മനുഷ്യനുമായി അടുത്ത് ഇടപഴകുന്നതിനാൽ മനുഷ്യനെ ഇത്രയേറെ നിരീക്ഷിക്കുന്ന മറ്റൊരു ജീവിയും വേറെ ഇല്ല. മനുഷ്യന്റെ പ്രവർത്തി സൂക്ഷ്മമായി നിരീക്ഷിക്കുക മാത്രമല്ല, അത് എന്തിനാണെന്നു മനസ്സിലാക്കുക കൂടി ചെയ്യുന്ന മറ്റൊരു പക്ഷിയാണ് .
കാക്ക എന്നു പറയുമ്പോൾ സ്കൂൾ – കോളേജുകളിൽ ഉച്ചസമയത്ത് കുപ്പത്തൊട്ടിയിലും പരിസരത്തും കാണുന്ന ആ കാക്ക കൂട്ടങ്ങൾ അതുപോലെ ഉണക്കാനിട്ടിരിക്കുന്ന കൊപ്ര/ നെല്ല്/ മീൻ …… മനുഷ്യൻ ആ പരിസരത്ത് നിന്ന് പോകുന്നത് വരെ ക്ഷമയോടെ നോക്കിയിരുന്ന് തക്കം കിട്ടിയാൽ വല മാറ്റി ആവശ്യത്തിനുള്ളത് കൊക്കിലൊതുക്കി പറന്നുയരുന്ന കാക്കകളെ പറ്റി പ്രത്യേകിച്ചൊരു പരിചയപ്പെടുത്തൽ ആവശ്യമില്ല അല്ലേ?
കഴുത്തും നെഞ്ചും ചാരനിറത്തിലുള്ള വീട്ടുകാക്ക (Corvus splendens ) ആണ് നമ്മുടെ നാട്ടിലെ പ്രധാന കാക്കയിനം . അവയേക്കാൾ അൽപ്പം വലിപ്പക്കൂടുതലുള്ള, മൊത്തം കടുംകറുപ്പ് നിറമുള്ള ബലിക്കാക്ക (Corvus macrorhynchos culminates) ആണ് രണ്ടാമത്തെ ഇനം.
ഇരുവരും സാമൂഹ്യ ജീവിതം ഇഷ്ടപ്പെടുന്നവരാണ്. കറുത്തനിറമായിപ്പോയി എന്ന ഒറ്റ കാര്യത്തിലാണ് എല്ലാവർക്കും ഈ അവഗണന എന്നാലും ദിവസവും കുളിച്ച് ഭംഗിയായി ശരീരം മിനുക്കി തടവി സൂക്ഷിക്കുന്ന പ്രകൃതം ആണ് കാക്കയുടേത്. കൂടാതെ മുടിഞ്ഞ ബുദ്ധിയും. ബുദ്ധി എന്നു പറഞ്ഞാൽ,ശരീര വലിപ്പവുമായി തട്ടിക്കുമ്പോൾ ഏറെവലിയ തലച്ചോറാണിവർക്ക്.ബുദ്ധി ശക്തിയിൽ ആൾക്കുരങ്ങുകളോട് മത്സരിക്കാം.മനുഷ്യർ കഴിഞ്ഞാൽ ഏറ്റവും ബുദ്ധിശക്തിയുള്ള ജീവി ഇവരാകും എന്നാണ് പറയപ്പെടുന്നത്.
പ്രതിവർഷം കോടിക്കണക്കിന് രൂപയുടെ മൂല്യം ഉള്ള മാലിന്യ സംസ്കരണം ഇവർ ചെയ്യുന്നുണ്ട്.എന്തും തിന്നും . അഴുകിയ ശവം മുതൽ പുൽച്ചാടി, മണ്ണിര, എലി, തവള, ഒച്ച് , മറ്റ് പക്ഷികളുടെ മുട്ട വരെ. ധാന്യങ്ങളും പഴങ്ങളും വിടില്ല. കൃഷിയിടങ്ങളിൽ കാക്കകളെ പേടിപ്പിച്ചോടിക്കാൻ കോലങ്ങൾ കുത്തിവെയ്ക്കുന്ന രീതി വളരെ പണ്ട് മുതലേ ഉണ്ടായിരുന്നല്ലോ.
