Saturday, November 23, 2024
Homeസ്പെഷ്യൽപള്ളിക്കൂടം കഥകൾ: (ഭാഗം - 25) ' സേവന വാരം '

പള്ളിക്കൂടം കഥകൾ: (ഭാഗം – 25) ‘ സേവന വാരം ‘

സജി ടി. പാലക്കാട്

സേവന വാരം.

സൂര്യൻ കിഴക്കേ ചക്രവാളത്തിൽ വളരെ ഉയർന്നിരുന്നു..
ചൂട് കാറ്റ് തുറന്നിട്ട വാതിലിലൂടെ മുറിക്കുള്ളിലേക്ക് അടിച്ചു കയറി…

അടുപ്പിന്റെ ചുവട്ടിലിരുന്ന് കെട്ടു പോയ തീ ഊതി കത്തിക്കുന്ന ലതയെ നോക്കി സദാനന്ദൻ മാഷ് കുറെ സമയം ഇരുന്നു…
അവളുടെ രൂപ ഭംഗിയിൽ ആരും ലയിച്ചിരുന്നുപോകും, എന്നതാണ് സത്യം.
മുളങ്കുഴലിലൂടെ തീ ഊതുമ്പോൾ അവളുടെ കവിളുകൾ വിടർന്നു വികസിച്ചു. കണ്ണ് നിറഞ്ഞ് കണ്ണുനീർ പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. കരിമഷി കണ്ണിന് ചുറ്റും പരന്നു.
അപ്പോഴും അവളുടെ മുഖത്ത് പുഞ്ചിരി വിടർന്നു. അവളുടെ സ്പ്രിങ് പോലെയുള്ള മുടിയിഴകൾ വലതു കണ്ണിനെ മറച്ചു.

‘സർ അരി വേവാറായി..’

ആണോ?
എങ്കിൽ ലത പൊയ്ക്കോളൂ..

ഉം..
സാർ പാടുമോ…?

‘ഏയ്… ഇല്ല …’

‘കുട്ടികൾ പറഞ്ഞുവല്ലോ സാർ പാട്ടുപാടും എന്ന്…’

‘ഏയ്, ചുമ്മാ…
പാട്ട് കേൾക്കുവാൻ ഇഷ്ടമാണ്…
ചെറുപ്പം മുതൽ തന്നെ പാട്ടിനോട് വലിയ ഇഷ്ടമായിരുന്നു.
താൻ ഗ്രാമഫോൺ റെക്കോർഡ് എന്ന് കേട്ടിട്ടുണ്ടോ..?’

‘കേട്ടിട്ടുണ്ട്, നമ്മുടെ വൈക്കം മുഹമ്മദ് ബഷീർ ഗ്രാമഫോൺ റെക്കോർഡിലൂടെയാണ് പാട്ട് കേട്ടിരുന്നത് എന്ന് വായിച്ചിട്ടുണ്ട്. ‘

‘അതെ, അതു തന്നെ.
അമ്മ വീട്ടിൽ ഗ്രാമഫോൺ റിക്കാർഡ് ഉണ്ടായിരുന്നു….
കറന്റിൽ പ്രവർത്തിക്കുന്നതല്ലായിരുന്നു.
‘കീ ‘കൊടുക്കുമ്പോൾ പൽചക്രം കറങ്ങും. നദി, ഭാര്യ, ശകുന്തള, വാഴ് വേമായം തുടങ്ങി ധാരാളം സിനിമകളിലെ നൂറോളം റെക്കോർഡറുകൾ അവിടെ ഉണ്ടായിരുന്നു.
അമ്മാവന്മാർ ജോലി കഴിഞ്ഞ് വീട്ടിലെത്തിയാൽ പാട്ടു വയ്ക്കും. ‘

‘ഓഹോ കൊള്ളാല്ലോ….?ഗ്രാമഫോൺ റെക്കോർഡ് ഒക്കെ അവിടെ ഉണ്ടായിരുന്നോ…?

