Saturday, July 27, 2024
Homeഅമേരിക്കചിരിക്കാം!😀 ചിരിപ്പിക്കാം!😀 (22)

ചിരിക്കാം!😀 ചിരിപ്പിക്കാം!😀 (22)

ചിരിക്കാം! ചിരിപ്പിക്കാം! എന്ന പംക്തിയിലേക്ക് ഏവർക്കും സ്വാഗതം..!
നർമ്മരസപ്രധാനമായ സംഭവങ്ങളെ കോർത്തിണക്കി ഇന്നത്തെ ചിരിവിരുന്നൊരുക്കുന്നത് വിവിധ ലേഖനങ്ങളിലൂടെയും കഥകളിലൂടെയും മലയാളി മനസ്സ് വായനക്കാർക്ക് സുപരിചിതയായ പ്രിയ എഴുത്തുകാരി ..

സുജ പാറുകണ്ണിൽ

വളയിട്ട കൈകൾ

ഇന്ത്യയുടെ സമ്പദ്ഘടനയിൽ നിർണായക പങ്ക് വഹിക്കുന്ന ഒരു രാജ്യമാണ് U.A.E. തൊഴിൽ അന്വേഷകരെ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന രാജ്യം. സമാധാനകാംക്ഷികളായ ജനങ്ങൾ. ഏറ്റവും സന്തോഷത്തോടെ ജീവിക്കാൻ പറ്റുന്ന രാജ്യങ്ങളിൽ മുൻപന്തിയിൽ തന്നെയാണ് എമിറേറ്റ്സ്. എങ്ങോട്ട് തിരിഞ്ഞാലും ഇന്ത്യക്കാർ. പ്രത്യേകിച്ചും മലയാളികൾ. അവിടുത്തെ ഈന്തപ്പനകൾക്കു പോലും മലയാളം മനസ്സിലാകും. അറബിക് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സംസാരിക്കപ്പെടുന്ന ഭാഷ മലയാളം ആണ്. പുരോഗതിയുടെ കാര്യത്തിലും എന്നും മുന്നിൽ തന്നെ U.A.E. നല്ല ഭരണകർത്താക്കൾ. കൃത്യമായി പാലിക്കപ്പെടുന്ന നിയമങ്ങൾ. സമാധാനകാംക്ഷികൾക്കും കഠിനാധ്വാനികൾക്കും വളക്കൂറുള്ള മണ്ണാണ് എന്നും UAE. എന്നും അങ്ങനെ തന്നെ ആയിരിക്കട്ടെ.🙏

ഞാൻ അബുദാബിയിൽ ജോലി ചെയ്തിരുന്ന കാലം. സഹപ്രവർത്തകരിൽ കൂടുതലും മലയാളികൾ. പെണ്ണായി ഞാൻ ഒരു മലയാളി. ബാക്കി എല്ലാം ഫിലിപ്പിനോ യുവതികൾ. തൊഴിൽ നിയമങ്ങളൊക്കെ ഇത്രയും ശക്തമാകുന്നതിന് മുൻപാണ്. ട്രേഡിങ് കമ്പനിയിൽ കാഷ്യർ ആയ എനിക്ക് ജോലിസമയം വളരെ കൂടുതൽ. ഫ്ലാറ്റിൽ എത്തിയാൽ ഉറങ്ങാനേ സമയമുള്ളൂ. ഇത്തിരി സമയം കിട്ടിയാൽ നാട്ടിലോട്ട് ഫോൺ വിളിയോട് ഫോൺ വിളി. ഭക്ഷണം മെസ്സിൽ നിന്നാണ്. കൂടെ ജോലി ചെയ്യുന്നവരൊക്കെ പറയും, എന്തെങ്കിലും ഒരു ഭക്ഷണം ഉണ്ടാക്കി കൊണ്ടുവാ. മെസ്സിലെ ഭക്ഷണം കഴിച്ചു മടുത്തു. വളയിട്ട കൈകൾ കൊണ്ട് ഉണ്ടാക്കിയ ഭക്ഷണം കഴിക്കാനുള്ള കൊതി കൊണ്ടാണ്. ഇടയ്ക്കിടെ അവരത് പറയും.
“വളയിട്ട കൈകൾ…” കേട്ടു കേട്ടു ഞാൻ മടുത്തു. കമ്പനി അനുവദിച്ചു തന്ന ഫ്ലാറ്റും സൗകര്യങ്ങളും ഒക്കെ ഉണ്ടെങ്കിലും ഞാൻ കുക്ക് ചെയ്യാറില്ല. സമയക്കുറവുകൊണ്ട് മാത്രമല്ല പാചകത്തിൽ അന്ന് ഞാൻ ഇന്നത്തെ പോലെ പുലിയായിരുന്നില്ല (സ്വയം പുകഴ്ത്തുന്നത് ശീലമായി പോയി. ഒന്നും തോന്നരുത് ). പൂച്ച പോലും ആയിരുന്നില്ല. വെറും പൂജ്യം ആയിരുന്നു. വട്ട പൂജ്യം.

അങ്ങനെ ഇരിക്കെ ഒരു ദിവസം 500 ദിർഹമിന്റെ ചേഞ്ച്‌ വാങ്ങാൻ ഫ്ലാറ്റിന് സമീപത്തുള്ള റെസ്‌റ്റോറന്റിൽ ചെന്നു. ചേഞ്ച്‌ ചോദിക്കാനുള്ള മടി കൊണ്ട് എന്തെങ്കിലും ഒന്ന് വാങ്ങാം എന്നു കരുതി. ഏകദേശം ഉരുളക്കിഴങ്ങിന്റെ നിറമുള്ള എന്തോ ഒന്നു അവിടെ ഇരിക്കുന്നു.
“ഇതെന്താണ്?” ഞാൻ ചോദിച്ചു.
“കട്ലറ്റ് ആണ് മാഡം.” “ഞാൻ കണ്ടിട്ടുള്ള കട്ലറ്റിന് ഈ നിറം അല്ലല്ലോ….” ഞാൻ മനസ്സിൽ വിചാരിച്ചു.🧆 നാലെണ്ണത്തിന് ഓർഡർ കൊടുത്തിട്ടു പൊതി കൈയിൽ വാങ്ങി 500 ദിർഹംസ് നീട്ടിയപ്പോൾ ഞാൻ ഇത് എത്ര കണ്ടിരിക്കുന്നു എന്ന മട്ടിൽ അയാൾ എന്നെ നോക്കി ചിരിച്ചു.😜 ആവശ്യമുണ്ടായിട്ടല്ല, ചേഞ്ചിനു വേണ്ടിയാണ് ഞാൻ അതു വാങ്ങിയത് എന്ന് അയാൾക്കു മനസ്സിലായി. അതായിരുന്നു ആ ചിരിയുടെ അർത്ഥം.

റൂമിൽ എത്തി അത് കഴിച്ചു നോക്കിയതും ഞാൻ അതിശയിച്ചു പോയി.😋 കട്ലറ്റും അത് മുക്കി കഴിക്കാൻ ഒരു കാന്താരി ചട്നിയും. എന്തൊരു രുചി.🤗 ഇത്രയും അടുത്ത്
ഇത്ര നല്ലൊരു വിഭവം കിട്ടുമായിരുന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ. സന്തോഷത്തോടെ ആണ് ഞാൻ അന്ന് ഡ്യൂട്ടിക്ക് ചെന്നത്.
“എന്താ വലിയ സന്തോഷം. ഡ്യൂട്ടി ഫ്രീ ടിക്കറ്റ് വല്ലതും അടിച്ചോ?”
കട്ലറ്റിന്റെ കഥ പറയാൻ തുടങ്ങിയ ഞാൻ പെട്ടന്ന് വായടച്ചു. വളയിട്ട കൈകൾ എനിക്ക് ഓർമ വന്നു. എന്റെ മനസ്സിൽ ഒരു ഐഡിയ പൂത്തിരി പോലെ നിന്ന് കത്തി.💡അന്ന് തന്നെ ആ റെസ്റ്റോറന്റിൽ പോയി കുറച്ചു കട്ലറ്റിന് ഓർഡർ കൊടുത്തു. പിറ്റേന്ന് അത് വാങ്ങി ഫ്ലാറ്റിൽ കൊണ്ടുപോയി ഹോട്ടലിലെ കണ്ടെയ്നറിൽ നിന്ന് എന്റെ പാത്രത്തിലേക്കു മാറ്റി. ഡ്യൂട്ടിക്ക് ചെന്നപ്പോൾ സഹപ്രവർത്തകർക്കു കൊടുത്തിട്ട് പറഞ്ഞു.
“ഇതാ ആവശ്യത്തിന് കഴിച്ചോണം. വളയിട്ട കൈകൾ കൊണ്ട് ഉണ്ടാക്കി തന്നില്ല എന്ന് പറയരുത്. ഇനി ഇങ്ങനെ ഉറക്കമിളക്കാൻ എനിക്ക് വയ്യ.”

