നമ്മുടെ തൃശ്ശൂരിനെ പറ്റി പറയുമ്പൊ തൃശ്ശൂർ ഭാഷയിൽ പറഞ്ഞാൽ എന്തൂട്ടാ പറയാ! ഒരു സംഭവമായിരുന്നുട്ടോ…. എൻ്റെ തൃശ്ശൂര്. സംസ്കാരിക നഗരം, പൂരങ്ങളുടെ നാട്, അമ്പലങ്ങളിലെ ഉത്സവങ്ങളും, പള്ളി പെരുന്നാളുകളും, ആണ്ട് നേർച്ച എന്ന മുസ്ലിം ആഘോഷങ്ങളും ഒരേ മനസ്സോടെ ആഘോഷിക്കുന്ന ഒരു കൂട്ടം മലയാളികളുടെ നാട് അതാണ് തൃശ്ശൂര്.
തൃശ്ശിവപേരൂർ വ്യാപാര രംഗത്ത് പ്രൗഢിയോടെ, കത്തിജ്വലിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. കല്യാണങ്ങൾക്ക് സ്വർണ്ണം, വസ്ത്രം, എന്നിവ വാങ്ങാൻ ദൂരെ ദേശത്തു നിന്നും ആളുകൾ തൃശൂരിൽ വരുമായിരുന്നു. അതുപോലെ പലചരക്ക് സാധനങ്ങളുടെ മൊത്ത വ്യാപാര രംഗത്ത് തൃശൂരിന് പ്രമുഖ സ്ഥാനമാണ് ഉണ്ടായിരുന്നത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്കും, അവിടെ നിന്ന് ഇങ്ങോട്ടും സാധനങ്ങൾ വഞ്ചിയിലും കൊണ്ടുപോയിരുന്നു. കൊക്കാല വഞ്ചികടവ് ആ കാലത്ത് സജീവമായിരുന്നു. അന്ന് സാധനങ്ങൾ സൂക്ഷിക്കാൻ ഉപയോഗിച്ചിരുന്ന ഗോഡൗണുകൾ ഇന്നും അവിടെ കാണാം.
കുന്നംകുളം മുതലായ അങ്ങാടികളിലേക്ക് അരിയും മറ്റു പലചരക്ക് സാധനങ്ങളും കൊണ്ടുപോയിരുന്നത് കാള വണ്ടികളിൽ ആയിരുന്നു. കാളവണ്ടികളിൽ സാധനങ്ങൾ കയറ്റി വരുമ്പോഴേക്കും രാത്രിയോട് അടുക്കും. അങ്ങിനെ സാധനങ്ങൾ കയറ്റിയ കാളവണ്ടികളുടെ 10 ഓളം വരുന്ന കൂട്ടം, ഒരുമിച്ചാണ് യാത്ര പുറപ്പെടുക. മുന്നിലും, പിന്നിലും ഉള്ള കാള വണ്ടികളിൽ മറ്റു വാഹനങ്ങൾക്ക് കാണത്തക്ക വിധം കമ്പ്രാന്തൽ കത്തിച്ച് തൂക്കിയിടും. പുഴയ്ക്കൽ പാടം എത്തുമ്പോൾ കാളവണ്ടി തെളിക്കുന്നവർ വണ്ടിയിൽ കിടന്നുറങ്ങും. കാളകൾ വഴി തെറ്റാതെ വണ്ടികൾ വലിച്ച് കുന്നംകുളം അങ്ങാടിയിൽ എത്തുമ്പോഴേക്കും നേരം വെളുക്കും.
