“മാഷേ, രാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങളിൽ എന്തെല്ലാം നാശനഷ്ടങ്ങളാണ് സംഭവിക്കുന്നത് ? ഓരോ ദിവസവും പത്രത്തിൽ വരുന്ന വാർത്തകളും ചിത്രങ്ങളും വായിക്കുകയും കാണുകയും ചെയ്യുമ്പോൾത്തന്നെ ഭയം തോന്നുന്നു. എത്രയോ നിരപരാധികളാണ് ഉറ്റവരും ഉടയവരും മരണപ്പെട്ടതറിയാതെ പരുക്കുകളോടെ ആശുപത്രികളിൽ കഴിയുന്നത് ?”
“ലേഖേ , ‘യുദ്ധങ്ങൾ’ മനുഷ്യനെന്നും നഷ്ടങ്ങൾ മാത്രമെ സമ്മാനിച്ചിട്ടുള്ളു. അതിൽ ഹോമിക്കപ്പെടുന്നത് അനേകാരിയിരം സ്വപ്നങ്ങളാണ്. നിരപരാധികളുടെ ജീവനാണ്, ജീവിതമാണ്. കുട്ടികളുടെ ഭാവിയാണ്, രാജ്യത്തിൻ്റെ സന്തോഷമാണ്. ”
” മാഷേ, ഇതെല്ലാം എല്ലാവർക്കുമറിയാമായിരുന്നിട്ടും ഭൂമിയിൽ യുദ്ധങ്ങൾ അവസാനിക്കുന്നില്ലല്ലോ ?”
“മനുഷ്യൻ്റെ ഉൽപ്പത്തിയോളം തന്നെ പഴക്കം കാണും ഒരു പക്ഷെ, യുദ്ധങ്ങൾക്കും. കാരണം മനുഷ്യനെന്നും സ്വർത്ഥനായിരുന്നു. കൂടുതൽ നേടണമെന്ന ആഗ്രഹം, മറ്റുള്ളവരെ കീഴ്പ്പെടുത്തി അവരുടെമേൽ ആധിപത്യം സ്ഥാപിക്കണമെന്ന ആഗ്രഹം. അങ്ങനെ അങ്ങനെ മനുഷ്യൻ്റെ ലക്ഷ്യങ്ങളും ആഗ്രഹങ്ങളും ഓരോ കാലങ്ങളിലും മാറി മാറിവന്നു. ”
” അത് ശരിയാണ് മാഷേ, എതൊരു ചരിത്രപുസ്തകം പരിശോധിച്ചാലും അതിലെല്ലാം യുദ്ധങ്ങളെക്കുറിച്ച് പറഞ്ഞിട്ടുണ്ടാവും. ”
“അതെ. അതാണ് ഞാൻ പറഞ്ഞത് യുദ്ധങ്ങൾക്ക് മനുഷ്യനുണ്ടായ കാലത്തോളംതന്നെ പഴക്കം കാണുമെന്ന്. പുരാണങ്ങളായാലും, ഐതിഹ്യങ്ങളായാലും, കെട്ടുകഥകളായാലും മതഗ്രന്ധങ്ങളായാലും അതിലെല്ലാം ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യൻ മനുഷ്യനെ കീഴടക്കി ഭരിച്ചതിൻ്റെ കഥകൾ കാണാനാവും. ”
” അതിപ്പോൾ രാമായണത്തിലും മഹാഭാരത്തിലും പറഞ്ഞിരിക്കുന്നതുപോലുള്ള യുദ്ധമല്ലല്ലോ ഇന്ന് നടക്കുന്നത്. പിഞ്ചുകുഞ്ഞുങ്ങളടക്കം എത്രയോ പേരാണ് ഓരോ ദിവസവും മരിക്കുന്നത് ? അതും നിമിഷനേരംകൊണ്ട്. ”
“ലേഖേ, എല്ലാ യുദ്ധങ്ങൾക്കും ഒരു അവസാനമുണ്ടായിട്ടുണ്ട്. അതിൻ്റെ അവശേഷിപ്പായി മാറുന്നത് അനാഥരും അംഗവൈകല്യം സംഭവിച്ചതുമായ ഒരു തലമുറയായിരിക്കുമെന്നതാണ് ചരിത്രം. പക്ഷെ, എല്ലാമറിയുന്ന മനുഷ്യൻതന്നെയാണ് ചരിത്രം വീണ്ടും ആവർത്തിക്കുന്നത്.”
“അപ്പോ,
ഇപ്പാൾ നടക്കുന്ന യുദ്ധവും ഒരു ദിവസം അവസാനിക്കും. അല്ലേ മാഷേ?”
“തീർച്ചയായും പക്ഷെ, അത് എങ്ങനെ എപ്പോൾവേണമെന്നത് മനുഷ്യതന്നെ തീരുമാനിക്കണമെന്നു മാത്രം. ”
റോബിൻ പള്ളുരുത്തി