിനും 2040 ഓടെ ചന്ദ്രനില്‍ ഇന്ത്യന്‍ സംഘം ഇറങ്ങുന്നതിനുള്ള കാര്യശേഷി വികസിപ്പിക്കുന്നതിനുമുള്ള സുപ്രധാന ചുവടുവയ്പ്പായി മാറുന്ന അടുത്തതലമുറ വിക്ഷേപണ വാഹനം (നെക്‌സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിള്‍ -എന്‍.ജി.എല്‍.വി) വികസിപ്പിക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. എന്‍.വി.എം 3നെ അപേക്ഷിച്ച് 1.5 മടങ്ങ് ചെലവില്‍ നിലവിലുള്ളതിന്റെ 3 മടങ്ങ് പേലോഡ് ശേഷി എന്‍.ജി.എല്‍.വിക്ക് ഉണ്ടായിരിക്കുമെന്ന് മാത്രമല്ല, ബഹിരാകാശത്തിലേക്കും മോഡുലാര്‍ ഗ്രീന്‍ പ്രൊപ്പല്‍ഷന്‍ സംവിധാനങ്ങളിലേക്കും കുറഞ്ഞ ചെലവില്‍ പ്രാപ്യത സാദ്ധ്യമാക്കുന്ന പുനരുപയോഗക്ഷമതയും ഉണ്ടായിരിക്കും.

അമൃത് കാലിലെ ഇന്ത്യന്‍ ബഹിരാകാശ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ക്ക് ഉയര്‍ന്ന പേലോഡ് ശേഷിയും പുനരുപയോഗ ക്ഷമതയും ഉള്ള പുതിയ തലമുറ മനുഷ്യ റേറ്റഡ് വിക്ഷേപണ വാഹനങ്ങള്‍ അനിവാര്യമാണ്. അതിനാല്‍, ഭൂമിയുടെ താഴെയുള്ള ആദ്യ ഭ്രമണപഥത്തില്‍ പരമാവധി 30 ടണ്‍ പേലോഡ് ശേഷിയും അതോടൊപ്പം പുനരുപയോഗിക്കാവുന്ന ആദ്യഘട്ടവുമുള്ള അടുത്തതലമുറ വിക്ഷേപണ വാഹനത്തിന്റെ (നെക്‌സ്റ്റ് ജനറേഷന്‍ ലോഞ്ച് വെഹിക്കിളിന്റെ -എന്‍.ജി.എല്‍.വി) വികസനം ഏറ്റെടുക്കുക്കേണ്ടതുണ്ട്. നിലവില്‍ പ്രവര്‍ത്തിക്കുന്ന പി.എസ്.എല്‍.വി, ജി.എസ്.എല്‍.വി, എല്‍.വി.എം3, എസ്.എസ്.എല്‍.വി എന്നീ വിക്ഷേപണ വാഹനങ്ങളിലൂടെ ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്ക് (എല്‍.ഇ.ഒ) 10 ടണ്ണും ജിയോ-സിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്ക് (ജി.ടി.ഒ) 4 ടണ്ണും വരെ ഭാരമുള്ള ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കുന്നതിനുള്ള ബഹിരാകാശ ഗതാഗത സംവിധാനങ്ങളില്‍ നിലവില്‍ ഇന്ത്യ സ്വയംപര്യാപ്തത നേടിയിട്ടുണ്ട്.

ഇന്ത്യന്‍ വ്യവസായത്തില്‍ നിന്നുള്ള പരമാവധി പങ്കാളിത്തത്തോടെയായിരിക്കും എന്‍.ജി.എല്‍.വി വികസന പദ്ധതി നടപ്പിലാക്കുക, തുടക്കത്തില്‍ തന്നെ അവര്‍ നിര്‍മ്മാണ കാര്യശേഷിയില്‍ നിക്ഷേപം നടത്തുമെന്ന് പ്രതീക്ഷിക്കുന്നു, അതുവഴി വികസനത്തിന് ശേഷമുള്ള പ്രവര്‍ത്തന ഘട്ടത്തിലേക്ക് തടസ്സമില്ലാത്ത മാറ്റവും സാദ്ധ്യമാകും. വികസന ഘട്ടത്തിന്റെ പൂര്‍ത്തീകരണത്തിനായി 96 മാസത്തെ (8 വര്‍ഷം) ലക്ഷ്യത്തോടെ മൂന്ന് വികസന ഫൈ്‌ളറ്റുകളുടെ (ഡി1, ഡി2 ഡി3) ഉപയോഗ്തിലൂടെ എന്‍.ജി.എല്‍.വി പ്രദര്‍ശിപ്പിക്കും. ഇതിനായി ആകെ അനുവദിച്ച ഫണ്ടായ 8240.00 കോടി രൂപയില്‍ വികസന ചെലവുകള്‍, മൂന്ന് വികസന ഫ്‌ളൈറ്റുകള്‍, അവശ്യ സൗകര്യങ്ങള്‍ സ്ഥാപിക്കല്‍, പ്രോഗ്രാം മാനേജ്‌മെന്റ്, ലോഞ്ച് കാമ്പെയ്ന്‍ എന്നിവ ഉള്‍പ്പെടുന്നു.

ഭാരതീയ അന്തരിക്ഷ് സ്‌റ്റേഷനിലേക്കുള്ള കുതിപ്പ്

മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യങ്ങള്‍ തൊട്ട് ഭാരതീയ അന്തരിക്ഷ് സ്‌റ്റേഷന്‍ വരെയും, ചന്ദ്ര/അന്തര്‍ ഗ്രഹ പര്യവേക്ഷണ ദൗത്യങ്ങള്‍ അവയ്‌ക്കൊപ്പം ലോ എര്‍ത്ത് ഓര്‍ബിറ്റിലേക്കുള്ള ആശയവിനിമയ, ഭൗമ നിരീക്ഷണ ഉപഗ്രഹ രാശികള്‍ ഉള്‍പ്പെടെയുള്ള ദേശീയ, വാണിജ്യ ദൗത്യങ്ങള്‍ എന്‍.ജി.എല്‍.വി യുടെ വികസനം, പ്രാപ്തമാക്കും. ഈ പദ്ധതി ഇന്ത്യന്‍ ബഹിരാകാശ ആവാസവ്യവസ്ഥയെ കഴിവിന്റെയും കാര്യശേഷിയുടെയും അടിസ്ഥാനത്തില്‍ ഉയര്‍ത്തുകയും ചെയ്യും.

ചന്ദ്രനും ചൊവ്വയ്ക്കും ശേഷം ശുക്രനില്‍ ശാസ്ത്രീയ ലക്ഷ്യങ്ങള്‍ ഉന്നമിട്ട് ഇന്ത്യ

ശാസ്ത്രീയ പര്യവേക്ഷണത്തിനും ശുക്രന്റെ അന്തരീക്ഷം, ഭൂമിശാസ്ത്രം എന്നിവയെക്കുറിച്ച് മനസ്സിലാക്കുന്നതിനും അതിന്റെ സാന്ദ്രമായ അന്തരീക്ഷത്തിലെ ഗവേഷണത്തിലൂടെ വലിയ അളവിലുള്ള ശാസ്ത്രവിവരങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് ശുക്ര ദൗത്യത്തിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കിയത്

ചന്ദ്രനും ചൊവ്വയ്ക്കും അപ്പുറം ശുക്രനെ പര്യവേക്ഷണം ചെയ്യുന്നതിനും പഠിക്കുന്നതിനുമുള്ള ഗവണ്‍മെന്റിന്റെ കാഴ്ചപ്പാടിലേക്കുള്ള സുപ്രധാന ചുവടുവയ്പ്പായ ‘വീനസ് ഓര്‍ബിറ്റര്‍ മിഷന്റെ’ (വി.ഒ.എം) വികസനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം അംഗീകാരം നല്‍കി. എങ്ങനെ ഗ്രഹപരിസ്ഥിതികള്‍ വളരെ വ്യത്യസ്തമായി പരിണമിക്കുമെന്ന് മനസിലാക്കാന്‍ ഭൂമിയോട് ഏറ്റവും അടുത്തുകിടക്കുന്നതും, ഭൂമിക്ക് സമാനമായ അവസ്ഥയില്‍ രൂപപ്പെട്ടുവെന്ന് വിശ്വസിക്കുന്ന ഗ്രഹമായ ശുക്രന്‍, ഒരു അവസരം നല്‍കുന്നു.

ശുക്രന്റെ ഉപരിതലം, സബ്‌സര്‍ഫസ്, അന്തരീക്ഷ പ്രക്രിയകളും, ശുക്രന്റെ അന്തരീക്ഷത്തിലെ സൂര്യന്റെ സ്വാധീനവും എന്നിവയെക്കുറിച്ച് നന്നായി മനസ്സിലാക്കുന്നതിനായി ശുക്രന്റെ ഭ്രമണപഥത്തില്‍ ഒരു ശാസ്ത്രീയ ബഹിരാകാശ പേടകത്തെ പരിക്രമണം ചെയ്യുന്നതിന് വിഭാവനം ചെയ്തിട്ടുള്ള ‘വീനസ് ഓര്‍ബിറ്റര്‍ മിഷന്‍’ ബഹിരാകാശ വകുപ്പായിരിക്കും നടപ്പിലാക്കുക. ഒരുകാലത്ത് വാസയോഗ്യമായിരുന്നെന്നും ഭൂമിയോട് സാമ്യമുള്ളതാണെന്നും വിശ്വസിക്കപ്പെടുന്ന ശുക്രന്റെ പരിവര്‍ത്തനത്തിന്റെ അടിസ്ഥാന കാരണങ്ങളെക്കുറിച്ചുള്ള പഠനം, സഹോദരഗ്രഹങ്ങളായ ശുക്രന്റെയും ഭൂമിയുടെയും പരിണാമം മനസ്സിലാക്കുന്നതിന് വിലമതിക്കാനാവാത്ത സഹായമായിരിക്കും ചെയ്യുക.

ബഹിരാകാശ പേടകങ്ങളുടെ വികസനവും വിക്ഷേപണവും ഐ.എസ്.ആര്‍.ഒയുടെ ഉത്തരവാദിത്തമായിരിക്കും. ഐ.എസ്.ആര്‍.ഒയില്‍ നിലവിലുള്ള അംഗീകൃത സമ്പ്രദായങ്ങളിലൂടെ പദ്ധതി ഫലപ്രദമായി കൈകാര്യം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും. ദൗത്യത്തില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ നിലവിലുള്ള സംവിധാനങ്ങളിലൂടെ ശാസ്ത്ര സമൂഹത്തിന് കൈമാറും.

2028 മാര്‍ച്ചില്‍ ലഭ്യമായ അവസരത്തില്‍ ഈ ദൗത്യം പൂര്‍ത്തീകരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ ശാസ്ത്ര ഫലങ്ങള്‍ക്ക് വഴിവയ്ക്കുന്ന ചില ശ്രദ്ധേയമായ ശാസ്ത്രീയ ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ ശുക്ര ദൗത്യ (വീനസ് മിഷന്‍) ഉത്തരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ വ്യവസായങ്ങളിലൂടെയായിരിക്കും ബഹിരാകാശ പേടകത്തിന്റെയും വിക്ഷേപണ വാഹനത്തിന്റെയും സാക്ഷാത്കാരം മാത്രമല്ല സമ്പദ്വ്യവസ്ഥയുടെ മറ്റ് മേഖലകളിലേക്ക് വലിയ തൊഴില്‍ സാദ്ധ്യതകളും സാങ്കേതികവിദ്യയുടെ ഉപോല്‍പ്പന്നങ്ങളും ഉണ്ടാക്കുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നതും.

വീനസ് ഓര്‍ബിറ്റര്‍ മിഷ (വി.ഒ.എം) നായി അനുവദിച്ചിരിക്കുന്ന മൊത്തം 1236 കോടി രൂപയുടെ ഫണ്ടില്‍ 824.00 കോടി രൂപ ബഹിരാകാശ പേടകത്തിനായി ചെലവഴിക്കും. ബഹിരാകാശ പേടകത്തിന്റെ പ്രത്യേക പേലോഡുകളുടെയും സാങ്കേതിക ഘടകങ്ങളുടെയും വികസനവും സാക്ഷാത്കാരവും ആഗോള ഗ്രൗണ്ട് സ്‌റ്റേഷന്‍ പിന്തുണച്ചെലവ് നാവിഗേഷനും നെറ്റ്വര്‍ക്കിനുമുള്ള വിക്ഷേപണ വാഹനത്തിന്റെ ചെലവ് എന്നിവയും ഇതില്‍ ഉൾപ്പെടുന്നു.

ശുക്രനിലേക്കുള്ള യാത്ര

ഈ ശുക്ര ദൗത്യം വലിയ പേലോഡുകളും ഒപ്റ്റിമല്‍ ഓര്‍ബിറ്റ് ഇന്‍സേര്‍ഷന്‍ അപ്രോച്ചുകളുമുള്ള ഭാവി ഗ്രഹ ദൗത്യങ്ങള്‍ക്ക് ഇന്ത്യയെ പ്രാപ്തമാക്കും. ബഹിരാകാശ പേടകത്തിന്റെയും വിക്ഷേപണ വാഹനത്തിന്റെയും വികസനത്തില്‍ ഇന്ത്യന്‍ വ്യവസായത്തിന്റെ ഗണ്യമായ പങ്കാളിത്തവും ഉണ്ടാകും. രൂപകല്‍പ്പന, വികസനം, ടെസ്റ്റിംഗ്, ടെസ്റ്റ് ഡാറ്റ റിഡക്ഷന്‍, കാലിബ്രേഷന്‍ മുതലായവ ഉള്‍പ്പെടുന്ന വിക്ഷേപണത്തിനു മുന്പുള്ള ഘട്ടത്തില്‍ വിവിധ അക്കാദമിക് സ്ഥാപനങ്ങളുടെ പങ്കാളിത്തവും വിദ്യാര്‍ത്ഥികള്‍ക്കുള്ള പരിശീലനവും വിഭാവനം ചെയ്യുന്നുണ്ട്. ദൗത്യം അതിന്റെ അതുല്യമായ ഉപകരണങ്ങളിലൂടെ ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തിന് പുതിയതും മൂല്യവത്തായതുമായ ശാസ്ത്രീയവിവരങ്ങള്‍ വാഗ്ദാനം ചെയ്യുകയും, അതുവഴി ഉയര്‍ന്നുവരുന്നതും പുതിയതുമായ അവസരങ്ങള്‍ പ്രദാനം ചെയ്യുകയും ചെയ്യും.

ഇന്ത്യ വീണ്ടും ചന്ദ്രനിലേയ്ക്ക്: ഇക്കുറി ചന്ദ്രനില്‍ ഇറങ്ങിയ ശേഷം ഭൂമിയിലേക്ക് മടങ്ങും

ചന്ദ്രയാന്‍-1,2,3 എന്നീ പരമ്പരകളിലെ ചന്ദ്രയാന്‍-4 ദൗത്യത്തിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

ചന്ദ്രനില്‍ നിന്ന് ഭൂമിയിലേക്ക് തിരികെ വരാനും സാമ്പിളുകള്‍ കൊണ്ടുവരാനുമുള്ള സാങ്കേതിക വിദ്യകള്‍ തെളിയിക്കുന്നതിന് ചന്ദ്രയാന്‍-3 വിജയിച്ചതിന് ശേഷം ചന്ദ്രനിലേക്കുള്ള ദൗത്യം

ചന്ദ്രനില്‍ ഇറങ്ങിയ ശേഷം ഭൂമിയിലേക്ക് തിരികെ വരുന്നതിനുള്ള സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുന്നതിനും തെളിയിക്കുന്നതിനും ചന്ദ്രന്റെ സാമ്പിളുകള്‍ ശേഖരിച്ച് ഭൂമിയില്‍ വിശകലനം ചെയ്യുന്നതിനുമായി ചന്ദ്രയാന്‍-4 എന്ന് പേരിട്ടിരിക്കുന്ന ചാന്ദ്ര ദൗത്യത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി.

ഒരു ഇന്ത്യക്കാരന് ചന്ദ്രനില്‍ ഇറങ്ങുന്നതിനും സുരക്ഷിതമായി ഭൂമിയില്‍ മടങ്ങിയെത്തുന്നതിനുമുള്ള (2040 ഓടെ) അടിസ്ഥാന സാങ്കേതിക വിദ്യകളുടെ കഴിവുകള്‍ ഈ ചന്ദ്രയാന്‍-4 ദൗത്യം കൈവരിക്കും. ഡോക്കിംഗ്/അണ്‍ഡോക്കിംഗ്, ലാന്‍ഡിംഗ്, സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങല്‍ എന്നിവയ്ക്കും ചന്ദ്രന്റെ സാമ്പിള്‍ ശേഖരണത്തിനും വിശകലനത്തിനും ആവശ്യമായ പ്രധാന സാങ്കേതിക വിദ്യകള്‍ ഇതിലൂടെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യും.

2035-ഓടെ ഇന്ത്യന്‍ ബഹിരാകാശ നിലയവും (ഭാരതീയ അന്തരിക്ഷ് സ്‌റ്റേഷന്‍) 2040-ഓടെ ചന്ദ്രനില്‍ ഇന്ത്യ ഇറങ്ങുന്നതും വിഭാവനം ചെയ്യുന്ന ഇന്ത്യന്‍ ബഹിരാകാശ പദ്ധതികള്‍ക്കുള്ള വിപുലീകൃതമായ കാഴ്ചപ്പാട് അമൃത്കാലിന്റെ സമയത്ത് ഇന്ത്യ ഗവണ്‍മെന്റ് രൂപപ്പെടുത്തിയിട്ടുണ്ട്. ഈ കാഴ്ചപ്പാട് സാക്ഷാത്കരിക്കുന്നതിനായി അനുബന്ധ ബഹിരാകാശ ഗതാഗതത്തിന്റെയും അടിസ്ഥാന സൗകര്യ കാര്യശേഷിയുടെയും വികസനം ഉള്‍പ്പെടെ ഗഗന്‍യാന്റെയും ചന്ദ്രയാന്റെയും തുടര്‍ ദൗത്യങ്ങളുടെ പരമ്പരകളും വിഭാവനം ചെയ്തിട്ടുണ്ട്.

ചന്ദ്രയാന്‍ -3 ലാന്‍ഡര്‍ വിജയകരമായി സുരക്ഷിതവും മൃദുലവുമായി ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറക്കിയ പ്രകടനം ചുരുക്കം ചില രാജ്യങ്ങള്‍ക്ക് മാത്രമുള്ള സുപ്രധാന സാങ്കേതിക വിദ്യകള്‍ കൈവരിച്ചതിന്റെ അംഗീകാരവും അതിന്റെ കാര്യശേഷി ബോദ്ധ്യപ്പെടുത്തലുമാണ്. ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകള്‍ ശേഖരിക്കാനും അവയെ സുരക്ഷിതമായി ഭൂമിയിലേക്ക് എത്തിക്കാനുമുള്ള കഴിവ് വിജയകരമായ ലാന്‍ഡിംഗ് ദൗത്യത്തിന്റെ സ്വാഭാവിക പിന്‍ഗാമിയെന്ന് തെളിയിക്കുന്നതുമാണ്.

ബഹിരാകാശ പേടകങ്ങളുടെ വികസനത്തിന്റെയും വിക്ഷേപണത്തിന്റെയും ഉത്തരവാദിത്തം ഐഎസ്ആര്‍ഒ യ്ക്കായിരിക്കും. നിലവിലുള്ള അംഗീകൃത സമ്പ്രദായങ്ങളിലൂടെ ഐ.എസ്.ആര്‍.ഒ പദ്ധതി ഫലപ്രദമായി കൈകാര്യം ചെയ്യുകയും നിരീക്ഷിക്കുകയും ചെയ്യും.

വ്യവസായ, അനുമതി ലഭിച്ച് 36 മാസത്തിനുള്ളില്‍ വ്യവസായ ഗവേഷക പങ്കാളിത്തത്തോടെ ദൗത്യം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എല്ലാ നിര്‍ണ്ണായക സാങ്കേതികവിദ്യകളും തദ്ദേശീയമായി വികസിപ്പിച്ചെടുക്കാനാണ് വിഭാവനം ചെയ്യുന്നത്. വിവിധ വ്യവസായങ്ങളിലൂടെയാണ് ദൗത്യം സാക്ഷാത്കരിക്കപ്പെടുന്നത്, മാത്രമല്ല, സമ്പദ്വ്യവസ്ഥയുടെ മറ്റ് മേഖലകളിലേക്ക് ഉയര്‍ന്ന തൊഴിലവസര സാദ്ധ്യതകളും സാങ്കേതികവിദ്യയുടെ ഉപോല്‍പ്പന്നങ്ങളും ഉണ്ടാകുന്ന തരത്തിലാണ് ഇത് വിഭാവനം ചെയ്തിരിക്കുന്നതും.

സാങ്കേതിക ബോദ്ധ്യപ്പെടുത്തല്‍ ദൗത്യമായ ചന്ദ്രയാന്‍-4 ന് വേണ്ട മൊത്തം ഫണ്ട് 2104.06 കോടി രൂപയാണ്.. ബഹിരാകാശ പേടക വികസനവും സാക്ഷാത്കാരവും, എല്‍.വി.എം3 ന്റെ രണ്ട് വിക്ഷേപണ വാഹന ദൗത്യങ്ങള്‍, ബാഹ്യ ഡീപ് സ്പേസ് നെറ്റ്വര്‍ക്ക് പിന്തുണ, രൂപകല്‍പ്പന മൂല്യനിര്‍ണ്ണയത്തിനായുള്ള പ്രത്യേക പരിശോധനകള്‍, ചന്ദ്രോപരിതലത്തില്‍ ഇറങ്ങുകയും ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകള്‍ക്കൊപ്പം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങുകയുമെന്ന അന്തിമദൗത്യത്തിലേക്ക് നയിക്കുക എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ് ഈ ചെലവ്.

മനുഷ്യനോടൊപ്പമുള്ള ദൗത്യങ്ങള്‍, ചന്ദ്രനില്‍ നിന്നുള്ള സാമ്പിളുകളുമായുള്ള മടക്കയാത്ര, ചാന്ദ്ര സാമ്പിളുകളുടെ ശാസ്ത്രീയ വിശകലനം എന്നിവയ്ക്കുള്ള നിര്‍ണ്ണായക അടിസ്ഥാന സാങ്കേതിക വിദ്യകളില്‍ ഇന്ത്യയെ സ്വയംപര്യാപ്തമാക്കാന്‍ ഈ ദൗത്യം സഹായിക്കും. ഇതിന്റെ സാക്ഷാത്കാരത്തില്‍ ഇന്ത്യന്‍ വ്യവസായത്തിന്റെ ഗണ്യമായ പങ്കാളിത്തവും ഉണ്ടാകും.

സയന്‍സ് മീറ്റുകള്‍, ശില്‍പശാലകള്‍ എന്നിവയിലൂടെ ചന്ദ്രയാന്‍ -4 ദൗത്യവുമായി ഇന്ത്യന്‍ അക്കാദമിയെ ബന്ധിപ്പിക്കുന്നതിനുള്ള പദ്ധതി ഇതിനകം തന്നെ നിലവിലുണ്ട്. ചാന്ദ്ര സാമ്പിളുകളുടെ പ്രദർശനത്തിനും വിശകലനത്തിനുമുള്ള സൗകര്യങ്ങള്‍ സ്ഥാപിക്കുന്നതും ഈ ദൗത്യം ഉറപ്പാക്കും, അവ ദേശീയ ആസ്തികളുമായിരിക്കും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments