‘മലയാളി മനസ്സിൻ്റെ ‘ എല്ലാ വായനക്കാർക്കും ആദ്യമായി എൻ്റെ ‘തിരുവോണാശംസകൾ ‘ നേരുന്നു.
മലയാളികൾക്ക് ഒഴിച്ചുകൂടാൻ ആവാത്ത ഒന്നാണല്ലോ ഓണസദ്യ. ഓണസദ്യയിലെ ഒരു പ്രധാന വിഭവമായ അവിയൽ എല്ലാവർക്കും ഇഷ്ടമാണ്. ഇത് തയ്യാറാക്കുവാൻ പലർക്കും അറിയാമെങ്കിലും അറിയാത്തവർക്കായി അതെങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് ഞാൻ പരിചയപ്പെടുത്താം.
ആവശ്യമായ ചേരുവകൾ
———————————————–
ചേന 400 ഗ്രാം
പടവലങ്ങ 200 ഗ്രാം
വെള്ളരി 400 ഗ്രാം
പച്ച ഏത്തക്ക 100 ഗ്രാം
വഴുതനങ്ങ 100 ഗ്രാം
അച്ചിങ്ങ പയർ 100 ഗ്രാം
മുരിങ്ങക്ക 50 ഗ്രാം
ക്യാരറ്റ് 100 ഗ്രാം
ഉള്ളി 50 ഗ്രാം
പച്ച മാങ്ങ ഒന്ന് ചെറുത്
പച്ച മുളക് അഞ്ചെണ്ണം
തേങ്ങ ചിരകിയത് രണ്ട് കപ്പ്
ജീരകം അര ടീസ്പൂൺ
മഞ്ഞൾപൊടി അര ടീസ്പൂൺ
മുളകുപൊടി അര ടീസ്പൂൺ
വെളിച്ചെണ്ണ ആവശ്യത്തിന്
കറിവേപ്പില ആവശ്യത്തിന്
ഉപ്പ് പാകത്തിന്
തയ്യാറാക്കുന്ന വിധം
**********
പച്ചക്കറികൾ ഓരോന്നും കഴുകി നീളത്തിൽ അരിഞ്ഞ് മാറ്റി വയ്ക്കുക.
തേങ്ങയും ജീരകവും ചുവന്നുള്ളിയും അല്പം കറിവേപ്പിലയും ഒരു മിക്സിയുടെ ജാറിൽ ചതച്ച് മാറ്റിവെക്കുക.
ഒരു ചുവട് കട്ടിയുള്ള ഉരുളി അടുപ്പിൽ വച്ച് അതിലേക്ക് അല്പം വെളിച്ചെണ്ണ ഒഴിച്ച് ചൂടാവുമ്പോൾ കറിവേപ്പില ഇടുക.
ഇനി ചേന, വെള്ളരിക്ക, പടവലങ്ങ, ക്യാരറ്റ്, പയർ, ചുമന്നുള്ളി രണ്ടായി പിളർന്നത്, മുരിങ്ങക്ക, പച്ചമുളക് , മഞ്ഞൾപൊടി , മുളകുപൊടി ഇത്രയും ചേർത്ത് വേവാൻ പാകത്തിന് അല്പം വെള്ളം കൂടി ചേർത്ത് ഇളക്കി തട്ടിപ്പൊത്തി മൂടിവെച്ച് വേവിക്കുക.
പാതി വേവാകുമ്പോൾ മാങ്ങയും പാകത്തിന് ഉപ്പും ചേർക്കുക. ഇതിലേക്ക് കടുക് ചതച്ച് ചേർത്ത് മൂടി വെക്കുക.
കഷ്ണങ്ങൾ ഉടഞ്ഞു പോകാത്ത വിധത്തിൽ വേവിച്ചെടുക്കുക.
ഇതിലേക്ക് ചതച്ചുവെച്ച തേങ്ങാ ചേർത്ത് തട്ടിപ്പൊത്തിവെച്ച് ഒന്നുകൂടി ആവി വരുന്നതുവരെ വേവിക്കുക. അതിനുശേഷം തീ ഓഫ് ചെയ്ത് പച്ചവെളിച്ചെണ്ണയിൽ രണ്ട് ഉള്ളിയും രണ്ടു തണ്ട് കറിവേപ്പിലയും കൈകൊണ്ട് ഞരടി ഇട്ട് അത് ഇതിലേക്ക് ചേർത്ത് ഒരു വാഴയിലകൊണ്ട് അല്പം നേരം മൂടിവെക്കുക.
അതിനുശേഷം കഷ്ണങ്ങൾ അധികം ഉടഞ്ഞുപോകാതെ സാവകാശം ഇളക്കി യോജിപ്പിച്ച് രുചികരമായ ‘അവിയൽ’ എന്ന ഈ വിഭവം വിളമ്പാവുന്നതാണ്.