തൃശ്ശൂരിൽ നിന്ന് ആലത്തൂർ, കൊടുവായൂർ, നെന്മാറ എന്നീ കിഴക്കൻ പ്രദേശങ്ങളിലേക്ക് സാധനങ്ങൾ കൊണ്ടുപോയിരുന്നത് പോത്ത് വലിക്കുന്ന വണ്ടികളിലായിരുന്നു. അന്നത്തെ കുത്തനെയുള്ള കുതിരാൻ കയറ്റം കയറാൻ കാളവണ്ടികൾക്ക് കഴിയുമായിരുന്നില്ല. അങ്ങിനെ സാധനങ്ങളുമായി പോകുന്ന പോത്ത് വണ്ടികളും കൂട്ടമായേ പോകു. ആ കാലത്ത് കുതിരാൻ മലമുകളിൽ ഒരു കൊള്ളക്കാരൻ ഉണ്ടായിരുന്നുവത്രേ! അതുകൊണ്ട് പോത്ത് വണ്ടിക്കാർ പ്രതിരോധിക്കാൻ ആയുധങ്ങളുമായട്ടാണ് പോകുക.
അത്യാവശ്യം വീട്ടുസാധനങ്ങൾ കയറ്റി, അതോടൊപ്പം യാത്ര ചെയ്യുന്നതിനും തൃശൂരിൽ ആളുകൾ വലിക്കുന്ന റിക്ഷാ വണ്ടികൾ ഉണ്ടായിരുന്നു. അതിൽ വെയിലും, മഴയും ഏൽക്കാതിരിക്കാൻ ഒരു മേൽക്കൂരയും ഉണ്ടായിരുന്നു. ചില വ്യക്തികൾ റിക്ഷാ വണ്ടിയിൽ കാലുമേൽ കാലും കയറ്റി ഗമയോടെ യാത്ര ചെയ്യുമ്പോൾ നാലാളു കാണാൻ മേൽക്കൂര തുറന്നു വയ്ക്കണമെന്ന് അവർക്ക് നിർബന്ധമാണ്. പാവം ഒരു മനുഷ്യനാണ് വണ്ടി വലിക്കുന്നത് എന്ന ഒരു പരിഗണനയും അവർ കാണിക്കില്ല. ഞങ്ങൾ പുത്തൻപള്ളിയുടെ മുന്നിൽ താമസിച്ചിരുന്ന കാലത്ത് മിഷൃൻ ക്വാർട്ടേഴ്സിലെ ബഥേൽ ആശ്രമത്തിൽ ഉണ്ടായിരുന്ന നഴ്സറി സ്കൂളിലേക്ക് എന്നെ കൊണ്ടുവന്നിരുന്നത് ദേവസി ചേട്ടന്റെ റിക്ഷാ വണ്ടിയിൽ ആയിരുന്നു.
പുരാതന കാലത്ത് ആളുകൾ തലചുമടായി ദൂര ദേശങ്ങളിലേക്ക് സാധനങ്ങൾ കൊണ്ടുപോയിരുന്നതായി പറഞ്ഞു കേട്ടിട്ടുണ്ട്. കുറച്ചുകാലം മുമ്പുവരെ റോഡ് വശങ്ങളിൽ ചുമട് ഇറക്കിവച്ച് വിശ്രമിക്കാൻ കരിങ്കല്ലിൽ തീർത്ത ചുമട് താങ്ങികൾ കണ്ടിരുന്നു.
പഴയ കാലത്ത് സർവ്വസാധാരണമായി ചുമലിൽ കാവ് വെച്ച് അതിൽ കയറിൽ ഞാന്ന് കിടക്കുന്ന കൊട്ടകളിൽ പച്ചക്കറി സാധനങ്ങളും മറ്റും ദൂരദേശങ്ങളിൽ നിന്ന് കൊണ്ടുവന്ന് അങ്ങാടിയിൽ കച്ചവടം നടത്തുന്നവരെയും, മീൻ മുതലായവ വീടുകൾ തോറും കയറിയിറങ്ങി വില്പന നടത്തുന്നവരെയും കാണാറുണ്ട്.
കാവിന്റെ കാര്യം ഓർത്തെടുത്തപ്പോഴാണ് എൻ്റെ കുടുംബവുമായി ബന്ധമുള്ള ഒരു കാര്യം ഓർമ്മ വന്നത്. എൻ്റെ അമ്മാമ്മയുടെ കുടുംബം തൃശ്ശിവപേരൂരിന്റെ സമീപ പ്രദേശത്തുള്ള ചിറക്കൽ എന്ന ഒരു ഗ്രാമത്തിലാണ് ജനിച്ചു വളർന്നത്. സ്കൂളിൽ ഫീസ് കൊടുത്ത് പഠിക്കാൻ പോലും കുട്ടികൾക്ക് കഴിയാത്ത കൊടും ദരിദ്ര്യത്തിലാണ് ആ കുടുംബം ജീവിച്ചിരുന്നത് . അപ്പനും, അമ്മയും, രണ്ട് സഹോദരന്മാരും, മൂന്ന് സഹോദരിമാരും അടങ്ങുന്ന ആ കുടുംബം ഒരു രാത്രി കയ്യിൽ പിടിക്കാവുന്ന സാധനങ്ങൾ എല്ലാം പറുക്കികൂട്ടി ജീവിക്കാനുള്ള മാർഗ്ഗം അന്വേഷിച്ച് തൃശ്ശിവപേരൂർ ലക്ഷ്യമാക്കി നടന്നു. ഇവിടെ എത്തി ഒരു ചെറിയ ഓലപ്പുര വാടകയ്ക്ക് എടുത്തു.
വയസ്സായ അപ്പനേയും, അമ്മയേയും, അനിയനേയും സഹോദരിമാരെയു പോറ്റി വളർത്തേണ്ട വലിയ ഭാരിച്ച ചുമതലയാണ് മൂത്ത മകനായ ഇയ്യപ്പനിൽ വന്നു ചേർന്നത്.
ചെറുപ്പം മുതലേ കച്ചവട കാര്യങ്ങളിൽ താല്പര്യമുള്ള ഇയ്യപ്പൻ തൃശൂരിനു സമീപമുള്ള ഗ്രാമങ്ങളിൽ പോയി പച്ചക്കറി സാധനങ്ങൾ വാങ്ങി, കാവ് ചുമന്ന് അങ്ങാടിയിൽ വിറ്റ് കച്ചവടം തുടങ്ങി. അതിൽ നിന്ന് കിട്ടുന്ന ലാഭം കൊണ്ട് വീട്ടിലെ വട്ട ചിലവുകൾ അങ്ങിനെ നടന്നു. അധികം താമസിക്കാതെ മൂത്ത സഹോദരിയുടെ കല്യാണം നടത്തി. ഇതിനിടയ്ക്ക് ഒരു മനയിലെ നമ്പൂതിരിയുമായി ഇടപെഴുകാനും, നമ്പൂതിരിയുടെ വിശ്വസ്തത നേടിയെടുക്കുന്നതിനും ഇയ്യപ്പന് കഴിഞ്ഞു. ഒരു കാളവണ്ടി നിറയെ പച്ചക്കറികൾ കടമായി നമ്പൂതിരികൊടുക്കും . അത് വിറ്റ് കിട്ടുന്ന പണം കൊടുക്കുമ്പോൾ പിന്നെയും ഒരു കാളവണ്ടി നിറയെ പച്ചക്കറികൾ കൊടുത്തുവിടും.
കച്ചവടം പൊടിപൂരമായി നടക്കുകയാണ്. ഇതിനിടയ്ക്കാണ് രണ്ടാമത്തെ സഹോദരിയായ എൻ്റെ അമ്മാമ്മ ചെറിച്ചിയുടെ കല്യാണം നടത്തിയത്. കല്യാണം അത്യാവശ്യം കേമമായി തന്നെ നടത്തി. പച്ചക്കറികൾ വാങ്ങാൻ നമ്പൂതിരിക്ക് കൊടുക്കുവാനുള്ള പണത്തിൽ കുറവ് വന്നപ്പോൾ ഇയ്യപ്പന് ആകെ വെപ്രാളമായി. ഇതോടെ തൻ്റെ വിശ്വസ്തത നഷ്ടപ്പെടും എന്ന ചിന്ത ഇയ്യപ്പനെ അസ്വസ്ഥനാക്കി. അളിയനായ എൻ്റെ അപ്പാപ്പൻ പൈലോത് ഈകാര്യം എങ്ങിനെയോ അറിഞ്ഞു . ഉടനെ ഭാര്യ ചെറിച്ചിയെ വിളിച്ച് തന്റെ അരയിൽ കിടക്കുന്ന വെള്ളിയുടെ അരഞ്ഞാണം ഊരികൊടുത്തു. അരഞ്ഞാണത്തിൽ ഞാന്ന് കിടന്നിരുന്ന കൊടപ്പൻ സ്വർണ്ണമായിരുന്നു. അത് വിറ്റ് അളിയന്റെ കാര്യം നടത്താൻ പറഞ്ഞു. അങ്ങിനെ വലിയൊരു നാണക്കേടിൽ നിന്ന് ഇയ്യപ്പൻ രക്ഷപ്പെട്ടു.
പിന്നെ കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ ഇയ്യപ്പനെ ഒരു കോടീശ്വരൻ ആയിട്ടാണ് കണ്ടത്. നാലാം ക്ലാസോ മറ്റോ വിദ്യാഭ്യാസമുള്ള ഇയ്യപ്പൻ തൃശൂരിൽ സ്ഥാപിച്ച കാത്തലിക് സിറിയൻ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ധർമ്മോദയം കമ്പനി, എന്നിവയുടെ സ്ഥാപക ഡയറക്ടറായിരുന്നു. കൊക്കാലയിൽ ഏക്കർ കണക്കിന് വരുന്ന സ്ഥലത്ത് സ്ഥാപിച്ച ഐ.ഐ. ഇയ്യപ്പൻ മിൽസിൽ , 32 ചക്ക് ആട്ടുന്ന വെളിച്ചെണ്ണ മില്ല്, ഫൗണ്ടറി അടക്കമുള്ള വലിയൊരു വർക് ഷോപ്പ്, ടയർ റീസോൾ, സോപ്പ് കമ്പനി എന്നിവ പ്രവർത്തിച്ചിരുന്നു. തൊഴിലാളികളും മറ്റുമായി എഴുപതോളം പേർ അവിടെ ജോലി ചെയ്തിരുന്നു.
തൃശൂർക്കാരുടെ ഇടയിൽ ഒരു സംസാരമുണ്ടായിരുന്നു. ഇയ്യപ്പൻ ചേട്ടൻ വന്ന വഴി മറക്കാതിരിക്കാൻ സ്വർണ്ണത്തിൽ പണികഴിപ്പിച്ച ഒരു കാവ് ഇരുമ്പ് പെട്ടിയിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ടെന്നും,ഇടയ്ക്ക് ഇരുമ്പ് പെട്ടി തുറന്ന് അത് നോക്കുക പതിവുണ്ടെന്നുമായിരുന്നു അത് .
പരിശുദ്ധ വ്യാകുല മാതാവിന്റെ പുത്തൻ പള്ളിയിലെ പ്രധാന അൾത്താരയും, മെത്രാന് ഇരിക്കാനുള്ള സിംഹാസനവും , വലത്തും ഇടത്തുമുള്ള രണ്ട് അൾത്താരകളുടെയും പണികൾക്ക് വന്ന എല്ലാ ചിലവുകളും,അപ്പാപ്പന്റെ സംഭാവനയായിരുന്നു. പാട്ടുരായ്ക്കൽ ഗോവേന്ത പള്ളിയുടെയും, കാൽവരി ആശ്രമം പള്ളിയുടെയും നിർമ്മാണത്തിന് വന്ന എല്ലാ ചിലവുകളും,ജൂബിലി മിഷൃൻ ആശുപത്രി ആരംഭിക്കാൻ നിർമ്മിച്ച ആദ്യ കെട്ടിടത്തിന്റെ മുന്നിലെ വലിയ ബ്ലോക്കും അപ്പാപ്പന്റെ സംഭാവനയായിരുന്നു. ഐ. ഐ . ഇയ്യപ്പൻ ട്രസ്റ്റിൽ നിന്നും പാവപ്പെട്ടവർക്ക് സഹായം നൽകിയിരുന്നു. മാർപാപ്പ ഇയ്യപ്പന് ഷെവലിയർ സ്ഥാനം നൽകി ആദരിച്ചു.
ഇരിഞ്ഞാലക്കുട കിഴക്കേ പള്ളിയുടെ തെക്കേ ഭാഗത്ത് ഒരു വലിയ ഗേറ്റ് പണിയാൻ തീരുമാനിച്ചു. അത് പണിയാൻ തൃശ്ശൂർ കൊക്കാലയിലുള്ള ഐ. ഐ. ഇയ്യപ്പൻ മിൽസിനാണ് ഓർഡർ കൊടുത്തത്. അവിടെയുള്ള വർക്ക്ഷോപ്പിൽ കാസ്റ്റേണിൽ വാർത്ത ഗേറ്റുകൾ പള്ളിയിൽ കൊണ്ടുപോയി ഉറപ്പിച്ചു. മൊത്തം 50 അടി നീളവും, 10 അടി ഉയരവുമുള്ള ഗേറ്റുകൾ പണി തീർത്തു വന്നപ്പോൾ ഓർഡർ എടുത്തതിനേക്കാൾ ഭീമമായ ഒരു സംഖ്യ വർക്ക് ഷോപ്പിന് ചിലവ് വന്നതായി കണ്ടു. ആ നഷ്ടം പള്ളിയിലേക്കുള്ള സംഭാവനയായി കണക്കാക്കാനാണ് അപ്പാപ്പൻ ഇയ്യപ്പൻ പറഞ്ഞത്. പല ചിത്രപ്പണികളാൽ അതിമനോഹരമായ ആ ഗേറ്റ് ഇന്നും തലയെടുപ്പോടെ അവിടെ കാണാം.
ഇതെല്ലാം ഉണ്ടായിട്ടും ഒരു സന്തതിയെ പോലും ഈശ്വരൻ നൽകാത്തതിൽ അപ്പാപ്പന് അതീവ ദുഃഖം ഉണ്ടായിരുന്നു. ഇയ്യപ്പൻ , റോസ്സ ദമ്പതികൾക്ക് മക്കൾ ഉണ്ടായില്ലെങ്കിലും, അനുജൻ ഇട്ടൃച്ചന് ആണും, പെണ്ണുമായി 9 മക്കൾ ഉണ്ടായിരുന്നു. സഹോദരിമാക്കും സമൃദ്ധിയായി മക്കളുണ്ടായിരുന്നു.
ആ അപ്പാപ്പന്റെ പേരാണ് എനിക്ക് കിട്ടിയത് എന്നതിൽ ഞാൻ വളരെയധികം അഭിമാനിക്കുന്നു.
തൃശൂർ വിശേഷങ്ങൾ നന്നായിട്ടുണ്ട് മാഷേ
ആശംസകൾ


Good
പണ്ടത്തെ തൃശൂരും തൃശ്ശൂരിന് ചുറ്റുമുള്ള പ്രദേശങ്ങളിലെയും വിശേഷങ്ങൾ വളരെ ആകാംക്ഷയോടെ അതോടൊപ്പം അത്ഭുതത്തോടും കൂടിയാണ് വായിച്ചത്.
ഒപ്പം മാഷിൻറെ കുടുംബ വിശേഷവും…
സന്തോഷം
അറിവുകൾ പകർന്നുള്ള നല്ല അവതരണം