‘രാത്രികാലങ്ങളിൽ അമ്മാവന്റെ മുറിയിൽ നിന്നും ഗ്രാമഫോൺ റെക്കോർഡിൽ നിന്നും ഗാനങ്ങൾ ഒഴുകി വരുന്നതും കാത്ത് കാതോർത്ത് കിടന്നിരുന്നു.
നദി എന്ന ചിത്രത്തിലെ ‘ആയിരം പാദസരങ്ങൾ
കിലുങ്ങി, ശംഖ പുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമ്മ വരും,
സീതാദേവി സ്വയംവരം ചെയ്തൊരു …..
തുടങ്ങിയവ അന്നത്തെ ഹിറ്റ് ഗാനങ്ങൾ ആയിരുന്നു.

പണ്ടത്തെ പാട്ടുകളെല്ലാം സിനിമയുടെ കഥയോട് യോജിച്ചതായിരുന്നു. അതുകൊണ്ടുതന്നെ വളരെ അധികം അർത്ഥമുള്ള പാട്ടുകളായിരുന്നു എല്ലാം.
പാട്ട് മനസ്സിന് നൽകുന്ന സന്തോഷം വളരെ വലുതായിരുന്നു.

മോഹനൻ അമ്മാവൻ ആഴ്ചയിൽ രണ്ടുദിവസം മുട്ടം’ ശക്തി’ തീയേറ്ററിൽ സിനിമയ്ക്ക് പോകുമായിരുന്നു.
ചൊവ്വയും വെള്ളിയും സിനിമ മാറും. കാളവണ്ടിയിൽ സിനിമയുടെ പോസ്റ്റർ പതിച്ച് ചെണ്ട കൊട്ടിയാണ് സിനിമ മാറിയ വിവരം നാട്ടുകാരെ അറിയിക്കുന്നത്. നോട്ടീസും വിതരണം ചെയ്യും. നോട്ടീസിൽ കഥാ സൂചന ഉണ്ടാവും.
അവസാനം ‘ശേഷം വെള്ളിത്തിരയിൽ …..’
എന്നും വായിക്കുമ്പോൾ സിനിമ കാണാത്തവർക്ക് കാണുവാനുള്ള ആഗ്രഹം വർദ്ധിക്കും……
ചൊവ്വയും, വെള്ളിയും ഫസ്റ്റ് ഷോയ്ക്ക് അമ്മാവൻ സിനിമ കാണാൻ പോകും.
എനിക്ക് ടിക്കറ്റ് വേണ്ടാത്തത് കാരണം എന്നെയും കൂടെ കൊണ്ടുപോകും.

തറ, ബെഞ്ച്, ചാരുബഞ്ച് , കസേര പിന്നെ ഏറ്റവും ബാക്കിലായി ഒരു നിര റിസർവേഷൻ….
തിയേറ്ററിലെ ഇരിപ്പിടങ്ങൾ ഇങ്ങനെയായിരുന്നു..

സിനിമയുടെ ഇടവേളയിൽ പാട്ടുപുസ്തകം വിൽക്കുവാന്‍ കൊണ്ടുവരും..
അപ്പോൾ ഓടുന്ന സിനിമയുടെ പാട്ടുകൾ അതിൽ ഉണ്ടാവും.. പിന്നെ സിനിമയുടെ കഥാസാരവും…

വീട്ടിൽ വന്നാൽ പാട്ടുപുസ്തകം നോക്കി പാടും…
ഇന്നത്തെപ്പോലെ പാട്ടുകൾ കേൾക്കാൻ അവസരം ഇല്ലല്ലോ.. അന്ന് റേഡിയോയിൽക്കൂടി പാട്ടു കേൾക്കുവാൻ കാത്തിരിക്കുമായിരുന്നു.’ രഞ്ജിനി’ ശ്രോതാക്കൾ ആവശ്യപ്പെട്ട ചലച്ചിത്ര ഗാനങ്ങൾ എന്നൊരു പരിപാടി ഉണ്ടായിരുന്നു.
റേഡിയോയിൽ പാട്ട് കേൾക്കുമ്പോൾ മനസ്സിൽ പാടുമായിരുന്നു.

‘ഓ , അതാണ് സാറിന് പാട്ടിൽ ഇത്രയും താൽപര്യം ഇല്ലേ..?’

‘അതെ..’

‘അമ്മാവൻ മാർക്കെല്ലാം സാറിനെ ഇഷ്ടമായിരുന്നു അല്ലേ…?’

‘അതെ..’
ഒരു അമ്മാവൻ ദിവസവും രാത്രി യിൽ ചൂണ്ടയിടാൻ പോകും..
കൂട്ടിനു എന്നേയും കൂടെ കൊണ്ടുപോകുമായിരുന്നു.

‘ആഹാ… കൊള്ളാമല്ലോ…
ചൂണ്ടയിടൽ നല്ല രസമാണ് അല്ലേ..’

‘അതെ, തീർച്ചയായും..
ചൂണ്ട നൂല് വെള്ളത്തിലേക്ക് ഇട്ടിട്ട് നമ്മൾ ശ്രദ്ധയോടെ ഇരിക്കും..
മീൻ ഇര കൊത്തിക്കഴിഞ്ഞാൽ പതുക്കെ വലിക്കും..
അപ്പോൾ നമ്മൾ പതുക്കെ നൂൽ അയച്ചുകൊടുക്കും..
കുഴപ്പമൊന്നുമില്ല എന്ന് മനസ്സിലാക്കിയാൽ മീൻ വേഗത്തിൽ ഇര കോർത്ത ചൂണ്ട വലിച്ചുകൊണ്ട് പോകും, അപ്പോൾ നമ്മൾ ഒറ്റവലി..
വരാൽ ആണെങ്കിൽ പ്രശ്നമില്ല , മുഴി ആണെങ്കിൽ സൂക്ഷിച്ചുവേണം പിടിക്കാൻ കൊമ്പ് കൊണ്ട് കൊത്തും…’

‘അമ്മ വീട്ടിലെ ദുരിത ജീവിതത്തിനിടയിൽ ഇങ്ങനെയുള്ള ചില നല്ല നിമിഷങ്ങളും ഉണ്ടായിട്ടുണ്ട്, അല്ലേ..?

‘ഉവ്വ്, പക്ഷേ ഏറ്റവും കൂടുതൽ സ്നേഹം ലഭിച്ചിരുന്നത് സ്കൂളിലെ അധ്യാപകരിൽ നിന്നായിരുന്നു.
അന്ന് ഓരോ ക്ലാസിലും മൂന്ന് ഡിവിഷൻ വീതം ഉണ്ടായിരുന്നു. ”സി’ ഡിവിഷൻ മാത്രമായിരുന്നു മിക്സഡ് ഡിവിഷൻ.’എ ‘ഡിവിഷനിൽ ആൺകുട്ടികൾ മാത്രവും, ‘ബി’ ഡിവിഷനിൽ പെൺകുട്ടികൾ മാത്രവും ആയിരുന്നു.

പൊതുവേ മര്യാദക്കാരായ കുട്ടികളെയാണ് ‘സി’ ഡിവിഷനിൽ ഉൾപ്പെടുത്തിയിരുന്നത്.

സർ ‘സി ‘ ക്ലാസ്സിൽ അല്ലായിരുന്നോ?

‘അതെ,അതെങ്ങനെ മനസ്സിലായി ..?’

‘സാറിനെപ്പോലെ ഇത്ര പാവമായ ഒരാൾ തീർച്ചയായും ‘സി’ ഡിവിഷനിൽ തന്നെ ആയിരിക്കും..’

‘താൻ ആള് കൊള്ളാമല്ലോ എത്ര പെട്ടെന്ന് എന്നെ മനസ്സിലാക്കി..?

ഇത് പറയുമ്പോൾ സദാനന്ദൻ മാഷ് ലതയുടെ കണ്ണുകളിലേക്ക് നോക്കി…
നാല് കണ്ണുകൾ തമ്മിൽ കൂട്ടി ഉരസി.
അവളുടെ കണ്ണുകളിൽ ഒരു പ്രത്യേക തിളക്കം…..
അവളും എന്തിനാവാം തന്നെ സൂക്ഷിച്ചു നോക്കിയിരുന്നത്..?
തന്റെ പെരുമാറ്റം ലതയിൽ എന്തെങ്കിലും തെറ്റിദ്ധാരണ പരത്തിയോ?
ഏയ് …!
ഉണ്ടാവാൻ തരമില്ല..

താൻ സേവനവാരം എന്ന് കേട്ടിട്ടുണ്ടോ?
അവളുടെ ശ്രദ്ധ തിരിക്കുവാനായി സദാനന്ദൻ മാഷ് ചോദിച്ചു.

‘ഉണ്ടല്ലോ..
ഗാന്ധിജയന്തി ആഘോഷം അല്ലേ?’

‘അതെ, ഗാന്ധിജയന്തിയോട് അനുബന്ധിച്ച് അന്നൊക്കെ ഒരാഴ്ച സ്കൂളിൽ സേവനവാരം ആഘോഷിച്ചിരുന്നു.
ഗാന്ധിജിയുടെ എളിമയും, ഏതു തൊഴിൽ ചെയ്യുവാനുള്ള മനസ്ഥിതിയും കുട്ടികളിൽ വളർത്തിയെടുക്കുക എന്നതായി സേവനവാരത്തിന്റെ ലക്ഷ്യം.

സ്കൂളും പരിസരവും വൃത്തിയാക്കുന്നതിനോടൊപ്പം ക്ലാസ് മുറി കഴുകല്, ഡസ്ക്, ബഞ്ച് ഇവ കഴുകി വൃത്തിയാക്കൽ, ബാത്റൂം കഴുകി വൃത്തിയാക്കൽ തുടങ്ങി നിരവധി ജോലികൾ അധ്യാപകരും കുട്ടികളും ചേർന്ന് നടത്തിയിരുന്നു.
സ്കൂൾ വളപ്പിലെ കപ്പയും ചേനയും ഒക്കെ പറിച്ചു പുഴുങ്ങി ഭക്ഷണവും കഴിച്ചിരുന്നു..

ഇന്നത്തെ കാലത്ത് ഒക്ടോബർ രണ്ടിന് കുട്ടികൾ വീട്ടിലിരുന്ന് അവധി ആഘോഷിക്കും ..
മുതിർന്നവരും അങ്ങനെ തന്നെ..
ഗാന്ധിജിയുടെ ജീവിതം എന്തെന്ന് മനസ്സിലാക്കുവാൻ യുവതലമുറയ്ക്ക് താല്പര്യമില്ല…
ഗാന്ധിജിയെ അറിയുവാൻ താല്പര്യമില്ല..
അല്ലെങ്കിലും ഗാന്ധിജിയുടെ സ്വപ്നം നമ്മുടെ നാട്ടിൽ ഇനിയും സാക്ഷാത്കരിക്കപ്പെട്ടിട്ടില്ലലോ?

ഒരു മനുഷ്യനെ ജീവിപ്പിക്കുന്നത് സ്വപ്നമാണ്. ചിലർ മാത്രം സ്വപ്ന സാക്ഷാത്കാരത്തിന് വേണ്ടി പരിശ്രമിക്കുന്നു എന്ന് മാത്രം..!

സദാനന്ദൻ മാഷിൻറെ വാക്കുകൾ കേട്ട് ലത മൂളുക മാത്രം ചെയ്തു.

സജി ടി. പാലക്കാട്✍

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments