പട്ടാള ക്യാമ്പിലെ ജാഗ്രതാ സൈറൺ പോലെ അലാറം അലമുറയിട്ടു.
അതെ, ഇന്ന് എറണാകുളത്ത് എത്തി ഒരു കല്ല്യാണം കൂടണം.
അതിലുപരി നീണ്ട നാൽപ്പത്തിമൂന്ന് വർഷങ്ങൾക്കുശേഷം അസീസിനെ കാണണം.
കര്യങ്ങൾ ഇത്തരത്തിലേക്ക് എത്തിച്ചത് ഒരു വാട്ട്സാപ്പ് ഗ്രൂപ്പാണ്; പഴയ സ്കൂളിലെ സഹപാഠികളുടെ.
അതിൽ നിന്നാണ് അസീസിൻ്റെ മകളുടെ കല്ല്യാണത്തിനുള്ള ക്ഷണവും.
അപ്പു കുളിക്കാനായി ഗീസറിൻ്റെ സ്വിച്ച് തപ്പി.
തിമിരം ബാധിച്ച കണ്ണാൽ കണ്ണട തപ്പുമ്പോൾ അപ്പുവിന് പണ്ട് കാർഗ്ഗിൽ യുദ്ധകാലത്ത് തലക്കൽ വച്ച് ഉറങ്ങിയ തോക്ക് തപ്പിയ ഓർമ്മയുടെ ചടുലത.
എന്തായാലും പട്ടാള ജീവിതത്തിൽ നിന്നും പരിക്കുകൾ ഏൽക്കാതെ തിരിച്ചെത്തി.
ആ ചിന്തകൾക്ക് സ്വയം ഉറപ്പു നൽകാൻ എന്നവണ്ണം റിട്ടയേർഡ് ഹവേൽദാർ മേജർ അപ്പുക്കുട്ടൻ നായർ എന്ന അപ്പു സ്വന്തം ദേഹം ആപാദചൂഡം തഴുകി.
അപ്പോഴും ഭാര്യ നല്ല ഉറക്കത്തിൽ തന്നെ.
തിമിരത്തിൻ്റെ ഓപ്പറേഷന് തിയതി നിശ്ചയിച്ചിരിക്കെ നീണ്ട മൂന്ന് മണിക്കൂർ ബസ് യാത്ര വേണോ എന്നവൾ ഉറങ്ങാൻ കിടന്നപ്പോൾ ആവർത്തിച്ച് ചോദിച്ചതാണ്.
പക്ഷേ, അപ്പു തൻ്റെ ബാല്യകാല സുഹൃത്തിനെ കാണുന്നതിൻ്റെ ആവശ്യകത അക്കമിട്ട് നിരത്തി അവളുടെ ആകാംക്ഷ തണുപ്പിച്ചു.
“എങ്കിൽ നിങ്ങളായി നിങ്ങളുടെ പാടായി ” എന്ന് അവളുടെ ഉത്തരം പകുതി സമ്മതരൂപത്തിൽ പുറത്തു വന്നപ്പോൾ അപ്പുവിൻ്റെ മനസ്സ് ഒരു സ്‌കൂൾ കുട്ടിയുടെതിന് സമാനമായി പെരുമ്പറ മുഴക്കി.
എറണാകുളത്തേക്കുള്ള ഫാസ്റ്റ് പാസഞ്ചർ തൻ്റെ സ്കൂൾ കാലത്തെ എസ്‌കർഷൻ ബസ്സായി അപ്പുവിൽ ഉന്മേഷം കോരി നിറച്ചു.
അസീസും, അപ്പുവും ഒരു സ്കൂളിൽ, ഹോസ്റ്റലിലെ ഒരേ മുറിയിൽ, ആറ് വർഷത്തോളം അന്തേവാസികൾ.
ഇരുവരെയും അച്ഛനമ്മമാർ വീട്ടിലെ കുസൃതി സഹിക്കാതെ ഹോസ്റ്റലിൽ ആക്കിയതാണ്.
നിരവധി മക്കൾക്കിടയിലെ കുസൃതികളായ ശല്ല്യക്കാർ ആയിരുന്നു വീട്ടുകാർക്ക് അവർ ഇരുവരും.
സ്കൂൾ ഹോസ്റ്റൽ ദുർഗുണ പരിഹാരപാഠശാല പോലെ മല്ലൻമാരായ ഒരു പറ്റം വാർഡന്മാരുടെ മേൽനോട്ടത്തിൽ.
ഹോസ്റ്റലിലെ കാടൻ നിയമങ്ങളും, നിഷ്ഠൂരമായ ശിക്ഷാവിധികളും
സഹിക്കാതായപ്പോൾ ഹോസ്റ്റലിൻ്റെ വൻമതിൽ രത്രിക്ക് രാത്രി ഒളിച്ച്ചാടാൻ ഇരുവരും പദ്ധതിയിട്ടു.
തിരികെ വീട്ടിൽ പോകാനുള്ള ഭയം കൊണ്ട് അവർ ഇരുവരും ഒരേ മനസ്സോടെ കൈക്കൊണ്ട തീരുമാനം മദ്രാസിലേക്ക് എന്നന്നേക്കുമായി തീവണ്ടി കയറി ഒരുമിച്ച് ജോലി ചെയ്ത് ജീവിക്കാൻ ആയിരുന്നു.
പക്ഷേ, സംഗതി നടപ്പിൽ വന്നില്ല.
ഹോസ്റ്റലിൻ്റെ ഗേറ്റ് കീപ്പറുടെ കണ്ണ് വെട്ടിക്കാനുള്ള എല്ലാ സൂത്രങ്ങളും ജലരേഖകളായി.
തങ്ങളെ ജയിൽപ്പുള്ളികളായി കാണുന്ന അദ്ധ്യാപക വാർഡന്മാരുടെ മനംമാറ്റാനായി പിന്നീടുള്ള ശ്രമം.
അതിനായി ഇരുവരും ചേർന്ന് പുതിയ പദ്ധതിക്ക് രൂപം നൽകി.
സ്കൂളിൽ നടക്കാറുള്ള പ്രതിമാസ ഹോൾ മീറ്റിംഗിൽ ഇരുവരും ചേർന്ന് ഒരു സ്കിറ്റ് അവതരിപ്പിച്ചു.
ആദ്യ രംഗത്തിൽ ഒരാൾ മർദ്ദകവീരനായ അദ്ധ്യാപകനും, അപരൻ മർദ്ദനം ഏറ്റുവാങ്ങുന്ന വിദ്യാർത്ഥിയും. അടുത്ത രംഗം വിദ്യാർത്ഥിയായിവന്നയാൾ കോപാകുലയായ ഭാര്യയും, മർദ്ദകനായ അദ്ധ്യാപകൻ ഭാര്യയുടെ മുൻപിൽ പേടിച്ച് ഏത്തമിടുന്ന, ദാസ്യഭാവമുള്ള ഭർത്താവും.
അങ്ങിനെ സ്കൂളിൽ മർദ്ദക വീരന്മാരായ അദ്ധ്യാപകർ, വീട്ടിൽ അവരുടെ ഭാര്യമാർക്ക് മുൻപിൽ അടിമകളെപ്പോലെ വാക്കൈ പൊത്തി നിൽക്കുന്നു എന്നതായിരുന്നു സ്‌കിറ്റിൻ്റെ രത്നച്ചുരുക്കം.
എന്തിനേറെപ്പറയുന്നു, സ്കിറ്റ് മിസൈലായിപ്പതിച്ചത്
വാർഡന്മാരുടെ മർമ്മത്തിൽ തന്നെ.
പിന്നീട് ഇരുവർക്കും ഹോസ്റ്റലിൽ വാർഡന്മാർ നൽകിയത് വി ഐ പി പരിഗണന. മർദ്ദനത്തിന് പകരം പ്രശംസയും, വേണ്ടുവോളം പരിലാളനയും.
അപ്പോൾ കര്യങ്ങൾ എങ്ങിനെ തന്ത്രപൂർവ്വം നേരിടാം എന്ന് ഇരുവർക്കും ബോധ്യമായി.
പിന്നീടുള്ള സ്കൂളിലെ പ്രതിമാസ പരിപാടികൾ അവർ ഇരുവരുടെയും സ്‌കിറ്റുകളും, കഥാപ്രസംഗങ്ങളും, മോണോ ആക്ടുകളും മറ്റും കൊണ്ട് അക്ഷരാർത്ഥത്തിൽ സോഷ്യൽ സറ്റയറുകളായി നിറഞ്ഞു നിന്നു.
ഓരോ പരിപാടിയിലെയും സ്വാരസ്യവും, ഉൾക്കാഴ്ചയും കുട്ടികളും, അദ്ധ്യാപകരും അടക്കിപ്പിടിച്ച ചിരിയുമായി സാകൂതം ആസ്വദിച്ചു.
വർഷങ്ങൾ നീണ്ട ഹോസ്റ്റൽ ജീവിതം ഒരു ചലച്ചിത്രം പോലെ അപ്പുവിൻ്റെ മനസ്സിൻ്റെ തിരശ്ശീലയിൽ വർണ്ണാഭമായി.
ബസ് എറണാകുളം ബസ് സ്റ്റാൻഡിൽ ബ്രേക്കിട്ട് നിർത്തുമ്പോഴാണ് നീണ്ട സ്വപ്ന ലോകത്തുനിന്നും അപ്പുക്കുട്ടൻ നായർ ഉണർന്നത്.
തോളിൽ തന്നെ മഥിക്കുന്ന അസുഖങ്ങൾക്കുള്ള മരുന്നുസഞ്ചിയും, കയ്യിൽ കാലൻ കുടയുമായി അസീസിൻ്റെ ചെറുപ്പകാലത്തെ മുഖച്ഛായയും അയവിറത്തുകൊണ്ട്, ഓട്ടോ റിക്ഷയിൽ കല്ല്യാണ വിരുന്നിൻ്റെ ഓഡിറ്റോറിയം ലക്ഷ്യമാക്കി അപ്പു കുതിച്ചു.
നഗരപ്രാന്തത്തിൽ നിന്നും തെല്ലുമാറിയാണ് ഓഡിറ്റോറിയം.
ഇപ്പോൾ അസീസ് എങ്ങനെയിരിക്കും, തന്നെ ഈ പ്രായത്തിൽ കണ്ടാൽ തിരിച്ചറിയുമോ, തുടങ്ങി നിരവധി ചോദ്യങ്ങൾ മനസ്സിൽ ഉയരുമ്പോൾ ഗേറ്റ് കീപ്പർ ആവർത്തിച്ച് ചോദിച്ചു,
” ഇവിടം ഏഴ് ഓഡിറ്റോറിയങ്ങളുടെ സമുച്ചയം, ഇതിൽ ആരുടെ കല്യാണമാണ് ?”
“അസീസ് എൻ്റെ സ്കൂളിലെ സഹപാഠി. നിക്കാഹ് അവൻ്റെ മകളുടെ…”
അപ്പു ഒരു ജേതാവിനെപ്പോലെ ഉറക്കെപ്പറഞ്ഞു.
എന്നിട്ട് ഗേറ്റ് കീപ്പർ കാട്ടിയ വഴിയെ വേഗത്തിൽ നടന്നു നീങ്ങി.
നടക്കുന്ന ഓരോ ചുവടും താനും അസീസും സ്കൂൾ ജീവിതത്തിനിടയിൽ നേരിട്ട നിരവധി മുഹൂർത്തങ്ങളിലൂടെ യുള്ള ഓട്ട പ്രദക്ഷിണം ആയിരുന്നു.
അതിൽ പലതും സ്കൂൾ വേദിയെ അടക്കി ഭരിച്ചുകൊണ്ട് തങ്ങൾ ഇരുവരും ആടിത്തിമിർത്ത സ്‌കിറ്റുകളെയും, കഥാപ്രസംഗങ്ങളെയും മറ്റും പറ്റിയായിരുന്നു.
എല്ലാം ഇന്നലെയെന്നപോലെ വ്യക്തവും, കൃത്യവും.
അന്ന് അസീസ് ഇടാറുള്ള വസ്ത്രങ്ങൾ പോലും ഇന്ന് ഒളിമങ്ങാതെ ഓർമ്മയിൽ.
അന്ന് സ്കൂൾ ഹോസ്റ്റൽ വരാന്തയിൽ, ഒരുമിച്ചിരുന്ന് കേട്ട കിളിക്കൊഞ്ചലും, സ്കൂളിലെ മാവിൻ തോട്ടത്തിൽ നിന്നും ഊറി ഒഴുകിയ കാറ്റും, രാത്രികളിൽ ആകാശത്തുകണ്ട ആയിരം നക്ഷത്രങ്ങളും , സ്‌കിറ്റിന് ശേഷം അദ്ധ്യാപകരിലും, വിദ്യാർത്ഥികളിലും പ്രകടമായ ഭാവമാറ്റവും എല്ലാം ഇന്നും മനസ്സിലെ മഴവിൽ ഓർമ്മകൾ.
ആൾക്കൂട്ടത്തിൽ അസീസിനെ അന്വേഷിച്ചു നടന്നപ്പോൾ ഒരാൾ അപ്പുവിന് തുണയായി.
അയാൾ കാട്ടിക്കൊടുത്ത ആൾ തൻ്റെ പ്രിയ ചങ്ങാതി തന്നെ എന്ന് മനസ്സ് ഉരുവിട്ടു.
അയാളെ ആലിംഗനം ചെയ്യവേ ചെവിയിൽ പറഞ്ഞു, ” എന്നെ മനസ്സിലായോ, ഞാൻ നിൻ്റെ അപ്പു…”
തിരക്കിനിടയിൽ അപ്പുവിന് നല്ലൊരു ചിരിയും ഷെയിക് ഹാൻ്റും കൊടുത്ത് അയാൾ ധൃതിയിൽ നടന്നു നീങ്ങി….
തിരികെ ബസിൽ വീട്ടിലേക്ക് തിരിക്കുമ്പോൾ മനസ്സ് അസീസിനെ കാണാൻ സാധിച്ച സംതൃപ്തിയിൽ ആയിരുന്നു.
തിരക്കിനിടയിൽ അസീസിനൊപ്പം ഒരു ഫോട്ടോ എടുക്കാൻ പോലും ആയില്ല എന്ന ആവലാതിയിലും.
അസീസിനും, കുടുംബത്തിനും മനസ്സാ നന്മകൾ നേർന്ന് ചാരുകസേരയിൽ ശയിക്കുമ്പോൾ സെൽ ഫോണിൽ വാട്ട്സാപ്പ് മെസ്സേജുകൾ തുരുതുരെ ശബ്ദമുയർത്തി.
സ്കൂൾ സുഹൃത്തുക്കൾ തന്നെ ചേർത്ത വാട്ട്സാപ്പ് മുഴുവൻ അസീസിൻ്റെ മകളുടെ കല്ല്യാണ ഫോട്ടോകൾ.
എല്ലാം സൂക്ഷിച്ച് പരതിയപ്പോൾ ഒരു കാര്യം വ്യക്തം.
താൻ അസീസ് ആണെന്ന് കരുതി ഹൃദയപൂർവ്വം ആലിംഗനം ചെയ്തത് മറ്റൊരാളെ.
അത് തൻ്റെ ബാല്യകാല സുഹൃത്തായ അസീസ് അല്ല.
താൻ പങ്കെടുത്തത് തൻ്റെ സുഹൃത്ത് അസീസിൻ്റെ മകളുടെ നിക്കാഹുമല്ല.
അപ്പോഴാണ് ഗേറ്റ് കീപ്പർ ആവർത്തിച്ച് ഉയർത്തിയ ചോദ്യം വീണ്ടും മനസ്സിൽ ഉയർന്നുകേട്ടത്.
പിന്നീട് തിരിച്ചറിഞ്ഞ മറ്റൊരു സത്യം അവരുടെ ഫോട്ടോകളിലെ അസീസ് തൻ്റെ മനസ്സിലെ അസീസിൽ നിന്നും തികച്ചും വ്യത്യസ്തം…
നീണ്ട നാൽപ്പത്തി മൂന്ന് വർഷം
തന്നിൽ ഉണ്ടാക്കിയ സ്ഥലകാല വിഭ്രാന്തിയെക്കുറിച്ച് ഓർത്ത് അപ്പു ആരോടെന്നില്ലാതെ ഉറക്കെ ഒരു പട്ടാളച്ചിരി ചിരിച്ചു.
നർമ്മം ഊറിക്കൂടിയപ്പോൾ ജാള്യത നിശേഷം മാഞ്ഞുപോയി.
എന്നിട്ട് സാന്ത്വന രൂപത്തിൽ, ഭാര്യ കേൾക്കാതെ, സ്വയം അടക്കം പറഞ്ഞു,
” എൻ്റെ സൗഹൃദം പഴയ അസീസിനോടായിരുന്നല്ലോ..
Adv: അജിത് നാരായണൻ
മികച്ച രചന: സംസ്‌കൃതി & ആർഷഭാരതി