തെങ്ങിന്റെ ഉച്ചിയിൽ ചാഞ്ചാടിയാടുന്ന
ഓലത്തുഞ്ചായി ഞാൻ മാറിയെങ്കിൽ..!
പ്ലാവിന്റെ ചില്ലയിൽ മന്ദഹസിക്കുന്ന
പ്ലാവില കുരുന്നായി മാറിയെങ്കിൽ..!
ആലിന്റെ കൊമ്പിൽ
ഇളകിയാടുന്നൊരു
ആലില തളിരായി മാറിയെങ്കിൽ..!
ആകാശ സീമകളിൽ പാറിപ്പറക്കുന്ന
പക്ഷികളിൽ ഒന്നായി മാറിയെങ്കിൽ..!
മാവിന്റെ കൊമ്പുകളിൽ
ഓടിക്കളിക്കുന്ന അണ്ണാറക്കണ്ണനായി
മാറിയെങ്കിൽ..!
പ്രകൃതിയെ ഹരിതമാം പട്ടുപുതപ്പിക്കും
തരുവൃന്ദമായി ഞാൻ മാറിയെങ്കിൽ..!
പച്ചവിരിച്ചൊരാ പാടവരമ്പിലെ
കറുകനാമ്പായി ഞാൻ മാറിയെങ്കിൽ..!
കറുകതൻ നെറ്റിയിൽ
വൈഡൂര്യമാകുന്ന മഞ്ഞിൻകണമായി
മാറിയെങ്കിൽ..!
വയലിന്നിറമ്പിലെ കൈതോലപ്പൂവിന്റെ
നറുഗന്ധമായി ഞാൻ മാറിയെങ്കിൽ..!
ഇലകളിൽ ഇടയ്ക്കിടെ ഇക്കിളികൂട്ടുന്ന
ചെറുകാറ്റായി ഞാനൊന്നു
മാറിയെങ്കിൽ..!
വർണ്ണപ്പൂത്തുമ്പികൾ ഉമ്മവച്ചീടുന്ന
വാസനപ്പൂവായി മാറിയെങ്കിൽ..!
കളഗാനം മീട്ടുന്ന കുയിലിന്റെയൊപ്പം
മറുപാട്ടിന്നീണമായ് മാറിയെങ്കിൽ..!
മഴക്കാലസന്ധ്യയിൽ
ഭൂമിയിൽനിപതിക്കും
മഴത്തുള്ളിയായി ഞാൻ
മാറിയെങ്കിൽ..!
ആകാശസീമയിൽ ഒഴുകിനടക്കുന്ന
വെണ്മേഘശകലമായി മാറിയെങ്കിൽ..
ആകാശഗംഗയിൽ നീരാടി നീന്തുന്ന
താരകമായി ഞാൻ മാറിയെങ്കിൽ..!
നിഷ്കളങ്കതയുടെ നിർഝരിയായിടും
നിസ്സംഗതയായി ഞാൻ മാറിയെങ്കിൽ..!
എന്റെയീ മോഹങ്ങൾ
സാക്ഷാത്ക്കരിച്ചെങ്കിൽ
ഞാനെത്ര ധന്യയായ് മാറിയേനേ..
ഞാനെത്ര ധന്യയായ് മാറിയേനേ…!!