Sunday, October 20, 2024
Homeസ്പെഷ്യൽലോക ജനസംഖ്യാ ദിനം... ✍️അഫ്സൽ ബഷീര്‍ തൃക്കോമല

ലോക ജനസംഖ്യാ ദിനം… ✍️അഫ്സൽ ബഷീര്‍ തൃക്കോമല

അഫ്സൽ ബഷീര്‍ തൃക്കോമല

1987 ജൂലൈ11നു ലോക ജനസംഖ്യ 500 കോടിയിലെത്തിയതിന്റെ പശ്ചാത്തലത്തിൽ 1989 മുതൽ ഐക്യരാഷ്ട്ര വികസന പദ്ധതിയുടെ ഭരണ സമിതിയാണ് ലോക ജനസംഖ്യാ ദിനം ആചരിച്ചു തുടങ്ങുന്നത്. ജനസംഖ്യാ വർധനവിന്റെ ദോഷങ്ങൾ പൊതു ജനങ്ങളിൽ എത്തിക്കുകയായിരുന്നു പ്രാഥമിക ലക്ഷ്യമെങ്കിലും ഭൂലോകം മുഴുവനായി ഇതുമൂലം ഉണ്ടായി കൊണ്ടിരിക്കുന്ന സാംസ്കാരിക അപചയങ്ങളും വികസനമുരടിപ്പും വ്യക്തിഗത അ സൗകര്യങ്ങളും എങ്ങനെ എന്നതിനെക്കുറിച്ച് പൊതു സമൂഹത്തിൽ അവബോധം സൃഷ്ടിക്കുക എന്നതാണ് ജനസംഖ്യാ ദിനം മുൻപോട്ടു വെക്കുന്നത് .

1990 ജൂലൈ 11ന് ലോകത്തെ 90 ൽ അധികം രാജ്യങ്ങളിൽ ജനസംഖ്യാ ദിനം ആചരിച്ചു തുടങ്ങി.ദീർഘകാലം ജനസംഖ്യയിൽ മുൻപിൽ നിന്ന ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി നിൽക്കുന്നു. മഹാമാരിയുടെ നാളിൽ രാജ്യത്തിന്റെ മരണനിരക്ക് ഉയർന്നതിന് പ്രധാന കാരണം ജനപ്പെരുപ്പം തന്നെയായിരുന്നു. മാത്രമല്ല മികച്ച ജീവിത സാഹചര്യങ്ങളോ പോഷകാഹാരങ്ങളോ വിദ്യാഭ്യാസമോ ബോധവൽക്കരണമോ ഉൾപ്പടെ എല്ലാവരിലേക്കും എത്തിക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം ജനപ്പെരുപ്പം തന്നെ. ലോക രാജ്യങ്ങളിൽ ഏറ്റവും വലിയ മാനവ വിഭവ ശേഷിയുള്ള നമ്മുടെ രാജ്യം അത് കൃത്യമായി ഉപയോഗിക്കാനോ അതിന്റെ പ്രയോജങ്ങൾ നേരിട്ട് ജനങ്ങളിലെത്തിക്കാനോ കഴിയാതെ നട്ടം തിരിയുന്നത് ഭരണാധികാരികളുടെ പിടിപ്പുകേടാണെന്ന വിമർശനത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് .

മനുഷ്യോല്പത്തി മുതൽ ലോകജനസംഖ്യ 100 കോടിയില്‍ എത്താന്‍ ദശ ലക്ഷക്കണക്കിന് വര്‍ഷങ്ങളെടുത്തെങ്കിൽ കഴിഞ്ഞ 200 വര്‍ഷത്തിനുള്ളില്‍ ഇത് ഏഴിരട്ടിയായി വര്‍ദ്ധിച്ചതിന്റെ ഉത്തരവാദിത്വം ആർക്കാണ്? ലോകജനസംഖ്യ 2011ല്‍ 700 കോടി കടന്നു. ഇപ്പോള്‍ ഇത് ഏകദേശം 800 കോടിയോളമായി .2030 ല്‍ ഏകദേശം 850 കോടി, 2050 ല്‍ 970 കോടി, 2100ല്‍ 1090 കോടി അങ്ങനെ ജനസംഖ്യ വർദ്ധനവ് ലോകത്തെ ആഗോള ഭീഷണിയായി മാറിയിരിക്കുന്നു .ശുദ്ധ ജലവും, പാർപ്പിടവും, അടിസ്ഥാന സൗകര്യങ്ങളും മാത്രമല്ല ശുദ്ധവായു പോലും ലഭിക്കാതെ ലോകം വീർപ്പുമുട്ടും എന്നതിൽ സംശയമില്ല

ആഗോള ജനസംഖ്യയുടെ 49.7 ശതമാനമാണ് സ്ത്രീകളും പെൺ കുട്ടികളും. അന്താരാഷ്‌ട്ര തലത്തിൽ ലോകത്തെ ജനസംഖ്യാ ശാസ്‌ത്രത്തിലോ ജനസംഖ്യാ നയങ്ങളിലോ അവരെ പരാമർശിക്കുന്നു പോലുമില്ലെന്ന് മാത്രമല്ല സകല അവകാശങ്ങളും ഹനിക്കുന്നു എന്നത് ഞെട്ടിപ്പിക്കുന്ന യാഥാർഥ്യമാണ്. ഭൂമിയിലെ ജനസംഖ്യയുടെ പകുതിയെ തൃണവല്ഗണിക്കുകയും പാർശ്വവത്കരിക്കുകയും ചെയ്യുന്ന ഒരു വർത്തമാന കാലത്തിലൂടെ നാം കടന്നു പോകുന്നത്. ഇത് അടിസ്ഥാനപരമായി ലിംഗ വിവേചനമാണ് . ഇന്നും സ്ത്രീകളെയും പെൺകുട്ടികളെയും വിദ്യാഭ്യാസത്തിൽ നിന്നും മറ്റു നേതൃത്വ സ്ഥാനങ്ങളിൽ നിന്നും ഒഴിവാക്കി നിര്ത്തുന്നു. ആരോഗ്യം, പ്രത്യുൽപാദന ജീവിതം, സമാധാനമായ ജീവിത സാഹചര്യങ്ങൾ, വ്യക്തിത്വ വികാസത്തിനുള്ള പദ്ധതികൾ തുടങ്ങി ഒന്നിലും സ്വതന്ത്രമായി ചിന്തിക്കാനോ തീരുമാനമെടുക്കാനോ ഉള്ള അവകാശങ്ങൾ ഇല്ലാത്തവരായി ഈ കൂട്ടർ മാറുന്നതിന്റെ ഫലമാണ് ഗർഭധാരണം മൂലമോ പ്രസവം മൂലമോ ഓരോ രണ്ട് മിനിറ്റിലും ഒരു സ്ത്രീ മരിക്കുന്നത് മാത്രമല്ല ലോകത്തു സ്ത്രീ വിരുദ്ധത എല്ലായിടത്തും പടർന്നു പന്തലിച്ചു നിൽക്കുന്നു.

UNFPA (The United Nations Population Fund) 2023 ലെ ലോക ജനസംഖ്യാ റിപ്പോർട്ട് “സ്ത്രീകളും പെൺകുട്ടികളും അവരുടെ ജീവിതത്തിലും ശരീരത്തിലും സ്വയം ഭരണാധികാരം ചെലുത്താൻ സമൂഹങ്ങളാൽ ശാക്തീകരിക്കപ്പെടുമ്പോൾ, അവരും അവരുടെ കുടുംബവും അഭിവൃദ്ധി പ്രാപിക്കുന്നു. നോക്ക്-ഓൺ ഇഫക്റ്റ് ഒരു മെച്ചപ്പെട്ട, കൂടുതൽ ഉൾക്കൊള്ളുന്ന ലോകമാണ്, ഭാവിയിൽ നേരിടുന്ന ഏത് ജനസംഖ്യാപരമായ മാറ്റങ്ങളും വെല്ലുവിളികളും നേരിടാൻ സജ്ജമാണ്.”എന്ന് പറയുന്നത് ലിംഗ സമത്വത്തിനു അപ്പുറത്തു ലിംഗ നീതിയിലേക്കു പോകേണ്ടതിന്റെ ആവശ്യകത ഉയർത്തിക്കാട്ടാനുള്ള അവസരവും ലോക ജനസംഖ്യാ ദിനം നൽകുന്നു.

