🔹ഇലക്ടറല്‍ ബോണ്ട് കേസില്‍ എസ്ബിഐക്കും കേന്ദ്ര സര്‍ക്കാരിനും തിരിച്ചടി. ഇലക്ടറല്‍ ബോണ്ടുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കാന്‍ സമയം നീട്ടി നല്‍കണമെന്ന എസ്ബിഐയുടെ അപേക്ഷ തള്ളിയ സുപ്രീം കോടതി വിവരങ്ങള്‍ നാളെ തന്നെ കൈമാറണമെന്ന് ഉത്തരവിട്ടു. കേസില്‍ സുപ്രീംകോടതി വിധി പറഞ്ഞിട്ട് 26 ദിവസം കഴിഞ്ഞുവെന്നും ഇത് വരെ എന്ത് ചെയ്യുകയായിരുന്നുവെന്നും എന്തിന് സമയം വൈകിപ്പിച്ചെന്നും കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവരങ്ങള്‍ 15ന് പ്രസിദ്ധീകരിക്കണമെന്നും, ഇല്ലെങ്കില്‍ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്നും കോടതി വ്യക്തമാക്കി.
🔹തലശ്ശേരി-മാഹി ബൈപാസ് യാഥാര്‍ത്ഥ്യമായി. ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി വിഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. സ്പീക്കര്‍ എ.എന്‍.ഷംസീറും മരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസും ഉദ്ഘാടന സമ്മേളനത്തില്‍ പങ്കെടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തുടങ്ങിയവര്‍ തിരുവനന്തപുരത്തുനിന്നാണ് ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത്.
🔹മുല്ലപ്പെരിയാറിലെ പാര്‍ക്കിങ് ഗ്രൗണ്ട് നിര്‍മാണത്തിനെതിരെ തമിഴ്നാട് നല്‍കിയ ഹര്‍ജിയില്‍ കേരളത്തിന് അനൂകൂലമായി സര്‍വേ ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. പാട്ട ഭൂമിക്ക് പുറത്താണ് നിര്‍മ്മാണമെന്നാണ് സര്‍വേ ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട്. കേസ് അടുത്ത മാസം 24ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും.
🔹കേരള സര്‍വകലാശാല കലോത്സവത്തിനിടെ കെഎസ് യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതിന് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും, കലോത്സവേദിയില്‍ ഇടിച്ചു കയറിയതിന് കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരെയും കേസെടുത്ത് പൊലീസ്. യൂണിവേഴ്സിറ്റി കലോത്സവത്തിന്റെ വേദിയായ യൂണിവേഴ്സിറ്റി സെനറ്റ് ഹാളിലാണ് ഇന്നലെ സംഘര്‍ഷമുണ്ടായത്.
🔹വര്‍ക്കല ഫ്ലോട്ടിംഗ് ബ്രിഡ്ജില്‍ അപകടമുണ്ടായ ശനിയാഴ്ച ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കിട്ടിയിരുന്നില്ലെന്ന് ആന്‍ഡമാന്‍ കമ്പനിയായ ജോയ് വാട്ടര്‍ സ്പോര്‍ട്സ് വ്യക്തമാക്കി. അപ്രതീക്ഷിതമായുണ്ടായ തിരയില്‍ ആളുകള്‍ ഒരുവശത്ത് തിങ്ങികൂടിയതാണ് അപകടത്തിനിടയാക്കിയത് എന്നാണ് കമ്പനിയുടെ വിശദീകരണം. സാധാരണ കോസ്റ്റല്‍ പൊലീസോ, ഗാര്‍ഡുകളോ മുന്നറിയിപ്പ് തരുന്നത് അനുസരിച്ച് പാലത്തില്‍ സഞ്ചാരികളെ കയറ്റുന്നത് നിര്‍ത്തിവയ്ക്കാറുണ്ടെന്നും കമ്പനിയുടെ ടെക്ക്നിക്കല്‍ ഹെഡ് അറിയിച്ചു.
🔹സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങള്‍ക്ക് ശേഷം മാര്‍ച്ച് നാലിന് അടച്ച പൂക്കോട് വെറ്റിനറി കോളേജ് ഇന്ന് തുറന്നു. ഹോസ്റ്റലില്‍ സിസിടിവി അടക്കാം സ്ഥാപിച്ചു. ആണ്‍കുട്ടികളുടെ രണ്ട് ഹോസ്റ്റല്‍ അടക്കം നാലിടത്ത് ഹോസ്റ്റല്‍ വാര്‍ഡന്‍മാരുടെ എണ്ണം കൂട്ടുന്നത് ഒരുമാസത്തിനകം നടപ്പാക്കുമെന്ന് സര്‍വകലാശാല അറിയിച്ചു.
🔹പാലക്കാട് വീയ്യകുറിശ്ശിയില്‍ സ്‌കൂളിലേക്ക് നടന്നു പോകുകയായിരുന്ന വീട്ടുകുറിശ്ശി സ്വദേശി പ്രജീഷയുടെ മകന്‍ ആദിത്യനെ പന്നി ഇടിച്ചിട്ടു. എല്‍കെജി വിദ്യാര്‍ത്ഥിയായ ആദിത്യനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയ്ക്കൊപ്പം സ്‌കൂളിലേക്ക് പോകുന്നതിനിടെയാണ് സംഭവം.
🔹മലപ്പുറത്ത് ഭക്ഷണം തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ചു. കുറ്റിപ്പുറം പാഴൂര്‍ സ്വദേശികളായ കളത്തില്‍വെട്ടത്തില്‍ റാഫി-റഹീല ദമ്പതികളുടെ മകള്‍ റിഷ ഫാത്തിമ ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് പുലര്‍ച്ചെയോടെയാണ് മരിച്ചത്.
🔹കല്‍പ്പറ്റ പനമരത്തിനടുത്ത കൂടല്‍ക്കടവ് ചെക്ക് ഡാമിന് സമീപം കുളിക്കാനിറങ്ങി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നടവയല്‍ ആലംമൂല അത്തിപ്പുര ലക്ഷ്മണന്‍ തമ്പിയുടെ മൃതദേഹമാണ് ഫയര്‍ഫോഴ്‌സും പ്രാദേശിക സന്നദ്ധ സംഘടന പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിനൊടുവില്‍ കണ്ടെത്തിയത്.
🔹അനുവാദമില്ലാതെ കര്‍ണാടക മന്ത്രി കെ എച്ച് മുനിയപ്പയുടെ പിറന്നാളിനോട് അനുബന്ധിച്ചുള്ള പോസ്റ്റര്‍ റോഡരികില്‍ വച്ച കോണ്‍ഗ്രസ് നേതാവായ രാജീവ് ഗൗഡയ്ക്ക് ബെംഗളുരു നഗരസഭ 50,000 രൂപ പിഴയിട്ടു. ആവശ്യമായ അനുമതികളൊന്നും കൂടാതെയാണ് പോസ്റ്റര്‍ സ്ഥാപിച്ചതെന്ന് വ്യക്തമാക്കിയാണ് ബ്രഹത് ബെംഗളുരു മഹാനഗര പാലിക കോണ്‍ഗ്രസ് നേതാവിന് പിഴയിട്ടത്.
🔹തിരുവനന്തപുരം, മുംബൈ, അഹമ്മദാബാദ്, ലഖ്‌നൗ, മംഗലാപുരം, ഗുവാഹത്തി, ജയ്പൂര്‍, എന്നീ ഏഴ് വിമാനത്താവളങ്ങളുടെ വിപുലീകരണത്തിനായി 60,000 കോടി രൂപ നിക്ഷേപിക്കാന്‍ അദാനി ഗ്രൂപ്പ് പദ്ധതിയിടുന്നു. റണ്‍വേകള്‍, കണ്‍ട്രോള്‍ ടവറുകള്‍, എയര്‍ക്രാഫ്റ്റ് മെയിന്റനന്‍സ്, ഇന്ധനം നിറയ്ക്കല്‍ തുടങ്ങിയ വിഭാഗങ്ങള്‍ ഉള്‍പ്പെടുന്ന എയര്‍സൈഡിനായും ഹോട്ടലുകള്‍, കണ്‍വെന്‍ഷന്‍ സെന്ററുകള്‍, റീട്ടെയില്‍ ഔട്ട്‌ലെറ്റുകള്‍, ഭക്ഷണശാലകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന സിറ്റിസൈഡിനായും 30,000 കോടി രൂപ വീതവും നിക്ഷേപിക്കുമെന്നും അദാനി പോര്‍ട്ട്സ് ആന്‍ഡ് സ്പെഷ്യല്‍ ഇക്കണോമിക് സോണ്‍ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ കരണ്‍ അദാനി പറഞ്ഞു.
🔹മലയാളത്തില്‍ നിന്ന് ബോക്സ് ഓഫീസ് കളക്ഷനില്‍ നിര്‍ണായക നേട്ടത്തിലെത്തി നസ്ലെന്റെ ‘പ്രേമലു’. മലയാളത്തിന്റെ പുതിയ 100 കോടി ചിത്രമായിരിക്കുകയാണ് പ്രേമലു. മലയാളത്തില്‍ നിന്നുള്ള പ്രേമലു 100 കോടി ക്ലബില്‍ എത്തുമ്പോള്‍ പ്രധാന വേഷത്തില്‍ ഉള്ളത് യുവ താരങ്ങളാണ് എന്നതും പ്രധാനമാണ്. ബോളിവുഡിനെയടക്കം ഞെട്ടിച്ചാണ് പ്രേമലുവിന്റെ കുതിപ്പ്. മലയാളത്തില്‍ മാത്രമല്ല തെലുങ്കിലും മലയാള ചിത്രം പ്രേമലുവിന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. ഹൈദരബാദിന്റെ പശ്ചാത്തലത്തലത്തിലുള്ള ഒരു കഥയായിരുന്നു ചിത്രത്തിന്റെ പ്രമേയം. പ്രേമലുവില്‍ അതിമനോഹരമായ ഒരു പ്രണയ കഥയായിരുന്നു അവതരിപ്പിച്ചത്. പുതുമ അനുഭവപ്പെടുത്തുന്ന ഒരു മലയാള ചിത്രമായി പ്രേമലുവിന് മാറാനായി എന്നതാണ് ബോക്സ് ഓഫീസിലും പ്രതിഫലിക്കുന്നത് എന്നു കരുതാം. മമ്മൂട്ടിയുടെ ഭ്രമയുഗത്തിന് ഒരാഴ്ചയ്ക്ക് ശേഷം തിയറ്ററില്‍ എത്തിയ പ്രേമലു പിന്നീട് വന്‍ കുതിപ്പ് നടത്തുകയായിരുന്നു. നസ്ലിനും മമിതയും പ്രേമലുവില്‍ പ്രധാന കഥാപാത്രങ്ങളായപ്പോള്‍ ഗിരീഷ് എ ഡി ആണ് സംവിധാനം ചെയ്തത്. ശ്യാം മോഹന്‍, അഖില ഭാര്‍ഗവന്‍, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രന്‍ എന്നിവരും പ്രേമലുവില്‍ പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. തമാശയ്ക്കും പ്രാധാന്യം നല്‍കിയ ഒരു ചിത്രമാണ് നസ്ലെന്റെ പ്രേമലു. പുതിയ കാലത്തിന് യോജിച്ച തരത്തിലുള്ളതായിരുന്നു ചിത്രത്തിലെ തമാശകള്‍ എന്നതും പ്രേമലുവിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കാരണമായി