കാക്കകൾ ധാരാളം ഭക്ഷണം കിട്ടുന്ന സമയത്ത് കുറച്ചു കൊക്കിലെടുത്തുകൊണ്ടുവന്ന് ഇലകൾക്കിടയിലും മറ്റും സൂക്ഷിച്ചു വെക്കാറുണ്ട്. പിന്നീട് കുറച്ചു സമയത്തിനു ശേഷം അവ എടുത്തു ഭക്ഷിക്കുന്നു.
എന്റെ വിദേശ വാസത്തിനിടയ്ക്ക് ഒരു ഭക്ഷണശാലയിലേക്ക് വിരുന്നു വന്ന ഈ കറുത്ത സുന്ദരിയെ കണ്ടപ്പോൾ എനിക്കാകെ സന്തോഷം.നമ്മുടെ നാട്ടിൽ കാണുമ്പോൾ വലിയ പ്രാധാന്യം തോന്നാറില്ലെങ്കിലും അന്യനാട്ടിൽ കണ്ടപ്പോൾ ഒരു സന്തോഷം. അതിനെ കുറിച്ചു പറയാനാണെങ്കിൽ എനിക്ക് നൂറു നാവ്. പക്ഷെ അതെല്ലാം കേട്ടുകൊണ്ടിരിക്കുന്ന ഭക്ഷണം വിളമ്പുന്നവന് ആകെയൊരു വിഷമം. മാലിന്യങ്ങൾ കൊത്തിത്തിന്നുന്ന ആ സുന്ദരിയായ കാക്ക അവരുടെ ഭക്ഷണശാലയുടെ മതിപ്പു തന്നെ കളയുമോ എന്ന പേടിയിലാണവൻ. ആ കാക്ക ഞങ്ങളിൽ രണ്ടു പേരിലുമുണ്ടാക്കിയത് വ്യത്യസ്തമായ കാഴ്ചപ്പാടുകളും ചിന്തകളുമായിരുന്നു. ഈ കാരണത്താൽ ചില വിദേശ രാജ്യങ്ങളിൽ കാക്കകളെ വെടിവെച്ചു കൊല്ലാറുണ്ടെന്ന് കേട്ടിട്ടുണ്ട്.
പരിസരം വളരെ ശ്രദ്ധിക്കാറുള്ള പക്ഷിയാണിത് . ഇവ എപ്പോഴും കണ്ണുകൾ ചുഴറ്റിക്കൊണ്ടിരിക്കുന്നതു കണ്ടാൽ കോങ്കണ്ണുള്ളതായി തോന്നും.സീതയെ ഉപദ്രവിച്ചതു കാരണം രാമനെയ്ത പുല്ലുശരം കൊണ്ടാണ് കാക്കയുടെ കണ്ണ് കോങ്കണ്ണായത് എന്നൊരു കഥയുണ്ട്.
ബുദ്ധിയുടെ പ്രകടനങ്ങൾ, ഭക്ഷണം നൽകാനുള്ള കഴിവ് എന്നിവ യിലൂടെയാണ് കാക്ക ഇണയിൽ മതിപ്പ് ഉളവാക്കിയെടുക്കുന്നത് . ഒരിക്കൽ ജോടിയാക്കിയാൽ, അവ ജീവിതകാലം മുഴുവൻ ഒരുമിച്ച് കൂടുകൂട്ടുന്നു. സാധാരണയായി കൂടുനിർമ്മാണവും പുനരുൽപാദനവും ആരംഭിക്കുന്നതിന് മുമ്പ് ബ്രീഡിംഗ് ജോഡികൾക്ക് അവരുടേതായ ഒരു പ്രദേശം ഉണ്ടായിരിക്കും . ഒരു പ്രദേശത്തെ ഭക്ഷ്യ വിഭവങ്ങളുടെ സാന്ദ്രത അനുസരിച്ച് നെസ്റ്റിംഗ് പ്രദേശങ്ങൾ വലുപ്പത്തിൽ വ്യത്യാസപ്പെട്ടിരിക്കുന്നു. വലിയ വിറകുകളും ചില്ലകളും നേരിയ കമ്പികൾ കൊണ്ട് നിർമ്മിച്ച ആഴത്തിലുള്ള പാത്രമാണ് കൂട്. കൂടിനകത്ത് തുണി കക്ഷണങ്ങൾ, രോമങ്ങൾ പോലുള്ള മൃദുവായ വസ്തുക്കളാൽ നിരത്തിയിരിക്കും. കൂട് സാധാരണയായി ഒരു വലിയ മരത്തിലോ പാറക്കെട്ടുകളിലോ അല്ലെങ്കിൽ പഴയ കെട്ടിടങ്ങളിലോ ഉണ്ടാക്കുന്നു.
ഫെബ്രുവരി അവസാനത്തോടെ മുട്ടയിടൽ ആരംഭിക്കുന്നു. പെൺപക്ഷികൾ മൂന്നിനും ഏഴിനും ഇടയിൽ ഇളം നീലകലർന്ന പച്ചനിറത്തിലുള്ള തവിട്ടുനിറത്തിലുള്ള മുട്ടകൾ ഇടുന്നു. ഇൻകുബേഷൻ 18 മുതൽ 21 ദിവസം വരെയാണ് . മാതാപിതാക്കൾ രണ്ടുപേരും ഭക്ഷണം നൽകുന്നു.
മുട്ടകളുടെയും കുഞ്ഞുങ്ങളുടെയും ശത്രുക്കൾ,വലിയ പരുന്തുകളും കഴുകന്മാരും വലിയ മൂങ്ങകളൊക്കെയാണ്. എന്നാൽ കാക്കകളുടെ എണ്ണം, വലിപ്പം, കൗശലം എന്നിവ കാരണം ഈ വേട്ടക്കാരിൽ നിന്ന് തങ്ങളുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതിൽ പലപ്പോഴും വിജയിക്കാറുണ്ട്.
സാധാരണ കാക്കകൾക്ക് വളരെ ദീർഘായുസ്സുണ്ടാകും.കൂട്ടത്തിലൊ
ലോകത്തിൽ മിക്ക രാജ്യങ്ങളിലും കാക്ക ഉണ്ട്. ഗ്രാമങ്ങളിലും ചെറു പട്ടണങ്ങളിലുമാണ് ഇവയെ കൂടുതലായി കാണുന്നത്. മനുഷ്യവാസമില്ലാത്ത സ്ഥലങ്ങളിൽ കാക്കയുടെ സാന്നിദ്ധ്യം അപൂർവമാണ്.
‘അമ്മ ചുട്ട് കൊടുത്ത നെയ്യപ്പം കാക്കകൊത്തിക്കൊണ്ട് പോയത് അയ്യപ്പന്റെ അശ്രദ്ധ കൊണ്ട് മാത്രമല്ല, കാക്കയുടെ കൗശലം കൊണ്ടും കൂടി ആണെന്ന് നമുക്കറിയാം. തൊട്ടരികിൽ വരെ വന്നിരിക്കാൻ കാക്കയെപ്പോലെ ധൈര്യമുള്ള ഏതു പക്ഷിയുണ്ട് നാട്ടിൽ വേറെ ഇല്ല എന്നു പറയാം.
എന്തിനേറെ പറയുന്നു കാക്ക, ആള് നിസ്സാരക്കര നല്ല!
Thanks