വിവര സാങ്കേതിക വിദ്യയുടെ ഈ കാലത്തു പോലും വികസനകളോ പുത്തൻ അറിവുകളോ എല്ലാവരിലേക്കും എത്തിക്കാന്‍ കഴിയുന്നില്ല എന്നത് വലിയ കുറവായി തന്നെ കാണണം .ലോകത്ത് ഒരു തരത്തിലുളള കുടുംബ ക്ഷേമ മാര്‍ഗ്ഗവും ലഭിക്കാത്ത ദമ്പതിമാരുടെ എണ്ണം ഏകദേശം 40 കോടിയോളമാണ്. ഇത് ജനസംഖ്യാ വിസ്ഫോടനത്തിന് കാരണമാകുമ്പോള്‍ ചൈന പോലുള്ള രാജ്യങ്ങളില്‍ നില നിൽക്കുന്ന താരതമ്യേന കർക്കശമായ നിയമങ്ങള്‍ പെണ്‍ഭ്രൂണഹത്യ ക്കുള്ള മികച്ച അവസരമായി കാണുന്നു. ദമ്പതികള്‍ക്ക് ഒരു കുഞ്ഞ് എന്ന നിയമം പലപ്പോഴും ആണ്‍കുഞ്ഞിനെ കിട്ടാനായി മാത്രം ഉപയോഗപ്പെടുത്തുന്നു. അത് കൊണ്ടാണ് സമത്വത്തിലൂടെ ശാക്തീകരണം എന്ന മുദ്രാവാക്യം ജനസംഖ്യാ ദിനത്തില്‍ ഐക്യരാഷ്ട്ര സഭയുടെ സന്ദേശമാകുന്നത് .

അടുത്ത 50 വർഷം കൊണ്ട് ലോകജനസംഖ്യ 1100 കോടിയിലെത്തുമെന്നാണ് കണക്കുകൂട്ടൽ. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം വികസനലക്ഷ്യങ്ങളിലൊന്ന് 2025-ഓടെ ദാരിദ്ര്യവും പട്ടിണിയും പകുതിയായി കുറയ്ക്കുകയാണ്.
ഇത് രണ്ടും കൂടി ഒത്തു ചേരുന്നില്ല. ലോകത്തുള്ള വിവിധ രാജ്യങ്ങളെ താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യയുടെ രണ്ടര ഇരട്ടി വലിപ്പമുള്ള ചൈനയെ പിന്നിലാക്കി ജന സംഖ്യയിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത് കേരളത്തിലെ ഒരു ജില്ലയിലെ ന്യൂന പക്ഷ വിഭാഗങ്ങളിൽ ഒന്ന് ജനസംഖ്യ നിയന്ത്രണത്തിന് തയാറാകാത്തതുകൊണ്ടാണെന്ന ആക്ഷേപം വിരോധാഭാസമാണ്.

പശ്ചിമേഷ്യൻ രാജ്യങ്ങളിൽ രാജ്യ വിസ്തൃതിക്കനുസരിച്ചു ജനസംഖ്യ ഇല്ലാത്തതും സാമ്പത്തിക അഭിവൃദ്ധിയും ഈ രാജ്യങ്ങളെ ലോകത്തിന്റെ സമ്പന്നതയുടെ ഉച്ചകോടിയിലെത്തിച്ചത് ഓരോ ജനസംഖ്യ ദിനത്തിലും എടുത്തു പറയേണ്ട വസ്തുതയാണ്.

ജനസംഖ്യയ്ക്കൊപ്പം ദാരിദ്ര്യവും ഇല്ലായ്മ ചെയ്യണം എന്ന ഭരണകൂടത്തിന്റെ തിരിച്ചറിവിൻറെ ഓർമ്മപ്പെടുത്തലാകട്ടെ ജനസംഖ്യ ദിനം ….

✍️അഫ്സൽ ബഷീര്‍ തൃക്കോമല

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments