പിഴവുകളുടെ അവയവ ശസ്ത്രക്രിയകൾ
ആരോഗ്യ മേഖലയിൽ ആവർത്തിച്ചു സംഭവിച്ചുകൊണ്ടിരിക്കുന്ന അവയവങ്ങൾ മാറിപ്പോകുന്ന ശസ്ത്രക്രിയകളുടെ പിഴവുകൾക്ക് എന്ത് നീതിയും ന്യായവും ആണ് നിരത്താൻ ഉള്ളത് ? ഒരു ദൈവത്തെ പോലെ ഡോക്ടറെ കണ്ട്,പൂജിച്ച്ആരാധിച്ച് കൈകൂപ്പി നിന്ന് സ്വയം ജീവനുവേണ്ടി കേഴുന്ന, സാധാരണയിൽ സാധാരണക്കാരായ പാവം ജനങ്ങൾ എന്തു വിശ്വസിച്ച് ഒരാശുപത്രിയെ സമീപിക്കും! .
വേദന കൊണ്ട് പുളയുന്ന സ്വന്തം ശരീരത്തിലെ ഒരവയവം അല്പം സൗഖ്യത്തിനു വേണ്ടി യാചിക്കുമ്പോൾ അവയ്ക്ക് താങ്ങായി തൻ്റെ ശരീരത്തിൽ ഇത്രയും നാൾ ഒപ്പം നിന്ന, സുഖമായിരുന്ന ,നല്ല രീതിയിൽ പ്രവർത്തിക്കുന്ന, പ്രവർത്തിച്ചുവരുന്ന, മറ്റൊരു അവയവത്തെ വെറുതെ കീറി മുറിക്കുക? തുന്നിക്കെട്ടുക… അങ്ങനെ തങ്ങളുടെ ദൗത്യം നിറവേറ്റുക .ഇത് രോഗിയോ രോഗിയുടെ കൂടെയുള്ളവരോ തിരിച്ചറിയുമ്പോൾ മാത്രം അതിനെക്കുറിച്ച് ബോധവാനാവുക . അതിന് കാരണങ്ങൾ കണ്ടെത്തുക. എന്തൊക്കെയാണ് ഈ ലോകത്ത് ഇന്ന് നടക്കുന്നത് ?
എല്ലാ മെഡിക്കൽ എത്തിക്സ്കളെയും കാറ്റിൽ പറത്തി പറ്റിപ്പോകുന്ന പിഴവിൽ ന്യായങ്ങൾ കണ്ടെത്തി സ്വയം കുറ്റവിമോചിതനാകാൻ , (അല്ലെങ്കിൽ വിമോചിതയാകാൻ )സ്വന്തം നിലയുറപ്പിക്കാൻ ഏതു നിലപാടും സ്വീകരിക്കുക .അതിന് ഒറ്റക്കെട്ടായി നിന്ന് പ്രവർത്തിക്കുക. പോംവഴികൾ കണ്ടെത്തുക.
അപ്പോഴും കണ്ടുനിന്നവർക്കും ഒപ്പം നിന്നവർക്കും കേട്ടുനിന്നവർക്കും ഒരു ചോദ്യമുണ്ട് ?..സ്വന്തം മനസ്സാക്ഷിയെ എങ്ങനെ ഇവർക്ക് വഞ്ചിക്കാൻ കഴിയുന്നു എന്നുള്ളത്. എത്ര പ്രതീക്ഷയോടെ അതിലേറെ വിശ്വാസത്തോടെ ചിലപ്പോൾ സ്വന്തം കിടപ്പാടം പണയപ്പെടുത്തിയാകാം.. പലരടുത്തുന്നും കടം വാങ്ങിയാകാം .. എല്ലാം വിറ്റുപെറുക്കിയാകാം പല രോഗികളും തങ്ങളുടെ രോഗങ്ങൾക്ക് അവസാന ശാന്തി തേടി മെഡിക്കൽ സയൻസിൽ എടുത്തു കൂട്ടിയ ഒരു ഡോക്ടറുടെ ഡിഗ്രികളുടെ ,പദവികളുടെ നക്ഷത്ര തിളക്കങ്ങൾ നോക്കി എക്സ്പീരിയൻസിന്റെ നീണ്ട പാതകൾ തിരഞ്ഞു പഠിച്ച് ഒരാശുപത്രിയെ ലക്ഷ്യം വച്ച് അല്ലെങ്കിൽ ഒരു ഡോക്ടറെ ലക്ഷ്യം വച്ച് ഇറങ്ങിതിരിക്കുക.പാഞ്ഞോടുക!
കൈ പിഴവ് ആർക്കും എപ്പോഴും പറ്റാം. മനപ്പൂർവ്വമല്ലാത്ത പിഴവുകൾ നീതിന്യായങ്ങൾക്ക് വിധേയവുമാണ്. എന്നാൽ അതിലും ചില അതിപ്രധാനമായ കാര്യ പ്രസക്തമായ ഭാഗങ്ങൾ ഉണ്ട്. ചോദ്യങ്ങൾ ഉണ്ട്. നാം തിരഞ്ഞെടുത്തിരിക്കുന്ന ഫീൽഡ് .ജോലി .അതിൻ്റെ കാര്യഗൗരവം . ഇവയെ കണക്കിലെടുത്തേ പറ്റൂ.
ഇവിടെ വേദനകടിച്ചിറക്കുന്ന രോഗികളുടെ സഹനങ്ങളുടെ മുന്നിൽ ജീവൻ്റെ നേരിയ ശ്വാസങ്ങളുടെ മുന്നിൽ ഉള്ള കളിയാണ്. ഒന്ന് തെറ്റിയാൽ , ഒന്ന് കണ്ണടഞ്ഞു പോയാൽ സ്വന്തം കൺമുന്നിൽ എല്ലാം തകിടം മറിയും. പൊലിഞ്ഞുപോകുന്നത് ഒരു ജീവനാണ് . ഒരു കുടുംബത്തിൻ്റെ അത്താണിയാണ്. നാളെയുടെ വാഗ്ദാനമാണ്.
കാത്തിരിപ്പുകളുടെ സ്നേഹമാണ്. പ്രണയത്തിൻ്റെ നറുമണ മാണ്. അത് ഓർമ്മ വേണം .ആ ബോധം വേണം.അർപ്പണ മനോഭാവം വേണം.
ചെറിയൊരു മറവിക്ക് , അശുഭകരമായ ചിന്തയ്ക്ക് ഒരു തമാശയ്ക്ക് ,ഒരശ്രദ്ധക്ക്
ഒരു സ്ട്രെസിന് ഒന്നും ഒരു ഡോക്ടറുടെ മുന്നിൽ അപ്പോൾ സ്ഥാനമുണ്ടാകരുത്. ഒരു രോഗിയുടെ മുന്നിൽ ഒരു യഥാർത്ഥ ഡോക്ടർ തന്റെ എല്ലാ പ്രശ്നങ്ങളും മാറ്റിവച്ച് സ്വയം മറന്ന് അവനിലേക്ക് മാത്രം ഇറങ്ങിച്ചെല്ലേണ്ടതാണ്. അവിടെ ഡോക്ടറുടെ ഊണിനും ഉറക്കത്തിനും വിശ്രമത്തിനും ഒന്നും പ്രാധാന്യമില്ല.
ഒരുപാട് ശരികൾക്കിട യിലെ ഒരു തെറ്റാണ് മനുഷ്യൻ. ക്ഷമാപണം കൊണ്ടോ പശ്ചാത്താപം കൊണ്ടോ ഒരു ജീവനും നമുക്ക് തിരിച്ചു കൊടുക്കാൻ കഴിയില്ല. ഒരു കുടുംബത്തിൻ്റെ മുഴുവൻ കണ്ണീരും തുടച്ചു നീക്കാനാവില്ല. പകരം വയ്ക്കാൻ ആവില്ല.
രോഗികളുടെ എണ്ണം കൂടാം. സമയ പരിമിതി ഉണ്ടാകാം. സംവിധാന സജ്ജീകരണങ്ങൾ വേണ്ടവിധം ഉണ്ടാകണമെന്നില്ല ? സഹായികൾ സമയം തെറ്റി വരാം. അപ്പോഴും എപ്പോഴും ഒരു ജീവൻ രക്ഷിക്കേണ്ടത് തൻ്റെ പ്രതിജ്ഞയാണ് എന്നതോർത്ത് ഒരു ഡോക്ടർക്ക് അലേർട്ടായിരിക്കാം. അതിന് ! ഒരു രോഗിയെ ശരിക്കും കേൾക്കാൻ അവൻ്റെ ദിനചര്യകളെ അറിയാൻ, അവൻ്റെ ഇതേവരെ എന്ന ഒരു ചാപ്റ്റർ പഠിക്കാൻ എന്നിട്ടവനെ അളന്ന് മരുന്നു കുറിക്കാൻ പോലും ഏത് ഡോക്ടർക്കാണ് ഇന്നിൽ നേരം?… പിഴവുകളെ ഊട്ടി വളർത്താൻ എപ്പോഴും നീതിപീഠം ഒപ്പമുണ്ടാകണമെന്നില്ല!
“ലോകാ :സമസ്താ: സുഖിനോ ഭവന്തു”… എന്ന് നമുക്ക് പ്രാർത്ഥിക്കാം..
“ഡോക്ടർ സാറേ
ലേഡി ഡോക്ടർ സാറേ
എന്റെ രോഗമൊന്നു നോക്കണെ ആദ്യം തന്നെ
സീരിയസ്സാണേ സംഗതി
സീരിയസ്സാണേ…
നേരം പോയാൽ പിന്നെ
ആപത്താണേ..എന്ന ആ പഴയ സിനിമാഗാനത്തിൻ്റെ
വരികൾ ഓർമ്മപ്പെടുത്തിക്കൊണ്ട് അവസാനിപ്പിക്കട്ടെ. വീണ്ടും അടുത്തയാഴ്ച മറ്റൊരു വിഷയവുമായി കാണാം.
നന്ദി, സ്നേഹം.