റാന്നി: ഏഴാം നൂറ്റാണ്ടിലേക്ക് മനുഷ്യ സമൂഹത്തെ കൊണ്ടു പോകാൻ ആരെയും അനുവദിക്കരുത് എന്ന് ഫാ.ഡോ. മാതൃൂസ് വാഴക്കുന്നത്തിൻ്റെ കവിതാസമാഹാരം പ്രകാശനം ചെയ്തുകൊണ്ട് പ്രശസ്ത കവി മുരുകൻ കാട്ടാക്കട അഭിപ്രായപ്പെട്ടു.
പ്രണയവും പ്രണയ ഭംഗവും ഒരു നാണയത്തിൻ്റെ ഇരുവശങ്ങളാണെന്നും മനോനില തെറ്റിയവർക്കു മാത്രമേ പ്രണയഭംഗത്തിൻ്റെ പേരിൽ കൊല നടത്താനാവൂ എന്നും കവി പറഞ്ഞു. തെരുവിൽ പരിചയപ്പെട്ട പുരോഹിതനാണ് ഫാ. ഡോ. മാത്യൂസ് വാഴക്കുന്നമെന്നും താൻ കണ്ട ശ്രേഷ്ഠ പുരോഹിതന്മാരിൽ ഒരാളാണ് അദ്ദേഹമെന്നും മുരുകൻ കാട്ടാക്കട കൂട്ടിച്ചേർത്തു.
റാന്നി സെൻ്റ് തോമസ് കോളേജിൽ വെച്ചു നടന്ന ചടങ്ങിൽ കേരള ഭാഷാഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ബോർഡ് അംഗം അഡ്വ.സുധീഷ് വെൺപാല പുസ്തകം ഏറ്റുവാങ്ങി. നിരൂപകനും പാലാ സെൻ്റ് തോമസ് കോളേജിലെ മലയാളവിഭാഗം അസോസിയേറ്റ് പ്രൊഫസറുമായ ഡോ. തോമസ് സ്കറിയ വാഴക്കുന്നം അച്ചൻ്റെ കവിതകൾ എന്ന പുസ്തകത്തെ പരിചയപ്പെടുത്തി. ദൈവത്തിൻ്റെ സ്വരം വാഴക്കുന്നത്തച്ചൻ്റെ കവിതകളിൽ മുഴങ്ങുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഡോ. ഷൈനി തോമസ്, ഡോ. വീണ എസ്. കുമാരി നന്ദിത വിനേഷ് എന്നിവർ പ്രസംഗിച്ചു. താൻ ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന പുരോഹിത കവിയാണെന്ന് മറുപടി പ്രസംഗത്തിൽ ഡോ. മാത്യൂസ് വാഴക്കുന്നം പറഞ്ഞു.