Monday, October 28, 2024
Homeഇന്ത്യഉത്തര്‍പ്രദേശില്‍ "ദൃശ്യം" സിനിമ മോഡൽ കൊലപാതകം

ഉത്തര്‍പ്രദേശില്‍ “ദൃശ്യം” സിനിമ മോഡൽ കൊലപാതകം

ഉത്തര്‍പ്രദേശില്‍ നാല് മാസം മുമ്പ് കാണാതായ യുവതിയുടെ മൃതദേഹം കാണ്‍പൂരിലെ ജില്ലാ മജിസ്‌ട്രേറ്റിന്റെ വീടിന് സമീപം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ജിം ട്രെയിനറെ പോലീസ് അറസ്റ്റ് ചെയ്തു. പ്രമുഖ ബിസിനസുകാരന്റെ ഭാര്യയായ ഏക്താ ഗുപ്തയാണ് കൊല്ലപ്പെട്ടത്. ജൂണ്‍ 24നാണ് ഇവരെ കാണാതായത്. ജില്ലാ മജിസ്‌ട്രേറ്റിന്റെ വീടിനോട് ചേര്‍ന്നുള്ള ഓഫീസേഴ്‌സ് ക്ലബിന്റെ പരിസരത്ത് നിന്നാണ് എക്താ ഗുപ്തയുടെ ശരീരവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയത്.

ജിം ട്രെയിനറായ വിമല്‍ സോണിയാണ് ഏക്തയെ കൊലപ്പെടുത്തിയത്. ഇയാളെ ശനിയാഴ്ചയോടെ പോലീസ് അറസ്റ്റ് ചെയ്തു. കാറിനുള്ളില്‍ വെച്ചാണ് ഏക്തയെ കൊന്നതെന്നും ശേഷം മൃതദേഹം ജില്ലാ മജിസ്‌ട്രേറ്റിന്റെ വീടിന് സമീപം കുഴിച്ചിടുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. ‘ദൃശ്യം’ സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് കൊലപാതകം ചെയ്തതെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കി. ദൃശ്യം സിനിമ 20 തവണ താന്‍ കണ്ടുവെന്നും വിമല്‍ പോലീസിനോട് പറഞ്ഞു

ഞായറാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മൃതദേഹം പുറത്തെടുത്തത്. ഫോറന്‍സിക് വിദഗ്ധരും ഏക്തയുടെ ഭര്‍ത്താന് രാഹുല്‍ ഗുപ്തയും സ്ഥലത്തെത്തിയിരുന്നു. ജൂണ്‍ 24ന് ഗ്രീന്‍പാര്‍ക്ക് ജിമ്മില്‍ നിന്ന് രാവിലെ ആറരയോടെ ഏക്ത പുറത്തേക്ക് പോകുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ശേഷം കാറില്‍ വിമലും ഏക്തയും അരമണിക്കൂറോളം ചെലവഴിച്ചു. കാറിനുള്ളില്‍ വെച്ച് വിമലിന്റെ വിവാഹനിശ്ചയത്തെച്ചൊല്ലി ഇരുവരും തര്‍ക്കത്തിലായി. രാവിലെ 7മണിയോടെ കാര്‍ ജിമ്മിന്റെ പരിസരത്ത് നിന്ന് അപ്രത്യക്ഷമായി. 7.45 ഓടെ വിമല്‍ സോണി ജില്ലാ മജിസ്‌ട്രേറ്റിന്റെ വസതിയ്ക്ക് സമീപത്ത് എത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

കാറിനുള്ളില്‍ വെച്ച് തര്‍ക്കം മുറുകുന്നതിനിടെ താന്‍ ഏക്തയുടെ കഴുത്ത് ഞെരിച്ചുവെന്ന് വിമല്‍ സോണി പറഞ്ഞു. അപ്പോഴേക്കും ഏക്ത മരണപ്പെട്ടിരുന്നു,’ ഡിസിപി ശ്രാവണ്‍ കുമാര്‍ സിംഗ് പറഞ്ഞു. എന്നാല്‍ ഏക്തയും വിമലും പ്രണയത്തിലായിരുന്നുവെന്ന പോലീസ് നിഗമനത്തെ എതിര്‍ത്ത് ഏക്തയുടെ ഭര്‍ത്താവ് രാഹുല്‍ ഗുപ്ത രംഗത്തെത്തി. ഏക്തയെ പണത്തിന് വേണ്ടി വിമല്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് രാഹുല്‍ പറഞ്ഞു. പോലീസിന്റെ നിഗമനം തെറ്റാണെന്ന് പറഞ്ഞ് ഏക്തയുടെ സഹോദരനും രംഗത്തെത്തി.

ഏക്തയെ കൊല്ലാനുപയോഗിച്ച കാര്‍ ജൂണ്‍ 25ന് പോലീസ് കണ്ടെത്തി. വിമല്‍ സോണിയുടെ സഹോദരിയുടെ വീട്ടില്‍ നിന്നാണ് പോലീസ് കാര്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ ഏക്തയെ കൊല്ലാനുപയോഗിച്ച കയറും തുണിക്കഷ്ണങ്ങളും പോലീസ് കണ്ടെത്തി. കൂടാതെ പൊട്ടിയ സിം കഷ്ണങ്ങളും ഏക്ത ഉപയോഗിച്ചിരുന്ന ഹെയര്‍ ക്ലച്ചും കാറിനുള്ളില്‍ നിന്ന് പോലീസ് കണ്ടെത്തി. ‘പ്രതി ഏക്തയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണ്. എന്നാല്‍ പോലീസ് പറയുന്നത് അവര്‍ തമ്മില്‍ പ്രണയത്തിലായിരുന്നുവെന്നാണ്,’ ഏക്തയുടെ ഭര്‍ത്താവ് രാഹുല്‍ ഗുപ്ത പറഞ്ഞു.

കൊലപാതകത്തിന് ശേഷം വിമല്‍ സോണി തന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഇയാള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ആഗ്രയില്‍ എടിഎമ്മില്‍ നിന്ന് ഇയാള്‍ 2000 രൂപ പിന്‍വലിച്ചിരുന്നു. പിന്നീട് പണത്തിന് ബുദ്ധിമുട്ട് വന്നപ്പോള്‍ ഇയാള്‍ കാണ്‍പൂരിലേക്ക് എത്തി. തുടര്‍ന്നാണ് ഇയാളെ മാള്‍ റോഡില്‍ നിന്ന് പിടികൂടിയതെന്ന് ഡിസിപി പറഞ്ഞു. ചോദ്യം ചെയ്യലില്‍ അന്വേഷണത്തെ വഴിതെറ്റിക്കാന്‍ വിമല്‍ ശ്രമിച്ചു.

ഏക്ത കശ്മീരില്‍ ജോലി തേടിപ്പോയിരിക്കുകയാണെന്നാണ് ഇയാള്‍ ആദ്യം പറഞ്ഞത്.കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ഏക്തയെ താന്‍ കൊന്നുവെന്നും മൃതദേഹം ഗംഗയിലൊഴുക്കിയെന്നും ഇയാള്‍ പറഞ്ഞു. എന്നാല്‍ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാള്‍ ഏക്തയെ കൊന്നുവെന്നും മൃതദേഹം ജില്ലാ മജിസ്‌ട്രേറ്റിന്റെ വീടിന് സമീപം കുഴിച്ചിട്ടെന്നും സമ്മതിച്ചത്. ഞായറാഴ്ചയോടെ മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയശേഷം വിമല്‍ സോണിയെ റിമാന്‍ഡ് ചെയ്തു.

നിരവധി ഐപിഎസ്, ഐഎഎസ് ഉദ്യോസ്ഥരുടെ പരിശീലകന്‍ കൂടിയായിരുന്നു വിമല്‍ സോണി. വര്‍ഷങ്ങളായി ഫിറ്റ്‌നെസ് ട്രെയിനിംഗ് മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയാണ് ഇയാള്‍. വിമല്‍ സോണിയെക്കുറിച്ച് ഇതിനുമുമ്പ് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഉന്നത ഉദ്യോഗസ്ഥരുമായുള്ള ഇയാളുടെ അടുപ്പം ഇത്തരം കേസുകളില്‍ ഇയാള്‍ക്ക് രക്ഷയായി. 2022ല്‍ അന്നത്തെ റീജിയണല്‍ സ്‌പോര്‍ട്‌സ് ഡയറക്ടറായിരുന്ന മുദ്രിത പഥക് ഇയാളുടെ കരാര്‍ റദ്ദാക്കിയിരുന്നു. ജിമ്മിലെത്തുന്നവരോട് പ്രത്യേകിച്ച് സ്ത്രീകളോടുള്ള ഇയാളുടെ പെരുമാറ്റത്തെപ്പറ്റി പരാതി ലഭിച്ചതിനെത്തുടര്‍ന്നായിരുന്നു ഈ നടപടി.

എന്നാല്‍ പിന്നീട് ഉന്നത ഇടപെടലുകളുടെ ഫലമായി കരാര്‍ വിമല്‍ സോണിയ്ക്ക് തന്നെ ലഭിച്ചുവെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.ഓഫീസേഴ്‌സ് ക്ലബ്ബിന് സമീപം ഏക്തയുടെ മൃതദേഹം കുഴിച്ചിടാന്‍ വിമല്‍ സോണിയ്ക്ക് നിരവധി പേരുടെ സഹായം ലഭിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് ഏക്ത ഗുപ്തയുടെ ഭര്‍ത്താവ് രാഹുല്‍ ഗുപ്ത ആരോപിച്ചു. സംഭവത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ രംഗത്തെത്തി. അതേസമയം കൊലപാതകം ചെയ്യാന്‍ പ്രതിയെ മറ്റാരെങ്കിലും സഹായിച്ചോ എന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് അഡിഷണല്‍ കമ്മീഷണര്‍ ഓഫ് പോലീസ് ഹാരിഷ് ചന്ദ്ര പറഞ്ഞു. സംസ്ഥാനത്തെ ജിം ട്രെയിനര്‍മാരുടെ വിവരങ്ങള്‍ ശേഖരിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments