Logo Below Image
Monday, April 21, 2025
Logo Below Image
Homeഅമേരിക്കഇംതിയാസ് (കഥ) ✍റോമി ബെന്നി

ഇംതിയാസ് (കഥ) ✍റോമി ബെന്നി

റോമി ബെന്നി

ബാഗിൽ സാധനങ്ങൾ എടുത്തു വെയ്ക്കുമ്പോൾ റീമ ടീച്ചറുടെ കണ്ണുകൾ എന്തിനെന്നറിയാതെ നിറഞ്ഞു. ആഗ്രഹിച്ചതു പോലെ ഹൈസ്കൂളിലേക്ക് പ്രൊമോഷൻ. അതും മലയാളികൾ അധികം പഠിക്കുന്ന സ്കൂളിലേയ്ക്ക്. പഠിപ്പിച്ച വിഷയം തന്നെ തുടർന്നു പഠിപ്പിക്കാം. മക്കളോടൊത്ത് എന്നും പോയി വരാം.അവരുടെ സ്കൂളിൽ ടീച്ചറായി ചെല്ലാം. ഹൈസ്കൂൾ ടീച്ചറെന്ന നിലയിൽ ശമ്പളവും കൂടുതൽ പിന്നെന്താ സന്തോഷമില്ലായ്മ മനസിൽ നിറയുന്നത്

ഇത്രയും നാൾ മലയാളം എന്ന ഭാഷ എന്താണെന്നു പോലും കേൾക്കാത്ത കൂട്ടരുടെ ഇടയിൽ നാലാം ക്ലാസിലെ എല്ലാ വിഷയവും മറുഭാഷയിൽ പഠിപ്പിക്കുകയായിരുന്നു. തന്റെ ഐച്ഛിക വിഷയമായ മാതൃഭാഷ സംസാരിക്കാൻ മലയാളികൾ പോലും അധരം തുറക്കാത്തയിടത്തു നിന്നുള്ള മോചനം. എന്നാലും ഒരു മ്ലാനത മനസിലും മുഖത്തും നിറഞ്ഞു നിന്നു.

മക്കളും ഭർത്താവും രാവിലെ പോയി കഴിഞ്ഞ് വീട്ടു ജോലിയെല്ലാം തീർത്തു ടി.വി.യും നോക്കിയിരിപ്പ്. മടുപ്പായി തുടങ്ങി . പന്ത്രണ്ടു വർഷം നാട്ടിൽ ജോലി ചെയ്ത ശേഷം വന്നതു കൊണ്ട് വെറുതെയിരിപ്പ് സഹിക്കാൻ പറ്റാതായി. അതു കൊണ്ടാണ് അടുത്തുതന്നെയുള്ള സി.ബി.എസ്.ഇ സ്കൂളിൽ ജോലി തേടിയത്. ഇന്ത്യൻ സിലബസെങ്കിലും ഒറ്റ ഇന്ത്യക്കാരില്ലാത്ത സ്കൂൾ .

പാക്കിസ്ഥാനിയും, ബംഗ്ലാദേശുകാരും , അഫ്ഗാനിസ്ഥാനികളും മാത്രം പഠിക്കുന്ന സ്ഥലം. സ്കൂൾ നടത്തിപ്പുകാരോ മലയാളികളും.

ഗൾഫ് ഏക്‌സ്പീരിയില്ലെങ്കിലും അവർ ഇന്റർവ്യൂയൊക്കെ നടത്തിയശേഷംജോലി തന്നു.

ആദ്യമായി ക്ലാസിൽ ചെന്നപ്പോഴാണ് അവസ്ഥ കണ്ടു ഞെട്ടിയത്. പക്ഷേ ഇപ്പോൾ അവിടെ നിന്നിറങ്ങുമ്പോൾ പോകേണ്ടയെന്ന് മാനേജുമെന്റും മറ്റു സ്റ്റാഫും കുട്ടികളും പറയുമ്പോഴും പോകണമെന്ന തീരുമാനത്തിൽ താൻ ഉറച്ചു തന്നെ നിന്നു.

പക്ഷേ അവിടത്തെ പടിയിറങ്ങിയപ്പോൾ കണ്ണീർ തടുക്കാനാവാതെ ഉച്ചവെയിലേക്ക് നോക്കി ഉരുകി നിൽക്കുന്ന തന്നെ കാണുന്ന കുഞ്ഞുങ്ങളുടെ മിഴികളിലും കണ്ണീർ ഉരുണ്ടു കൂടുന്നുണ്ടായിരുന്നു.

ഇതൊന്നുമറിയാതെ ഇംതിയാസ് റ്റാറ്റാ പറഞ്ഞ് അവന്റെ ബാബയുടെ കാറിലേയ്ക്ക് ഓടിപ്പോയി. അവൻ ഓടിപ്പോകുന്നതു നോക്കി നിന്നപ്പോൾ ജീവിതത്തിൽ നിന്നും എന്നന്നേയ്ക്കുമായി അവൻ അകന്നകന്ന് പോകുന്ന പോലെ തോന്നിപ്പോയി.

പാക്കിസ്ഥാനി പഠാൻ ആണ് ഇംതിയാസ്. മറ്റു കുട്ടികൾക്കും, അധ്യാപകർക്കും, കുടുംബത്തിനും തലവേദനയായി പെരുമാറുന്ന നാലാം ക്ലാസുകാരനെ എങ്ങനെ കൈയ്യിലെടുത്തു എന്നു സഹഅധ്യാപകർ പലപ്പോഴും ചോദിക്കാറുണ്ട്.
ക്ലാസിൽ ഏറ്റവും മൂലയ്ക്കായി ഇരുന്ന്, റബർ ബാൻഡ് പെൻസിൽ വെച്ചു തൊടുത്ത് സ്വയം വേദനിപ്പിച്ചും മറ്റു കുട്ടികളെയും ഉപദ്രവിച്ചിരിക്കുന്ന കുഞ്ഞ് ഇംതിയാസ് . അവന്റെ തിങ്ങി നിറഞ്ഞ കൺപീലികളുടെ അറ്റത്ത് ഒരു നീലത്തിളക്കം ഒറ്റനോട്ടത്തിൽ കാണാൻ കഴിഞ്ഞു.

ഞാൻ ക്ലാസിൽ ആദ്യമായി ചെന്നു കയറിയത് അവന് എച്ച്.എം ഒരു അടി നൽകി ആ വേദനയിൽ നിൽക്കുന്ന നേരത്താണ്. ആകെ കലികൊണ്ട ഭാവം. പുതിയ ടീച്ചറല്ല ലോകത്ത് ആരു വന്നാലും എന്നെ ബാധിക്കുന്നില്ല എന്ന ഭാവത്തിൽ കളി തുടർന്നുകൊണ്ടിരുന്നു അവൻ.

ആദ്യദിനത്തെ ആഘോഷിക്കാൻ , ഓരോ കുട്ടികളുടെ പേര്, നാട് തുടങ്ങിയ പരിചയപ്പെടൽ കലാപരിപാടിയിലേക്ക് പ്രവേശിക്കുമ്പോഴും അവൻ തന്നെ ഗൗനിച്ചതേയില്ല. പേരു ചോദിച്ച് അവന്റെ തോളത്തു തട്ടിയപ്പോൾ കൈതട്ടിമാറ്റിയവൻ.

പിന്നെ എപ്പോഴാണു തന്റെ കാവൽക്കാരനായത്? സ്കൂൾ ബസിൽ വന്നിറങ്ങുമ്പോൾ ഡ്രൈവർ പറയും ടീച്ചറേ ‘ദേ ഫ്രണ്ട് കാത്ത് നിൽപ്പുണ്ടേയ്’. അവന് തന്റെ ബാഗ് പിടിക്കാൻ കൊടുക്കണം. തന്റെയൊപ്പം ക്ലാസിൽ കയറണം. താൻ ഓഫീസുമുറിയിൽ ഒപ്പിടാൻ കയറുമ്പോൾ വാതിൽക്കൽ കാത്തു നിൽക്കും. എച്ച് എം പറയും ‘വാല് കൂടെയുണ്ടല്ലോ’ എന്ന്.

സാധാരണ ക്ലാസിൽ കയറാതെ ഗ്രൗണ്ടിൽ കളിച്ചു നടക്കുന്നതാണ് അവനെ കുറിച്ച് ഏറ്റവും വലിയ കംപ്ലയിന്റ്. പിന്നെ മറ്റു കുട്ടികളെ ഉപദ്രവിക്കലും. അവന്റെ വീട്ടിലെ വിശേഷം ചോദിച്ചാൽ അറിയാവുന്ന ഇംഗ്ലീഷിൽ എല്ലാം പറയും. ആറു സഹോദരങ്ങൾ പിന്നെ ഉമ്മിയും, ബാബയും ബാബ വൽദിയയിൽ (മുൻസിപ്പാലിറ്റി) യിൽ ഡ്രൈവർ. മൂത്തമകനൊഴിച്ച് വേറെല്ലാവരും ഇവിടെയുണ്ട്. അവന് ഹോം വർക്ക് ചെയ്യാൻ സഹായിക്കാൻ ആരുമില്ല. സ്കൂൾ ബസിൽ നേരത്തേ വരുന്നതു കൊണ്ട് ആ ഡ്യൂട്ടി ഞാൻ സന്തോഷ ത്തോടെ ഏറ്റെടുത്തു.

തന്റെ ആദ്യത്തെ പി.റ്റി.എ മീറ്റിംഗിൽ അവന്റെ ബാബയും തോളത്ത് കുഞ്ഞിനെ ഇട്ട് ഉമ്മിയുമാണ് വന്നത്. അവരുടെ കണ്ണിൽ സ്നേഹത്തിന്റെ മിഴിനീർത്തിളക്കം.പഷ്തു എന്ന പഠാൺ ഭാഷയൊഴിച്ച് മറ്റൊന്നും കേൾക്കാതെയും അറിയാതെയും പറയാതെയും ആകെ മൂടിപ്പൊതിഞ്ഞ് കണ്ണു മാത്രം കാണുന്ന വിധത്തിൽ തന്റെ മുമ്പിൽ പമ്മി ഒതുങ്ങിയിരുന്ന ഒരു സ്ത്രീ രൂപം. ഉസ്താദിനെ കാണാൻ ഇവൾക്ക് നിർബന്ധമായിരുന്നു അതു കൊണ്ടാണ്ഞാൻ
കൊണ്ടു വന്നത്. തടിച്ച് ഉയരം കൂടിയ ബാബ വളരെ ഭവ്യതയോടെ സംസാരിച്ചു.

ക്ലാസിൽ എത്ര ഒച്ച വെച്ചാലും അവനെ ശ്രദ്ധിക്കാതെ താൻ ക്ലാസു തുടർന്നത് അവന് അത്ഭുതമായി. സാധാരണയായി ക്ലാസു തുടങ്ങുമ്പോൾ വെളിയിലാണ് അവന്റെ സ്ഥാനമെന്ന് ഈസാ പറഞ്ഞു. എല്ലാവർക്കും അവനെ പേടിയും ഒപ്പം അടുക്കാൻ ആഗ്രഹമില്ലാത്ത രീതിയുമാണെന്നത് താനും മനസിലാക്കിയിരുന്നു.

അവന്റെ ശല്യപ്പെടുത്തൽ തന്നെ ഒട്ടും തന്നെ ബാധിക്കുന്നില്ല എന്നു കണ്ടപ്പോൾ അവൻ കൈയിൽ തല വെച്ച് ഉറങ്ങാൻ നോക്കി.

ബോർഡിൽ എഴുതിയിട്ട ഡിക്ടേഷൻ പദങ്ങൾ അഞ്ചുതവണ എഴുതി കാണിക്കുന്നവരെ താൻ ഗ്രൌണ്ടിൽ കളിക്കാൻ കൊണ്ടുപോകാമെന്നു പറഞ്ഞ നേരം അവൻ തലയുയർത്തി നോക്കി തന്റെ പുഞ്ചിരി ഗൗനിക്കാതെയിരുന്നു.

‘ഇംതു ‘ നോട്ടുബുക്ക് എടുത്ത് ‘എന്റെയടുത്തു വാ’ കുട്ടികൾ ആ വിളികേട്ട് ആർത്തുചിരിച്ചു.

അവന്റെ പേരിന്റെ ആദ്യ പദമാണു ഞാൻ വിളിച്ചതെന്നും ഞങ്ങൾ ഇഷ്ടമുള്ളവരെ ഓമനിച്ച് പേര് ചെറുതാക്കി വിളിക്കാറുണ്ടെന്നും താൻ പറഞ്ഞപ്പോൾ നേർത്ത ഒരു ലജ്ജ അവന്റെ മുഖത്ത് മിന്നിമറഞ്ഞു.

തന്റെ അടുത്തു വന്നു നിന്നപ്പോൾ വിയർത്ത അവന്റെ നെറ്റിത്തടം മേശയിൽ ഇരുന്ന ടിഷ്യു പേപ്പർ കൊണ്ട്ഒപ്പി മാറ്റി
നെറ്റിയിൽ പാറി പറന്ന ചെമ്പിച്ച മുടിയൊതുക്കിവെച്ചു കൊടുത്തു. ഇതു വരെ കിട്ടാത്ത വാത്സല്യത്താൽ ഒരു പൂച്ചകുഞ്ഞ് കണ്ണിറുമ്മുന്ന പോലെ അവൻ പമ്മി പതുങ്ങി നിന്നു.

ഇവിടെ തന്റെ അടുത്തു നിന്ന് എഴുതെന്നു പറഞ്ഞപ്പോൾ ഒന്നമ്പരന്നെങ്കിലും അവൻ അനുസരിച്ചു.

എന്തോ വാങ്ങാൻ അടുത്ത ക്ലാസിൽ നിന്നു വന്ന റസിയ ടീച്ചർ തന്നോടു പറഞ്ഞു നല്ല പാർട്ടിയെയാണ് അടുത്തു നിർത്തിയിരിയുന്നത്. ടീച്ചറിനു വേറെ പണിയില്ല. ഇവറ്റകൾ കുളിച്ചിട്ട് എത്ര നാളായി കാണും? മലയാളത്തിലാണു പറഞ്ഞതെങ്കിലും അവരുടെ ഉയർന്ന ശബ്ദവും മുഖഭാവവും കൊണ്ട് അവനെയാണ് പറഞ്ഞതെന്നു മനസിലാക്കിയപ്പോൾ അവൻ ‘അണ്ടപ്പണ്ട, അണ്ടപ്പണ്ട’ എന്നു കളിയാക്കി ചിരിച്ചു. ഞങ്ങൾ മലയാള ഭാഷ സംസാരിച്ചതിനെ അവൻ അനുകരിച്ചതാണ്. ടീച്ചറിനു കലി കയറി അവന്റെ കാതിൽ പിടിക്കാൻ വന്നപ്പോൾ ഞാൻ തടഞ്ഞു. സാരമില്ല നമുക്ക് നമ്മുടെ ഭാഷ ഇവിടെ പറയാൻ പാടില്ലല്ലോ ടീച്ചർ വിട്ടേക്ക് എന്നു പറഞ്ഞു രംഗം ശാന്തമാക്കിയതെല്ലാം പെട്ടെന്നോർത്തു പോയി.

പിന്നെ എപ്പോഴെന്നറിയില്ല അവൻ തന്റെ സന്തതസഹചാ രിയായി . പിറ്റേ മാസം ക്ലാസ് ലീഡർ കൂടിയാക്കിയപ്പോൾ നാലാം ക്ലാസുകാരനായ ഇംതി എച്ച്.എം.ന്റെ ഗമയിലുമായി . സ്നേഹവും കരുതലും കൊടുത്താൽ ആരും നമ്മോടൊത്തിണങ്ങുമെന്ന പാഠം അന്ന് അവനിൽ നി ന്നാണ്പഠിച്ചത്.

ഒരിക്കൽ കുട്ടികളെന്തോ ടാപ്പു പൊട്ടിച്ച കംപ്ലയിന്റിന് പിടിച്ചത് തന്റെ ക്ലാസിലെ ചില കുട്ടികളെ ആയിരുന്നു . സത്യത്തിൽ ഈ നാലാം ക്ലാസുകാരല്ല ഹൈസ്കൂൾ കുട്ടികൾ ചെയ്തു വെച്ചത് ഇവരുടെ തലയിൽ വന്നു വീണതാണ്. എച്ച്.എം. ക്ലാസിൽ വന്നു കുട്ടികളെ വഴക്കു പറഞ്ഞു പോയി.

താൻ ഓഫീസിൽ ഏതോ കാര്യത്തിനു പോയി വന്ന സമയം. കുട്ടികളെല്ലാവരും പറഞ്ഞു ഞങ്ങളല്ല ചെയ്തത്. സാരമില്ല നമുക്ക് പറഞ്ഞു മനസിലാക്കാം സാറിനെ എന്നാശ്വസിപ്പിച്ചു. പിറ്റേന്ന് ഇംതിയാസു ചോദിച്ച് സാറെന്തു പറഞ്ഞു ? ‘ക്ലാസു ടീച്ചറുടെ കുറ്റം ‘ തമാശയ്ക്കു പറഞ്ഞ തന്റെ മറുപടി കേട്ട് അവന്റെ കണ്ണിൽ തീപ്പൊരി പോലെ എന്തോ പാറിയതായി തോന്നിച്ചു.

അന്ന് ഒരു ചോക്കെടുത്തു കൊണ്ടുവരാൻ അവനെ പറഞ്ഞു വിട്ടപ്പോൾ , ആ ജോലി അവന് ഭയങ്കര ഇഷ്ടവും അംഗീകാരവുമാണ്. പോകുന്നതു കാണണം തലയുയർത്തിപ്പിടിച്ച് ആർക്കും കിട്ടാത്ത അവകാശം നേടിയ പോൽ ഒരു ഓട്ടമാണ്.

അവൻ തിരിച്ചു വന്നത് ചോക്കും പിന്നെ കൈയ്യിൽ വലിയ ഉരുളൻ കല്ലുമായാണ് . ടീച്ചറെ വഴക്കു പറഞ്ഞ എച്ച് എം ന്റെ നെറ്റിമേൽ എറിയാൻ.
എറിയുന്ന വിധം അവൻ ഒരു കണ്ണടച്ച് ഉന്നം പിടിച്ചഭിനയിച്ചു കാണിച്ചപ്പോൾ തന്നോടുള്ള സ്നേഹത്താൽ അവൻ അതു ചെയ്തു കളഞ്ഞേക്കുമെന്ന ഭയത്താൽ ആദ്യമായി താനവനോടു ദേഷ്യപ്പെട്ടു.
നീയാരാ ദാവീദോ എറിയാൻ? ടി.സി. തന്നുവിടും പുറത്തു പോയി കല്ലു കളഞ്ഞിട്ടു വാ. തലകുമ്പിട്ട് മിണ്ടാതെ പോയി തിരിച്ചു വന്ന ആ കുഞ്ഞു മുഖം മനസിൽ ഒരു ചിത്രം പോലെ പതിഞ്ഞു കിടപ്പുണ്ട്.

സ്കൂൾ വിടുന്ന കാര്യം ആദ്യം എച്ച് എം നോടു പറഞ്ഞു. കോഴിക്കോടുകാരനായഎച്ച്എമ്മിന്റെ മകന്റെ ഭാര്യയും അവിടെ വർഷങ്ങളായി പഠിപ്പിക്കുന്നുണ്ട്. പ്രത്യേക വാത്സല്യ ബഹുമാനത്തോടെ തന്നോടു പെരുമാറിയിരുന്ന അദ്ദേഹമാണു പറഞ്ഞത്‌ ടീച്ചറു പോകണോ ഇവിടെ ഹാപ്പിയല്ലേ? കുട്ടികളും പാരന്റ്സും ഒത്തിരി സന്തോഷത്തിലാണ് ടീച്ചർ വന്നതിനു ശേഷം എന്നൊരു കോപ്ലിമെന്റും തന്നു.

നാട്ടിൽ മടങ്ങിച്ചെന്നാലും പഠിപ്പിക്കേണ്ട വിഷയവുമായി ഒരു ടച്ച് വേണ്ടേ സാർ അതാണ് എന്നു പറഞ്ഞൊഴിഞ്ഞു .സാരമില്ല ടീച്ചറുടെ ഇഷ്ടം. പക്ഷേ ഒരു കാര്യം ടീച്ചർ പോകുന്ന കാര്യം ഇംതിയാസ് അറിയരുത്. അവൻ വയലന്റ് ആകും.

പോരുന്ന ദിവസം ഇംതിയാസിനെ അടുത്ത ക്ലാസിലേയ്ക്ക് എന്തോ എടുക്കാൻ പറഞ്ഞു വിട്ട് കുട്ടികളോടു കാര്യം പറഞ്ഞപ്പോൾ കുഞ്ഞിക്കണ്ണുകൾ നിറയുന്നതും ‘പ്ലീസ് ടീച്ചർ പോകേണ്ട ടീച്ചർ, എല്ലാ ദിവസവും ടീച്ചർ പറഞ്ഞു തരുന്ന കഥയും കാത്ത് എന്റെ കുഞ്ഞനുജത്തി വീട്ടിലുണ്ട് .‘
അമ്ന എന്ന പഠിക്കാൻ മിടുക്കിയുടെ ഗദ്ഗദം. നല്ലൊരു പുതിയ ടീച്ചറാണ് വരുന്നത്. നിങ്ങൾ ഇംതിയാസിനോട് പറയേണ്ട നാളെ അവൻ നേരിട്ടു കാണട്ടെ എന്നു പറഞ്ഞു. ഇറങ്ങിയപ്പോൾ എല്ലാവരുടെയും പിന്നെ തന്റെയും മുഖം അപ്രസന്നമായിരുന്നു. പ്രവാസിയുടെ ജോലിക്ക് വഴിയമ്പലത്തിൽ താമസിക്കുന്നത്ര ക്ഷണികതയേയുള്ളു എന്നാരോ പറഞ്ഞത് ഓർത്തു പോയി.

മാസങ്ങൾക്കു ശേഷമാണ് പുതിയ സ്കൂളിലെ തിരക്കൊഴിഞ്ഞ നേരത്ത് റസിയ ടീച്ചറെ വിളിച്ച് വിശേഷങ്ങൾ തിരക്കിയത്. ആദ്യം ചോദിച്ചത് ഇംതിയാസിനെയാണ്. അവൻ നല്ല വിഷമത്തിലായിരുന്നു. പുറത്തു കാണിക്കാതെ നടന്നെങ്കിലും പഴയതിലും വയലന്റായി. ഇപ്പോൾ പാക്കിസ്ഥാനി സ്കൂളിലേക്ക് മാറ്റി. ടീച്ചറുടെ മറുപടി എന്നെ വിഷമിപ്പിച്ചു

എന്റെ നെറ്റിയിൽഒട്ടിച്ചു വെച്ചിരിക്കുന്ന മെറൂൺ പൊട്ട് , കുഞ്ഞി കൈ കൊണ്ട് തൊടാതെ തൊട്ട് ഇതെന്തിനാ എന്നു ചോദിക്കുന്ന ആ ബാലന്റെ മുഖം ഇപ്പോഴും ഒരു തീരാനൊമ്പരം പോലെഉയർന്നുവരുന്നുണ്ട്. വില്ലൻമാർ നിറഞ്ഞ സ്കൂളിലേയ്ക്ക് മാറ്റി കഠിനശിക്ഷകൾ ഏറ്റുവാങ്ങി അവൻ ആരായി മാറിയിട്ടുണ്ടാകും?

വീടുകളിൽ തോക്കുകൾ സൂക്ഷിക്കുന്ന, ദേഷ്യം വന്നാൽ പരസ്പരം വെടി വെയ്ക്കുന്ന പ്രദേശത്താണ് അവന്റെ വീടെന്ന് ഒരിക്കൽ പറഞ്ഞത് പെട്ടെന്ന് ഓർമ വന്നു.

നാട്ടിൽ തിരിച്ചെത്തിയിട്ട് വർഷങ്ങളായെങ്കിലും മായാത്തൊരോർമയായി മനസിൽ നിറഞ്ഞു നിൽക്കുന്നുണ്ടവൻ. ഒരിക്കലെങ്കിലും തന്നെ ഓർക്കുന്നുണ്ടാകുമോ അവൻ? കുഞ്ഞേ നിന്നോടു തെറ്റു വല്ലതും ചെയ്തോ? സ്വാർത്ഥത മൂലമാണോ നിന്നെ അവിടെ ഉപേക്ഷിച്ച് പോയത്? പറയാതെ പോന്നതു ശരിയായില്ല എന്നിങ്ങനെ ചിന്തകൾ കുത്തിയൊഴുകു മ്പോൾ എത്ര വലുതായിട്ടുണ്ടെങ്കിലും തന്റെ മനസിലെ കുഞ്ഞു രൂപത്തെ മനസിൽ നിന്നു മായിക്കാതെ എവിടെയായിരുന്നാലും നന്നായിജീവിക്കാനിടവരട്ടെ എന്നു പ്രാർത്ഥനയിൽ ചിന്തകൾ ഒതുക്കി നിർത്താനേ ഇനി തനിക്കു കഴിയു എന്ന നിസഹായതയുടെ തളർച്ചയിൽ ഇരുന്നു.

റോമി ബെന്നി

RELATED ARTICLES

14 COMMENTS

  1. ഇംതിയാസ്,,ഒരു നെരിപ്പോടും നെഞ്ചിലേറ്റിയ അനുഭവം.എഴുത്തൂകിരിയെപ്പോലെ വായനക്കാരും പ്രാർത്ഥനയിൽ ഓർക്കുന്നു….

  2. ഇംതിയാസ് ജീവൻ തുളുമ്പുന്ന ഒരു കഥാവിഷ്ക്കാരമാണ്. വായനക്കാരൻ്റെ മനസ്സിനെ തൊടുന്ന,. ഇടയ്ക്കിടെ കണ്ണ് നനയിക്കുന്ന, മനോഹരമായ കഥ. റോമി ബെന്നി അനുഗ്രഹീതയായ എഴുത്തുകാരിയാണ്. കഥകൾക്കായി കാത്തിരിക്കുന്നു. അംഗീകാരങ്ങൾ അർഹതപ്പെട്ടതു തന്നെ .അഭിനന്ദനങ്ങൾ

  3. വായിച്ചു കഴിയുമ്പോൾ ഒരു കുഞ്ഞു നൊമ്പരം.. നല്ല കഥ.

  4. വളരെ നല്ല അവതരണം. മുഷിപ്പില്ലാതെ അവസാനം വരെ വായിക്കാൻ പറ്റി. ഇനിയും ഒരുപാട് എഴുതാൻ പറ്റട്ടെ. All the very best👍

  5. വളരെ നല്ല കഥ മനസ്സിനെ സ്പർശിക്കുന്ന കണ്ണിനെ ഈറനണിയിക്കുന്ന ഇംതിയാസ് വായനക്കാരന്റെ മനസിൽ ഒരു നോവായി തീരുന്നു.അധ്യാപികയും ഇംതിയാസും എന്നും സഹൃദയരുടെ മനസ്സിൽ നോവായും സ്റ്റേ ഹമായും നിലനില്ക്കും. കഥാകാരിക്ക് എല്ലാവിധ ആശംസകളും പ്രാർത്ഥനകളും. ഇനിയും ഒരുപാട് കഥകൾ ഞങ്ങൾ വായനക്കാർ കാത്തിരിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here

അസ്വീകാര്യമായ, നിയമവിരുദ്ധമായ, അപകീര്‍ത്തികരമായ വാക്കുകൾ ഉപയോഗിക്കുക പാടില്ല. വ്യക്തിഗത ആക്രമണങ്ങളും ഉണ്ടാകരുത്. ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ സൈബർ നിയമപ്രകാരം കുറ്റമായിരിക്കും. എഴുതുന്നവരുടെ സ്വകാര്യ അഭിപ്രായങ്ങളാണ്.

Most Popular

Recent Comments

അച്യുതൻകുട്ടി പുത്തൻവീട്ടിൽ on കാർഡുകൾ (കഥ) ✍ പി. ചന്ദ്രശേഖരൻ