പിന്നീടാണ് രസം.
“ഇത്ര രുചികരമായി ഭക്ഷണം ഉണ്ടാക്കാൻ അറിയാമായിരുന്നിട്ടാണോ ഇത്ര നാളും ഉണ്ടാക്കി തരാതിരുന്നത്.” ചിലരാണെങ്കിൽ അത്ഭുതാദരവോടെ എന്നെ നോക്കുന്നു. ചിലർ ഹൃദയം തുറന്ന് അഭിനന്ദിക്കുന്നു. ഏതോ ഒരു പാവം ഷെഫ് റെസ്‌റ്റോറന്റിന്റെ അടുക്കളയിൽ കിടന്നു കഷ്ടപ്പെട്ട് ഉണ്ടാക്കിയ കട്ലറ്റിന്റെ ക്രെഡിറ്റ്‌ യാതൊരു ലോഭവുമില്ലാതെ എന്റെ അക്കൗണ്ടിലേക്ക് വന്നു കൊണ്ടിരുന്നു. ഉള്ളിൽ ചെറിയൊരു ജാള്യത ഉണ്ടെങ്കിലും ഞാൻ വാങ്ങി കൊടുത്തതു കൊണ്ടാണല്ലോ ഇവർക്കത് കഴിക്കാൻ പറ്റിയത് എന്ന് ഓർത്തു അഭിനന്ദനങ്ങൾ എല്ലാം ഞാൻ അഭിമാനത്തോടെ സ്വീകരിച്ചു.😜

പിന്നീട് ഇടയ്ക്കിടെ റെസ്‌റ്റോറന്റിൽ പോകുന്നു, ഓർഡർ കൊടുക്കുന്നു, കണ്ടെയ്നറിൽ നിന്ന് എന്റെ പാത്രത്തിലേക്കു മാറ്റുന്നു, എല്ലാവർക്കും കൊണ്ടുകൊടുക്കുന്നു, അഭിനന്ദനങ്ങൾ ഏറ്റ് വാങ്ങുന്നു. കാര്യങ്ങൾ ഭംഗിയായി മുന്നോട്ടു പോകുന്നു. അങ്ങനെ ഇരിക്കെ ഒരു ദിവസം ഡ്യൂട്ടിക്ക് ചെന്നപ്പോൾ എന്റെ ഒരു സഹപ്രവർത്തകൻ തുറിച്ച കണ്ണുമായ് പല്ല് കടിച്ച് അരിശപ്പെട്ടെന്നെ നോക്കുന്നതാണ് ഞാൻ കണ്ടത്.😡
“ഇവനെന്താ വല്ല അപസ്മരവുമാണോ….. എന്തുപറ്റിയെടാ?” ഞാൻ ചോദിച്ചു.
“നീ മിണ്ടരുത്. ദുഷ്ടേ, വഞ്ചകി, കള്ളി, ഭയങ്കരി, എല്ലാവരും ഇങ്ങു എത്തിക്കോട്ടെ. നിന്നെ ഞാൻ കാണിച്ചുതരാം.” അവനെന്നെ ഭീക്ഷണിപ്പെടുത്തി.😈 “എന്താടാ കാര്യം. കാര്യം പറ.”
“കട്ലറ്റ് കാശ് കൊടുത്തു വാങ്ങിത്തന്നിട്ടു നീ ഉണ്ടാക്കിയതാണെന്ന് കള്ളം പറഞ്ഞില്ലേടി.” ഞാൻ ഞെട്ടി.🙆🥺
കാലമാടൻ ആ റെസ്‌റ്റോറന്റിൽ ചെന്ന് കയറി കാണും. എല്ലാവരും കൂടി എന്നെ പൊങ്കാല ഇടുന്നതോർത്ത് ഞാൻ വീണ്ടും ഞെട്ടി.😳ഞാൻ കബീറിനെ ഓർത്തു.

കബീർ നിഷ്കളങ്കനായ ഞങ്ങളുട സഹപ്രവർത്തകൻ ആയിരുന്നു.വിവാഹം കഴിഞ്ഞ് ഒരുപാട് നാളായിട്ടും കുട്ടികളില്ലാതിരുന്ന അദ്ദേഹം കുറച്ചു നാൾ ലീവ് എടുത്തു നാട്ടിൽ പോയി നിന്ന് ട്രീറ്റ്മെന്റ് ഒക്കെ നടത്തി. അങ്ങനെ അദ്ദേഹത്തിന് ഒരു ആൺകുഞ്ഞു ജനിച്ചു. കുറെ നാൾ കഴിഞ്ഞു ഒരു ദിവസം ഡ്യൂട്ടിക്ക് വന്ന കബീർ ഞാൻ നോക്കുമ്പോൾ വസന്ത വന്ന കോഴിയെ മാതിരി തൂങ്ങി പിടിച്ചു നിൽക്കുന്നു. “എന്ത് പറ്റി?” ഞാൻ അന്വേഷിച്ചു.
“സുഖമില്ലേ.”
“ഓ ഒന്നുമില്ല മാഡം.” പുള്ളി ഒഴിഞ്ഞുമാറി.
പക്ഷെ എന്തോ കുഴപ്പം ഉണ്ടെന്ന് എനിക്ക് മനസ്സിലായി. നിർബന്ധിച്ചു ചോദിച്ചപ്പോൾ പുള്ളി കാര്യം പറഞ്ഞു.
“രാവിലെ ബ്രീഫ്കേസ്‌ തുറന്നപ്പോൾ പണ്ട് ട്രീറ്റ്മെന്റിന് പോയപ്പോൾ ഡോക്ടർ തന്ന മരുന്നിന്റെ ബാക്കി കുറെ അതിൽ ഇരിക്കുന്നു. എന്തുമാത്രം കാശ് കൊടുത്തു വാങ്ങിച്ചതാണ് മാഡം. എങ്ങനെ വെറുതെ കളയും. ഞാൻ അത് എല്ലാം എടുത്തു ഒന്നിച്ചു അങ്ങ് കഴിച്ചു.”
ആ മണ്ടത്തരം കേട്ടതും ഞാൻ അന്തം വിട്ട് കബീറിനെ നോക്കി. പിന്നെ എനിക്ക് ചിരി അടക്കാൻ കഴിഞ്ഞില്ല.
“മാഡം പ്ലീസ് ഇത് ആരോടും പറയരുത്.”
“അത് പറ്റില്ല. ഇതിന്റെ ഒരു പത്തു കോപ്പി എങ്കിലും അടിച്ചില്ലെങ്കിൽ എനിക്ക് സമാധാനം കിട്ടില്ല.” എല്ലാവരും അറിഞ്ഞു എന്ന് മാത്രമല്ല, കൂട്ടച്ചിരിക്കു വകയായി. ആൾക്ക് പുറത്തിറങ്ങാൻ പറ്റാതായി. കാണുന്നവർ എല്ലാം കളിയാക്കോട് കളിയാക്ക്. സഹികെട്ടു പുള്ളി ട്രാൻസ്ഫർ വാങ്ങി
അൽ ഐനു പോയി. അതുപോലെ ഞാനും പെട്ടിയും കിടക്കയും എടുത്തു പോകേണ്ടി വരുമല്ലോ എന്നോർത്തപ്പോൾ എനിക്ക് കരച്ചിൽ വന്നു.😪 ഇവന്റെ കാലു പിടിക്കുക തന്നെ.
“എടാ കഷ്ടമുണ്ട്. ആരോടും പറയരുത്. പറഞ്ഞാൽ എല്ലാവരും കൂടി എന്നെ കളിയാക്കി കൊല്ലും. അങ്ങനെ വന്നാൽ ഞാൻ റിസൈൻ ചെയ്തു നാട്ടിൽ പോകും. പിന്നെ നീ എങ്ങനെ എന്നെ കാണും. ഞാൻ നിന്റെ സ്വന്തം പെങ്ങൾ അല്ലേടാ.” ഞാൻ അവന്റെ വീക്നെസ്സിൽ കേറി പിടിച്ചു. അതിൽ അവൻ വീണു. “ശരി പറയില്ല.” അവൻ സമ്മതിച്ചു. ഇടക്ക് അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ എല്ലാവരും കളിയാക്കുന്ന പതിവുണ്ട്. ചിലപ്പോഴൊക്കെ അവനെ എല്ലാവരും കൂടി കളിയാക്കുമ്പോൾ നല്ല കൗണ്ടറുകളൊക്കെ എന്റെ വായിൽ വരും. പറയാൻ തുടങ്ങുമ്പോഴേ അവൻ എന്നെ ഒന്ന് നോക്കും.🫢 പറയെടി ഞാൻ ഇപ്പൊ കാണിച്ചുതരാം എന്ന മട്ടിൽ. ഞാൻ വായടച്ചു മര്യാദക്കാരിയായി ഇരിക്കും. ഇപ്പോൾ ഈ ഓർമകളിലൂടെ ഒക്കെ കടന്നുപോകുമ്പോൾ അറിയാതെ മുഖത്തു പുഞ്ചിരി വിടരും.🥰

ഈ സംഭവം എഴുതണമല്ലോ എന്ന് വിചാരിച്ചുകൊണ്ട് കിടന്നപ്പോൾ ജോലിക്കാരി വന്നിട്ട് പറഞ്ഞു. ചേച്ചി മോൻ കോടി വാങ്ങിയിട്ടുണ്ട് എന്ന്. “ദൈവമേ ആരെ പുതപ്പിക്കാനാണ്…. എന്നെയാണോ?” അങ്ങനെ ചിന്തിച്ചതും അവർ പറഞ്ഞു. “കറി വെക്കാൻ കോടി വാങ്ങിയിട്ടുണ്ട്.” എനിക്ക് കാര്യം മനസ്സിലായി. കോഴിയാണ്🐔 പുള്ളിക്കാരി ഉദ്ദേശിച്ചത്. തമിഴ്നാട്ടുകാരിയായ അവർക്കു ‘ഴ’ വരാത്തതുകൊണ്ട് ‘ട’ എടുത്തിട്ടതാണ്. കോടിയല്ല കോഴിയാണ്….. ഭാഗ്യം. 😜

സുജ പാറുകണ്ണിൽ✍

**************************************************************

നിത്യജീവിതത്തിൽ അമളി പറ്റാത്തവരായി ആരെങ്കിലുമുണ്ടോ? ഉണ്ടാവില്ല അല്ലെ..!! നിങ്ങളുടെ ജീവിതത്തിലും ഇത്തരം രസകരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അത് മറ്റുള്ളവരുമായി പങ്കുവയ്ക്കാൻ നിങ്ങൾക്കിതാ ഒരു സുവർണ്ണാവസരം..!

താല്പര്യമുള്ളവർ നിങ്ങളുടെ ഫോട്ടോയും അഡ്രസ്സും അടക്കം mmcopyeditor@gmail.com എന്ന ഇമെയിലിൽ വിലാസത്തിലോ, 8547475361 എന്ന വാട്ട്സാപ്പിലോ അയച്ചുതരിക. തെരഞ്ഞെടുക്കുന്നവ മലയാളി മനസ്സ് പ്രസിദ്ധീകരിക്കുന്നതാണ്.

മേരി ജോസി മലയിൽ

കോപ്പി എഡിറ്റർ
മലയാളി മനസ്സ് (U. S. A.)

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments